Thursday, 12 July 2012

മെഹന്തി

      ഓട്ടോയില്‍ നിന്നും ഇറങ്ങി സ്റ്റേഷനിലേക്ക് ഓടുമ്പോള്‍ ട്രെയിന്‍ വിട്ടുപോകരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. രക്ഷപ്പെട്ടു...പ്ലാറ്റ്ഫോമില്‍ തന്നെയും കാത്തിരിക്കുകയായിരുന്നെന്ന് തോന്നുന്നു. ഏതോ ഒരു പയ്യന്‍ പെണ്ണ് കാണാന്‍ വരുന്നെന്ന പേരും പറഞ്ഞു രാവിലെ തന്നെ ഉടുത്തൊരുങ്ങി കാത്തിരുന്നു സമയം കളഞ്ഞത് മിച്ചം. പുറപ്പെടുന്നതിന് മുന്പേ എത്താമെന്ന് പറഞ്ഞവരെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോ ഇറങ്ങി പോന്നു. അതിനുള്ള വഴക്ക് ഇനി തിരിച്ച് ചെന്നിട്ട്  ബാപ്പയുടെ വായില്‍ നിന്നും കേള്‍ക്കണം. ഏതായാലും അപ്പോള്‍ തന്നെ ഇറങ്ങിയത്‌ നന്നായി അല്ലെങ്കില്‍ ഈ ട്രെയിന്‍ മിസ്സായേനെ. പ്ലാറ്റ്ഫോമില്‍ ഒരു ജനക്കൂട്ടം തന്നെയുണ്ട്. ഒരു കിലോയുടെ കുപ്പിയില്‍ രണ്ടു കിലോ പഞ്ചസാര നിറക്കുന്നത് പോലെയാണ് ആള്‍ക്കാര്‍ ഓരോ ബോഗിയിലും കേറിപറ്റാന്‍ നോക്കുന്നത്.രാവിലെ തന്നെ ഇവരൊക്കെ എവിടെക്കാണാവോ കെട്ടിയൊരുങ്ങി പോകുന്നത്. ട്രെയിനില്‍ കേറാന്‍ വേണ്ടി മാത്രം വരുന്നവരാണെന്ന് തോന്നിപ്പോകും. ഇതിലെ സ്ഥിരം യാത്രക്കാരെ വല്ല ഒളിംപിക്സിനും കബഡിയില്‍ മത്സരിപ്പിക്കാന്‍ കൊണ്ടുപോയാല്‍ ഒരു സ്വര്‍ണം ഉറപ്പാണ്. അത്രയധികം കായികമായി പരിശീലനം ലഭിച്ചവരാണ് ഓരോരുത്തരും. വലിയൊരു മല്ലയുദ്ധത്തിനു ശേഷം എങ്ങനെയൊക്കെയോ ഉള്ളില്‍ കയറിക്കൂടി. തറയില്‍ ഒരു കാലു വെക്കാന്‍ മാത്രം ഇടം കിട്ടി. മുകളിലെ കമ്പിയില്‍ തൂങ്ങി ഒറ്റക്കാലില്‍ ബാലന്‍സും. ജീവിതം അനുഭവിച്ചു തീര്‍ക്കാന്‍ ദൈവം അയക്കുന്നവരായിരിക്കും ഈ ട്രെയിനില്‍ ഇങ്ങനെ യാത്ര ചെയ്യേണ്ടി വരുന്നത്.  ഇതൊന്നും പോരാത്തതിന് അടുത്ത് നില്‍ക്കുന്ന രണ്ടു മറാത്തി സ്ത്രീകളുടെ ചെവിതല കേള്‍പ്പിക്കാത്ത സംസാരവും. എന്നാണാവോ ഇവറ്റകളുടെ വായ അടക്കുന്നത്.

      മിറാ റോഡ് സ്റ്റേഷനില്‍ ഇറങ്ങി. ഇനി അരമണിക്കൂര്‍ ബസ്സ്‌ യാത്ര കൂടി വേണം ഓഫീസില്‍ എത്താന്‍ . ബസ്സില്‍ ആവശ്യത്തിന് സീറ്റുകള്‍ ഉണ്ട്. ഗുസ്തിയും കബഡിയും റസ്ലിങ്ങും എല്ലാം കൂടി കഴിഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇനി കുറച്ച് നേരത്തെ വിശ്രമം. ഓഫീസിന്റെ അടുത്ത് തന്നെയുള്ള ഹോസ്പിറ്റലില്‍ നേഴ്സായി ജോലി ചെയ്യുന്ന കൊട്ടയംകാരി ഷീന ബസ്സില്‍ നേരത്തെ തന്നെ കയറിയിരിപ്പുണ്ട്. അവളുടെ അടുത്ത് തന്നെ ഇരുന്നു. എന്നും ഒന്നിച്ച് യാത്ര ചെയ്യുന്നവരാണെങ്കിലും മിണ്ടാന്‍ അല്പം ബുദ്ധിമുട്ടാണ് അച്ചായത്തിക്ക്. എപ്പോഴും മൊബൈലില്‍ കാമുകനുമായി 'ലോക കാര്യ'ങ്ങള്‍ ചര്‍ച്ചയിലായിരിക്കും. ജാട കൂടാതെ  ഇതുംകൂടി കാണുമ്പോള്‍ കലി വരും. എം.പി.ത്രി പ്ലെയറില്‍ പാട്ടും ഓണ്‍ ചെയ്തു കണ്ണകളടച്ച് ഇരുന്നു. അല്പനേരത്തേക്കെങ്കിലും ഒരു ആശ്വാസം. ഈ യാത്രയില്‍ മിക്കവാറും ഒരേ മുഖങ്ങള്‍ തന്നെയായിരിക്കും എന്നും കാണുന്നത്. കുറെയേറെ നാളുകളായി എന്നും ഒന്നിച്ച് യാത്ര ചെയ്താലും ആരും ആരോടും പരിചയം കാണിക്കാറില്ല. അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ക്ക്‌ മാത്രമല്ലേ മറ്റുള്ളവരെ ശ്രദ്ധിക്കാനും മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാനും താല്പര്യമുള്ളൂ.

       ആരോ കയ്യില്‍ പിടിച്ച് വലിക്കുന്നപോലെ തോന്നിയതും ഞെട്ടി എഴുന്നേറ്റു. ആദ്യം ഒന്ന് പേടിച്ചെങ്കിലും കേരളത്തിലെ പോലെ ബസ്സില്‍ ഇവിടെ ഞരമ്പ്‌ രോഗികളുടെ ശല്യമില്ലല്ലോ എന്ന ബോധ്യം പെട്ടന്ന് തന്നെ മനസ്സിനെ തണുപ്പിച്ചു.  കണ്ണ് തുറന്നപ്പോള്‍ ഒരു സുന്ദരിക്കുട്ടി മുഖത്ത് തന്നെ നോക്കി തന്റെ അടുത്ത് ചേര്‍ന്ന് നില്‍ക്കുന്നു തന്റെ എതിര്‍വശത്തായി ഇരുന്ന പര്‍ദ്ദ ധരിച്ച സ്ത്രീയുടെ മടിയില്‍ ഉറങ്ങിക്കിടന്ന കുട്ടിയായിരുന്നു അത്. ചുവന്നു തുടുത്ത കവിളുകളും നുണക്കുഴികളും നിഷ്കളങ്കമായ കണ്ണുകളുമുള്ള ആരെയും ആകര്‍ഷിക്കുന്ന സുന്ദരിക്കുട്ടി. ബസ്സില്‍ അടുത്തിരിക്കുന്ന ഓരോ സ്ത്രീകളെയും നോക്കും. ഇടയ്ക്ക് തന്റെ അമ്മയുടെ മുഖത്തെ ആവരണം മാറ്റി നോക്കും. അപ്പോഴാണ് ശരിക്കും ആ സ്ത്രീയെ ശ്രദ്ധിച്ചത്. ശരീരം മുഴുവനായും മൂടുന്ന പര്‍ദ്ദ ധരിച്ചിരിക്കുന്നു. രണ്ടു കണ്ണുകള്‍ മാത്രം കാണാം. കൈകള്‍ വരെ ഗ്ലൌസ്‌ ധരിച്ച് മറച്ചിരിക്കുന്നു. മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അസ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു സമൂഹത്തിന്‍റെ പ്രധിനിധിയായി ആ സ്ത്രീയെ തോന്നിപ്പിക്കുന്നു. അതേ മത വിശ്വാസിയായിരുന്നിട്ട് കൂടി തല മറക്കാതെ നടക്കുന്നതിനു ബാപ്പ എന്നും തെറി വിളിക്കുന്നത് അപ്പോള്‍ ഓര്‍മ്മയില്‍ വന്നു.

      ഓരോ തവണ മുഖാവരണം മാറ്റാന്‍ കുട്ടി ശ്രമിക്കുമ്പോഴും പറയുന്നുണ്ടായിരുന്നു..."അമ്മീ....ദുപ്പട്ട ഖുലാ രഖോ നാ..ഐസേ ഹി അഛീ ലഗ്തീ ഹോ ." ഇത്ര സുന്ദരിക്കുട്ടിയുടെ അമ്മ എത്രത്തോളം സുന്ദരി ആയിരിക്കും. ആ ആകാംഷ കൊണ്ടായിരിക്കാം മുഖാവരണം നീക്കി  കുട്ടി സംസാരിക്കുന്നതിനിടയില്‍ ആ സ്ത്രീയുടെ മുഖം ശ്രദ്ധിച്ചത്. അപ്രതീക്ഷിതമായ കാഴ്ചയായിരുന്നു അത്. അറിയാതെ മുഖം തിരിച്ചുപോയി. ആകെ പൊള്ളി വികൃതമായിരിക്കുന്നു. കണ്ണുകള്‍ ഒഴിച്ച് ഒരിടവും പൊള്ളാന്‍ ബാക്കിയില്ല. പെട്ടന്നുള്ള തന്റെ ഭാവഭേദം അടുത്തിരുന്ന ഷീനയും ശ്രദ്ധിച്ചിരുന്നെന്നു തോന്നുന്നു.

      കാശിമിറാ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ആ സ്ത്രീയും കുട്ടിയും ഇറങ്ങിപ്പോയി. ആകെ മരവിച്ച അവസ്ഥയില്‍ ഇരുന്നു പോയി കുറെ നേരം. "എന്താ പേടിച്ചു പോയോ..ആ സ്ത്രീയെ എനിക്ക് മുന്പേ  അറിയാം..വളരെ ദയനീയം തന്നെയാണ് അവരുടെ കാര്യം"....ഷീനയുടെതായിരുന്നു വാക്കുകള്‍ .."എന്താ അവര്‍ക്ക്‌ പറ്റിയത്‌ .." . അറിയണമെന്ന് തോന്നി.   "അത് അപകടമൊന്നുമായിരുന്നില്ല. അവരുടെ ഭര്‍ത്താവ് തന്നെ ചെയ്തതാ. അയാള്‍ക്ക്‌ വേറെ കല്യാണം കഴിക്കാന്‍ വേണ്ടി. ഇതുപോലെ എത്ര സംഭവങ്ങള്‍ ഇവിടെ നടക്കുന്നു."  കേട്ടത് സത്യമാണ് എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. മറ്റൊരു വിവാഹം കഴിക്കാന്‍ ആദ്യ ഭാര്യയെ പൊള്ളലേല്‍പ്പിക്കുക..മരിച്ച് കിട്ടിയാല്‍ ഭാഗ്യം. അല്ലെങ്കില്‍  ആ വൈരൂപ്യത്തിന്റെ പേരില്‍ വേറെ കല്യാണം. കാര്യം എത്ര എളുപ്പം. ഒന്നിലധികം വിവാഹം എന്തിനാണ് ഈ സമൂഹത്തിനു നിയമം അനുവദിച്ചിരിക്കുന്നത്. കാലം എത്ര പുരോഗതി പ്രാപിച്ചാലും ഈ സമുദായവും ആചാരങ്ങളും ഇങ്ങനെ തന്നെ നില നില്‍ക്കും. 

      'ഗുഡ്‌ മോര്‍ണിംഗ് ഷാഹിന..." എതിരെ കടന്നു പോയ ബോസിനെ പോലും ശ്രദ്ധിച്ചില്ല. മനസ്സ് എവിടെയോക്കെയോ അലയുകയായിരുന്നു.  കാബിനില്‍ ചെന്നിരുന്നു. ലാപ്‌ടോപ്പ്  തുറന്നു വെച്ചു. ബാഗില്‍ കിടന്നു മൊബൈല്‍ റിംഗ് ചെയ്യുന്നു...വീട്ടില്‍ നിന്നാണ്. സൈലന്‍റ് ആക്കി ടേബിളിന്റെ പുറത്ത്‌ വെച്ചു. ലാപ്പില്‍ ഗൂഗിളില്‍ 'ബേര്‍ണ്‍ഡ് വുമണ്‍ ' എന്ന് പരതി നോക്കി. താന്‍ മനസ്സിലാക്കിയതിലും ഭീകരമാണ് കാര്യങ്ങള്‍ . ലാപ്‌ അടച്ച് വെച്ച് കസേരയില്‍ പിന്നോട്ട് ചാഞ്ഞ്‌ ഇരുന്നു. എന്തോ ഒരു അസ്വസ്ഥത പോലെ.  ബസ്സില്‍ കണ്ട ആ സ്ത്രീയും കുട്ടിയും തന്റെ ആരുമല്ല. എന്നിട്ടും എന്തിനാണ് ഇത്ര വറീഡ് ആവുന്നത്.

      വീണ്ടും മൊബൈല്‍ ശബ്ദിക്കുന്നു...വീട്ടില്‍ നിന്ന് തന്നെ...അറ്റന്‍റ് ചെയ്തു."എന്താ മോളെ ഫോണ്‍ എടുക്കാത്തേ ...എത്ര നേരമായി വിളിക്കുന്നു..." "എന്താ വിളിച്ചേ.." "രാവിലെ കാണാന്‍ വരാന്നു പറഞ്ഞവര്‍ വിളിച്ചിരുന്നു....അവരു നിന്നെ ഇപ്പൊ വിളിക്കും...അവിടെ വന്നു കാണാം  എന്നാ പറഞ്ഞത്‌..., "
കൂടുതല്‍ സംസാരിക്കുന്നതിന് മുന്പേ ഫോണ്‍ കട്ട് ചെയ്തു.

      എ.സി കാബിനില്‍ ഇരുന്നിട്ടും ശരീരം ആകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു. വാഷ്‌ റൂമില്‍ ചെന്നു മുഖം കഴുകി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ബസ്സില്‍ കണ്ട സ്ത്രീയുടെ ആകെ പൊള്ളി വികൃതമായ മുഖം കണ്ണാടിയില്‍ തെളിഞ്ഞു വരുന്നു.
പോക്കറ്റില്‍ മൊബൈല്‍ റിംഗ് ചെയ്തു....പെട്ടന്ന് ഭയന്നുപോയി.

      "ഷാഹിന അല്ലേ..ഞാന്‍ റിയാസ്‌ ....വീട്ടില്‍ നിന്നും പറഞ്ഞിരിക്കും അല്ലെ കാര്യങ്ങള്‍ .." ഫോണിന്റെ അങ്ങേ തലയ്ക്കല്‍ പിന്നെയും എന്തോക്കെയോ പറയുന്നുണ്ടായിരുന്നു...ഒന്നും കേട്ടില്ല.....  ഫോണ്‍ കട്ട്‌ ചെയ്ത് വീണ്ടും കാബിനില്‍ പോയി ഇരുന്നു. ടേബിളില്‍ കിടന്ന  ടൈംസ്‌ ഓഫ് ഇന്ത്യ എടുത്തു നിവര്‍ത്തി.

      വീണ്ടും ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി. ബാപ്പയുടെ നമ്പര്‍ . പതുകെ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്ത്  ടൈംസ്‌ ഓഫ് ഇന്ത്യയിലേക്ക്‌...,.

Saturday, 9 June 2012

വിദ്യ'ആഭാസ' മന്ത്രിയുടെ 'ഗംഗാ' വിരോധം.

"Ganga is the liquid history of India": Pt Jawaharlal Nehru
There is nothing dis'grace'ful about the name Ganga


       ഈ വാക്കുകളില്‍ എവിടെയെങ്കിലും വര്‍ഗീയത കാണാന്‍ കഴിയുന്നുണ്ടോ...ചാഞ്ഞും ചരിഞ്ഞും നിന്നും കിടന്നും ഒക്കെ വായിച്ചു നോക്കി...വര്‍ഗീയതയുടെ ശബ്ദം ഈ വരികളില്‍ എവിടെയാണെന്ന് അറിയില്ല.....
ഈ രണ്ടു വരി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടതിന്‍റെ പേരില്‍ കേരള നിയമസഭയിലെ യുവത്വം വി.ടി.ബാലറാം ചെറിയ പുലിവാലോന്നുമല്ല പിടിച്ചത്‌.
ഈ വരികള്‍ക്ക് ലഭിച്ച ഇരുന്നൂറിലധികം കമന്റുകള്‍ വായിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി....ഈ നിരുപദ്രവമായ വരികള്‍ കേരളത്തിലെ ഒരേ ഒരു 'മതേതരത്വ' പാര്‍ട്ടിയുടെ 'മതേതരത്വ' മുഖമാണ് വെളിച്ചത്തു കൊണ്ട് വന്നിരിക്കുന്നത്...വി.ടി. ബാലറാം സംഘപരിവാറിന്റെ ആളാണ്‌ എന്ന രീതിയില്‍ പോലും അഭിപ്രായങ്ങള്‍ വന്നു. 

        'ഗംഗ എന്നത് ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗ'മാണെന്ന പണ്ഡിറ്റ്‌ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ വാക്കുകളെ ഉദ്ദരിച്ചതോടൊപ്പം ഗംഗ എന്ന പേരില്‍ അപമാനകരമായ യാതൊന്നുമില്ല എന്ന തന്റെ സ്വന്തം അഭിപ്രായം കുറിക്കുക മാത്രമാണ് വിടി ചെയ്തത്. അതിനെതിരെ കേരളത്തിലെ മുസ്ലിംലീഗിന്റെ മുഴുവന്‍ പ്രവര്‍ത്തകരും വിമര്‍ശനങ്ങളും തെറി വിളികളുമായി രംഗത്ത് വരുകയുണ്ടായി. കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയുടെ ഒരു പ്രവൃത്തിയെ വിമര്‍ശിക്കപ്പെട്ടു എന്ന വേദനയില്‍ നിന്നല്ല ഇത്രയധികം പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നത്. ഹിന്ദുവികാരം ഉയര്‍ന്നു വരുമോ എന്നുള്ള ഒരു ഭീതി.  അങ്ങനെ ഉയര്‍ന്നു വരുന്നുണ്ടെങ്കില്‍ അതിനെ അടിച്ചമര്‍ത്താനുള്ള ആസൂത്രിതമായ നടപടി മാത്രമാണ് ഇവിടെ കണ്ടത്‌. വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രിയുടെ 'ഗംഗ' വിരോധം ഏറെ ചര്‍ച്ചാവിഷയമായ അവസരത്തിലാണ് ഭരണവിഭാഗം എം.എല്‍ .എ തന്നെ ഇത്തരത്തില്‍ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്‌. അങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്താന്‍ ബാലറാം കാണിച്ച ധൈര്യം അഭിന്ദനാര്‍ഹാമാണ്. 

       ഇന്ത്യ എന്നും ലോകത്തിന്റെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്‌ ലോകത്തിലെ ഏറ്റവും വലിയ മതേതര-ജനാധിപത്യ രാജ്യം എന്ന നിലയിലാണ്. ഏതു മതത്തില്‍ വിശ്വസിക്കാനും ഇവിടെ ഓരോ പൌരനും അവകാശമുണ്ട്. അബ്ദു റബ്ബ് എന്ന വ്യക്തിയുടെ മത വിശ്വാസം ഇവിടെ വിഷയമല്ല. പക്ഷെ ആ വ്യക്തി ഒരു സംസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട മന്ത്രി ആയിരിക്കുമ്പോള്‍  അധികാരം ഉപയോഗപ്പെടുത്തി സ്വന്തം മതത്തിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉണ്ടാകുമ്പോള്‍ അത് തീര്‍ച്ചയായും വിമര്‍ശിക്കപ്പെടേണ്ടത് തന്നെയാണ്.  

       "...ഭരണഘടനയും നിയമവും അനുസരിച്ച് ഭീതിയോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ തരത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യുമെന്നും ദൈവത്തിന്റെ/അല്ലാഹുവിന്റെ നാമത്തില്‍ സത്യം ചെയ്യുന്ന...." ഒരു മന്ത്രി ഒരു പ്രത്യേക മത വിശ്വാസത്തിന്റെ പേരില്‍ എന്തെങ്കിലും തോന്ന്യവാസങ്ങള്‍ കാണിക്കുന്നെങ്കില്‍ അതിനെ എതിര്‍ക്കുക തന്നെ വേണം. ഇവിടെ അബ്ദു റബ്ബ് എന്ന മന്ത്രി ഒരു തവണ അല്ല ഈ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നത്..വിദ്യാഭ്യാസവകുപ്പിന്റെ ഒരു ചടങ്ങില്‍ വെച്ച് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കാന്‍ ക്ഷണിച്ചപ്പോള്‍ തന്റെ മതവിശ്വാസത്തിനു എതിരാണ് എന്ന നിലപാടില്‍ അദ്ദേഹം നിരസിക്കുകയുണ്ടായി. തെക്കേ ഇന്ത്യയില്‍ പല മതപരമായ ചടങ്ങുകള്‍ക്കും വിളക്ക് ഒഴിച്ച് കൂടാന്‍  പറ്റാത്ത  വസ്തുവാണ്. ഹിന്ദു മതത്തില്‍ മാത്രമല്ല വിളക്ക് ഉപയോഗിക്കുന്നത്. മിക്ക മതങ്ങളും നിലവിളക്ക് ഉപയോഗിക്കുന്നുണ്ട്. പല കലാ രൂപങ്ങള്‍ക്കും നിലവിളക്ക് ആവശ്യവസ്തുവാണ്.  തിരുവാതിരക്കളി മുതല്‍ മാര്‍ഗ്ഗം കളിക്ക് വരെ നിലവിളക്ക് ഉപയോഗിക്കുന്നു. നിലവിളക്ക് എന്നത് ഒരു മത വിഭാഗത്തിന്റെ മാത്രമാല്ലാതാകുകയും ജാതി മത ഭേദമില്ലാതെ പൊതുചടങ്ങുകള്‍ക്ക്‌ ഉപയോഗിക്കുകയും ചെയ്തു തുടങ്ങിയിട്ട കാലം കുറെയായി. ഇതൊന്നും ഒരു വിദ്യാഭ്യാസമന്ത്രി അറിയില്ല എന്നാണോ അര്‍ഥം. മറ്റൊരു  മത വിഭാഗത്തിന്റെ ആയാലും അവഗണിക്കുന്നത് മന്ത്രി എന്ന നിലയില്‍ സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ്. പക്ഷപാതമോ വിദ്വേഷമോ കൂടാതെ എല്ലാ തരത്തിലുള്ള ജനങ്ങള്‍ക്കും നീതി ചെയ്യും എന്നാണു പ്രതിജ്ഞ ചെയ്തിരിക്കുന്നത്. അല്ലാതെ അന്യമതസ്ഥരോടു വിദ്വെഷത്തോടെയും എല്ലാ മുസ്ലിങ്ങളോടും പ്രീതിയോടെയും പ്രവര്‍ത്തിക്കും എന്നല്ലല്ലോ. മതപരമായ ഒരു ചടങ്ങില്‍ അല്ല മന്ത്രിയെ വിളക്ക് തെളിയിക്കാന്‍ ക്ഷണിച്ചത്‌. മുന്‍ രാഷ്ട്രപതി അബ്ദുല്‍കലാം മുതല്‍ മമ്മൂട്ടി വരെ എത്രയോ മുസ്ലിം മത വിശ്വാസികള്‍ വിളക്കുകള്‍ കത്തിക്കുന്നു. ഇവര്‍ക്ക് ആര്‍ക്കും ഇല്ലാത്ത എന്ത് ഹറാം ആണ് അബ്ദു റബ്ബിന് നിലവിളക്കിനോട് ഉണ്ടായിരിക്കുന്നത്. വിളക്ക് എന്നത് അന്ധകാരത്തെ അകറ്റി പ്രകാശത്തെ കൊണ്ടുവരുന്ന പരിശുദ്ധമായ ഒരു വസ്തുവാണ്.  മനസ്സില്‍ 'മത അന്ധകാരം' ബാധിച്ച അബ്ദു റബ്ബിനെ പോലെയുള്ള വ്യക്തികള്‍ ആ സങ്കുചിത മനോഭാവം വെച്ച് തെളിയിച്ചാലും വിളക്ക് പോലും അശുദ്ധമായിപ്പോകുകയെ ഉള്ളൂ.  

        ഇതുകൊണ്ടും തീര്‍ന്നില്ല മന്ത്രിയുടെ മതവൈരം. സര്‍ക്കാര്‍ വക ലഭിച്ച മന്ത്രി മന്ദിരത്തിന്റെ പേര് 'ഗംഗ' എന്നായത് കൊണ്ട് അവിടെ താമസിക്കാന്‍ കഴിയില്ലത്രേ. മന്ത്രി തന്നെ നിര്‍ദേശിച്ച 'ഗ്രേസ്' എന്ന പേരും നല്‍കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്വത്തുക്കള്‍ ഈ പേരില്‍തന്നെയുള്ള ട്രസ്റ്റിനു നല്‍കിയതും ഇതേ മന്ത്രി ആണെന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും. 'ഗംഗ' എന്നത് ഹിന്ദുമതവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതാണ് മന്ത്രിയുടെ വിമ്മിഷ്ടത്തിനു ഹേതു. കേരളത്തിലെ പല മന്ത്രിമന്ദിരങ്ങള്‍ക്കും ഇന്ത്യയിലെ പല പ്രമുഖനദികളുടെയും പേരുകളും മറ്റ് മലയാളം പേരുകളുമാണ് നല്‍കിയിട്ടുള്ളത്‌.   ജലവകുപ്പ്‌ മന്ത്രി പി.ജെ ജോസഫിന്റെ വസതി 'പെരിയാര്‍', യുവജനക്ഷേമ മന്ത്രി  ജയലക്ഷ്മിയുടെ വസതി 'നിള' , എക്സൈസ്‌ മന്ത്രി ബാബുവിന്റെ വസതി 'കാവേരി ' തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ ഒരു നദിയുടെ പേര് മതവികാരത്തെ വ്രണപ്പെടത്തുമെങ്കില്‍ അങ്ങനെയൊരു മന്ത്രി പണി വേണ്ട എന്ന് വെക്കാമായിരുന്നില്ലേ..സ്വന്തം മതത്തെ പ്രോത്സാഹിപ്പിക്കുന്ന വല്ല ജോലിക്കും പോകാമായിരുന്നില്ലേ. അദ്ധേഹത്തെ ഈ മന്ത്രി പണി ഏല്‍പ്പിച്ചത്‌ മുസ്ലീങ്ങള്‍ മാത്രമല്ല. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളും പെടുന്ന പൊതു സമൂഹമാണ്. അങ്ങനെയാകുമ്പോള്‍ തന്റെ മതത്തിന്റെ കാര്യങ്ങള്‍ മാത്രമല്ല മുഴുവന്‍ ജനങ്ങളുടെയും കാര്യങ്ങളും ക്ഷേമങ്ങളും നോക്കാനുള്ള ബാധ്യതയുണ്ട്. 

       ഗംഗ എന്ന നദി ഹിന്ദുക്കള്‍ പുണ്യ നദിയായി കരുതുന്നുണ്ടെങ്കിലും ഒരിക്കലും ഒരു മതത്തിന്റെയും സ്വകാര്യ സ്വത്തായി കണക്കാക്കിയിട്ടില്ല. അതിനുമപ്പുറം ഭാരതത്തിന്റെ ദേശീയനദിയും ഗംഗ തന്നെയാണ്. ദേശീയ നദി തനിക്ക്‌ അപമാനകരമായി തോന്നുന്നുണ്ടെങ്കില്‍ അബ്ദു റബ്ബ് ചെയ്തിരിക്കുന്നത് ദേശീയതയോടുള്ള വെല്ലുവിളി കൂടിയാണ്. ദേശീയനദിയെയും മറ്റു മതങ്ങളെയും ബഹുമാനിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് മന്ത്രിയായിരിക്കാന്‍ എന്ത് യോഗ്യതയാനുള്ളത്. ഇത്തരത്തിലാണ് മന്ത്രിയുടെ ഭരണമെങ്കില്‍ നാം പലതും കാണേണ്ടി വരും എന്ന കാര്യത്തില്‍ സംശയമില്ല. ദേശീയ ഗാനത്തിലെ ;യമുനാ', 'ഗംഗ'യെയുമൊക്കെ മാറ്റേണ്ടി വരും. അങ്ങനെ മാറ്റം വരുത്തി മാത്രമേ ചിലപ്പോള്‍ കേരളത്തിലെ സ്കൂളുകളില്‍ ദേശീയഗാനം അവതരിപ്പിക്കാന്‍ കഴിയൂ എന്ന അവസ്ഥ വരും. അനന്തന്റെ പുരിയായ തിരുവനന്തപുരത്ത്‌ ഭരണം നടത്തണമെങ്കില്‍ ആ പേരും മാറ്റേണ്ടി വന്നേക്കാം. 

       മന്ത്രിയുടെ ഈ പ്രവൃത്തിയെ വിമര്‍ശിക്കുന്നവര്‍ മുഴുവനും ഹിന്ദുത്വ വാദികളാണെന്നും സംഘപരിവാരങ്ങളാണെന്നും ആരോപിക്കുന്നവര്‍ മതത്തിന്റെ തിമിരം ബാധിച്ചവരാണ്. ബാലറാമിന്റെ വാക്കുകളെ വിമര്‍ശിക്കുന്നവരുടെ കമന്റ്സ് വായിച്ചാല്‍ മനസ്സിലാകുന്ന ഒരു ഭീതി ജനിപ്പിക്കുന്ന ഒരു കാര്യമുണ്ട്...എത്രത്തോളം ഭീകരമായി മതവൈരത്തിന്റെ വിഷം നിറഞ്ഞിരിക്കുന്നു മലയാളികളില്‍ പലരിലും എന്നത്. അബ്ദു റബ്ബ് എന്ന മന്ത്രിയുടെ ഇത്തരം പ്രവൃത്തികളെ മനസ്സില്‍ ഭാരതീയന്‍ എന്ന് ചിന്തയുള്ള ആരും എതിര്‍ത്ത് പോകും. അതിന്റെ പേരില്‍ മുസ്ലീം ലീഗ് ചീറ്റുന്ന വര്‍ഗീയതയ്ടെ വിഷം തീവ്രഹിന്ദുത്വവാദികളല്ലാത്തവരെ പോലും അങ്ങനെ ആക്കി മാറ്റിയേക്കും. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ എല്ലാ മതത്തെയും മതസ്ഥരേയും ഒരുപോലെ കാണുന്ന ഭൂരിപക്ഷം പേരെയും മറിച്ച് ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല.


Saturday, 14 April 2012

ഒരു വിഷുക്കാല ഓര്‍മ്മകള്‍ഓര്‍മ്മകള്‍ ....എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന പോയകാലവസന്തത്തിന്റെ മനസ്സ് നിറക്കുന്ന അനുഭൂതിയാണ്..അവ പലതും ആഘോഷങ്ങളുടെതായിരിക്കും....നന്മയുടെ, ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെതായിരിക്കും...

പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയെക്കാളും തിമിര്‍ത്തു പെയ്യുന്ന മഴക്കാല സന്ധ്യയെക്കാളും സൗന്ദര്യമുള്ള സ്മൃതികളാണ് ഓരോ വിഷുക്കാലവും സമ്മാനിക്കുന്നത്.

ആഘോഷങ്ങള്‍ , ഉത്സവങ്ങള്‍ , അവയൊക്കെ കുട്ടിക്കാലത്തിന് മാത്രം സ്വന്തമായിട്ടുള്ളതാണ്. ആ നല്ല കാലത്തെ ആഘോഷങ്ങളുടെ തിളക്കം മറ്റൊരിക്കലും ലഭിക്കില്ലല്ലോ.


കുട്ടിക്കാലത്തെ വിഷുവിന്റെ ഏറ്റവും വലിയ ആകര്‍ഷണം പടക്കം പൊട്ടിക്കല്‍ തന്നെയായിരുന്നു..വടക്കന്‍ കേരളത്തിനു മാത്രമുള്ള ഒരു പ്രത്യേകതയുമാണ് അത്. എല്ലാവരും ദീപവലിക്ക് പടക്കം പൊട്ടിക്കുമ്പോള്‍ നമ്മള്‍ക്ക് അത് വിഷുവിനാണ്. വിഷുവിന്റെ മൂന്നോ നാലോ ദിവസം മുന്നേ അച്ഛന്‍ വാങ്ങിക്കൊണ്ടു വെക്കുന്ന പടക്കങ്ങള്‍ അടുക്കിക്കെട്ടിയും തൊട്ടും തലോടിയും പിന്നെ വെയിലത്ത്‌ ഉണക്കിയും കൂടെ വെയിലത്ത്‌ സ്വയം ഉണങ്ങിയും വിഷുദിനം വരെയുള്ള കാത്തിരുപ്പ്. ആ കാത്തിരിപ്പിനും ഒരു സുഖമുണ്ടായിരുന്നു. ആഘോഷങ്ങള്‍ ആരംഭിക്കാന്‍ പോകുന്നേ ഉള്ളു എന്ന ഒരു സുഖം.

പച്ചക്കെട്ട്, കുരുവി, ലക്ഷ്മി തുടങ്ങി പൂത്തിരി, കമ്പിത്തിരി, നിലച്ചക്ക്രം, പൊട്ടാസ് വരെയുള്ള ഇനങ്ങളുണ്ടാവുമായിരുന്നു കൊണ്ട് വരുന്നവയില്‍ . പാക്കറ്റില്‍ പതിച്ചിരുന്ന, ചുവന്നു തുടുത്ത കവിളുള്ള ആണ്‍കുട്ടിയുടെ ചിത്രം, ഓര്‍മകളില്‍ ഇന്നും മങ്ങാത്ത ദൃശ്യമാണ്. പടക്കങ്ങള്‍ പൊട്ടിക്കുന്നതിനുള്ള ചാര്‍ജ് എട്ടനായിരുന്നെങ്കിലും ഒരു സാങ്കേതിക സഹായിയുടെ റോളില്‍ ഇപ്പോഴും കൂടെ ഉണ്ടാകുമായിരുന്നു. രണ്ടു ദിവസം മുന്നേ കാറ്റാടി മരത്തിന്റെ കമ്പ് മുറിച്ച് തുണി ചുറ്റി പന്തം തയ്യാറാക്കുന്നതും വീടിന്റെ മൂലയില്‍ നിന്നും തപ്പി പിടിച്ച് കൊണ്ടുവരുന്ന മണ്ണെണ്ണ വിളക്ക് വൃത്തിയാക്കുന്നതും മുതല്‍ തുടങ്ങുന്നു ആ സാങ്കേതിക സഹായം. പടക്കങ്ങള്‍ പൊട്ടിക്കുന്ന വിഷുവിന്റെ തലേരാത്രിയില്‍ പന്തത്തില്‍ മണ്ണെണ്ണ ഒഴിച്ച് കൊടുക്കുന്നതും പടക്കങ്ങളുടെ തിരി തയ്യാറാക്കി നല്കുന്നതുമായിരിക്കും എന്റെ ഡ്യൂട്ടി.


വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ പേടിച്ച് മുറിയിലെ കട്ടിലിനടിയില്‍  ഒളിക്കുന്ന ചേച്ചിയെ പൂത്തിരി കത്തിക്കുമ്പോള്‍ മാത്രം വെളിയില്‍ കാണാം. ആ സമയങ്ങളിലെ ആഘോഷം, മുഴുവന്‍ ലൈറ്റുകളും അണച്ച് മണ്ണെണ്ണ വിളക്കിന്റെ മാത്രം വെളിച്ചത്തിലായിരിക്കും. കണി കണ്ടതിനു ശേഷം പൊട്ടിക്കാന്‍ പകുതി പടക്കങ്ങള്‍ മാറ്റിവെച്ചിരിക്കും. ആദ്യ പകുതി തീര്‍ന്നാല്‍ പെട്ടന്ന് രാവിലെ ആകാനുള്ള കാത്തിരിപ്പായി.


രാവിലെ വിളിച്ചെഴുന്നെല്‍പ്പിച്ച് അമ്മ കണി കാണിക്കാന്‍ കൊണ്ടുപോയി കണ്ണ് തുറക്കുമ്പോള്‍ അതുവരെ കാണാത്ത ഒരു സൗന്ദര്യവും തിളക്കവും തോന്നാറുണ്ട് വിളക്കുകള്‍ക്കും മറ്റ് സാധനങ്ങള്‍ക്കും. അന്ന് കിട്ടുന്ന കൈനീട്ടം, വലിയ ഒരു നിധി കിട്ടിയ പോലെ ആയിരുന്നു അക്കാലത്ത്.

കണി കണ്ടു കഴിഞ്ഞാല്‍ മാലപ്പടക്കത്തോടെ ബാക്കി പടക്കങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങും. അതും തീര്‍ന്നു കഴിഞ്ഞാല്‍ പൊട്ടാതെ ഒഴിഞ്ഞു പോയ പടക്കങ്ങള്‍ തിരയലായിരിക്കും അടുത്ത പരിപാടി. പിന്നെ വാഴയില്‍ മുറിച്ച് വൃത്തിയാക്കി കഴിഞ്ഞാല്‍ പിന്നെ കാര്യമായ പണികളൊന്നുമില്ല. അടുക്കളയില്‍ നിന്നും വരുന്ന മണം പിടിച്ച് സദ്യക്ക് വേണ്ടി അക്ഷമനായി കാത്തിരിക്കുക തന്നെ. അന്നും ഇന്നും സദ്യ ഒരു വലിയ ദൗര്‍ബല്യം ആയതുകൊണ്ടായിരിക്കണം ആവശ്യത്തിലധികം കഴിച്ച് അവസാനം പായസം കുടിക്കാന്‍ വയ്യതാകും. അത് ഇന്നും ഒരു വലിയ പ്രശ്നം തന്നെയാണ്.

കുറെ വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വിഷുദിനത്തില്‍ പഴയ മധുരമൂറുന്ന ഓര്‍മ്മകള്‍ മനസ്സില്‍ അലയടിച്ച് വരാന്‍ ഓരു കാരണമുണ്ട്. ഈ വിഷുവിനു എനിക്ക് പ്രത്യേകിച്ച് ഒരു ആഘോഷവുമില്ല. രാവിലെ അലാറം വെച്ച് എഴുന്നേറ്റ്‌ , ലാപ്‌ടോപ്പില്‍ തലേദിവസം രാത്രി തുറന്നു വെച്ചിരിക്കുന്ന വിഷുക്കണിയുടെ വാള്‍ പേപ്പര്‍ കണി കണ്ടു. അവധി ദിവസമല്ല അത് കൊണ്ട് തന്നെ വിഷു സദ്യയുമില്ല. ഹോട്ടലില്‍ നിന്നും വിഷു സദ്യ വാങ്ങിക്കാന്‍ പറ്റിയാല്‍ ഭാഗ്യം. തീര്‍ത്തും ഒരു സാധാരണ ദിവസം പോലെ ഈ ഒരു നല്ല നാളും കടന്നു പോകുന്നു.പഴയകാലത്തെ വിഷുവിന്റെ നല്ല സ്മരണകളെ താലോലിച്ച് , ഓര്‍മകളിലേക്ക് പുതുതായി ഒന്നും തന്നെ ചേര്‍ക്കാതെ..

Saturday, 24 March 2012

പാഥേയം
"എന്താ കഴിക്കുന്നില്ലേ.....ഭക്ഷണം കയ്യില്‍ വെച്ച് സ്വപ്നം കാണുകയാണോ...?"


   ആ ചോദ്യം കേട്ടാണ് ഓര്‍മകളില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. ഒഴുകിയിറങ്ങിയ കണ്ണീര്‍ ആരും കാണാതെ തുടച്ച് കളഞ്ഞു.

  കയ്യിലിരുന്നു തണുത്താറിയ കഞ്ഞിയില്‍ നിന്നും ഒരു കവിള്‍ വായിലാക്കിയെങ്കിലും ഇറങ്ങുന്നില്ല. എവിടെയൊക്കെയോ കൊളുത്തിപിടിക്കുന്ന പോലെ.. തീരെ രുചിയും തോന്നുന്നില്ല.

  "ദാ കെളവാ ....വേണെങ്കില്‍ കഴിക്ക്‌..,...." എന്ന് പറഞ്ഞായിരുന്നെങ്കിലും താന്‍ കഴിഞ്ഞിരുന്ന ഇരുട്ട് മുറിയിലേക്ക്‌ മകള്‍ എറിഞ്ഞു തരുന്ന പാത്രത്തിലെ ചോറിനും കറികള്‍ക്കും നല്ല സ്വാദായിരുന്നു. അവളുടെ അമ്മയ്ക്കും അതേ കൈപുണ്യം തന്നെയായിരുന്നു. എന്തു ഉണ്ടാക്കിയാലും നല്ല രുചിയായിരുന്നു.

  തന്റെ ജീവിതത്തിനു താങ്ങും തണലുമായിരുന്നവള്‍ , അവള്‍ പോയതോടു കൂടിയാണ് താന്‍ ശരിക്കും ഒറ്റപ്പെടാന്‍ തുടങ്ങിയത്.

  വലിയ നിലയിലെത്തിയപ്പോള്‍ , മകള്‍ക്ക് വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും വേണ്ടാതായി. മകളുടെ കുത്തുവാക്കുകള്‍ താന്‍ അറിയാതിരിക്കാന്‍ അവള്‍ പലതും സ്വയം സഹിക്കുകയായിരുന്നു. വിഷമം മുഴുവനും ഉള്ളിലൊതുക്കി നീറി നീറി ഒരു ദിവസം അവളങ്ങ് പോയപ്പോള്‍ ജീവിതത്തില്‍ ആദ്യമായി അനാഥനായി മാറി. എല്ലാം നഷ്ടപ്പെടുകയായിരുന്നു.

  പിന്നീടുള്ള ജീവിതം ഒരു ഇരുട്ട് മുറിക്കുള്ളിലായിരുന്നു. അവിടെ കിടക്കുമ്പോള്‍ മകളുടെ പ്രാക്കുകള്‍ മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ.

  സാധാരണയായി സ്നേഹത്തോടെ ഒരു നല്ല വാക്ക്‌ സംസാരിച്ചിട്ടില്ലാത്ത മകള്‍ ഒരു ദിവസം അടുത്ത് വന്നു ചോദിക്കുകയായിരുന്നു. " അച്ഛന് നാട്ടില്‍ പോകണോ....അവിടെ ആരെയെങ്കിലും ഏര്‍പ്പാടാക്കാം നോക്കാന്‍.,...ടിക്കറ്റ്‌ ഒക്കെ ശരിയാക്കിയിട്ടുണ്ട് ."

  വേറൊന്നും ആലോചിക്കേണ്ടി വന്നില്ല സമ്മതം മൂളാന്‍.. ,. ഒന്നുമില്ലെങ്കിലും സ്വന്തം നാട്ടിലെ ശുദ്ധവായു ശ്വസിച്ച്, വീടിന്റെ  ഉമ്മറത്തെ ചാരുകസേരയില്‍ കിടന്നു മരിക്കാലോ. ഇപ്പോഴെങ്കിലും മകള്‍ക്ക് കരുണ തോന്നിയല്ലോ ഈശ്വരാ.

  എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുവിടാന്‍ മകള്‍ മാത്രമാണ് വന്നത്. "നമ്മളും ഇവിടം മതിയാക്കി വരുകയാ...ഇനി നാട്ടില്‍ തന്നെ ജീവിക്കാം എന്ന് വിചാരിക്കുന്നു....ഇവിടുത്തെ കാര്യങ്ങളൊക്കെ സെറ്റില്‍ ചെയ്തിട്ട് ഞങ്ങളും വരും....ഹാ....പിന്നെ...എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴേക്കും ആളു കാത്തു നില്‍ക്കുന്നുണ്ടാകും..ഒന്നും പേടിക്കണ്ട..."

  ശരിക്കും അവള്‍ ഒരുപാട് മാറിയത് പോലെ തോന്നിയിരുന്നു. ഇങ്ങനെയൊക്കെ സംസാരിക്കാനും അവള്‍ക്ക് അറിയാം അല്ലേ. യാത്ര പറഞ്ഞു പോകാന്‍ തുടങ്ങുമ്പോള്‍ മുഖത്ത് നോക്കാന്‍ അവള്‍ ബുദ്ധിമുട്ടുന്നത് പോലെ തോന്നി. എങ്കിലും മനസ്സ് നിറഞ്ഞു തുളുമ്പുകയായിരുന്നു മകളുടെ ഈ മാറ്റം കണ്ടിട്ട്. 

  എയര്‍പോര്‍ട്ടില്‍  ഫ്ലൈറ്റ് ഇറങ്ങിയിട്ട് നേരം കുറെയായി. കൂട്ടാന്‍ വരുമെന്ന് പറഞ്ഞ ആളെ കാണാതായപ്പോള്‍ ടാക്സി പിടിച്ചു പോയാലോ എന്നാലോചിച്ചു. പോരുമ്പോള്‍ അവള്‍ പോക്കറ്റില്‍ വെച്ച് തന്ന കവറില്‍ പണമാണെന്നറിയാം, എത്രയാണെന്ന് തിട്ടമില്ല. കവറില്‍ ഒരു എഴുത്ത് കൂടി കണ്ടപ്പോള്‍ കൂട്ടാന്‍ വരുന്ന ആള്‍ക്കുള്ളതായിരിക്കുമെന്നു കരുതി. അബദ്ധത്തില്‍ തുറന്നു വായിച്ചപ്പോള്‍ , ഒരു തരം മരവിപ്പ്‌ ആയിരുന്നു തോന്നിയത്‌.. .,. തീരെ കിടപ്പിലാകുന്നതിന് മുന്നേ ഒഴിവാക്കാന്‍ മകള്‍ ആസൂത്രണം ചെയ്തതായിരുന്നു ഈ നാട് കടത്തല്‍ . പഴയ വീടും സ്ഥലവും വിറ്റിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആരോടെങ്കിലും അന്വേഷിച്ച് വല്ല അനാഥ മന്ദിരത്തിലേക്കും പോകാനുള്ള ഒരു ഉപദേശവുമുണ്ടായിരുന്നു കത്തില്‍ അവസാനം.

   വീട്ടില്‍ ശല്യമാകുമ്പോള്‍ പൂച്ചകളെയൊക്കെ ഇതുപോലെ പുഴ കടത്തി വിടാരുണ്ടല്ലോ. അതുപോലെ ഒരു വയസ്സന്‍ പൂച്ചയെ മകളും നാടുകടത്തി വിട്ടിരിക്കുന്നു. പ്രായമായ അച്ഛനും അമ്മയും മക്കള്‍ക്ക്‌ വെറും ശല്യക്കാര്‍ പൂച്ചകള്‍ തന്നെയാണല്ലോ. നാട് കടത്തി വിട്ടാല്‍ കയ്യില്‍ കാശില്ലാതെ തിരിച്ച് ചെല്ലുമെന്നു പേടിക്കണ്ടല്ലോ.

  ആവശ്യത്തിലധികം സമയം എയര്‍പോര്‍ട്ടില്‍ ഒരു വൃദ്ധന്‍ ഇരിക്കുന്നത് കണ്ടിട്ടാവണം ഒരു പോലീസുകാരന്‍ അന്വേഷിക്കാന്‍ വന്നു. ഒന്നും പറയാന്‍ നാവു അനങ്ങുന്നില്ല. ദേഹം മൊത്തം തളരുകയായിരുന്നു.

 ഇതുപോലെയുള്ള സംഭവങ്ങള്‍ ഒരു പാട് കണ്ടിട്ടുള്ളത് കൊണ്ടോ, കയ്യിലെ എഴുത്ത് കണ്ടിട്ടോ ആവണം..ഒന്നും പറയാതെ തന്നെ അവര്‍ക്ക്‌ കാര്യം മനസ്സിലായി. ആ പോലീസുകാര്‍ കാണിച്ച സ്നേഹം സ്വന്തം മകള്‍ കാണിച്ചില്ലല്ലോ എന്ന വിഷമമായിരുന്നു അപ്പോള്‍ മനസ്സില്‍ ,.

  " അല്ല...നിങ്ങള്‍ ഇനിയും കഴിച്ചില്ലേ...എന്തോരിരിപ്പാ ഇത്. കൊറേ  നേരമായല്ലോ ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട്". ആ ശബ്ദം വീണ്ടും ഓര്‍മകളില്‍ നിന്നും പതിയെ തിരിച്ച് കൊണ്ടുവന്നു.

  തണുത്തു മരവിച്ച കഞ്ഞി കോരി വായിലാക്കിയപ്പോള്‍ , പണ്ട് അമ്പിളിമാമനെ കാട്ടി മകള്‍ക്ക് ചോറ് വാരി കൊടുത്തതൊക്കെ മനസ്സില്‍ വന്നിട്ടാകണം ആ കണ്ണില്‍ നിന്നും കയ്യിലിരുന്ന പാത്രത്തിലേക്ക് കണ്ണീര്‍ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.

Monday, 13 February 2012

മാലിന്യ കേരളം

തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്നം വാര്‍ത്തകളില്‍ ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഒരു നഗരത്തിന്റെ മുഴുവന്‍ മാലിന്യങ്ങളും പേറി ജീവിതം നരകതുല്യമായപ്പോള്‍ സമരമാര്‍ഗത്തിലേക്ക് തിരിയേണ്ടിവന്ന ഒരു സമൂഹമാണ് വിളപ്പില്‍ശാലയിലുള്ളത്. ഇതു വിധേനയും ഈ സമരം അടിച്ചമര്‍ത്തും എന്ന നയത്തില്‍ നഗരസഭയും സര്‍ക്കാരും നിലകൊള്ളുമ്പോഴും നിശ്ചയദാര്‍ഢ്യത്തിന്റെ, അതിജീവനസമരമാണ് വിളപ്പില്‍ശാലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. നഗരത്തിലെ ജനങ്ങളും കച്ചവടസ്ഥാപനങ്ങളും പുറംതള്ളുന്ന മാലിന്യങ്ങള്‍ മുഴുവനും വിളപ്പില്‍ശാല എന്ന പ്രദേശവാസികള്‍ മാത്രം സഹിക്കണം എന്ന് നഗരസഭയും സര്‍ക്കാരും വാശിപിടിക്കുമ്പോള്‍ ആ പ്രദേശത്തെ ജനങ്ങളും മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ തുല്യ അവകാശമുള്ളവരാണെന്ന കാര്യം മറക്കരുത്.    നഗരസഭയുടെ മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ശാശ്വതപരിഹാരം കാണാതെ ഒരു ചെറിയ സമൂഹത്തിന്റെ കുടിവെള്ളത്തിലും ഭക്ഷണത്തിലും വരെ മാലിന്യങ്ങള്‍ കൊണ്ടുതള്ളാന്‍ വെമ്പല്‍ കാണിക്കുന്ന ഭരണകൂടത്തിന്റെ ചെയ്തികള്‍ പൊറുക്കാന്‍ കഴിയുന്നതല്ല. ഒരു മാസമായി നഗരത്തില്‍ മാലിന്യം അടിഞ്ഞുകൂടിയപ്പോള്‍ പകര്‍ച്ചവ്യാധികള്‍ പകരുമെന്ന് വ്യാകുലപ്പെടുന്ന നഗരസഭക്ക് വര്‍ഷങ്ങളായി അതേ മാലിന്യം പേറുന്ന വിളപ്പില്‍ശാലക്കാരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തതെന്തേ?. തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ മാലിന്യങ്ങള്‍ മുഴുവന്‍ റോഡില്‍ കൊണ്ട് തള്ളുന്ന മലയാളിയുടെ അതേ മാനസികാവസ്ഥ തന്നെയല്ലേ നഗരസഭയും ഇവിടെ കാണിക്കുന്നത്.

     മാലിന്യസംസ്കരണപ്ലാന്‍റ് നിര്‍മ്മിക്കുവാന്‍ കോടികള്‍ അനുവദിച്ചാലും പ്ലാന്റിന്റെ നിര്‍മ്മാണത്തിലുപരി ആ കോടികള്‍ എങ്ങനെ സ്വന്തം ബാങ്ക് അക്കൗണ്ടിലെത്തിക്കാം എന്ന് ആലോചിക്കുന്ന നഗരസഭ അധികാരികള്‍ , വര്‍ഷങ്ങളായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് മൂലം ഒരു പ്രദേശത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധാവാന്മാരകേണ്ട കാര്യമില്ലല്ലോ.
വിളപ്പില്‍ശാല നിവാസികള്‍ നടത്തുന്ന സമരത്തിനെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കുകയുണ്ടായി. തുടര്‍ന്നു വലിയ ഒരു  സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും  ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും ചെരുത്തുനില്പിനും മുന്നില്‍ പോലീസിനു കീഴടങ്ങേണ്ടി വന്നു.  ശുദ്ധവായുവിനും കുടിവെള്ളത്തിനും വേണ്ടി ഒരു നാട് നടത്തുന്ന ഒരു സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.


    മാലിന്യവിമുക്ത കേരളം എന്ന സ്വപ്നം പെട്ടന്നൊരു ദിവസം നടപ്പിലാക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. മുഴുവന്‍ ജനങ്ങളും ഭരണാധികാരികളും ഒന്നിച്ച് മുന്നിട്ടിറങ്ങിയാല്‍ മാത്രമേ ആ സ്വപ്നം സാധ്യമാവുകയുള്ളൂ. മാലിന്യ നിര്മാര്‍ജ്ജനത്തിനു ശാശ്വതമായ ഒരു സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയണം. അതിനു സഹകരിക്കാന്‍ ജനങ്ങളും തയ്യാറാവുകയാണെങ്കില്‍ മാലിന്യവിമുക്ത കേരളം എന്ന സ്വപ്നം നമുക്ക്‌ സാക്ഷാത്കരിക്കാന്‍ കഴിയും.

ഈ വിഷയത്തെക്കുറിച്ച്  മനോജ്‌ നിരക്ഷരന്‍  എഴുതിയ ലേഖനം ഇവിടെ വായിക്കാവുന്നതാണ്.

Tuesday, 31 January 2012

കൊച്ചിയിലെ "ആകാശനഗരം" അനിവാര്യമോ..?

   കൊച്ചിയിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനു കായലില്‍ നിര്‍മിക്കുന്ന "ആകാശനഗരം" പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്കിക്കഴിഞ്ഞു. ഇതുപോലൊരു പദ്ധതി നമുക്ക്‌ ആവശ്യമാണോ എന്നത് ആലോചിക്കേണ്ട കാര്യമാണ്. കേരളത്തിലെ മിക്കവാറും സ്ഥലങ്ങളും ഭൂമാഫിയകള്‍ കയ്യേറിക്കഴിഞ്ഞു. അതിനു നമ്മുടെ രാഷ്ട്രീയാക്കാരും സര്‍ക്കാരുകളും ചെറിയ സഹായങ്ങളൊന്നുമല്ല അവര്‍ക്ക്‌ നല്‍കിയത്‌. .അതിനൊക്കെ ശേഷം കൊച്ചിയിലെ കായലിലൂടെ ഫ്ലൈഓവര്‍ നിര്‍മിച്ച് അതിനു മുകളില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കായലും പുഴയും കൂടി റിയല്‍എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക്‌ തീറെഴുതിക്കൊടുക്കുകയാണ്.     നമ്മുടെ പരിസ്ഥിതിയെയും മത്സ്യസമ്പത്തിനെയും നശിപ്പിക്കുന്ന ഇത്തരം ഒരു പദ്ധതി നമുക്ക്‌ ആവശ്യമാണോ..? വികസനം എന്ന് പറയുന്നത് നമ്മുടെ നിലനില്പിനെതന്നെ ബാധിക്കുന്ന വിധത്തിലാകരുത്. ആകാശനഗരം പദ്ധതിപ്രകാരം കായലില്‍ തൂണുകള്‍ നിര്‍മ്മിച്ച് അതിനു മുകളില്‍ കോണ്‍ക്രീറ്റ്‌ ചെയ്തു അതിനു മുകളില്‍ റോഡുകളും കെട്ടിടങ്ങളും നിര്‍മ്മിക്കും. ഷോപ്പിംഗ്‌കോംപ്ലക്സുകള്‍ , റെസ്റ്റോറെന്റുകള്‍ , ബിസിനസ് സെന്ററുകള്‍ , ഓഫിസുകള്‍  തുടങ്ങി ഒരു വന്‍നഗരത്തിന്റെ സൌകര്യങ്ങള്‍ മുഴുവനും സൃഷ്ടിക്കും. ഫലത്തില്‍ 46ച.കി.മി. ജലാശയം കേട്ടിടങ്ങലാല്‍ മൂടപ്പെടും. അത്രയേറെ തൂണുകളും കായലില്‍ നിര്‍മിച്ച് മുകളില്‍ കോണ്ക്രീറ്റ് ചെയ്ത സൂര്യപ്രകാശം പോലും ജലാശയത്തില്‍ കടത്തിവിടാതെ ജലസമ്പത്തിനെ തന്നെ പൂര്‍ണമായും ഇല്ലാതാക്കും. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കായലുകളും പുഴകളും നശിപ്പിച്ചിട്ട് എന്തിനാണ് ഇങ്ങനെ ഒരു വികസനപ്രവര്‍ത്തനം. ജലാശയത്തിനുമുകളില്‍ നിര്‍മിക്കുന്ന ഇത്തരം നഗരത്തില്‍ നിന്നുണ്ടാകുന്ന മലിനീകരണം ഏതുവിധത്തില്‍ ജലാശയങ്ങളെ ബാധിക്കും ഏന്നുകൂടി നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്നം പോലും കൈകാര്യം ചെയ്യാന്‍ കഴിയാത്തവരല്ലേ ഇതും ചെയ്യേണ്ടത്‌. .


    കൊച്ചി നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ കായലിനു മുകളില്‍ സ്കൈസിറ്റി നിര്‍മ്മിച്ചത്‌ കൊണ്ട് എന്താണ് പ്രയോജനം. ഗതാഗതപ്രശ്നം പരിഹരിക്കാന്‍ ഇതല്ലാതെ വേറെ എത്രയോ മാര്‍ഗങ്ങളുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കാര്യക്ഷമമായി നന്നാക്കാന്‍ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്‌. മെട്രോ റെയില്‍ പദ്ധതി പോലെയുള്ള പദ്ധതികളും നടപ്പിലാക്കാനും ശ്രമിക്കണം. ഇതിനൊന്നും കഴിയാതെ "യശോറാംഇന്‍ഫ്ര ഡവലപ്പര്‍സ്" പോലെയുള്ള റിയല്‍എസ്റ്റേറ്റ്‌ കമ്പനികള്‍ക്ക്‌ കായലുകള്‍ തീറെഴുതികൊടുക്കുകയല്ല വേണ്ടത്‌./ .. ഇതുപോലെയുള്ള സിറ്റികള്‍ കായലിനു മുകളില്‍ തന്നെ നിര്‍മിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരുടെ ലക്ഷ്യങ്ങളെയും സംശയിക്കേണ്ടിയിരിക്കുന്നു.


    കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത്‌ പ്രകൃതി കനിഞ്ഞു നല്‍കിയതാണ് ഇത്രയേറെ പുഴകളും കായലുകളും അതിലെ മത്സ്യസമ്പത്തുകളും. അവയെ പലവിധത്തില്‍ ആശ്രയിച്ച് ജീവിക്കുന്നവരാണ് നമ്മള്‍ . എങ്കിലും പലവിധത്തില്‍ നമ്മള്‍ കായലുകളെയും പുഴകളെയും മലിനപെടുത്തിയും ചൂഷണം ചെയ്തും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. റിയല്‍എസ്റ്റേറ്റ്‌ മാഫിയകളെ കായലുകളും പുഴകളും കൂടി കൈവശപ്പെടുത്താന്‍ അനുവദിച്ചാല്‍ നമ്മുടെ കൊച്ച് കേരളത്തില്‍നിന്നും അവയൊക്കെ അപ്രത്യക്ഷമാകാന്‍ അധിക സമയം വേണ്ടി വരില്ല. 

Tuesday, 3 January 2012

ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമോ..?


   മ്മുടെ ദൃശ്യമാധ്യമങ്ങള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തണമെന്ന വാദത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അടുത്ത കാലത്തായി പ്രമുഖ ചാനലുകളില്‍ വരുന്ന ചില പ്രോഗ്രാമുകളെങ്കിലും കുടുംബസമേതമിരുന്നു കാണാന്‍ കഴിയില്ലെന്ന അഭിപ്രായമുള്ള കുറെ പേരെങ്കിലും കാണുമായിരിക്കും.  റേറ്റിംഗ് കൂട്ടാനും പരസ്യം ലഭിക്കാനും ഏതു ആഭാസത്തരവും കാണിക്കാനുള്ള വേദിയായി മാറിയിരിക്കുന്നു നമ്മുടെ മാധ്യമങ്ങള്‍ . ചില ചാനലുകള്‍ പരിപാടികളുടെ  റേറ്റിംഗ് കൂട്ടുവാന്‍ അടുത്തകാലത്തായി സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ആ ചാനലുകലുടെ സ്ഥിരം പ്രേക്ഷകര്‍ക്കെങ്കിലും മനസ്സിലായിക്കാണും. പരമാവധി സ്റ്റേജ്‌ ഷോകളും ലൈവ് നൃത്ത പരിപാടികളും ഉള്‍ക്കൊള്ളിച്ച് പ്രേക്ഷകരെ കൂട്ടാമെന്ന് കച്ചവടക്കണ്ണുള്ള ചില ചാനലുകള്‍ മനസ്സിലാക്കിവെച്ചിരിക്കുന്നു. ഇത്തരം സ്റ്റേജ് ഷോകളിലാണെങ്കില്‍ പരിധി ലംഘിക്കുന്ന ശരീരപ്രദര്‍ശനങ്ങളുമാണ് നടക്കുന്നത്. മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഏതൊരു പരിപാടിയായാലും, അവതാരകര്‍ ആയാലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 

   ഹൃദ്യമായ സംസാരത്തിലൂടെയും മാന്യമായ വസ്ത്രധാരണത്തിലൂടെയും ആയിരിക്കണം അവതാരകര്‍ പ്രേക്ഷകരുടെ ശ്രദ്ധനേടേണ്ടത്. എന്നാല്‍ ഇക്കാലത്ത്‌ ചില ചാനലുകാര്‍ക്ക്‌, മലയാളത്തെ വൈകൃതമാക്കി സംസാരിക്കുന്നതും ഒട്ടും മാന്യമല്ലാത്ത വസ്ത്രധാരണവും ആഭാസകരവുമായ അംഗവിക്ഷേപങ്ങളുമാണ് പ്രിയം. ഏഷ്യാനെറ്റില്‍ അടുത്ത കാലത്തായി ഏതു ലൈവ് പ്രോഗ്രാമോ സ്റ്റേജ്ഷോയോ നടക്കുന്നുണ്ടെങ്കില്‍ അവതാരികയ്ക്ക് ഒരേ ഒരു മുഖമാണ്, 'രഞ്ജിനി ഹരിദാസ്‌. ...'. മലയാളത്തില്‍ അവതാരകര്‍ക്ക് ഇത്രയധികം ക്ഷാമാമുണ്ടോ എന്ന് തോന്നിപ്പോകുന്ന വിധത്തിലായിരിക്കുന്നു കാര്യങ്ങള്‍ . 'അവതരണകലയ്ക്ക് പുത്തന്‍ മാനങ്ങള്‍ നല്‍കിയ'  എന്നൊക്കെ ചിലര്‍ വിശേഷിപ്പിക്കുന്നത് കേള്‍ക്കാം. ഏതു അര്‍ത്ഥത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശം എന്നറിയില്ല. ഭാഷാ ശുദ്ധിയിലും വസ്ത്രധാരണത്തിലും മലയാളികള്‍ക്ക് അപമാനമുണ്ടാക്കുന്നതാണോ ഇവര്‍ക്ക്‌ കണ്ടെത്തിയ അധികയോഗ്യത. ഏഷ്യാനെറ്റ്‌ ചാനലിലെ ഒരു റിയാലിറ്റി ഷോയുടെ സമ്മാനദാന ചടങ്ങില്‍ വെച്ച് നടന്‍ ജഗതി ശ്രീകുമാര്‍ ഇതിനെകുറിച്ച് നല്ലൊരു പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ശേഷം കുറച്ചെങ്കിലും മാറ്റമുണ്ടാകും എന്ന് കരുതിയ പ്രേക്ഷകര്‍ പിന്നിട് കണ്ടത് പഴയതിലും വഷളാകുന്ന അവതാരികയെ ആയിരുന്നു. മറ്റൊരു ചാനലില്‍ ശ്രീകണ്ഠന്‍നായര്‍ നടത്തുന്ന ഒരു ടോക് ഷോയില്‍ വെച്ച് രഞ്ജിനി ഹരിദാസ് അവതരിപ്പിക്കുന്ന പരിപാടികള്‍ കുടുംബസമേതം കാണാന്‍ കഴിയില്ലെന്ന ഒരു പ്രേക്ഷകന്റെ അഭിപ്രായത്തോട് അവതാരിക പ്രതികരിച്ചത്‌ ചെറിയൊരു ഞെട്ടലോടെ ആയിരിക്കും മലയാളി പ്രേക്ഷകര്‍ ശ്രവിച്ചത്. "എനിക്ക് ഇഷ്ടമുള്ളപോലെ സംസാരിക്കും, എനിക്ക് ഇഷ്ടമുള്ള വേഷം ഞാന്‍ ധരിക്കും, സൗകര്യം ഉള്ളവര്‍ മാത്രം കണ്ടാല്‍ മതി" എന്നായിരുന്നു ആ പ്രതികരണം.ഇങ്ങനെയോരു അഭിപ്രായപ്രകടനം നടത്താന്‍ ഏഷ്യാനെറ്റ്‌ ചാനലിനോ സ്പോണ്സര്‍മാര്‍ക്കോ ധൈര്യമുണ്ടോ ?. ഏതു ചാനലിലായാലും ഒരു പരിപാടി വിജയിപ്പിക്കുന്നതും പരാജയപ്പെടുത്തുന്നതും പ്രേക്ഷകര്‍ തന്നെയാണ്. അങ്ങനെയല്ല എന്ന് രഞ്ജിനി ഹരിദാസിനെപ്പോലെയുള്ളവര്‍ കരുതുന്നുണ്ടെങ്കില്‍ അവരെ തിരുത്തേണ്ടത് ചാനലിന്റെയും സ്പോണ്സര്‍മാരുടെയും ഉത്തരവാദിത്വമാണ്. 

   ദുബായില്‍ വെച്ച് ഏഷ്യാനെറ്റ്‌ നടത്തിയ പുതുവര്‍ഷാഘോഷപരിപാടിയില്‍ ഈ അവതാരികയുടെ പേക്കൂത്ത്‌ സഹിക്കാവുന്നതിലും അധികമായിരുന്നു. പാടാനും നൃത്തം ചെയ്യാനും നന്നായി അറിയാവുന്നവര്‍ വേറെയും ഉണ്ടെന്നിരിക്കെ രഞ്ജിനി ഹരിദാസ്‌ എന്തിനീ ആഭാസത്തരം കാണിക്കുന്നു. വിജയ്‌ യേശുദാസും സയനോരയുമടക്കമുള്ളവര്‍ പാടുമ്പോള്‍ കൂടെ പാടാനും ആടാനും എന്ത് യോഗ്യതയാണ്‌ ഇവര്‍ക്കുള്ളത്. അവതാരകര്‍ അവരുടെ ജോലി മാത്രം ചെയ്താല്‍ പോരേ എന്ന ജഗതി ശ്രീകുമാറിന്റെ പ്രസ്താവന ഈ അവസരത്തില്‍ വളരെ പ്രസക്തമാണ്. 

  വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് സ്പോണ്‍സര്‍മാരാണെന്നും അത് അനുസരിക്കാന്‍ മാത്രമേ തനിക്ക്‌ കഴിയൂ എന്നാണ്, അവതാരകരുടെ  വേഷവിധാനങ്ങളെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്ക് ഒരു ടോക് ഷോയില്‍ രഞ്ജിനി ഹരിദാസ്‌ മറുപടി പറഞ്ഞത്‌,. തന്റെ വസ്ത്രധാരണ രീതി മോശമാകുന്നുണ്ട് എന്ന് ബോധ്യമാകുന്നുണ്ടെങ്കില്‍എന്ത് കൊണ്ട് അത്തരം വസ്ത്രങ്ങള്‍ ധരിക്കില്ല എന്ന് തീരുമാനമെടുത്തുകൂടാ. റേറ്റിംഗ് കൂട്ടാന്‍ ഇനിയും വസ്ത്രങ്ങള്‍ കുറയ്ക്കാന്‍ സ്പോണ്‍സര്‍മാര്‍ തീരുമാനിച്ചാല്‍ നമ്മള്‍ പ്രേക്ഷകര്‍ അതും സഹിക്കേണ്ടി വരും. സാരി പോലെയുള്ള വസ്ത്രങ്ങള്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ പുറത്ത്‌ കാണിക്കും എന്നും ഇവര്‍ വാദമുന്നയിക്കുന്നുണ്ട്. ശരീര ഭാഗങ്ങള്‍ കൂടുതലായി ഒന്നും തന്നെ പുറത്തുകാണിക്കാതെ സാരിയുടുത്ത്‌ പ്രോഗ്രാമുകളവതരിപ്പിക്കുന്ന എത്രയോ നല്ല അവതാരകര്‍ നമുക്കുള്ളപ്പോള്‍ അങ്ങനെയൊരു വാദത്തിനു പ്രസക്തിയില്ല. വേഷം ഏതായാലും അത് അവരുടെ വ്യക്തിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇഷ്ടപ്പെട്ട വേഷങ്ങള്‍ ധരിക്കുവാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷെ പതിനായിരക്കണക്കിനു പ്രേക്ഷകര്‍ കുടുംബസമേതം കാണുന്ന വേദി ആകുമ്പോള്‍ കുറച്ചൊക്കെ മിതത്വം പാലിക്കുന്നതല്ലേ നല്ലത്. മോഡേണും ഫാഷനബിളും ആകുന്നതില്‍ തെറ്റില്ല. പക്ഷെ പരിധി കടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അധികമായാല്‍ അമൃതും വിഷമാണ് എന്നത് ഓര്‍ക്കുന്നത് നല്ലത്.
മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.