Monday 13 February 2012

മാലിന്യ കേരളം

തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്നം വാര്‍ത്തകളില്‍ ചീഞ്ഞുനാറാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. ഒരു നഗരത്തിന്റെ മുഴുവന്‍ മാലിന്യങ്ങളും പേറി ജീവിതം നരകതുല്യമായപ്പോള്‍ സമരമാര്‍ഗത്തിലേക്ക് തിരിയേണ്ടിവന്ന ഒരു സമൂഹമാണ് വിളപ്പില്‍ശാലയിലുള്ളത്. ഇതു വിധേനയും ഈ സമരം അടിച്ചമര്‍ത്തും എന്ന നയത്തില്‍ നഗരസഭയും സര്‍ക്കാരും നിലകൊള്ളുമ്പോഴും നിശ്ചയദാര്‍ഢ്യത്തിന്റെ, അതിജീവനസമരമാണ് വിളപ്പില്‍ശാലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. നഗരത്തിലെ ജനങ്ങളും കച്ചവടസ്ഥാപനങ്ങളും പുറംതള്ളുന്ന മാലിന്യങ്ങള്‍ മുഴുവനും വിളപ്പില്‍ശാല എന്ന പ്രദേശവാസികള്‍ മാത്രം സഹിക്കണം എന്ന് നഗരസഭയും സര്‍ക്കാരും വാശിപിടിക്കുമ്പോള്‍ ആ പ്രദേശത്തെ ജനങ്ങളും മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ തുല്യ അവകാശമുള്ളവരാണെന്ന കാര്യം മറക്കരുത്.



    നഗരസഭയുടെ മാലിന്യങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ശാശ്വതപരിഹാരം കാണാതെ ഒരു ചെറിയ സമൂഹത്തിന്റെ കുടിവെള്ളത്തിലും ഭക്ഷണത്തിലും വരെ മാലിന്യങ്ങള്‍ കൊണ്ടുതള്ളാന്‍ വെമ്പല്‍ കാണിക്കുന്ന ഭരണകൂടത്തിന്റെ ചെയ്തികള്‍ പൊറുക്കാന്‍ കഴിയുന്നതല്ല. ഒരു മാസമായി നഗരത്തില്‍ മാലിന്യം അടിഞ്ഞുകൂടിയപ്പോള്‍ പകര്‍ച്ചവ്യാധികള്‍ പകരുമെന്ന് വ്യാകുലപ്പെടുന്ന നഗരസഭക്ക് വര്‍ഷങ്ങളായി അതേ മാലിന്യം പേറുന്ന വിളപ്പില്‍ശാലക്കാരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്തതെന്തേ?. തന്റെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ മാലിന്യങ്ങള്‍ മുഴുവന്‍ റോഡില്‍ കൊണ്ട് തള്ളുന്ന മലയാളിയുടെ അതേ മാനസികാവസ്ഥ തന്നെയല്ലേ നഗരസഭയും ഇവിടെ കാണിക്കുന്നത്.

     മാലിന്യസംസ്കരണപ്ലാന്‍റ് നിര്‍മ്മിക്കുവാന്‍ കോടികള്‍ അനുവദിച്ചാലും പ്ലാന്റിന്റെ നിര്‍മ്മാണത്തിലുപരി ആ കോടികള്‍ എങ്ങനെ സ്വന്തം ബാങ്ക് അക്കൗണ്ടിലെത്തിക്കാം എന്ന് ആലോചിക്കുന്ന നഗരസഭ അധികാരികള്‍ , വര്‍ഷങ്ങളായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് മൂലം ഒരു പ്രദേശത്തുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ബോധാവാന്മാരകേണ്ട കാര്യമില്ലല്ലോ.
വിളപ്പില്‍ശാല നിവാസികള്‍ നടത്തുന്ന സമരത്തിനെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കുകയുണ്ടായി. തുടര്‍ന്നു വലിയ ഒരു  സംഘര്‍ഷാവസ്ഥ ഉണ്ടായെങ്കിലും  ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും ചെരുത്തുനില്പിനും മുന്നില്‍ പോലീസിനു കീഴടങ്ങേണ്ടി വന്നു.  ശുദ്ധവായുവിനും കുടിവെള്ളത്തിനും വേണ്ടി ഒരു നാട് നടത്തുന്ന ഒരു സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.


    മാലിന്യവിമുക്ത കേരളം എന്ന സ്വപ്നം പെട്ടന്നൊരു ദിവസം നടപ്പിലാക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. മുഴുവന്‍ ജനങ്ങളും ഭരണാധികാരികളും ഒന്നിച്ച് മുന്നിട്ടിറങ്ങിയാല്‍ മാത്രമേ ആ സ്വപ്നം സാധ്യമാവുകയുള്ളൂ. മാലിന്യ നിര്മാര്‍ജ്ജനത്തിനു ശാശ്വതമായ ഒരു സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയണം. അതിനു സഹകരിക്കാന്‍ ജനങ്ങളും തയ്യാറാവുകയാണെങ്കില്‍ മാലിന്യവിമുക്ത കേരളം എന്ന സ്വപ്നം നമുക്ക്‌ സാക്ഷാത്കരിക്കാന്‍ കഴിയും.

ഈ വിഷയത്തെക്കുറിച്ച്  മനോജ്‌ നിരക്ഷരന്‍  എഴുതിയ ലേഖനം ഇവിടെ വായിക്കാവുന്നതാണ്.

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.