Showing posts with label ഓര്‍മ്മക്കുറിപ്പ്‌. Show all posts
Showing posts with label ഓര്‍മ്മക്കുറിപ്പ്‌. Show all posts

Friday, 24 May 2013

എന്‍റെ മഴ..!!!



ടതടവില്ലാതെ മഴ പെയ്തുകൊണ്ടിരിക്കുന്ന കര്‍ക്കിടക്കത്തില്‍ “ഓ...നശിച്ച ഈ മഴ..” എന്ന് മൂടിക്കെട്ടിയ ആകാശം നോക്കി പ്രാകുമ്പോഴും അതില്‍ എവിടെയൊക്കെയോ ഒളിപ്പിച്ചുവെച്ച  സ്നേഹവും വാത്സല്യവും പ്രകടമാണ്. മഴയുടെ വശ്യമായ സൗന്ദര്യത്തില്‍ എല്ലാം മറന്ന് പുളകിതനാകുമ്പോഴും  തന്നിലേക്ക് ചൊരിയുന്ന സ്നേഹവര്‍ഷത്തെ നെഞ്ചോട് ചേര്‍ത്ത്‌ വെച്ച് താലോലിക്കുന്നതുകൊണ്ടാവാം ലോകത്തിന്‍റെ ഏതു കോണില്‍ ജീവിക്കുമ്പോഴും മഴ ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളായി  മാറുന്നത്.


ജീവിതത്തിന്‍റെ മേച്ചില്‍പ്പുറങ്ങള്‍തേടി സ്വന്തം നാടിനെ വിട്ട് പലവഴിക്ക്‌ യാത്രയാകുമ്പോഴും തന്നെ പിന്തുടരുന്ന കടിഞ്ഞാണില്ലാത്ത ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടില്‍ വേര്‍പ്പിരിയാനാവാത്ത ഒരു പ്രണയമായി മഴ എന്നും കൂടെയുണ്ടാകും. ശീതീകരിച്ച ഓഫീസ്‌ മുറിയിലായിരുന്നാലും തിമിര്‍ത്തു പെയ്യുന്ന മഴയുള്ള വീടിന്‍റെ ഉമ്മറക്കോലായിലേക്ക് മനസ്സ് ഓടിയെത്തുന്നത് ഈയൊരു ഹൃദയബന്ധം കൊണ്ടാണ്. മറ്റേതൊരു നാട്ടിലായാലും മഴയ്ക്ക് നമ്മുടെ നാട്ടിന്‍പുറങ്ങളിലെ മഴയുടെ മാദകസൗന്ദര്യം കാണാന്‍ കഴിയില്ല.
ഇട്ടിരിക്കുന്ന കുപ്പായമൂരിയെറിഞ്ഞ് പെരുമഴയിലേക്ക് ചാടിയിറങ്ങി തിമിര്‍ക്കാനും ഇറവെള്ളം വീണു ചാല് കീറിയ മുറ്റത്തെ വെള്ളത്തില്‍ കടലാസുതോണിയിറക്കാനും  വെള്ളം കയറിയ തോട്ടില്‍ കുട്ടിക്കരണം മറിയാനും വയല്‍ വരമ്പില്‍ ചെന്ന് ഈര്‍ക്കിലിന്റെ തുമ്പത്തെ കുടുക്കില്‍ തവളയെ പിടിക്കാനും കഴിഞ്ഞില്ലെങ്കില്‍ ഒരു കുട്ടിക്കാലം പൂര്‍ത്തിയാകുമോ ഒരു മലയാളിക്ക്.

സ്കൂള്‍വിട്ട് വരുന്നവഴി കുടയുണ്ടെങ്കിലും നനയാതെ ബാഗിനകത്ത് വെച്ച് മഴയില്‍ കുതിര്‍ന്ന്‍ വഴിയരുകിലെ ചെളിവെള്ളം കൂട്ടുകാരന്‍റെ ദേഹത്തേക്ക് ചവിട്ടിത്തെറിപ്പിച്ച് ഒടുവില്‍ യൂണിഫോമില്‍ നിറയെ ചുവന്ന പുള്ളിക്കുത്തുകളുമായി  വീട്ടിലെത്തുമ്പോഴും കൊതിപ്പിച്ചുകൊണ്ട് മഴ അങ്ങനെ പെയ്യുന്നുണ്ടാകും. മഴച്ചാറ്റലില്‍ ഈര്‍പ്പം തീര്‍ത്ത വീടിന്റെ ഉമ്മറത്തെ സിമന്‍റ് തറയില്‍ കൊച്ചുവിരല്‍ കൊണ്ട് മൈക്കല്‍ ആഞ്ജലോയുടെയും പിക്കാസോയുടെയുമൊക്കെ ശിഷ്യരായി അക്ഷരങ്ങളും ചിത്രങ്ങളും കോറിയിടുന്നതിനിടയില്‍ വാശിയോടെ ആഞ്ഞടിക്കുന്ന മഴച്ചാറ്റല്‍ എല്ലാം മായ്ച്ചുകളയുന്നു.

പഴയ തറവാട്ടുവീടിന്‍റെ മുന്നിലെ കൊച്ചു തോടും കവിഞ്ഞു ഇരുകരകളിലെയും വയലുകളെ തമ്മില്‍ യോജിപ്പിച്ച് വലിയൊരു പുഴയായി ചുവന്ന നിറത്തില്‍ മഴവെള്ളം കുത്തിയൊഴുകുമ്പോള്‍ ചെറിയൊരു വടിയില്‍ കല്ല്‌ കെട്ടിയ ചരടുമായി ചൂണ്ടയിടുന്ന ഭാവത്തില്‍ പടിക്കെട്ടില്‍ ഇരുന്ന് നേരമെത്ര കളഞ്ഞിട്ടുണ്ട്. ഒഴുക്കിനല്‍പ്പം ശക്തി കുറയുമ്പോള്‍ വാഴത്തടകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ചങ്ങാടത്തില്‍ കയറി തുഴയുകയും പലവട്ടം ചളിയിലേക്ക് തലകുത്തി മറിഞ്ഞു വീഴുകയും ചെയ്തിരിക്കുന്നു. ആ തോടും വയലുകളും ഇപ്പോഴും അവിടെയുണ്ടെങ്കിലും അന്നത്തെ ആ രൗദ്രഭാവത്തില്‍ മഴവെള്ളം ഒഴുകിയെത്തുണ്ടാവുമോ? ആരെങ്കിലും അതിനെ ആസ്വദിക്കുന്നുണ്ടാകുമോ?

രാത്രിയില്‍ മേല്‍ക്കൂരയില്‍ ആര്‍ത്തലച്ചു വീഴുന്ന മഴത്തുള്ളികള്‍ തീര്‍ക്കുന്ന മേളപ്പെരുക്കം ഒരു താരാട്ടുപാട്ടിന്‍റെ മാധുര്യത്തോടെ തഴുകിയുറക്കുന്നു. പുലരുമ്പോഴും നിലയ്ക്കാത്ത മഴയുടെ താരാട്ടില്‍ കുറച്ചു കൂടി കിടക്കാന്‍ കൊതിക്കുമ്പോള്‍ നിമിഷങ്ങള്‍ക്കെങ്കിലും ദൈര്‍ഘ്യം ഒരല്‍പനേരം കൂട്ടിക്കിട്ടിയെങ്കില്‍.,.

മണ്ണിനോടും മരങ്ങളോടും ചെടികളോടും അവയുടെ ഇലകളോടും കൊഞ്ചിക്കുണുങ്ങി പെയ്തിറങ്ങുന്ന മഴ പൊടുന്നനെ പെയ്തോഴിഞ്ഞ് മാറി നില്‍ക്കുമ്പോള്‍  നിഗൂഡമായ നിശബ്ദതയ്ക്കൊപ്പം മനസ്സിലെവിടെയോ കുത്തിനോവിക്കുന്ന ശൂന്യതയും സൃഷ്ടിക്കുന്നു.
വരുണ്ടുണങ്ങിയ മണ്ണിലേക്ക്‌ അനുഗ്രഹവര്‍ഷമായി പെയ്തിറങ്ങുന്ന സ്നേഹജലം പുതുതായി ജന്മമെടുക്കുന്ന പ്രകൃതിയുടെ ഓരോ ഇളംതളിരുകള്‍ക്കും മാതൃസ്നേഹമേകുന്നു. ആര്‍ദ്രമായ മനസ്സുകളില്‍ പ്രണയതരളിതമായി പെയ്തൊഴിയുന്ന മഴ എന്നും ഒരു പൂര്‍ത്തീകരിക്കാത്ത പ്രണയസാഫല്യമാണ്.

നമ്മളെ ഏറെ കൊതിപ്പിച്ചും സ്വാന്ത്വനിപ്പിച്ചും താലോലിച്ചും പ്രണയിച്ചും നമ്മുടെ മാത്രമായിരുന്ന മഴയുടെ ആ സൗന്ദര്യത്തിനു ഒരു ഭംഗവും വരുത്താതെ എന്നും നമ്മുടെ മലയാളക്കരയുടെ സ്വന്തമായി നിലനിന്നിരുന്നെങ്കില്‍ ...


സിങ്കപ്പൂര്‍ മലയാളികളുടെ കൂട്ടായ്മയായ MIS-Singapore Malayalees പുറത്തിറക്കിയ 
അഞ്ചാം എഡിഷന്‍  ഇതളുകള്‍ ഇ-മാഗസിനില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ 




Saturday, 14 April 2012

ഒരു വിഷുക്കാല ഓര്‍മ്മകള്‍



ഓര്‍മ്മകള്‍ ....എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന പോയകാലവസന്തത്തിന്റെ മനസ്സ് നിറക്കുന്ന അനുഭൂതിയാണ്..അവ പലതും ആഘോഷങ്ങളുടെതായിരിക്കും....നന്മയുടെ, ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെതായിരിക്കും...

പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയെക്കാളും തിമിര്‍ത്തു പെയ്യുന്ന മഴക്കാല സന്ധ്യയെക്കാളും സൗന്ദര്യമുള്ള സ്മൃതികളാണ് ഓരോ വിഷുക്കാലവും സമ്മാനിക്കുന്നത്.

ആഘോഷങ്ങള്‍ , ഉത്സവങ്ങള്‍ , അവയൊക്കെ കുട്ടിക്കാലത്തിന് മാത്രം സ്വന്തമായിട്ടുള്ളതാണ്. ആ നല്ല കാലത്തെ ആഘോഷങ്ങളുടെ തിളക്കം മറ്റൊരിക്കലും ലഭിക്കില്ലല്ലോ.


കുട്ടിക്കാലത്തെ വിഷുവിന്റെ ഏറ്റവും വലിയ ആകര്‍ഷണം പടക്കം പൊട്ടിക്കല്‍ തന്നെയായിരുന്നു..വടക്കന്‍ കേരളത്തിനു മാത്രമുള്ള ഒരു പ്രത്യേകതയുമാണ് അത്. എല്ലാവരും ദീപവലിക്ക് പടക്കം പൊട്ടിക്കുമ്പോള്‍ നമ്മള്‍ക്ക് അത് വിഷുവിനാണ്. വിഷുവിന്റെ മൂന്നോ നാലോ ദിവസം മുന്നേ അച്ഛന്‍ വാങ്ങിക്കൊണ്ടു വെക്കുന്ന പടക്കങ്ങള്‍ അടുക്കിക്കെട്ടിയും തൊട്ടും തലോടിയും പിന്നെ വെയിലത്ത്‌ ഉണക്കിയും കൂടെ വെയിലത്ത്‌ സ്വയം ഉണങ്ങിയും വിഷുദിനം വരെയുള്ള കാത്തിരുപ്പ്. ആ കാത്തിരിപ്പിനും ഒരു സുഖമുണ്ടായിരുന്നു. ആഘോഷങ്ങള്‍ ആരംഭിക്കാന്‍ പോകുന്നേ ഉള്ളു എന്ന ഒരു സുഖം.

പച്ചക്കെട്ട്, കുരുവി, ലക്ഷ്മി തുടങ്ങി പൂത്തിരി, കമ്പിത്തിരി, നിലച്ചക്ക്രം, പൊട്ടാസ് വരെയുള്ള ഇനങ്ങളുണ്ടാവുമായിരുന്നു കൊണ്ട് വരുന്നവയില്‍ . പാക്കറ്റില്‍ പതിച്ചിരുന്ന, ചുവന്നു തുടുത്ത കവിളുള്ള ആണ്‍കുട്ടിയുടെ ചിത്രം, ഓര്‍മകളില്‍ ഇന്നും മങ്ങാത്ത ദൃശ്യമാണ്. പടക്കങ്ങള്‍ പൊട്ടിക്കുന്നതിനുള്ള ചാര്‍ജ് എട്ടനായിരുന്നെങ്കിലും ഒരു സാങ്കേതിക സഹായിയുടെ റോളില്‍ ഇപ്പോഴും കൂടെ ഉണ്ടാകുമായിരുന്നു. രണ്ടു ദിവസം മുന്നേ കാറ്റാടി മരത്തിന്റെ കമ്പ് മുറിച്ച് തുണി ചുറ്റി പന്തം തയ്യാറാക്കുന്നതും വീടിന്റെ മൂലയില്‍ നിന്നും തപ്പി പിടിച്ച് കൊണ്ടുവരുന്ന മണ്ണെണ്ണ വിളക്ക് വൃത്തിയാക്കുന്നതും മുതല്‍ തുടങ്ങുന്നു ആ സാങ്കേതിക സഹായം. പടക്കങ്ങള്‍ പൊട്ടിക്കുന്ന വിഷുവിന്റെ തലേരാത്രിയില്‍ പന്തത്തില്‍ മണ്ണെണ്ണ ഒഴിച്ച് കൊടുക്കുന്നതും പടക്കങ്ങളുടെ തിരി തയ്യാറാക്കി നല്കുന്നതുമായിരിക്കും എന്റെ ഡ്യൂട്ടി.


വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ പേടിച്ച് മുറിയിലെ കട്ടിലിനടിയില്‍  ഒളിക്കുന്ന ചേച്ചിയെ പൂത്തിരി കത്തിക്കുമ്പോള്‍ മാത്രം വെളിയില്‍ കാണാം. ആ സമയങ്ങളിലെ ആഘോഷം, മുഴുവന്‍ ലൈറ്റുകളും അണച്ച് മണ്ണെണ്ണ വിളക്കിന്റെ മാത്രം വെളിച്ചത്തിലായിരിക്കും. കണി കണ്ടതിനു ശേഷം പൊട്ടിക്കാന്‍ പകുതി പടക്കങ്ങള്‍ മാറ്റിവെച്ചിരിക്കും. ആദ്യ പകുതി തീര്‍ന്നാല്‍ പെട്ടന്ന് രാവിലെ ആകാനുള്ള കാത്തിരിപ്പായി.


രാവിലെ വിളിച്ചെഴുന്നെല്‍പ്പിച്ച് അമ്മ കണി കാണിക്കാന്‍ കൊണ്ടുപോയി കണ്ണ് തുറക്കുമ്പോള്‍ അതുവരെ കാണാത്ത ഒരു സൗന്ദര്യവും തിളക്കവും തോന്നാറുണ്ട് വിളക്കുകള്‍ക്കും മറ്റ് സാധനങ്ങള്‍ക്കും. അന്ന് കിട്ടുന്ന കൈനീട്ടം, വലിയ ഒരു നിധി കിട്ടിയ പോലെ ആയിരുന്നു അക്കാലത്ത്.

കണി കണ്ടു കഴിഞ്ഞാല്‍ മാലപ്പടക്കത്തോടെ ബാക്കി പടക്കങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങും. അതും തീര്‍ന്നു കഴിഞ്ഞാല്‍ പൊട്ടാതെ ഒഴിഞ്ഞു പോയ പടക്കങ്ങള്‍ തിരയലായിരിക്കും അടുത്ത പരിപാടി. പിന്നെ വാഴയില്‍ മുറിച്ച് വൃത്തിയാക്കി കഴിഞ്ഞാല്‍ പിന്നെ കാര്യമായ പണികളൊന്നുമില്ല. അടുക്കളയില്‍ നിന്നും വരുന്ന മണം പിടിച്ച് സദ്യക്ക് വേണ്ടി അക്ഷമനായി കാത്തിരിക്കുക തന്നെ. അന്നും ഇന്നും സദ്യ ഒരു വലിയ ദൗര്‍ബല്യം ആയതുകൊണ്ടായിരിക്കണം ആവശ്യത്തിലധികം കഴിച്ച് അവസാനം പായസം കുടിക്കാന്‍ വയ്യതാകും. അത് ഇന്നും ഒരു വലിയ പ്രശ്നം തന്നെയാണ്.

കുറെ വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വിഷുദിനത്തില്‍ പഴയ മധുരമൂറുന്ന ഓര്‍മ്മകള്‍ മനസ്സില്‍ അലയടിച്ച് വരാന്‍ ഓരു കാരണമുണ്ട്. ഈ വിഷുവിനു എനിക്ക് പ്രത്യേകിച്ച് ഒരു ആഘോഷവുമില്ല. രാവിലെ അലാറം വെച്ച് എഴുന്നേറ്റ്‌ , ലാപ്‌ടോപ്പില്‍ തലേദിവസം രാത്രി തുറന്നു വെച്ചിരിക്കുന്ന വിഷുക്കണിയുടെ വാള്‍ പേപ്പര്‍ കണി കണ്ടു. അവധി ദിവസമല്ല അത് കൊണ്ട് തന്നെ വിഷു സദ്യയുമില്ല. ഹോട്ടലില്‍ നിന്നും വിഷു സദ്യ വാങ്ങിക്കാന്‍ പറ്റിയാല്‍ ഭാഗ്യം. തീര്‍ത്തും ഒരു സാധാരണ ദിവസം പോലെ ഈ ഒരു നല്ല നാളും കടന്നു പോകുന്നു.പഴയകാലത്തെ വിഷുവിന്റെ നല്ല സ്മരണകളെ താലോലിച്ച് , ഓര്‍മകളിലേക്ക് പുതുതായി ഒന്നും തന്നെ ചേര്‍ക്കാതെ..

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.