Thursday, 18 July 2013

അസ്തമയം

ന്നത്തേയും പോലെ ഒരു പകല്‍ കൂടി എരിഞ്ഞടങ്ങുന്നു. പകലോന്‍ ദേഹം മുഴുവന്‍ കുങ്കുമ വര്‍ണ്ണം വാരിത്തേച്ച് സന്ധ്യാസ്നാനത്തിനുള്ള തയ്യാറെടുപ്പുകളിലാണ്. ദുര്‍ബലമായ രശ്മികള്‍ മരങ്ങളുടെ മറവിലൂടെ ഒളിഞ്ഞും തെളിഞ്ഞും നോക്കിക്കൊണ്ടിരുന്ന അങ്ങനെയൊരു നേരത്താണ് ഞാന്‍ ആ പഴയ വായനശാലയിലേക്ക് കയറിച്ചെന്നത്. 

ചിത്രത്തിന് കടപ്പാട്: സുജേഷ് അടിയോടിക്കണ്ടി


വായനശാല എന്ന് പറയുന്നതിനെക്കാളും പഴയൊരു വായനശാലയുടെ സ്മരണകളുയര്‍ത്തുന്ന ഒരു അസ്ഥികൂടം എന്ന് പറയുന്നതായിരിക്കും ഉചിതം. വെളിച്ചമായാലും മഴയായാലും അധികമൊന്നും തടസ്സപ്പെടുത്താത്ത വിധത്തില്‍ മേല്‍ക്കൂര തകര്‍ന്നു കിടക്കുന്ന ഒറ്റമുറിയും ചെറിയൊരു വരാന്തയുമുള്ള പഴയ ഒരു കെട്ടിടം. തകര്‍ന്നു കാട് കയറിയ കാവുപോലെയായിരുന്നു അതിന്‍റെ അവസ്ഥ. ഏതെങ്കിലുമൊരു തലയിലേക്ക്‌ തകര്‍ന്നുവീഴാന്‍ കാത്തിരിക്കുന്ന പോലെ തൂങ്ങിയാടുന്ന കഴുക്കോലുകള്‍ . ഇതൊക്കെയാണ് അവസ്ഥയെങ്കിലും മുടങ്ങാതെ ഇപ്പോഴും ‘ദേശാഭിമാനി’ പത്രം ആ കൊച്ചു വരാന്തയില്‍ കാണാം. പത്രക്കാരന്‍ ദിവസവും വലിച്ചെറിഞ്ഞു പോകുന്ന പത്രങ്ങള്‍ വരാന്തയില്‍ അവിടെയവിടെയായി മാറാലയും എലിക്കാട്ടവും പുരണ്ട് കിടപ്പുണ്ട്. പത്രങ്ങള്‍ ഓരോന്നായി പൊടിയും അഴുക്കും തട്ടി വൃത്തിയാക്കി അടുക്കിവെക്കുന്നതിനിടയില്‍  പുറത്തെ ശബ്ദം കേട്ടിട്ടായിരിക്കണം വാതിലിന്‍റെ ഇടയിലൂടെ ഒരു എലി വന്നു എത്തി നോക്കി. ചെറുമനെക്കണ്ട ജന്മിയുടെ ഭാവത്തോടെ കുറേ നേരം എന്‍റെ മുഖത്ത് തന്നെ നോക്കിയിട്ട് എലി ഓടിച്ചെന്ന് പൊട്ടിവീഴാറായ ഒരു കഴുക്കോലില്‍ കയറിയിരുന്നു. അവിടെയിരുന്നുതന്നെ പുച്ഛഭാവത്തില്‍ എന്നെ നോക്കി പല്ലിളിച്ചു കാണിക്കാന്‍ തുടങ്ങി. എലിയുടെ പെരുമാറ്റത്തില്‍നിന്നും ചാരിത്ര്യം കൈമോശം വരാതെ കഴിഞ്ഞ കുറേ ദിവസങ്ങളായി വരാന്തയില്‍ ചിതറിക്കിടക്കുകയായിരുന്ന ദേശാഭിമാനിയുടെ അവസ്ഥയില്‍ നിന്നും മനുഷ്യക്കുഞ്ഞുങ്ങളാരെങ്കിലും ഈ വഴി വന്നിട്ട് നാളുകളേറെയായി എന്ന് മനസ്സിലായി. ഇതൊന്നും വകവെക്കാതെ അന്നത്തെ പത്രമെടുത്ത് നിവര്‍ത്തി. തലയില്‍ എന്തോ വന്നു വീണതും മുകളിലേക്ക് നോക്കുന്നതിനു മുന്നേ കഴുക്കോലില്‍ ഒട്ടിക്കിടക്കുന്ന പല്ലിയുടെ ശബ്ദം കേട്ടു. കയ്യില്‍ പറ്റിയ പല്ലിത്തീട്ടം മേശയുടെ അടിയില്‍ ഉരച്ച് വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോഴും പല്ലിയുടെ കളിയാക്കി ചിരി തുടര്‍ന്നു കൊണ്ടിരുന്നു. അതിനോടൊപ്പം എലിയും കൂടിയതോടെ ഞാന്‍ അല്പം ദേഷ്യത്തോടെ ശബ്ദമുയര്‍ത്തി. പേടിച്ചരണ്ട എലി വീണ്ടും വാതിലിനുള്ളിലേക്ക് ഓടിക്കയറി.  ഞാന്‍ വീണ്ടും പത്രവായന തുടര്‍ന്നു. എലി ഉള്ളില്‍ ചെന്ന് വിവരം പറഞ്ഞതിനാലായിരിക്കണം അതിക്രമിച്ചു കയറിയ അതിഥിയെക്കാണാന്‍ താമസക്കാരില്‍ ചിലര്‍ ഇടക്കിടക്ക്‌ വാതിലിന്‍റെ വിടവില്‍ക്കൂടി  വന്നെത്തിനോക്കുന്നുണ്ടായിരുന്നു. ഓരോരുത്തരും ഒരു വിചിത്ര ജീവിയെക്കാണുന്ന പോലെ എന്നെ തുറിച്ച് നോക്കി തിരിച്ചുപോയി. 

ഇതിനിടയില്‍ പുറത്തേക്കു വന്നത് ഒരു പാമ്പായിരുന്നു. ദേഹം മുഴുവന്‍ കറുത്ത വരകളുള്ള അതിനെ കണ്ടതും ഞാന്‍ ചാടിയെഴുന്നേറ്റു. എന്‍റെ പേടി കണ്ടതും തിരിച്ച് അകത്തേക്ക്തന്നെ  തിരിച്ച് പോകണോ അതോ പുറത്തേക്കു പോകണോ എന്ന സംശയത്തിലായി കക്ഷി. സ്വയരക്ഷയാണ് ഉദ്ധേശമെങ്കിലും വഴി ഒഴിഞ്ഞു കൊടുക്കാനെന്ന ഭാവത്തില്‍ ഞാന്‍ മേശയുടെ മുകളിലേക്ക് കയറി നിന്നതും ഞാന്‍ ഈ നാട്ടുകാരനല്ലപ്പാ എന്ന ഭാവത്തില്‍ ദേഹത്തെ വളയങ്ങളും പെറുക്കിയെടുത്ത്‌ അവന്‍ ഇഴഞ്ഞിഴഞ്ഞ് കുറ്റിച്ചെടികള്‍ക്കിടയിലേക്ക് മറഞ്ഞു. പിന്നെയും പലരും ഇടക്കിടക്ക്‌ വന്നുപോകുന്നുണ്ടായിരുന്നു. എന്‍റെ സാന്നിധ്യം എല്ലാവരെയും അലോസരപ്പെടുത്തുന്നുണ്ടെന്നു തോന്നുന്നു. ചിലരെങ്കിലും ഉള്ളില്‍ ചെന്ന് അത് മറ്റുള്ളവരുമായി പങ്കുവെക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കപ്പുറം വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും ആരവങ്ങളൊഴിയാതിരുന്ന ആ വായനശാലയില്‍നിന്ന് ഇന്നുയരുന്നത് മറ്റൊരുതരം ശബ്ദകോലാഹലങ്ങളായിരുന്നു. ആരെയും ശല്യപ്പെടുത്താത്ത തങ്ങളെയും ആരും ശല്യപ്പെടുത്തരുതെന്നു ആഗ്രഹിക്കുന്ന ഒരു സാമ്രാജ്യത്തിന്‍റെ പ്രതിഷേധകോലാഹലങ്ങള്‍ .

അര്‍ക്കന്‍ പടിഞ്ഞാറ് മുങ്ങാംകുഴിയിട്ടുപോയ തക്കം നോക്കി ഇരുട്ട് തന്‍റെ ബലിഷ്ഠമായ കരങ്ങള്‍ക്കൊണ്ട് ഭൂമിയെ കരിമ്പടം പുതപ്പിക്കാന്‍ തുടങ്ങി. ഇരുള്‍ പരക്കുംതോറും അകത്തുനിന്നുള്ള അടക്കം പറച്ചിലിന് ശക്തി കൂടിവരുന്നുണ്ടായിരുന്നു. ഒന്നും മനസ്സിലാവുന്നില്ലെങ്കിലും കണ്ണടച്ച് കാതുകൂര്‍പ്പിച്ചു നിന്നു. ഇടക്കെപ്പോഴോ നേര്‍ത്ത മനുഷ്യശബ്ദം. അതെ മനുഷ്യന്‍റെ ശബ്ദം തന്നെ. രണ്ടോ അതിലധികമോ പേരുണ്ടെന്നു തോന്നുന്ന സംഭാഷണങ്ങള്‍ അവ്യക്തമെങ്കിലും ഇടക്കൊക്കെ ചില അട്ടഹാസങ്ങളും നെടുവീര്‍പ്പുകളും ഉയര്‍ന്ന് കേള്‍ക്കാം. ഉള്ളില്‍ പതുങ്ങിയിരുന്നു സംസാരിക്കുന്നത് ആരാണെന്നറിയാനുള്ള ആകാംഷയില്‍ കുരുത്തംകെട്ട മനസ്സിനെ അടക്കിനിര്‍ത്താന്‍  കഴിയാതെ ഞാന്‍ വരാന്തയുടെ അരമതില്‍ കവച്ചുവെച്ച് ശബ്ദമുണ്ടാക്കാതെ വലതുവശത്തെ ജനാലയ്ക്കരികിലെക്ക് ചെന്നു. കുറ്റിച്ചെടികള്‍ നിറഞ്ഞ മുറ്റത്തുനിന്നും ആരൊക്കെയോ ചിതറിയോടുന്നുണ്ടായിരുന്നു. ശ്വാസമാടക്കിപ്പിടിച്ച് ജനലിന്‍റെ വിടവിലൂടെ ഉള്ളില്‍ നടക്കുന്നതെന്തെന്നറിയാന്‍ ശ്രമിക്കുന്ന എന്‍റെ ധൈര്യത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു കടവാതില്‍ പറന്നുവന്ന് തലയ്ക്കു ചുറ്റും ഒന്നുരണ്ടു തവണ വലംവെച്ച് മുകളിലെ കഴുക്കോലില്‍ ശീര്‍ഷാസനത്തില്‍ തൂങ്ങിക്കിടന്നു. ജനല്‍പ്പാളിക്കിടയിലൂടെ രണ്ടു കണ്ണുകളെയും സൂക്ഷ്മപരിശോധനയ്ക്കായി പറഞ്ഞുവിട്ട് വിശദമായ റിപ്പോര്‍ട്ട് കാത്തിരിക്കുന്ന എനിക്ക് മുന്നില്‍ എന്നെത്തന്നെ തുറിച്ചുനോക്കുന്ന ആറു കണ്ണുകള്‍ തെളിഞ്ഞുവന്നു. ആറിന് പിറകില്‍ ആറായിരം കണ്ണുകള്‍ പല പല തട്ടുകളില്‍നിന്നും തുറിച്ചുനോക്കുന്നു.  ജനല്‍പ്പാളി അമര്‍ത്തിയടച്ച് വരാന്തയിലേക്ക്‌ തിരികെവന്നു. ഇനിയും അവിടെത്തന്നെ നില്‍ക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. തിരികെയോടാന്‍ മനസ്സ് ആഗ്രഹിച്ചെങ്കിലും ആഗ്രഹത്തിനൊപ്പം അനുസരണ കാണിക്കാന്‍ കൈകാലുകള്‍ തയ്യാറായില്ല.

ഉള്ളില്‍ നിന്നുള്ള സംഭാഷണങ്ങള്‍ ഉച്ചത്തിലായി മാറി.

 “കൊണ്ടോവ്വാനാ പറഞ്ഞത്‌! ഇങ്ങനെ ഒരു കൂട്ടര്‍ ഇപ്പോരയിലുള്ളത് കൊറച്ച് ദിവസായിട്ട് പുടീല്ലായിനോ? ഇപ്പം ഒരു സ്നേഹം ഒലിക്കിണ്!..

ഫോ, കൊണ്ട് പോ! ഞമ്മള് കാക്കും കവരേം ചെയ്യ്‌ണ കൂട്ടരല്ല ?...
എന്താ ......മുണ്ട്ണ സാധനം വീണു പോയോ ? അണ്ണാക്കില്ലേ?..” 1   

“എടോ മുതുക്കാന്‍ നായരേ...
നീ എന്നോട് കളിക്കരുത് ....നിന്റെ മൂക്ക് ചെത്തി ഞാന്‍ ഉപ്പിലിടും.
ഹെടാ...പളുന്കൂസാ ! കഴുതത്തലയാ ! ............

പേടിച്ചു തൂറി! യുദ്ധക്കൊതിയന്‍ ! ...കഴുതത്തോലന്‍ , ഓടെടാ അളുമ്പൂസു പെണ്ണിന്‍റെ മൂടുതൂങ്ങി മൂരാച്ചി!” 2

“നായിന്റെ മോനെ, നിന്‍റെയൊരു ഖ-ഖമ്മ്യൂണിസം” 3 

മേല്‍ക്കൂരയില്‍ നിന്നും പൊട്ടി വീണുകിടന്നിരുന്ന കഴുക്കോലിന്‍റെ കഷണമായിരുന്നു കയ്യില്‍ കിട്ടിയത്‌..,. വാതിലില്‍ ശക്തി പ്രയോഗിക്കേണ്ടി വന്നില്ല. അത് എനിക്ക് മുന്നില്‍ പൊളിഞ്ഞടര്‍ന്നു വീണു. തികട്ടിവന്ന ദേഷ്യത്തിന്‍റെ ആക്കത്തില്‍ അലറിവിളിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി.

തലയ്ക്കായിരുന്നു പ്രതീക്ഷിക്കാത്ത ആദ്യത്തെ അടി കിട്ടിയത്‌. കുനിഞ്ഞു തറയില്‍ ഇരുന്നുപോയി. തന്‍റെ തലയിലടിച്ച് തറയില്‍ വീണ പുസ്തകത്തെ  കയ്യിലേക്കെടുത്തോന്നു നോക്കി. മങ്ങിയ വെളിച്ചത്തിലും ഞാന്‍ കണ്ടു ചിതലുകളും എലികളും ചിത്രപ്പണികള്‍ നടത്തി ഒട്ടുമുക്കാലും തീരാറായ വിലാസിനിയുടെ  ‘അവകാശികള്‍ ’. ഇരുട്ടില്‍ തിളങ്ങുന്ന അനേകായിരം കണ്ണുകള്‍ ഇരയെക്കിട്ടിയ ആഹ്ലാദത്തില്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.

തടയാന്‍ കയ്യുയര്‍ത്തുന്നതിനു മുന്‍പേ മുഖമടച്ച് അടുത്ത പുസ്തകം വന്നു വീണു. അടുക്കിവെച്ച ഇരുമ്പ്‌ റാക്കുകളില്‍ നിന്നും തുടരെ തുടരെ പുസ്തകങ്ങള്‍ തലയിലും ശരീരത്തിലുമായി വന്നു വീഴാന്‍ തുടങ്ങി. തലയടിച്ച് തറയിലേക്ക് വീണുപോയ എന്‍റെ മുകളിലേക്ക് പുസ്തകങ്ങള്‍ കുമിഞ്ഞുകൂടി ഒരു കുന്നായി മാറി. പുസ്തകങ്ങള്‍ക്ക് ശക്തിയേകിക്കൊണ്ട് മരത്തിന്റെ അലമാരയും അതിനും മീതെയായി മേല്‍ക്കൂരയില്‍ നിന്നും പൊട്ടിയടര്‍ന്ന്‍ ഓടുകളും കഴുക്കോലുകളും വന്നു വീണുകൊണ്ടിരുന്നു.


1-സുല്‍ത്താന്‍വീട്
2-സ്ഥലത്തെ പ്രധാന പയ്യന്‍
3-പരലോകം

Friday, 28 June 2013

മ്യൂറല്‍ മാതൃകയില്‍ ഒരു ജലച്ചായ പരീക്ഷണം

പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ബ്രഷ് കയ്യിലെടുത്ത് നടത്തിയ പരീക്ഷണമായിരുന്നു 'ദ മാസ്ക്' എന്ന അബ്സ്ട്രാക്റ്റ് മാതൃകയിലുള്ള ചിത്രം. അതിനു ലഭിച്ച പ്രോത്സാഹനത്തിന്റെ പ്രചോദനത്തില്‍  മറ്റൊരു പരീക്ഷണത്തിന്‌ മുതിരുന്നു.

ഇത്തവണത്തെ പരീക്ഷണം മ്യൂറല്‍ സ്റ്റൈലില്‍ ആണ് നടത്തിനോക്കിയത്. പൂര്‍ണ്ണമായും മ്യൂറലിനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള സാങ്കേതികജ്ഞാനം ഇല്ല എന്നത് കൊണ്ട് തന്നെ. മ്യൂറലിനു ഉപയോഗിക്കുന്ന പ്രകൃതിദത്ത നിറങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാല്‍ വാട്ടര്‍കളര്‍ ആണ് ഇവിടെ ഉപയോഗിച്ചത്‌,.


മുന്നോട്ടുള്ള വീഥിയില്‍ പ്രചോദനമായെക്കാവുന്ന നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇവിടെ കുറിക്കാന്‍ മറക്കരുത്.

Sunday, 2 June 2013

ചുവന്ന കുപ്പിവള

വശേഷിച്ച ഊര്‍ജ്ജവും ഊറ്റിയെടുത്ത് അവസാന കസ്റ്റമറും പോയതോടെ മാറാലകള്‍ കൊണ്ട് ചിത്രപ്പണികള്‍ തീര്‍ത്ത മച്ചിലേക്ക് കണ്ണുകളയച്ച് തലയൊന്നു ഉയര്‍ത്താന്‍ പോലും ശേഷിയില്ലാതെ അവള്‍ കിടന്നു. വിയര്‍പ്പിന്റെയും മദ്യത്തിന്റെയും പാന്‍പരാഗിന്റെയും അറപ്പുളവാക്കുന്ന നാറ്റം തളംകെട്ടിക്കിടക്കുന്ന ആ മുറിയിലേക്ക്‌ കടന്നു ചെല്ലാന്‍ ഭയന്ന് കാറ്റും വെളിച്ചവും പോലും മാറി നിന്നു. പുതിയൊരു ഇരയെ കിട്ടിയ വിവരമറിഞ്ഞെത്തിയ ആര്‍ത്തിപൂണ്ട കഴുകന്‍കൂട്ടങ്ങള്‍ കുറച്ചു ദിവസങ്ങളായി ആ അഴുക്ക് ചാലില്‍നിന്നും അവളെ  കൊത്തിവലിക്കാന്‍ മത്സരിക്കുകയായിരുന്നു.

ഒരു തുള്ളി വെള്ളത്തിനു കൊതിച്ച, വറ്റിവരണ്ട അവളുടെ നാവിലേക്ക് കഴുകന്‍കൂട്ടങ്ങള്‍ കൊത്തിവലിച്ച ചുണ്ടില്‍ നിന്നും ചോര ഒഴുകിയിറങ്ങി. വലിയൊരു ദീര്‍ഘനിശ്വാസത്തിനു ശേഷം കൈകുത്തിയെഴുന്നേറ്റിരുന്ന്‍ കിടക്കയില്‍ ഒരു മൂലയില്‍ കെട്ടുപിണഞ്ഞുകിടന്നിരുന്ന വസ്ത്രം കയ്യെത്തിച്ചു എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വാതില്‍ തള്ളി തുറന്ന് അയാള്‍ കടന്നു വന്നു. രാകിമിനുക്കിയ കൊക്കുകളും നഖങ്ങളുമായി തനിക്ക്‌ നേരെ ചിറകുകള്‍ വിരിച്ച് പറന്നടുക്കാന്‍ ശ്രമിക്കുന്ന ആ കഴുകന്‍റെ രൂപം കണ്ടതോടെ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ശ്രമങ്ങളുമുപേക്ഷിച്ച് അവള്‍ മൂട്ടക്കറ നിറഞ്ഞ കിടക്കയിലേക്ക് തളര്‍ന്നു വീണു. ക്രൂരമായ ആക്രമണം പ്രതീക്ഷിച്ച് കണ്ണടച്ചുകിടന്ന അവളുടെ ദേഹത്തേക്ക് രണ്ടു തുള്ളി കണ്ണുനീരായിരുന്നു വന്നു വീണത്‌. ഞെട്ടിത്തരിച്ച് കണ്ണു തുറന്ന അവള്‍ക്കുമുന്നില്‍ അവളെത്തന്നെ വളരെ ദയനീയതോടെ  നോക്കുന്ന അയാള്‍ക്ക്‌ അന്നേരം കഴുകന്‍റെ രൂപം നഷ്ടപ്പെട്ടിരുന്നു. തെല്ല് നേരം അതുപോലെ നോക്കി നിന്ന് കയ്യിലിരുന്ന റോസാപ്പൂവും ഒരു ഡസന്‍ കുപ്പിവളകളും അവളുടെ കാല്‍ക്കീഴില്‍ വെച്ച് ഒന്നും പറയാതെ അയാള്‍ തിരിഞ്ഞു നടന്നു. വാതിലും കടന്നു നിഴലുകള്‍ ഒളിച്ചുകളി നടത്തുന്ന ഇടനാഴികളിലൂടെ നടന്നു നീങ്ങുന്ന അയാളെത്തന്നെ നോക്കി കിടന്ന അവളുടെ കണ്ണുകളില്‍നിന്നും തൊണ്ടയില്‍വച്ചെവിടെയോ കുടുങ്ങിക്കിടന്ന ഒരു നന്ദിവാക്ക് കണ്ണീരായി ഒഴുകിയിറങ്ങി.


കുറിപ്പ്‌ : ജയസൂര്യ ഓണ്‍ലൈന്‍ , നീലക്കുയില്‍ മീഡിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ഒരുക്കുന്ന ബ്ലോഗിംഗ് മത്സരത്തിനു വേണ്ടി എഴുതിയത്.
മലയാളം ബ്ലോഗേഴ്‌സ്                                                             The Movie THANK YOU 

Friday, 24 May 2013

എന്‍റെ മഴ..!!!ടതടവില്ലാതെ മഴ പെയ്തുകൊണ്ടിരിക്കുന്ന കര്‍ക്കിടക്കത്തില്‍ “ഓ...നശിച്ച ഈ മഴ..” എന്ന് മൂടിക്കെട്ടിയ ആകാശം നോക്കി പ്രാകുമ്പോഴും അതില്‍ എവിടെയൊക്കെയോ ഒളിപ്പിച്ചുവെച്ച  സ്നേഹവും വാത്സല്യവും പ്രകടമാണ്. മഴയുടെ വശ്യമായ സൗന്ദര്യത്തില്‍ എല്ലാം മറന്ന് പുളകിതനാകുമ്പോഴും  തന്നിലേക്ക് ചൊരിയുന്ന സ്നേഹവര്‍ഷത്തെ നെഞ്ചോട് ചേര്‍ത്ത്‌ വെച്ച് താലോലിക്കുന്നതുകൊണ്ടാവാം ലോകത്തിന്‍റെ ഏതു കോണില്‍ ജീവിക്കുമ്പോഴും മഴ ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളായി  മാറുന്നത്.


ജീവിതത്തിന്‍റെ മേച്ചില്‍പ്പുറങ്ങള്‍തേടി സ്വന്തം നാടിനെ വിട്ട് പലവഴിക്ക്‌ യാത്രയാകുമ്പോഴും തന്നെ പിന്തുടരുന്ന കടിഞ്ഞാണില്ലാത്ത ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടില്‍ വേര്‍പ്പിരിയാനാവാത്ത ഒരു പ്രണയമായി മഴ എന്നും കൂടെയുണ്ടാകും. ശീതീകരിച്ച ഓഫീസ്‌ മുറിയിലായിരുന്നാലും തിമിര്‍ത്തു പെയ്യുന്ന മഴയുള്ള വീടിന്‍റെ ഉമ്മറക്കോലായിലേക്ക് മനസ്സ് ഓടിയെത്തുന്നത് ഈയൊരു ഹൃദയബന്ധം കൊണ്ടാണ്. മറ്റേതൊരു നാട്ടിലായാലും മഴയ്ക്ക് നമ്മുടെ നാട്ടിന്‍പുറങ്ങളിലെ മഴയുടെ മാദകസൗന്ദര്യം കാണാന്‍ കഴിയില്ല.
ഇട്ടിരിക്കുന്ന കുപ്പായമൂരിയെറിഞ്ഞ് പെരുമഴയിലേക്ക് ചാടിയിറങ്ങി തിമിര്‍ക്കാനും ഇറവെള്ളം വീണു ചാല് കീറിയ മുറ്റത്തെ വെള്ളത്തില്‍ കടലാസുതോണിയിറക്കാനും  വെള്ളം കയറിയ തോട്ടില്‍ കുട്ടിക്കരണം മറിയാനും വയല്‍ വരമ്പില്‍ ചെന്ന് ഈര്‍ക്കിലിന്റെ തുമ്പത്തെ കുടുക്കില്‍ തവളയെ പിടിക്കാനും കഴിഞ്ഞില്ലെങ്കില്‍ ഒരു കുട്ടിക്കാലം പൂര്‍ത്തിയാകുമോ ഒരു മലയാളിക്ക്.

സ്കൂള്‍വിട്ട് വരുന്നവഴി കുടയുണ്ടെങ്കിലും നനയാതെ ബാഗിനകത്ത് വെച്ച് മഴയില്‍ കുതിര്‍ന്ന്‍ വഴിയരുകിലെ ചെളിവെള്ളം കൂട്ടുകാരന്‍റെ ദേഹത്തേക്ക് ചവിട്ടിത്തെറിപ്പിച്ച് ഒടുവില്‍ യൂണിഫോമില്‍ നിറയെ ചുവന്ന പുള്ളിക്കുത്തുകളുമായി  വീട്ടിലെത്തുമ്പോഴും കൊതിപ്പിച്ചുകൊണ്ട് മഴ അങ്ങനെ പെയ്യുന്നുണ്ടാകും. മഴച്ചാറ്റലില്‍ ഈര്‍പ്പം തീര്‍ത്ത വീടിന്റെ ഉമ്മറത്തെ സിമന്‍റ് തറയില്‍ കൊച്ചുവിരല്‍ കൊണ്ട് മൈക്കല്‍ ആഞ്ജലോയുടെയും പിക്കാസോയുടെയുമൊക്കെ ശിഷ്യരായി അക്ഷരങ്ങളും ചിത്രങ്ങളും കോറിയിടുന്നതിനിടയില്‍ വാശിയോടെ ആഞ്ഞടിക്കുന്ന മഴച്ചാറ്റല്‍ എല്ലാം മായ്ച്ചുകളയുന്നു.

പഴയ തറവാട്ടുവീടിന്‍റെ മുന്നിലെ കൊച്ചു തോടും കവിഞ്ഞു ഇരുകരകളിലെയും വയലുകളെ തമ്മില്‍ യോജിപ്പിച്ച് വലിയൊരു പുഴയായി ചുവന്ന നിറത്തില്‍ മഴവെള്ളം കുത്തിയൊഴുകുമ്പോള്‍ ചെറിയൊരു വടിയില്‍ കല്ല്‌ കെട്ടിയ ചരടുമായി ചൂണ്ടയിടുന്ന ഭാവത്തില്‍ പടിക്കെട്ടില്‍ ഇരുന്ന് നേരമെത്ര കളഞ്ഞിട്ടുണ്ട്. ഒഴുക്കിനല്‍പ്പം ശക്തി കുറയുമ്പോള്‍ വാഴത്തടകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ചങ്ങാടത്തില്‍ കയറി തുഴയുകയും പലവട്ടം ചളിയിലേക്ക് തലകുത്തി മറിഞ്ഞു വീഴുകയും ചെയ്തിരിക്കുന്നു. ആ തോടും വയലുകളും ഇപ്പോഴും അവിടെയുണ്ടെങ്കിലും അന്നത്തെ ആ രൗദ്രഭാവത്തില്‍ മഴവെള്ളം ഒഴുകിയെത്തുണ്ടാവുമോ? ആരെങ്കിലും അതിനെ ആസ്വദിക്കുന്നുണ്ടാകുമോ?

രാത്രിയില്‍ മേല്‍ക്കൂരയില്‍ ആര്‍ത്തലച്ചു വീഴുന്ന മഴത്തുള്ളികള്‍ തീര്‍ക്കുന്ന മേളപ്പെരുക്കം ഒരു താരാട്ടുപാട്ടിന്‍റെ മാധുര്യത്തോടെ തഴുകിയുറക്കുന്നു. പുലരുമ്പോഴും നിലയ്ക്കാത്ത മഴയുടെ താരാട്ടില്‍ കുറച്ചു കൂടി കിടക്കാന്‍ കൊതിക്കുമ്പോള്‍ നിമിഷങ്ങള്‍ക്കെങ്കിലും ദൈര്‍ഘ്യം ഒരല്‍പനേരം കൂട്ടിക്കിട്ടിയെങ്കില്‍.,.

മണ്ണിനോടും മരങ്ങളോടും ചെടികളോടും അവയുടെ ഇലകളോടും കൊഞ്ചിക്കുണുങ്ങി പെയ്തിറങ്ങുന്ന മഴ പൊടുന്നനെ പെയ്തോഴിഞ്ഞ് മാറി നില്‍ക്കുമ്പോള്‍  നിഗൂഡമായ നിശബ്ദതയ്ക്കൊപ്പം മനസ്സിലെവിടെയോ കുത്തിനോവിക്കുന്ന ശൂന്യതയും സൃഷ്ടിക്കുന്നു.
വരുണ്ടുണങ്ങിയ മണ്ണിലേക്ക്‌ അനുഗ്രഹവര്‍ഷമായി പെയ്തിറങ്ങുന്ന സ്നേഹജലം പുതുതായി ജന്മമെടുക്കുന്ന പ്രകൃതിയുടെ ഓരോ ഇളംതളിരുകള്‍ക്കും മാതൃസ്നേഹമേകുന്നു. ആര്‍ദ്രമായ മനസ്സുകളില്‍ പ്രണയതരളിതമായി പെയ്തൊഴിയുന്ന മഴ എന്നും ഒരു പൂര്‍ത്തീകരിക്കാത്ത പ്രണയസാഫല്യമാണ്.

നമ്മളെ ഏറെ കൊതിപ്പിച്ചും സ്വാന്ത്വനിപ്പിച്ചും താലോലിച്ചും പ്രണയിച്ചും നമ്മുടെ മാത്രമായിരുന്ന മഴയുടെ ആ സൗന്ദര്യത്തിനു ഒരു ഭംഗവും വരുത്താതെ എന്നും നമ്മുടെ മലയാളക്കരയുടെ സ്വന്തമായി നിലനിന്നിരുന്നെങ്കില്‍ ...


സിങ്കപ്പൂര്‍ മലയാളികളുടെ കൂട്ടായ്മയായ MIS-Singapore Malayalees പുറത്തിറക്കിയ 
അഞ്ചാം എഡിഷന്‍  ഇതളുകള്‍ ഇ-മാഗസിനില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ 
Monday, 6 May 2013

ദ മാസ്ക്..


   ഒരു വ്യാഴവട്ടത്തിനുശേഷം ബ്രഷും ചായങ്ങളും കയ്യിലെടുത്തപ്പോള്‍ പിറവിയെടുത്ത ചിത്രം. പേരറിയാത്ത ഏതോ ഒരു കലാകാരന്‍റെ ആശയം കടമെടുത്ത്‌ ആദ്യ സൃഷ്ടി. കഴിഞ്ഞ കുറച്ചു കാലമായുള്ള കാരണമില്ലാത്ത ഊര് ചുറ്റലില്‍ കയറിയിറങ്ങിയ കുറെയേറെ ആര്‍ട്ട്ഗ്യാലറികള്‍,. തിരുവനന്തപുരത്തെ ശ്രീ ചിത്ര ആര്‍ട്ട് ഗ്യാലറി, മുംബൈയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറി, ബാംഗ്ലൂരിലെ കര്‍ണാടക ചിത്രകലാ പരിഷത്ത്, വെങ്കിടപ്പ ആര്‍ട്ട് ഗ്യാലറി എന്നിവയിലെ സന്ദര്‍ശനങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസത്തോടുകൂടി കെട്ടിപ്പൂട്ടി മൂലയ്ക്ക് വെച്ച താല്പര്യം പൊടിതട്ടിയെടുക്കാന്‍ പ്രചോദനമായി.


   ചിത്രം വരയുടെ പ്രാഥമിക പരിശീലനം പോലും ലഭിക്കാത്തതിന്റെ കുറവ് ആവശ്യത്തിലധികമുണ്ട്. ഫൈന്‍ ആര്‍ട്സ്‌ കോളേജുകളെപ്പറ്റിയോ അവിടുത്തെ കോഴ്സുകളെപ്പറ്റിയോ ഗ്രാഫിക്സ് ആനിമേഷന്‍ കോഴ്സ്‌  എന്നിവയെപ്പറ്റിയോ അറിവില്ലാതിരുന്നതുകൊണ്ട് അന്ന് ആ വഴിക്കും പോകാന്‍ കഴിഞ്ഞില്ല.

   ഏതായാലും കന്നിപരീക്ഷണം നടത്തിയിരിക്കുന്നത് വാട്ടര്‍ കളറിലാണ്. ഓയില്‍ പെയിന്റില്‍ ഒരു പരീക്ഷണം നടത്തണം എന്ന ആശ എന്നെങ്കിലും നിറവേറുമോ എന്നറിയില്ല.

Friday, 3 May 2013

പ്രിയപ്പെട്ട ദാമു.


   “എന്തൊരു നാറ്റാ ഈന്...ദാമൂ എണീറ്റ് പോടാ ഈട്ന്ന്‍”

   തിരിഞ്ഞൊന്നു കിടന്നു, പറഞ്ഞതൊന്നും തന്നോടെയല്ല എന്ന മട്ടില്‍.

   നീയൊക്കെ കുളിച്ചിട്ട് എത്ര ദിവസായി എന്ന് എനിക്കറിയാം. എന്നിട്ട് വന്നിരിക്കുന്നു മറ്റുള്ളവരെ നാറ്റം പിടിക്കാന്‍.
ഇവന്‍റെ ഒസ്യത്ത് സ്ഥലമൊന്നുമല്ലല്ലോ ഇത്, എണീറ്റ് പോവാന്‍ പറയാന്‍. ദാമുന്റെട്ത്ത് വേണ്ട നിന്റെയൊന്നും കളി.

   അല്ലെങ്കിലും ഇപ്പൊ എല്ലാ അവന്മാര്‍ക്കുമുണ്ട് ഈ സൂക്കേട്. കാണുമ്പോ ഒരു മുഖം ചുളിച്ചല്.

   ചിലോന്മാര്‍ ആട്ടിയോടിക്കാന്‍ നോക്കും. ചില പിള്ളേരാണെങ്കില്‍ കല്ലെടുത്തെറിയും. പോട്ടെ പിള്ളേരല്ലേ എന്ന് വിചാരിച്ചാലും വിടില്ല ശല്യങ്ങള്‍. മറിച്ചൊന്നും ചെയ്യാന്‍ കഴിയില്ല എന്നവര്‍ക്കും നന്നായറിയാം.

  കുറച്ചുകാലം മുന്‍പായിരുന്നെങ്കില്‍ കുട്ടികള്‍   മാത്രമല്ല മുതിര്‍ന്നോര്‍ പോലും പേടിച്ചു വഴി മാറിപ്പോകുമായിരുന്നു. അറിയാതെ മുന്നില്‍പ്പെട്ടവരുടെ കാലുകളിലുണ്ടായ വിറയല്‍ ഇന്നും മനസ്സിലുണ്ട്.

  നാട്ടിലെ പ്രശസ്തമായ തറവാട്ടിലെ അംഗം, നാട് വിറപ്പിച്ച വീരശൂരപരാക്രമി. ഇതൊക്കെയായിരുന്ന തന്‍റെ ഇപ്പോഴത്തെ അവസ്ഥ. തലവിധി എന്നല്ലാതെ എന്ത് പറയാന്‍.

 എന്തിനും എവിടെയും ദാമുവിന്റെ കണ്ണെത്തണം എന്നതായിരുന്നു അന്നത്തെ അവസ്ഥ. എല്ലാവരുടെയും കണ്ണിലുണ്ണി. സ്നേഹത്തോടെയല്ലാതെ ആരും ഒരു വാക്ക്പോലും പറയാറില്ല. പ്രായത്തിന്റെ തളര്‍ച്ച ശരീരത്തെ ബാധിച്ചു തുടങ്ങിയപ്പോള്‍ സ്നേഹത്തോടെ ഊട്ടിയ അതെ കൈകള്‍ തന്നെ തറവാട്ടില്‍നിന്നും ഇറക്കിവിട്ടു. 


   അലഞ്ഞുതിരിഞ്ഞ് അവസാനം ഇവിടെയെത്തി. പഴയ തറവാടിന്റെ അടുത്തേക്ക്‌ പോകാതിരിക്കാന്‍ മനപ്പൂര്‍വ്വം ശ്രദ്ധിക്കും. ആരോടുമുള്ള പരിഭവമല്ല. മരിക്കുമ്പോള്‍ അത് ആ തറവാട്ടുമുറ്റത്തായിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അവിടെയെത്തുമ്പോള്‍ അതൊക്കെ ഓര്‍മ്മയില്‍ വരും. വീട്ടുകാരെ വഴിയില്‍ വെച്ച് കണ്ടാല്‍ അവര്‍ തന്നെ കാണാതിരിക്കാന്‍ എവിടെയെങ്കിലും മറഞ്ഞിരിക്കും. ഇല്ല ആരോടും ദേഷ്യമില്ല. എല്ലാവരും നല്ലതായിരിക്കട്ടെ.

  വൈകുന്നേരം സ്കൂള്‍ വിട്ട് കുട്ടികളൊക്കെ പോയിക്കഴിഞ്ഞാല്‍ മാത്രമേ സാധാരണയായി റോഡിലേക്ക്‌ ഇറങ്ങാറുള്ളൂ. ആ കണക്കുകൂട്ടലില്‍ പതുക്കെ കടകളുടെ പിറകില്‍ നിന്നും റോഡിലേക്ക്‌ ഇറങ്ങിയെങ്കിലും ഇപ്പോഴും കുട്ടികളുടെ ബഹളം തന്നെ. റോഡിനു നടുവിലായി കൂട്ടം കൂടി ആര്‍ത്തുവിളിക്കുന്നു. വല്ല പൂച്ചയോ പട്ടിയോ വണ്ടിക്കടിയില്‍ പെട്ടുകാണും. എന്താണ് എന്നറിയാന്‍ അടുത്ത് ചെന്നപ്പോള്‍ ഊഹം തെറ്റിയില്ല. നല്ലൊരു ഉക്കന്‍ ഒരു നായ തന്നെ. റോഡില്‍ ഏതോ വാഹനം കയറി പാതി ചതഞ്ഞരഞ്ഞ നിലയില്‍ കിടക്കുന്ന ആ നായയുടെ  രൂപം ശരിക്കും കണ്ടതും ആകെ മരവിച്ചപോലെയായി. ശരീരം തളരാന്‍ തുടങ്ങി.കൈകാലുകള്‍ക്കൊക്കെ വിറയല്‍ പോലെ.

   എങ്ങോട്ടെന്നറിയാതെ തിരിഞ്ഞോടുമ്പോഴും തനിക്ക്‌ ഇരുവശങ്ങളിലുമായി ചിറകുകള്‍ മുളച്ച് വരുന്നതും കാലുകള്‍ തറയില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്നതും ദാമു കൃത്യമായി അറിയുന്നുണ്ടായിരുന്നു

  “എല്ലാവന്മാരും ഉള്ള കാലത്ത്‌ നല്ലോണം തീറ്റിപ്പോറ്റും. എന്നിട്ട് വയ്യാണ്ടാകുമ്പോ ചവിട്ടി പൊറത്താക്കും. അവസാനം ഇതൊക്കെ കാണണ്ടത് നമ്മളും. ന്നാലും നമ്മളെ ദാമൂനും ഇതെന്ന്യായല്ലോ...”

   ചിറകുകള്‍ വിരിച്ച് ഇരുളിലേക്ക് പറന്നുപോകുമ്പോഴും പിറകില്‍ നിന്ന് കടക്കാരന്‍ അബൂക്ക ആരോടെന്നില്ലാതെ പറയുന്നത് വ്യക്തമായി അവന് കേള്‍ക്കാമായിരുന്നു.
Tuesday, 23 April 2013

ചീരു.


  

 നേരം പുലര്‍ന്നതെയുള്ളൂ. കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചിലും ചീരുവിന്റെ പ്രാക്കലും തെറി വിളികളും അസഹ്യമായപ്പോള്‍ ഗോവിന്ദന്‍ കിടക്കപ്പായയില്‍ നിന്ന് എണീറ്റു. തലേന്ന് രാത്രി നാലുകാലില്‍ വന്നു കേറിക്കിടക്കുമ്പോഴും അതേ കരച്ചിലും തെറി വിളികളുമായിരുന്നു. കാലിനടിയില്‍ ചൂടുപറ്റി കിടന്നിരുന്ന കറുമ്പിപ്പൂച്ചയെ ഇടംകാലുകൊണ്ട് തോഴിച്ചത് ചെന്ന് വീണത്‌ വാതിലും കടന്നു കോലായില്‍ . 


   കിണറ്റിന്‍കരയില്‍ ചെന്ന് മുഖം കഴുകി കോലായില്‍ പടിയില്‍ ചെന്നിരിക്കുമ്പോള്‍ ഒരു കടുംകാപ്പിപോലും  അയാള്‍ തീരെ പ്രതീക്ഷിക്കുന്നതായി തോന്നിയില്ല. മറ്റെന്തോ ചിന്തിച്ച് എവിടെയോ നോക്കിയായിരുന്നു ആ ഇരിപ്പ്‌. മുന്നിലെ പാടം ഉഴുതു മറിക്കുന്ന കുമാരന്റെ കാളകളിലോ അവയുടെ പിന്നാലെ നീളന്‍ കാലുകള്‍ പെറുക്കിവെച്ച് നടന്നു നീങ്ങുന്ന വെളുത്ത കൊക്കുകളിലോ ഒന്നും ആയിരുന്നില്ല, വയലുകള്‍ക്കപ്പുറത്തെവിടെയോ ആയിരുന്നു അയാളുടെ കണ്ണും മനസ്സും.


   പകുതിയും വയലിലേക്ക്‌ ചാഞ്ഞു കിടക്കുന്ന പുളിയന്മാവിന്റെ കീഴെ കുട്ടികള്‍ പ്രതീക്ഷയോടെ തിരഞ്ഞു നടക്കുന്നു. അവരുടെ വിശപ്പിനു ഒരല്‍പം ആശ്വാസം നല്‍കാന്‍ മാവ് പോലും കനിഞ്ഞില്ല. അണ്ണാന്‍ കടിച്ചീമ്പിയ ഒരു മാങ്ങയ്ക്കു വേണ്ടി കുട്ടികള്‍ അടികൂടാന്‍ തുടങ്ങി. അയലില്‍ കിടന്ന തോര്‍ത്ത്‌ ചുമലിലിട്ടു അയാള്‍ ധൃതി പിടിച്ചു നടന്നു പാടത്തിനപ്പുറത്തേക്ക്.


    “നാലഞ്ചീസായി ഈട വല്ലോം വെച്ച് കുടിച്ചിറ്റ്. ആ പിള്ളേര്‍ക്കെങ്കിലും ഇച്ചിരി കഞ്ഞീന്റെ വെള്ളം കൊടുക്കാന്‍. അയെങ്ങനെയാ എടെയെന്കിലും വല്ല പണിക്കും പോവാണ്ടേ രാവിലെ കുണ്ടിലെ പൊടിയും തട്ടി പോയ്ക്കോളുവല്ലോ ഷാപ്പിന്നു വല്ലോം എരന്ന് മോന്താനായിട്ട്.


ഇന്നലേംകൂടി കുന്നുംപ്രത്തെ യേശ്മാന്‍ അവിടെ പണിക്ക് ചെല്ലാന്‍ പറഞ്ഞേക്കണ്.


ഇതാരോടാപ്പാ ഞ്ഞാ യീ പറയ്ണത്.


വയലുകള്‍ കീറിമുറിച്ച് ലക്ഷ്യസ്ഥാനത്തേക്ക്‌ കുതിക്കുന്ന ഗോവിന്ദന്റെ തലയിലേക്ക് ഭാര്യയുടെ പ്രശ്നങ്ങളോ കുട്ടികളുടെ വിശപ്പോ ഒന്നും കയറിയില്ല. അയാളുടെ മനസ്സും  ശരീരവും ദേവസ്സിയുടെ ഷാപ്പിലേക്ക് കുതിക്കുകയായിരുന്നു, അല്ല പറക്കുകയായിരുന്നു.


വയലിലൂടെ അക്കരയിലേക്ക് ഓടുന്ന ഭര്‍ത്താവിനെ നോക്കി പിന്നെയും എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. തോടും കടന്നയാള്‍ കൈതക്കാടിനു പിന്നില്‍ മറഞ്ഞപ്പോള്‍ തിരിച്ച് വീട്ടിലേക്ക്‌ കയറുന്ന  ചീരുവിന്റെ മനസ്സ് മുഴുവന്‍ വിശന്നു കരയുന്ന കുഞ്ഞുങ്ങളുടെ തളര്‍ന്ന മുഖങ്ങളായിരുന്നു.


   നേരമിത്രയായിട്ടും തൊണ്ട നനക്കാന്‍ പോലും ഇത്തിരി ആരും തരില്ല എന്ന് മനസ്സിലായപ്പോ വായില്‍ വന്ന തെറികള്‍ മുഴുവന്‍ വിളിച്ച് ഗോവിന്ദന്‍ ഷാപ്പില്‍ നിന്നുമിറങ്ങി നടന്നു.  ഇനി കടം കൊടുക്കണ്ട എന്ന് ദേവസ്സി മുതലാളി പറഞ്ഞേല്‍പ്പിച്ചിരുന്നത്രേ.


   തോടിനു കുറുകെയുള്ള തെങ്ങിന്റെ പാലത്തില്‍ കയറുമ്പോഴേക്കും മഴ ചെറുതായി പെയ്തു തുടങ്ങിയിരുന്നു. തിളങ്ങുന്ന കഷണ്ടിയില്‍ വെള്ളത്തുള്ളികള്‍ വീണു തെറിക്കാന്‍ തുടങ്ങിയപ്പോള്‍ ചുമലില്‍ കിടന്ന തോര്‍ത്തെടുത്ത് അയാള്‍ തലയിലിട്ടു . വയല്‍ കടന്നു മുറ്റത്തെത്തിയപ്പോഴേക്ക് മഴ ശക്തിയായി  പെയ്യാന്‍ തുടങ്ങി. പുതുമഴ കണ്ട ആവേശത്തില്‍ കുട്ടികള്‍ എല്ലാം മറന്നു മുറ്റത്ത്‌ കളിക്കുന്നുണ്ടായിരുന്നു. പുതുമണ്ണിന്റെ ഗന്ധം ഉയരാന്‍ തുടങ്ങി. വരണ്ടുണങ്ങിയ മണ്ണിനെ തണുപ്പിക്കാന്‍ ആ മഴയ്ക്ക് കഴിഞ്ഞെങ്കിലും അയാളുടെ ഉള്ളിലെ ദാഹം തീര്‍ക്കാന്‍ അതിനു കഴിഞ്ഞില്ല.


   തിണ്ണയിലേക്ക് കയറുന്നതിനു മുന്‍പേ തന്നെ വീടിന്റെ വാതില്‍ തുറന്നു ഒരു കറുത്ത രൂപം പുറത്തേക്ക് വന്നു. തിളങ്ങുന്ന സില്‍ക്ക്‌ ഷര്‍ട്ടും കഴുത്തിലെ ചെയിനും കണ്ടപ്പോള്‍ അതാരാണെന്ന് മനസ്സിലാക്കാന്‍ ഗോവിന്ദന് പ്രയാസപ്പെടേണ്ടി വന്നില്ല. പിറകെ ഇറങ്ങി വന്ന ചീരുവിനു ഭര്‍ത്താവിനെ കണ്ടിട്ടും വലിയ ഭാവമാറ്റങ്ങളൊന്നും ഉണ്ടായില്ല.


 “ആ നീയ്യോ....എന്തോക്കെയ്യാടോ കോയിന്നാ വിശേഷങ്ങള്‍..


ന്നാലും എന്റെ ദേവസ്സിയേട്ടാ...നിങ്ങ..ന്തിനാ ..ന്നോട്...


നീ വാടോ....പറയട്ടെ...


മഴയെ വക വെക്കാതെ ഇറങ്ങിയ ദേവസ്സി മുതലാളിയുടെ പിന്നാലെ വയലുകളും കടന്നു നടന്നു നീങ്ങുന്ന ഭര്‍ത്താവിനെ നോക്കി നില്‍ക്കുന്ന അവളുടെ കണ്ണുകളില്‍ സങ്കടമായിരുന്നില്ല മറിച്ച് പകയായിരുന്നു.  കൈക്കുള്ളില്‍ കിടന്ന്‍  ഞരിഞ്ഞമരുന്ന രണ്ടുമൂന്നു പുത്തന്‍ നോട്ടുകള്‍ അത് നന്നായി അറിയുന്നുണ്ടായിരുന്നു.

Monday, 21 January 2013

തെക്കേയറ്റത്തേക്ക് - ഭാഗം 2.!!!


 നിധിശേഖരത്തിന്‍റെ കണക്കെടുപ്പുകളും വിവാദങ്ങളുമൊക്കെയായി വാര്‍ത്തകളില്‍ പദ്മനാഭസ്വാമിക്ഷേത്രം നിറയുമ്പോള്‍ ഒരു മലയാളിയായിട്ടും ഇതുവരെ അവിടം സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്നതില്‍ ഒരുപാട് വിഷമവും അതിലേറെ നാണക്കേടും തോന്നിയിരുന്നു. ഈ യാത്രയില്‍ ആ ഒരു വിഷമം മാറാന്‍ പോകുന്നു എന്നത് ഏറെ സന്തോഷകരമായിരുന്നു. യാത്രയുടെ രണ്ടാം ദിവസം പുലര്‍ന്നത് ആ ഒരു സന്തോഷത്തോടെയും ഉത്സാഹത്തോടെയും കൂടെയാണ്.

   ഏതായാലും സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയുണ്ട കൊണ്ട് ചാവാന്‍ താല്പര്യമില്ലാത്തതുകൊണ്ട് കാമറ മുതല്‍ ചെരിപ്പ്‌ വരെ വണ്ടിയില്‍ തന്നെ ഉപേക്ഷിച്ച് പോരുകയായിരുന്നു, നഗ്നപാദനായി പദ്മനാഭ സ്വാമിയുടെ തിരുനടയിലേക്ക്. മൊബൈല്‍ പോലും ഉള്ളിലേക്ക് കടത്തിവിടില്ല എന്നറിയാമായിരുന്നു. എങ്കിലും ഒരു അവശ്യ വസ്തു എന്ന നിലയില്‍ കയ്യില്‍ കരുതി. ക്ഷേത്രത്തിന്റെ പുറത്ത്‌ നിന്നുള്ള ഒരു ദൃശ്യമെന്കിലും ലഭിക്കണമെന്ന ആഗ്രഹം മൊബൈലിലൂടെ എങ്കിലും സാധിക്കാന്‍ കഴിഞ്ഞു. കൂട്ടത്തില്‍ ചില സഖാക്കള്‍ അമ്പലത്തിന്‍റെ ഉള്ളില്‍ കയറാന്‍ സാധ്യതയില്ല എന്ന ഏകദേശ ധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു മൊബൈല്‍ കയ്യിലെടുത്തതും. ധാരണ എന്തായാലും തെറ്റിയില്ല. പാര്‍ട്ടി അച്ചടക്കം ലംഘിക്കാത്ത ഒരു സഖാവിന്‍റെ കയ്യില്‍ മൊബൈല്‍ ഏല്‍പ്പിച്ച് ക്ഷേത്രത്തിന്‍റെ ഉള്ളിലേക്ക് കടന്നു.


പദ്മനാഭസ്വാമിക്ഷേത്രം 


   പദ്മനാഭപുരം കൊട്ടാരം അതിന്‍റെ മരങ്ങളില്‍ തീര്‍ത്ത പണിത്തരങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ചെങ്കില്‍ പദ്മനാഭസ്വാമിക്ഷേത്രം വിസ്മയിപ്പിച്ചത് കരിങ്കല്ലില്‍ തീര്‍ത്ത ശില്പവേലകളിലൂടെയായിരുന്നു. ഭീമാകാരമായ കരിങ്കല്ലുകളില്‍ തീര്‍ത്ത ശില്പങ്ങളും തൂണുകളും. പണ്ട് ഐതിഹ്യങ്ങളില്‍ ഒരുപാട് കേട്ടിരുന്നു ഭഗവാന്‍റെ അനന്തശയനത്തെപറ്റി. ഒരിക്കലും ഒരു മനുഷ്യനും  അനന്തശയനത്തില്‍ കിടക്കുന്ന ഭഗവാന്‍റെ വിഗ്രഹം പൂര്‍ണ്ണമായി കാണാന്‍ കഴിയില്ല എന്ന്. തലയും ഉടലും കാലുകളും മൂന്ന് ഭാഗങ്ങളായി വേറെ വേറെ മാത്രമേ കാണാന്‍ കഴിയൂ. എന്തായാലും ഐതിഹ്യങ്ങളെ വെല്ലുവിളിക്കാനൊന്നും തയ്യാറല്ലായിരുന്നതുകൊണ്ട് ഭഗവാനെ മൂന്നായി തന്നെ ദര്‍ശിച്ച് മടങ്ങി.

   തിരിച്ച് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ആരോ പറയുകയുണ്ടായി ക്ഷേത്രത്തിന്‍റെ വശത്ത്‌ തന്നെ മറ്റൊരു കൊട്ടാരവും ഉണ്ട് എന്ന്. സ്വാതിതിരുനാള്‍ മഹാരാജാവ്‌ പണികഴിപ്പിച്ച ‘പുത്തന്‍മാളിക കൊട്ടാരം’, അതിന്‍റെ ചില ഭാഗങ്ങള്‍ മ്യൂസിയമായി പൊതുജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തതായി അറിയാന്‍ കഴിഞ്ഞു. സത്യത്തില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുമ്പോഴോ  പദ്മനാഭസ്വാമിക്ഷേത്രത്തില്‍ എത്തിയപ്പോള്‍ പോലും ഇങ്ങനെയൊരു കൊട്ടാരത്തിനെപറ്റിയോ അതിന്‍റെ പ്രത്യേകതകളെപറ്റിയോ ഒരു ധാരണയുമുണ്ടായിരുന്നില്ല.


കൊട്ടാരത്തിന്‍റെ പ്രവേശനകവാടം

   പഴയ രാജഭരണത്തിന്‍റെ തിരുശേഷിപ്പുകളായി അമൂല്യങ്ങളായ വസ്തുക്കളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു പുത്തന്‍മാളിക കൊട്ടാരത്തില്‍.,. ഇരുപത്തിനാലു ആനകളുടെ കൊമ്പുകളില്‍ തീര്‍ത്ത സിംഹാസനവും സ്ഫടികത്തില്‍ തീര്‍ത്ത സിംഹാസനവും ഒട്ടൊരു അതിശയത്തോടെ മാത്രമേ നോക്കി നില്‍ക്കാന്‍ കഴിയൂ.

  തലേദിവസം പദ്മനാഭപുരം കൊട്ടാരം സന്ദര്‍ശിച്ചതില്‍നിന്നും ഏറെ വ്യത്യസ്തമായി ഇവിടം തോന്നിക്കാന്‍ ഒരു കാരണവുമുണ്ടായിരുന്നു, പുത്തന്‍ മാളിക കൊട്ടാരത്തില്‍ നമുക്ക്‌ ലഭിച്ച ഗൈഡ്‌..,. ഒരു ഗ്രൂപ്പ് ആളുകളെ മുഴുവന്‍ കാര്യങ്ങള്‍ വ്യക്തമായും കൃത്യമായും പറഞ്ഞു മനസ്സിലാക്കാനും സംശയങ്ങള്‍ പരിഹരിക്കാനും ഉള്ള ആ വ്യക്തിയുടെ കഴിവ്‌ എടുത്ത്‌ പറയേണ്ടത് തന്നെയാണ്. ഇങ്ങനെയൊരു ഗൈഡിന്‍റെ അഭാവം പദ്മനാഭപുരം കൊട്ടാരത്തില് ശരിക്കും അനുഭവപ്പെട്ടിരുന്നു.

  പുത്തന്‍മാളിക കൊട്ടാരത്തിന്‍റെ മുകള്‍ നിലയില്‍ തടിയില്‍ 122 കുതിരകളുടെ രൂപം കൊത്തിവെച്ചിട്ടുണ്ട്. അതുകൊണ്ട് ‘കുതിരമാളിക എന്ന ഒരു പേരും ഈ കൊട്ടാരത്തിനുണ്ട്. അതുപോലെ തന്നെ മനോഹരമായി കൊത്തുപണികള്‍ ചെയ്ത മച്ചില്‍ നിന്നും തത്തകളെയും അണ്ണാനെയും വ്യാളിയെയും ഗൈഡ്‌ പ്രത്യേകം കാണിച്ച്‌ തരുമ്പോള്‍ മാത്രമേ അവയൊക്കെ നമുക്ക്‌ തിരിച്ചറിയാന്‍ കഴിയൂ.


പുത്തന്‍മാളിക കൊട്ടാരം (കുതിരമാളിക)

   കുതിര മാളിക കൊട്ടാരത്തിനമുക്ക്‌  മുന്‍വശത്ത്ചെന്ന് കൊട്ടാരത്തെ മുഴുവനായും കണ്ടപ്പോള്‍ ഏതൊക്കെയോ മലയാള സിനിമകളില്‍ കണ്ട ഒരു ഓര്‍മ്മ. നരസിംഹമാണോ താണ്ഡവമാണോ. കൃത്യമായി ഓര്‍ക്കുന്നില്ല. അതില്‍ മോഹന്‍ലാലിന്‍റെ വീടായി ഈ കൊട്ടാരം കാണിച്ചതായാണ് ഓര്‍മ്മ.

   വളരെ വിശാലമായ കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ വെറും നാല് വര്‍ഷമേ വേണ്ടി വന്നുള്ളൂ എന്നതും പൂര്‍ത്തിയായ കൊട്ടാരത്തില്‍ താമസിച്ചിട്ട് ആറാം വര്ഷം സ്വാതിതിരുനാള്‍ മഹാരാജാവ്‌ തീപ്പെട്ടതായും ഗൈഡിന്‍റെ വിവരണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനു ശേഷം പൂട്ടിയിട്ട കൊട്ടാരത്തിന്റെ നല്ലൊരു ഭാഗവും കാലപ്പഴക്കത്താലും അറ്റകുറ്റപ്പണികളുടെ അഭാവത്താലും നശിച്ചു പോകുകയാണ്.


കുതിരമാളിക കൊട്ടാരം 

   കേരള വാസ്തുവിദ്യയുടെ തനത് ഉദാഹരണങ്ങളായ കുതിരമാളിക പോലുള്ള കൊട്ടാരങ്ങള്‍ ഇനി ഒരിക്കലും നിര്‍മ്മിക്കാന്‍ നമുക്ക്‌ കഴിയില്ല. അങ്ങനെയുള്ളപ്പോള്‍ നമുക്ക്‌ പൈതൃകസ്വത്ത്‌ പോലെ ലഭിച്ച ഈ കൊട്ടാരങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ അധികാരികള്‍ അല്പംകൂടി മനസ്സ് വെക്കേണ്ടിയിരിക്കുന്നു.

   ക്ഷേത്രവും കൊട്ടാരവുമൊക്കെ കണ്ട് മടങ്ങുമ്പോഴേക്കും സമയം ഉച്ചയായിരുന്നു കൂടെ അല്‍പ്പം വിശപ്പിന്റെ വിളിയും. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഒരു കോമ്പ്രമൈസിനും തയ്യാറല്ലാത്തത് കൊണ്ട് അടുത്ത കലാപരിപാടികള്‍ക്കായി കോഫീഹൌസിലേക്ക് വച്ചുപിടിച്ചു.
 
   വൈകിട്ട് വേളിയിലും ശംഖുമുഖത്തുമായി ചിലവിടാമെന്നായിരുന്നു തീരുമാനം. അതുവരെ മൃഗശാലയിലും മ്യൂസിയത്തിലും കയറി സമയം കളഞ്ഞു. പ്രത്യേകിച്ച് ഒന്നും അവിടങ്ങളില്‍ കാണാന്‍ കഴിയാത്തതിനാല്‍ അവയെ ഇവിടെ ഒഴിവാക്കുന്നു. തിരുവനന്തപുരത്തുകാരുടെ അഭിമാനമായ നേപ്പിയര്‍മ്യൂസിയം കെട്ടിടത്തിന്‍റെ രൂപഭംഗി കൊണ്ട് വളരെ ശ്രദ്ധയാകര്‍ഷിക്കുന്നു. തിരുവനന്തപുരത്തെ കോളേജ് പ്രണയിതാക്കളുടെ പ്രധാന വിഹാരകേന്ദ്രവും ഈ മ്യൂസിയവും പരിസരവും തന്നെ.


നേപ്പിയര്‍ മ്യൂസിയം    വേളികടപ്പുറത്ത് എത്തുമ്പോള്‍ വെയില്‍ മങ്ങിയിരുന്നില്ല. ശക്തമായ കാറ്റും ഉള്‍വലിക്കുന്ന തിരയും കണ്ടപ്പോള്‍ വെള്ളത്തിലേക്ക് ചെല്ലാന്‍ ഒരു മടി. കൂടെയുള്ള ഒരാളുടെ കീശയില്‍ കിടന്ന മൊബൈലും തട്ടിയെടുത്ത്‌ തിരമാലകള്‍ പോയപ്പോള്‍ അത് തിരയാന്‍ എല്ലാരും വെള്ളത്തില്‍ ഇറങ്ങി. അരയോളം വെള്ളത്തില്‍ ഒരാളെ വലിച്ചുകൊണ്ടുപോകുന്ന തരത്തിലുള്ള ശക്തമായ തിര. വേളി കടപ്പുറം


വേളിയിലെ കാനായി പ്രതിമ.


വേളിയിലെ ഒഴുകുന്ന ഭക്ഷണശാല
(ചിത്രത്തിന് കടപ്പാട്: റിനൂപ് വാടി)

   തിരിച്ച്പോകുന്നതിനു മുന്‍പ്‌ ശംഖുമുഖം കൂടി ദര്‍ശിച്ചു പോകാം എന്ന് വെള്ളത്തില്‍ ഇറങ്ങാത്ത ആരോ നേര്‍ച്ചയിട്ടിരുന്നോ എന്നറിയില്ല. നേരം ഇരുട്ടുന്നതിനു മുന്നേ അവിടേക്കും പുറപ്പെട്ടു. അത്യാവശ്യം ഇരുട്ടാവാന്‍ തുടങ്ങിയിരുന്നു ശംഖുമുഖത്ത്. കൂടാതെ വലിയ തിരക്കും മണല്‍ നിറഞ്ഞ തിരകളും വെള്ളത്തിലേക്ക് വീണ്ടും ഇറങ്ങാന്‍ എല്ലാവരെയും മടിപ്പിച്ചു. വേളിയിലെ അര്‍മ്മാദത്തിനു ഭംഗം വരുത്തിയത്തിന്റെ ദേഷ്യം വെള്ളത്തില്‍ ഇറങ്ങി മുഴുവനും നനഞ്ഞവരുടെ മുഖത്ത് കാണാമായിരുന്നു,

   രാത്രിയില്‍ ‘റണ്‍ ബേബി റണ്‍’ സിനിമ കാണാമെന്ന് കരുതി ചാടിയിറങ്ങിയിട്ട് അവസാനം ടിക്കറ്റും കിട്ടിയില്ല. പിന്നെ ഒന്നും നോക്കിയില്ല ശ്രീധര്‍ തിയെറ്ററില്‍ ചെന്ന് ‘തട്ടത്തിന്‍മറയത്ത്’ കണ്ടു.


(ചിത്രത്തിന് കടപ്പാട്: റിനൂപ് വാടി)

ഒരു പിടി നല്ല ഓര്‍മകളുമായി...
മടങ്ങുന്നു...
മറ്റൊന്നും കവര്‍ന്നെടുക്കാതെ...
 ചിലത് മാത്രം അവശേഷിപ്പിച്ച്...


Wednesday, 16 January 2013

തെക്കേയറ്റത്തേക്ക്.....!!!

ഗസ്റ്റ്‌ മാസത്തില്‍ യാത്രകള്‍ എന്തെങ്കിലും പ്ലാന്‍ ചെയ്യുന്നെങ്കില്‍ അറിയിക്കണം എന്ന അഭ്യര്‍ത്ഥന മാനിച്ചായിരിക്കണം സുഹൃത്ത്‌ നാട്ടില്‍ നിന്നും വിളിച്ചു പറഞ്ഞു,  ഓണത്തിന് ഒരു ടൂര്‍ പോകുന്നുണ്ട്. എവിടേക്കാണ് എന്ന്‍ പോലും ചോദിക്കാതെ തയ്യാറാണെന്ന് പറഞ്ഞു. 

  രണ്ടു വര്‍ഷത്തിനു ശേഷം, ഓണം നാട്ടില്‍ ആഘോഷിക്കാമല്ലോ എന്ന സന്തോഷം കൂടി ഉണ്ടായിരുന്നു. വര്‍ഷത്തില്‍   അഞ്ചോ ആറോ യാത്രകളും വനക്യാമ്പുകളും  സംഘടിപ്പിക്കുന്ന,  നാട്ടിലെ സഫ്ദര്‍ ഹാഷ്മി വായനശാലയുടെ അടുത്ത ഒരു യാത്രയില്‍ പങ്കെടുക്കണം എന്നതും ഒരു വലിയ ആഗ്രഹമായിരുന്നു. കാടും ട്രക്കിങ്ങും പ്രതീക്ഷിച്ചിരുന്നത്കൊണ്ട് ഇപ്രാവശ്യത്തെ യാത്ര തിരുവനന്തപുരം-കന്യാകുമാരി എന്ന് കേട്ടപ്പോള്‍ ആദ്യം ഒരു വിഷമം തോന്നിയിരുന്നു. പല ആവശ്യങ്ങള്‍ക്കുമായി കുറെയേറെ തവണ പോയിട്ടുള്ളതാണ് തലസ്ഥാനനഗരിയില്‍., അവിടെ എന്ത് കാണാനിരിക്കുന്നു. 

  ഓണത്തിന് മുന്നേ തന്നെ എത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടിവന്നതിനാല്‍ ഓണത്തിന് രാത്രി മാത്രമാണ് വീട്ടില്‍ എത്തിയത്. ഈ വര്‍ഷത്തെ ഓണം ആകാശത്തില്‍ ആഘോഷിക്കേണ്ട ഗതികേടിലായിരുന്നു. കാത്ത്കാത്തിരുന്ന ഓണം വെള്ളതിലായത്തിന്‍റെ നിരാശയുണ്ടായിരുന്നെങ്കിലും അടുത്ത ദിവസത്തിലെ യാത്രയില്‍ ആയിരുന്നു ഒരു പ്രതീക്ഷ.
30നു വൈകിട്ട് യാത്ര പുറപ്പെട്ടു. പുറപ്പെടുമ്പോള്‍ യാത്രക്കാരുടെ ബാഹുല്യം ശരിക്കും അമ്പരപ്പുളവാക്കിയിരുന്നു.. പലപ്പോഴും ആ ബാഹുല്യം യാത്രയെ ചെറിയ തോതിലെങ്കിലും ബാധിച്ചിരുന്നു എന്ന് തോന്നി. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ....ആ യാത്രയിലും ഏറെ വ്യത്യസ്തത ഉണ്ടായിരുന്നു. ദീര്‍ഘയാത്രയുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിക്കൊണ്ട് ട്രെയിനില്‍ ആയിരുന്നു യാത്ര. വൈകിട്ട് 8.20 നു കണ്ണൂരില്‍ നിന്നും മാവേലി എക്സ്പ്രസിനു കയറി. ഒരു ഉറക്കം കഴിഞ്ഞപ്പോഴേക്കും തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.

  യാത്രയുടെ യാതൊരു ക്ഷീണവും ഇല്ലാത്ത ഒരു പ്രഭാതം. തിരുവനന്തപുരത്തെ താമസം തയ്യാറാക്കിയിരുന്നത് പ്രസിദ്ധമായ ആറ്റുകാല്‍ ക്ഷേതത്തിനു മുന്‍വശത്ത് തന്നെയായിരുന്നു. എല്ലാവരും പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞു ക്ഷേത്രമൊക്കെ ചുറ്റിക്കണ്ട് വന്നപ്പോഴേക്കും അല്പം വൈകി. പ്രാദേശികമായി യാത്രയ്ക്ക്‌ തയ്യാറാക്കിയ വാഹനം എല്ലാവരെയും കാത്തുനില്‍പ്പുണ്ടായിരുന്നു. 
1.       

  ആറ്റുകാല്‍ ക്ഷേത്രം.


  ആറ്റുകാലില്‍ നിന്ന് നേരെ തിരിച്ചത് കന്യാകുമാരിയിലേക്കായിരുന്നു. കന്യാകുമാരിയിലേക്ക് പ്രവേശിക്കുന്നതിനു മുന്നേ തന്നെ തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലും ഒരു തമിഴ് ടച് അനുഭവപ്പെട്ടിരുന്നു. ബസ്സിന്റെ മുതല്‍ കടകളുടെ ബോര്‍ഡുകള്‍ വരെ തമിഴില്‍., ഒരു തരം ‘അധിനിവേശ’ പ്രദേശത്തുകൂടി കടന്നു പോകുന്നപോലെ.

2.        പദ്മനാഭപുരം കൊട്ടാരം , മാര്‍ത്താണ്ഡം(കന്യാകുമാരി)

  പദ്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം എന്ന സ്ഥലത്ത്‌ എത്തുമ്പോഴേക്ക് ഉച്ച കഴിഞ്ഞിരുന്നു. ഇടുങ്ങിയ റോഡുകളില്‍ നിറയെ ടൂറിസ്റ്റ് വാഹനങ്ങള്‍ നിറഞ്ഞിരിക്കുന്നു. അവിടുത്തെ സഞ്ചാരികളുടെ തിരക്ക്‌ ആ കൊട്ടാരത്തിന്‍റെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിച്ചു. ഇത്രയേറെ സഞ്ചാരികള്‍ വന്നുപോകുന്ന പ്രദേശമായിട്ടും ആകെ രണ്ടു ഹോട്ടലുകള്‍ മാത്രമാണ് അവിടെ കാണാന്‍ സാധിച്ചത്.  ഉച്ചയായത് കാരണം അവയിലൊന്നും കാലുകുത്താന്‍ ഇടമില്ല. അത്യാവശ്യം സാമര്‍ഥ്യമൊക്കെ കാണിച്ച് ഒരു ഹോട്ടലില്‍ ഇരിപ്പിടം നേടി. കഴിച്ചു തുടങ്ങിയപ്പോഴേ വേണ്ടായിരുന്നു എന്ന് തോന്നലുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോഴേക്കും കൂടെയുള്ളവരില്‍ ചിലര്‍ പഴവും മറ്റുമൊക്കെ വാങ്ങി കഴിക്കുന്നത് കണ്ടപ്പോള്‍ പറ്റിയ അബദ്ധം ആരെയും കാണിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അവരെക്കൂടി ആ അബദ്ധത്തിലേക്ക് ചാടിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും നടന്നില്ല.
സന്ദര്‍ശകര്‍ ഏറെയുണ്ടായിട്ടും മറ്റു പല സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ വളരെ പിന്നില്‍ തന്നെയായിരുന്നു അവിടം. തമിഴ്നാടിന്റെ പരിധിയില്‍ പെടുന്ന സ്ഥലത്ത്, കേരള പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിനു ആ ഒരു കാരണം കൊണ്ട് തന്നെ ആവശ്യത്തിലധികം അവഗണന നേരിടുന്നുണ്ട് എന്ന് തോന്നിപ്പിക്കുന്നു.

  കൊട്ടാരത്തിന്റെ മതില്‍കെട്ടിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ വന്‍ ജനക്കൂട്ടം കൊട്ടാരതിനുള്ളിലെക്ക് പ്രവേശിക്കാന്‍ കാത്തു നില്‍ക്കുന്നത്‌ കാണാമായിരുന്നു. ഉള്ളിലേക്ക് പ്രവേശിക്കുന്നതിനു ആള്‍ക്ക് കൂടാതെ കാമറയ്ക്കും ടിക്കറ്റ് നിര്‍ബന്ധമായിരുന്നു. അതും ഒരു ഗ്രൂപ്പിന് ഒരു കാമറ മാത്രം. നിര്‍ഭാഗ്യവശാല്‍ ഗ്രൂപ്പില്‍ പ്രൊഫഷണല്‍ കാമറമാന്‍ ഉള്ളത് കൊണ്ട് ആ സൌകര്യവും ലഭിച്ചില്ല. അത് കൊണ്ട് തല്‍കാലം എന്റെ ചെറിയ കാമറ ബാഗിനുള്ളില് തന്നെ വിശ്രമിക്കട്ടെ എന്ന് തീരുമാനിച്ചു.


പദ്മനാഭപുരം കൊട്ടാരത്തിന്റെ മുന്‍വശം


 
  കൊട്ടാരത്തിനകത്തേക്ക് പ്രവേശിക്കുന്നതിനു വലിയ സുരക്ഷാ പരിശോധന തന്നെ ഉണ്ടായിരുന്നു. പരിശോധനയൊക്കെ കഴിഞ്ഞു ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ശരിക്കും നിരാശനായിപ്പോയി. സാമാന്യം വലിയ ക്യൂ. രണ്ടും മൂന്നും വരിയിലും നിരയിലുമായി ആള്‍ക്കാര്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ വരി ഒരടി നീങ്ങണമെങ്കില്‍ സമയം കുറെ പിടിക്കും. പമ്പയില്‍ നിന്നും ശബരിമലയിലേക്ക്‌ പോകുമ്പോള്‍ ശരംകുത്തിയാല് മുതല്‍ സന്നിധാനം വരെയുള്ള ക്യൂ ആണ് മനസ്സില്‍ അപ്പോള്‍ ഓര്‍മ്മയില്‍ വന്നത്.  പുരാതനമായ ഒരു കൊട്ടാരം  ഇത്തരത്തില്‍ എങ്ങനെ കാണും. 

  ആശങ്കപ്പെട്ടതുപോലെയായിരുന്നില്ല കാര്യങ്ങള്‍. പ്രവേശന കവാടത്തിലുണ്ടായ തിരക്കിന് ഉള്ളിലേക്ക് കടക്കുംതോറും അയവു വന്നു. 

  കാമറ ഉപയോഗിക്കുന്നതിനുള്ള പാസ്‌ ലഭിച്ചില്ലെങ്കിലും പലരും മൊബൈലുകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ പതുക്കെ ബാഗില്‍ നിന്നും കാമറ പുറത്തെടുത്തു. വലിയ പ്രൊഫഷണല്‍ കാമറ അല്ലാതിരുന്നതിന്റെ സൗകര്യം അപ്പോഴാണ്‌ ബോധ്യമായത്‌.../, കൊട്ടാരത്തിന്റെ ഉള്‍ഭാഗത്തെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് പലപ്പോഴും ജീവനക്കാര്‍ നിരുത്സാഹപ്പെടുത്തുന്നുണ്ടായിരുന്നു. എങ്കിലും പുരാതനകാലത്തെ ആ ‘ആര്‍ക്കിടെക്ചറല്‍ മെജസ്ടി’യെ കാമറയില്‍ പകര്‍ത്താതിരിക്കാന്‍ പലപ്പോഴും മനസ്സ് വന്നില്ല.
 
  രാജാവിന്റെ സദസ്സ്


 കൊട്ടാരത്തിലെ ഇടനാഴി  ഇടനാഴിയില്‍നിന്നുള്ള നടുമുറ്റത്തിന്റെ ദൃശ്യം

  കൊട്ടാരത്തിന്റെ ഏറ്റവും മനോഹരങ്ങളായ ചില ഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ ജീവനക്കാരുടെ ഇടപെടലുകളും വെളിച്ചത്തിന്റെ കുറവുകളും മൂലം സാധിച്ചില്ല. ഏറെ നിരാശപ്പെടുത്തിയിരുന്നു അതൊക്കെ.
 കൊട്ടാരത്തിന്റെ ഉള്ളില്‍ നിന്നുള്ള ഒരു ദൃശ്യം. (നടുമുറ്റം)


 മറ്റൊരു ഇടുങ്ങിയ ഇടനാഴികൊട്ടാരത്തിലെ ഒരു ഗോപുരം


  കൊട്ടാരത്തിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം (തെക്കേ കൊട്ടാരത്തിലേക്കുള്ള വഴി) കൊട്ടാരത്തിന്‍റെ പുറം കാഴ്ച.


  കൊട്ടാരത്തിന്റെ വെളിയില്‍ വന്നപ്പോള്‍ അവിടെ അവസാനിച്ചു എന്ന് കരുതിയെങ്കിലും വേറെയും ചെറു കൊട്ടാരങ്ങള്‍ ഉണ്ടായിരുന്നു സന്ദര്‍ശകരെയും കാത്ത്‌.. .

  തെക്കേകൊട്ടാരം


 തെക്കേ കൊട്ടാരത്തിന്‍റെ കുളപ്പുര.


  കുളക്കടവിലെ പൂവാലന്മാരെപ്പോലെ തോന്നുമെങ്കിലും ഇവരും എന്‍റെ സഹയാത്രികര്‍ തന്നെ..
(കൂട്ടത്തില്‍ ഒരു വിദ്വാന്‍റെ സംശയം...രാജ്ഞിയുടെ കുളിക്കടവ് ഇങ്ങനെ പൊതുവഴിക്ക് അടുത്ത് തന്നെയാക്കിയ രാജാവ് എത്ര വിഡ്ഢിയായിരിക്കും.)


  പദ്മനാഭപുരം കൊട്ടാരം ഒരു ഓട്ടപ്രദിക്ഷിണത്തിലൂടെ പൂര്‍ത്തിയാക്കി യാത്ര തിരിക്കുമ്പോള്‍ വൈകുന്നേരമായിരുന്നു. അടുത്ത യാത്ര കന്യാകുമാരിയിലെ സൂര്യാസ്തമനം കാണാനായിരുന്നു. അതുകൊണ്ട് തന്നെ സമയം വൈകുന്നത് അല്പം ആശങ്കയുളവാക്കി. വിശദമായ ഒരു സന്ദര്‍ശനത്തിന് തീര്‍ച്ചയായും വീണ്ടും വരും എന്ന ആത്മഗതത്തോടെ തിരുവിതാംകൂര്‍ രാജാക്കന്മാരെ മനസ്സില്‍ നമിച്ച് മാര്‍ത്താണ്ഡത്ത്‌ നിന്ന് കന്യാകുമാരിയിലേക്ക്‌ യാത്രയായി.

  സമയം സന്ധ്യയോട് അടുക്കുംതോറും ആകാശം മേഘാവൃതമായി വന്നു. അപ്പോഴേക്കും കാര്യങ്ങളുടെ പോക്ക് ഏതാണ്ട് ബോധ്യമായി തുടങ്ങി, കന്യാകുമാരിയിലെ അസ്തമനം വെള്ളത്തിലായി എന്ന്. കന്യാകുമാരിയില്‍ എത്തുമ്പോഴേക്ക് സൂര്യനെ കാണാന്‍ പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു ആകാശം. ഏതായാലും ഇവിടെ വരെ വന്നതല്ലേ വിവേകാനന്ദപ്പാറ വരെയെങ്കിലും പോകാം എന്ന് കരുതി മുന്നോട്ടു പോയപ്പോള്‍ കൂനിന്മേല്‍ കുരു എന്ന പോലെയായി കാര്യങ്ങള്‍. വിവേകാനന്ദപ്പാറയിലേക്കുള്ള പ്രവേശനം വൈകുന്നേരം അഞ്ച് മണി വരെ മാത്രമേ ഉള്ളൂ. ഇതൊന്നും അറിയാതെ യാത്ര പ്ലാന്‍ ചെയ്തവന്മാരെ മനസ്സാല്‍ നാല് തെറി വിളിച്ചുപോയി. കടപ്പുറം കാണാനായിരുന്നെങ്കില്‍ ഇത്രയും ദൂരം താണ്ടി തെക്കേയറ്റം വരെ വരേണ്ടിയിരുന്നില്ലല്ലോ. ഇതിനെക്കാളും മനോഹരമായ കടപ്പുറം നമ്മുടെ സ്വന്തം കണ്ണൂരില്‍ ഇല്ലേ, പയ്യാമ്പലവും മുഴപ്പിലങ്ങാടും.

  നേരം വൈകിയതിനാല്‍ കന്യാകുമാരി ക്ഷേത്രവും കാണാനൊത്തില്ല. പണ്ട് ‘ദേവി കന്യാകുമാരി’ സിനിമ ടിവിയില്‍ കാണുമ്പോള്‍ മുതല്‍ തോന്നിയ ആഗ്രഹമായിരുന്നു അവിടെ ഒന്ന് പോകണമെന്നത്. അതും സാധിച്ചില്ല. ചുരുക്കി പറഞ്ഞാല്‍ കന്യാകുമാരി യാത്ര വെറുതെയായി. സമയം കളഞ്ഞത് മാത്രം മിച്ചം.

  രാത്രി തിരിച്ച് പോരുന്നതിനു മുന്‍പായി ഭക്ഷണം കഴിക്കാന്‍ കേരളഹൗസ് മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നുവെങ്കിലും സമയം ഇരുട്ടിയതോടെ കേരള ഹൗസ്‌ അന്വേഷിച്ച് അല്പം ബുദ്ധിമുട്ടി. അങ്ങോട്ട്‌ പോകുമ്പോള്‍ പ്രത്യേകം നോട്ടമിട്ടു വെച്ചിരുന്നെങ്കിലും രാത്രിയില്‍ പുറത്ത്‌ ഒരു ലൈറ്റ് പോലും ഇല്ലാതെ ഒരു പ്രേതഭവനം പോലെ തോന്നിപ്പിച്ച കേരളഹൗസ് കെട്ടിടം കണ്ടെത്താന്‍ ഇത്തിരി പാട്പെടേണ്ടിവന്നു. തൊട്ടടുത്ത തമിഴ്നാട് സര്‍ക്കാരിന്റെ അഥിതിമന്ദിരം വര്‍ണാഭമായ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നത്‌ കൂടി കണ്ടപ്പോള്‍ നേരത്തെ പദ്മനാഭപുരം കൊട്ടാരത്തിന്റെ കാര്യത്തില്‍ പറഞ്ഞ അതേ അവഗണന തന്നെയായിരിക്കുമോ ഇത് എന്നായിരുന്നു മനസ്സില്‍ സംശയം. ചിലപ്പോള്‍ അതൊരു സംശയം മാത്രമായിരിക്കാം. അല്ലെങ്കിലും മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശേഷം അങ്ങനെ ചിന്തിക്കാനല്ലേ നമ്മള്‍ മലയാളികള്‍ക്ക്‌ കഴിയൂ.

  പുറമേ വെളിച്ചമോ ഒന്നും ഇല്ലായിരുന്നെങ്കിലും കേരള ഹൗസിലെ ഭക്ഷണം കൊള്ളാമായിരുന്നു. നാട്ടില്‍ നിന്ന് പുറപ്പെട്ടതിനു ശേഷം ഒരിടത്തും അത്രയെങ്കിലും കൊള്ളാവുന്ന ഭക്ഷണം വേറെയെങ്ങും കിട്ടിയിരുന്നില്ല എന്നതാണ് സത്യം. 

  ആദ്യ ദിവസത്തെ യാത്ര അവസാനിപ്പിച്ച് ആറ്റുകാലിലേക്ക് മടങ്ങുമ്പോള്‍ നേരം വളരെയധികം വൈകിയിരുന്നു. അടുത്ത ദിവസത്തെ യാത്ര അടുത്ത ബ്ലോഗില്‍ തുടരും..

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.