Friday, 28 June 2013

മ്യൂറല്‍ മാതൃകയില്‍ ഒരു ജലച്ചായ പരീക്ഷണം

പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ബ്രഷ് കയ്യിലെടുത്ത് നടത്തിയ പരീക്ഷണമായിരുന്നു 'ദ മാസ്ക്' എന്ന അബ്സ്ട്രാക്റ്റ് മാതൃകയിലുള്ള ചിത്രം. അതിനു ലഭിച്ച പ്രോത്സാഹനത്തിന്റെ പ്രചോദനത്തില്‍  മറ്റൊരു പരീക്ഷണത്തിന്‌ മുതിരുന്നു.

ഇത്തവണത്തെ പരീക്ഷണം മ്യൂറല്‍ സ്റ്റൈലില്‍ ആണ് നടത്തിനോക്കിയത്. പൂര്‍ണ്ണമായും മ്യൂറലിനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള സാങ്കേതികജ്ഞാനം ഇല്ല എന്നത് കൊണ്ട് തന്നെ. മ്യൂറലിനു ഉപയോഗിക്കുന്ന പ്രകൃതിദത്ത നിറങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാല്‍ വാട്ടര്‍കളര്‍ ആണ് ഇവിടെ ഉപയോഗിച്ചത്‌,.


മുന്നോട്ടുള്ള വീഥിയില്‍ പ്രചോദനമായെക്കാവുന്ന നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇവിടെ കുറിക്കാന്‍ മറക്കരുത്.

Sunday, 2 June 2013

ചുവന്ന കുപ്പിവള

വശേഷിച്ച ഊര്‍ജ്ജവും ഊറ്റിയെടുത്ത് അവസാന കസ്റ്റമറും പോയതോടെ മാറാലകള്‍ കൊണ്ട് ചിത്രപ്പണികള്‍ തീര്‍ത്ത മച്ചിലേക്ക് കണ്ണുകളയച്ച് തലയൊന്നു ഉയര്‍ത്താന്‍ പോലും ശേഷിയില്ലാതെ അവള്‍ കിടന്നു. വിയര്‍പ്പിന്റെയും മദ്യത്തിന്റെയും പാന്‍പരാഗിന്റെയും അറപ്പുളവാക്കുന്ന നാറ്റം തളംകെട്ടിക്കിടക്കുന്ന ആ മുറിയിലേക്ക്‌ കടന്നു ചെല്ലാന്‍ ഭയന്ന് കാറ്റും വെളിച്ചവും പോലും മാറി നിന്നു. പുതിയൊരു ഇരയെ കിട്ടിയ വിവരമറിഞ്ഞെത്തിയ ആര്‍ത്തിപൂണ്ട കഴുകന്‍കൂട്ടങ്ങള്‍ കുറച്ചു ദിവസങ്ങളായി ആ അഴുക്ക് ചാലില്‍നിന്നും അവളെ  കൊത്തിവലിക്കാന്‍ മത്സരിക്കുകയായിരുന്നു.

ഒരു തുള്ളി വെള്ളത്തിനു കൊതിച്ച, വറ്റിവരണ്ട അവളുടെ നാവിലേക്ക് കഴുകന്‍കൂട്ടങ്ങള്‍ കൊത്തിവലിച്ച ചുണ്ടില്‍ നിന്നും ചോര ഒഴുകിയിറങ്ങി. വലിയൊരു ദീര്‍ഘനിശ്വാസത്തിനു ശേഷം കൈകുത്തിയെഴുന്നേറ്റിരുന്ന്‍ കിടക്കയില്‍ ഒരു മൂലയില്‍ കെട്ടുപിണഞ്ഞുകിടന്നിരുന്ന വസ്ത്രം കയ്യെത്തിച്ചു എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വാതില്‍ തള്ളി തുറന്ന് അയാള്‍ കടന്നു വന്നു. രാകിമിനുക്കിയ കൊക്കുകളും നഖങ്ങളുമായി തനിക്ക്‌ നേരെ ചിറകുകള്‍ വിരിച്ച് പറന്നടുക്കാന്‍ ശ്രമിക്കുന്ന ആ കഴുകന്‍റെ രൂപം കണ്ടതോടെ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ ശ്രമങ്ങളുമുപേക്ഷിച്ച് അവള്‍ മൂട്ടക്കറ നിറഞ്ഞ കിടക്കയിലേക്ക് തളര്‍ന്നു വീണു. ക്രൂരമായ ആക്രമണം പ്രതീക്ഷിച്ച് കണ്ണടച്ചുകിടന്ന അവളുടെ ദേഹത്തേക്ക് രണ്ടു തുള്ളി കണ്ണുനീരായിരുന്നു വന്നു വീണത്‌. ഞെട്ടിത്തരിച്ച് കണ്ണു തുറന്ന അവള്‍ക്കുമുന്നില്‍ അവളെത്തന്നെ വളരെ ദയനീയതോടെ  നോക്കുന്ന അയാള്‍ക്ക്‌ അന്നേരം കഴുകന്‍റെ രൂപം നഷ്ടപ്പെട്ടിരുന്നു. തെല്ല് നേരം അതുപോലെ നോക്കി നിന്ന് കയ്യിലിരുന്ന റോസാപ്പൂവും ഒരു ഡസന്‍ കുപ്പിവളകളും അവളുടെ കാല്‍ക്കീഴില്‍ വെച്ച് ഒന്നും പറയാതെ അയാള്‍ തിരിഞ്ഞു നടന്നു. വാതിലും കടന്നു നിഴലുകള്‍ ഒളിച്ചുകളി നടത്തുന്ന ഇടനാഴികളിലൂടെ നടന്നു നീങ്ങുന്ന അയാളെത്തന്നെ നോക്കി കിടന്ന അവളുടെ കണ്ണുകളില്‍നിന്നും തൊണ്ടയില്‍വച്ചെവിടെയോ കുടുങ്ങിക്കിടന്ന ഒരു നന്ദിവാക്ക് കണ്ണീരായി ഒഴുകിയിറങ്ങി.


കുറിപ്പ്‌ : ജയസൂര്യ ഓണ്‍ലൈന്‍ , നീലക്കുയില്‍ മീഡിയ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ഒരുക്കുന്ന ബ്ലോഗിംഗ് മത്സരത്തിനു വേണ്ടി എഴുതിയത്.
മലയാളം ബ്ലോഗേഴ്‌സ്                                                             The Movie THANK YOU 

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.