Saturday 31 December 2011

മുല്ലപ്പെരിയാറിന്റെ രാഷ്ട്രീയം

കേരള ജനതയുടെ ജീവന്‍വെച്ച് രാഷ്ട്രിയം കളിക്കുന്ന ജനപ്രതിനിധികള്‍ക്ക്‌ അഭിവാദ്യങ്ങള്‍
കേരളത്തിന്റെ ഭൂപടത്തില്‍നിന്നും മൂന്നു ജില്ലകള്‍ അപ്രത്യക്ഷമാകും എന്ന അവസ്ഥ വന്നപ്പോള്‍ ബാക്കി ജില്ലകളില്‍ വോട്ടര്‍മാരുണ്ടല്ലോ എന്ന്‍ സമാധാനിക്കുന്ന ഒരു ഭരണകൂടത്തെയും രാഷ്ട്രിയക്കാരെയും കിട്ടിയതില്‍ മലയാളികള്‍ക്ക്‌ തീര്ച്ചയായും അഭിമാനിക്കാം. ഏത്‌ അണക്കെട്ട് പൊട്ടിയാലും സുനാമി വന്നാലും തിരുവനന്തപുരത്തെ നിയമസഭയും ദല്‍ഹിയിലെ പാര്‍ലമെന്‍റ്ഉം ഒലിച്ച് പോകില്ല എന്ന് ആരെക്കാളും ഇവര്‍ക്ക്‌ നന്നായി അറിയമാല്ലോ.ജനങ്ങളുടെ പ്രതിഷേധസമരങ്ങള്‍ കണ്ട്‌ ആവേശം കേറി പ്രതികരിച്ചതിന് തമിഴ്‌നാട്ടില്നിന്ന്‍ അമ്മ വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ പേടിച്ച് പനി പിടിച്ചു മന്ത്രിമാര്‍ വരെ നമുക്ക്‌ ഉണ്ട്‌. അതിനുശേഷം ഇവരൊക്കെ ഏത്‌ മാളത്തില്‍ പോയി ഒളിച്ചുവെന്ന്‍ അറിയില്ല.പയസ്ഗാര്‍ഡനില്‍ അന്വേഷിക്കേണ്ടിവരും.ഓരോ പൌരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കും എന്ന് പ്രതിജ്ഞ ചെയ്ത് ഭരണത്തില്‍ വന്നവര്‍ക്ക് തമിഴ്നാട്ടിലെ വന്‍കിട കര്‍ഷകരെയും വൈദ്യുതി ഉത്‌പാദകരെയും സംരക്ഷിക്ഷിക്കാന്‍ മാത്രമാണല്ലോ താല്പര്യം. അണക്കെട്ടിനെപറ്റി പഠനം നടത്തിയ വിദഗ്ദര്‍ 45 ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ആണെന്ന് പറയുമ്പോഴും വെറും 450 പേരുടെ ജീവന്‍ മാത്രമാണെന്ന് അപകടത്തില്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ 450 പേരുടെ വോട്ട് കൂടുതല്‍ ഉള്ളതുകൊണ്ടാണ് ഭരണത്തില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്നതെങ്കിലും ചെയ്‌തുപോയ വോട്ട് ആരും തിരിച്ചെടുക്കാന്‍ പോകുന്നില്ലല്ലോ. മുല്ലപെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഇടുക്കി ജില്ലയോടൊപ്പം അപ്രക്ത്യക്ഷമാകുന്ന ഒന്നുകൂടി ഉണ്ട്. മാണി സാറിന്‍റെ കേരള കോണ്ഗ്രസ്സ്. വംശനാശം പേടിച് വലത് വിട്ട്‌ ഇടതിലേക്ക് പോകുമോ എന്ന് കാത്തിരുന്ന് കാണാം. പട പേടിച് പന്തളത്ത്‌ ചെന്നപ്പോ പന്തംകൊളുത്തി പട എന്ന് പറഞ്ഞപോലെ ആയി ജോസഫിന്‍റെ കാര്യങ്ങള്‍. മുല്ലപ്പെരിയാറിന്റെ സംരക്ഷണത്തിന്റെ പേരില്‍ വര്‍ഷാവര്‍ഷം 120 കോടി തമിഴ്നാടിന്‍റെ ബജറ്റില്‍ വകയിരുത്തുന്നുണ്ടത്രേ. ഈ തുക മുല്ലപെരിയാറിലെ ചോര്‍ച്ച അടക്കാനല്ല കേരളത്തിലെ മന്ത്രിമാരുടെയും രാഷ്ട്രിയക്കാരുടെയും വായടക്കനാനുപയോഗിക്കുന്നത് എന്ന വാര്‍ത്ത‍ നേരത്തെ പുറത്ത്‌ വന്നപ്പോള്‍ ആരും ശ്രദ്ധിച്ചില്ല. അല്ലെങ്കിലും ഏതെന്കിലും മന്ത്രിമാര്‍ക്കെതിരെയോ പാര്ട്ടിക്കെതിരെയോ ആരോപണമുയരുമ്പോള്‍ മാധ്യമ സിണ്ടിക്കേറ്റ്, മഞ്ഞപത്രസംസ്കാരം, കൂലിയെഴുത്ത് എന്നിങ്ങനെ ഉള്ള വാക്കുകള്‍ അല്ലെ നമുക്ക് ഓര്‍മ വരൂ. ഇപ്പൊ ഈ പണത്തിന്റെ കണക്ക്‌ തമിഴ്നാട് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്താന്‍ പോകുകയാണത്രേ. കേരള നേതാക്കളുടെ തമിഴ്നാട്ടിലെ സ്വത്ത്‌ വിവരങ്ങളുടെ കണക്കെടുപ്പ്‌ നടക്കുകയാണിപ്പോള്‍. വാര്‍ത്ത വെളിയില്‍ വന്നതോടെ അതുവരെ അണക്കെട്ട്, വെള്ളം, ഇടുക്കി എന്നൊക്കെ വാതോരാതെ സംസാരിച്ചവര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നാ ഭാവത്തില്‍ ഇപോ വീട്ടില്‍ തന്നെ ഇരിപ്പാണ്. അഡ്വ.ജനറല്‍ കോടതിയില്‍ പറഞ്ഞത് ഞങ്ങളുടെ അഭിപ്രായമല്ല എന്ന് പറഞ്ഞവര്‍ അതൊക്കെ മാറ്റി പറഞ്ഞു.ഇപ്പൊ വാര്‍ത്ത‍ വന്നിരിക്കുന്നു, റവന്യു വകുപ്പില്‍ നിന്ന് എഴുതിനല്കിയ റിപ്പോര്‍ട്ട് ആണ് എ.ജി.കോടതിയില്‍ സമര്‍പ്പിച്ചത്‌ എന്ന്. ഇവിടുത്തെ സര്‍ക്കാര്‍ കോടതിയില്‍ എന്ത് റിപ്പോര്‍ട്ട് നല്‍കണം എന്ന് പോലും ഇപ്പോള്‍ തീരുമാനിക്കുന്നത് പുരട്ചി തലൈവി അല്ലെ. കേരളം ഭരിക്കുന്നത് ആരെന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഇനി അവരെ കുറ്റം പറയാന്‍ പറ്റില്ല. മുല്ലപെരിയാര്‍ വിഷയവും എ.ജി വിവാദവും അടഞ്ഞ അധ്യായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അടഞ്ഞത് ജനങ്ങളുടെ ജീവിക്കാനുള്ള പ്രതീക്ഷ കൂടിയാണ്. ആ പേരില്‍ ഇനി ഒരുത്തനും വെയില് കൊള്ളണ്ട എന്നായിരിക്കും മുഖ്യന്‍ ഉദേശിച്ചത്‌..,.

ദാ...ഇപ്പൊ ശെരിയാക്കിത്തരാം എന്ന്‍ പറഞ്ഞ ചിലര്‍ ഡല്‍ഹിയില്‍പോയി. എന്താണ് ശരിയായത് എന്നറിയില്ല.പ്രധാനമന്ത്രിയില്‍ പൂര്‍ണ്ണ വിശ്വാസം ഉള്ളതുകൊണ്ടാണ് ഡല്‍ഹിയില്‍ പോകാതിരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ എന്തായിരുന്നു എന്ന്‍ മനസ്സിലാക്കാന്‍ അധികം കാത്തിരിക്കേണ്ടിവന്നില്ല. ഡല്‍ഹില്‍ പോയി വന്നവരാന്നെങ്കില്‍ പറഞ്ഞത്‌ വിഷയം ദേശിയ ശ്രദ്ധ നേടി, എല്ലാം ശരിയാക്കിത്തരാം എന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്‌ ലഭിച്ചു എന്നൊക്കെയാണ്. ഭക്ഷണം കഴിക്കാന്‍ മാത്രം വായ തുറക്കുന്ന പ്രധാനമന്ത്രി എന്ത് ഉറപ്പാണ്‌ ഇവര്‍ക്കൊക്കെ നല്‍കിയത്‌. നമ്മുടെ റവന്യു മന്ത്രി ആണെങ്കില്‍ നമ്മള്‍ പുതിയ ഭൂപടം ഉണ്ടാക്കിയിട്ടുണ്ട്, അതുകൊണ്ട് ഇനി അണക്കെട്ട് പൊട്ടില്ല എന്നൊക്കെയാ. അങ്ങേരു പണ്ട് മൂന്നാര്‍ കയ്യേറ്റം തടയാന്‍ പോയിട്ട് ഇതാ ഇനി നമ്മള്‍ എങ്ങനെ കയ്യേറ്റക്കാരെ ഒഴിപ്പിക്കും എന്ന് കണ്ടോളു എന്ന് പറഞ്ഞിട്ട് അവിടെ നാട്ടിയ ബോര്‍ഡിന്‍റെ തൂണ്‌പോലും പിന്നെ ആരും കണ്ടില്ല. ചോദിക്കുന്നതെന്തോ പറയുന്നതെന്തോ എന്നല്ലേ അങ്ങരുടെ ഒരു ലൈന്‍. .,.


അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു എന്നിട്ടഉം പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞപോലെ ആയി തമിഴന്മാരുറെ കാര്യം. 35 ലക്ഷം ജീവന്‍ വെച്ച ജയലളിത വില പേശുമ്പോഴും കേരളം തമിഴ്നാടിനോട് നീതി കാണിക്കണം എന്നാണ് തമിഴന്മാരുടെ വാദം. ഇപ്പൊ ഇടുക്കി ജില്ലകൂടി വേണമത്രേ. ഇടുക്കിയിലെ വീടുകളില്‍ ആക്രമിക്കുകയും തമിഴ്നാട്ടിലെ മലയാളികളുടെ കടകള്‍ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുംബോഴും മലയാളികള്‍ സംയമനം പാലിക്കണം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. തമിഴ്നാട്ടില്‍ ജോസ്കോ, ആലുക്കാസ് എന്നി കടകള്‍ ആക്രമിക്കപ്പെട്ടു. കൊച്ചിയില്‍ ചെന്നൈ സില്‍ക്ക്സം ശരവണഭവനും പത്മനാഭന്റെ മണ്ണില്‍ പുതിയതായി വന്ന പോത്തീസും ഒരു മലയാളിപോലും ആക്രമിച്ചിട്ടില്ല. ഇതൊക്കെ മനസ്സിലാക്കാന്‍ കഴുതപ്പാല്‍ കുടിച്ചു വളര്‍ന്നവര്‍ക്ക്‌ എവിടെയാ ബുദ്ധി. നാളെ മുതല്‍ ബ്രാണ്ടി തണ്ണി ഒഴിക്കാതെ അടിക്കേണ്ടിവരും എന്ന് പറഞ്ഞാല്‍ അതുമതി തമിഴര്‍ക്ക്‌ കേരളം ആക്രമിക്കാന്‍.,.


എന്തിനു ഇനി മറ്റുള്ളവരെ കുറ്റം പറയണം. ബ്രിട്ടീഷ്കാര്‍ ഉണ്ടാക്കിയ കരാര്‍ പുതുക്കിനല്‍കിയതും നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തന്നെ അല്ലെ. കുടിവെളളത്തോടൊപ്പം വൈദ്യുതി ഉത്പാദിപ്പിക്കാനും അനുമതി നല്‍കി. അതുവഴി കോടികള്‍ ഉണ്ടാക്കുന്നു അവര്‍. പഴയ കരാര്‍ റദ്ദ്‌ ചെയ്യാനും അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യാനും തമിഴ്നാടിന്റെ അനുമതി വേണ്ട എന്ന് നിയമോപദേശം ലഭിച്ചിട്ടും അതിനൊന്നും നമ്മുടെ സര്‍ക്കാര്‍ തയ്യാറല്ല. നമ്മളെ അവസാനം ആഗ്രഹിക്കുന്നവര്‍ക്ക് വെള്ളം കൊടുത്തെ അവരടങ്ങു. പുതിയ അണക്കെട്ട് നിര്‍മിച്ചാലും പ്രശ്നങ്ങള്‍ തീരില്ലല്ലോ.പുതിയതിന്റെ പണി പൂര്‍ത്തിയാകുംവരെ പഴയത് നില്കില്ല. നിലവില്‍ 130 അടിയില്‍നിന്ന്‍ വെള്ളം താഴ്ത്താന്‍ സംവിധാനം ഇല്ലാത്ത അണക്കെട്ടില്‍ 120 അടി ആക്കാന്‍ തീരുമാനം എടുത്തവരല്ലേ നമ്മളെ ജനപ്രതിനിധികള്‍. തീരുമാനം എടുത്തിട്ട് എന്തായി. ഒന്നും നടപ്പിലായില്ല.


വരാനുള്ളത് വഴിയില്‍ തടയാന്‍ ഒരു അണക്കെട്ടിനും പറ്റില്ലല്ലോ. ഒരു കാര്യത്തില്‍ മാത്രം സമാധാനിക്കാം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ രാഷ്ട്രിയക്കാരനെന്നോ വേര്‍തിരിവില്ലല്ലോ, വരാന്‍പോകുന്ന പ്രളയത്തിനു.ഇതൊരു വിജയത്തിനും പിന്നില്‍ ഒരു സ്ത്രീയുടെ കരങ്ങള്‍ ഉണ്ടാകും എന്ന് പറയുന്നത് ഇവിടെ തിരുതിയെഴുതാം. ഒരു സ്ത്രീ വിചാരിച്ചാല്‍ ഇതൊരു ദേശത്തെയും ഇല്ലാതാക്കാം.
അമ്മക്ക് വാഴ്ത്തുക്കള്‍...

അണ്ണാ ഹസാരെ വിഡ്ഢികളാക്കുന്നത് ആരെ?


മാസങ്ങള്‍ക്ക് മുന്‍പ്‌ ദല്‍ഹിയില്‍ തുടങ്ങിയ ഒരു ഒറ്റയാള്‍ സമരം ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് വന്‍ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ഭരണത്തിലെ അഴിമതി തുടച്ചുനീക്കുന്നതിന് ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായി 'അണ്ണാ ഹസാരെ' നടത്തിയ ഗാന്ധിയന്‍ സമരമായിരുന്നു അത്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ തീര്‍ത്തും പ്രതിസന്ധിയിലക്കുവാന്‍ ആ സമരത്തിന്‌ കഴിഞ്ഞു. മന്ത്രിമാര്‍ക്ക്‌ കോടികളുടെ അഴിമതി നടത്താനും പെട്രോള്‍ വില ഇടക്കിടക്ക്‌ വര്‍ദ്ധിപ്പിക്കുവാനും മാത്രമാണോ ഇവിടെ ഒരു ഭരണകൂടം എന്ന് ജനങ്ങള്‍ ചിന്തിച്ചുതുടങ്ങിയ ഒരു കാലത്തായിരുന്നു അണ്ണാ ഹസാരെയുടെ സമരം ആരംഭിച്ചത്‌ എന്നത് കൊണ്ട് തന്നെ നല്ലൊരു ജനപിന്തുണ നേടിയെടുക്കാന്‍ ആ സമരത്തിനു കഴിഞ്ഞിരുന്നു.


  
അണ്ണാ ഹസാരെക്കൊപ്പം കിരണ്‍ബേദി, അരവിന്ദ്‌ ഗെജ്രിവാള്‍ , പ്രശാന്ത്‌ ഭൂഷണ്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സമരം ആദ്യകാലത്ത്‌ വന്‍ ജനാവലിയെ ആകര്‍ഷിച്ചിരുന്നെങ്കില്‍, ഇപ്പോഴത്തെ സമരത്തിനു പഴയപോലെ ജനക്കൂട്ടത്തെ സൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാം തീര്‍ച്ചയായും അതിന്റെ പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതാണ്. അണ്ണാ ഹസാരെ നേതൃത്വം നല്‍കുന്ന സമരം നേര്‍വഴിക്ക് തന്നെയാണോ പോകുന്നത്? മറ്റെന്തോ ലക്‌ഷ്യം മുന്നില്‍ കണ്ട് നടത്തുന്ന വെറും നാടകം മാത്രമായിരുന്നോ ഈ സമരം.?സമരം ജനശ്രദ്ധ നേടിയതോടെ അണ്ണാ ഹസാരെ സംഘത്തില്‍ ഉടലെടുത്ത പ്രശ്നങ്ങളും ആരോപണങ്ങളും രാജഗോപാലിന്റെയും ഏകതാ പരിഷത്തിന്‍റെയും പുറത്താക്കലും ആരിലും സംശയമുളവാക്കുന്നതായിരുന്നു.

ആദ്യഘട്ടങ്ങളില്‍ അന്നാഹസാരെയുടെ സമരത്തെയും ജനപിന്തുണയെയും ഭയന്ന കോണ്ഗ്രസ് നേതൃത്വം വളരെ ശക്തമായിതന്നെ എതിര്‍ത്തിരുന്നു. ഇത്തരം സമരം അനുവദിക്കാന്‍ പാടില്ല എന്നും ചില ഗൂഡലക്ഷ്യങ്ങളുമായി മറ്റ് ചിലര്‍ക്ക്‌ വേണ്ടിയാണു അണ്ണാ ഹസാരെ പ്രവര്‍ത്തിക്കുന്നത് എന്നുമായിരുന്നു അവരുടെ വാദം. ഹസാരെക്ക് പിന്നാലെ യോഗാചാര്യന്‍ രാംദേവ്‌ നടത്തിയ നിരാഹാരവും, തുടര്‍ന്നുണ്ടായ സംഘര്‍ഷവും പോലീസ് ഇടപെടലുമെല്ലാം ഇത്തരം സമരങ്ങള്‍ക്ക്‌ ലഭിച്ച ജനപിന്തുണയ്ക്ക്‌ മങ്ങലേല്‍പ്പിച്ചു. ലോക്പാല്‍ ബില്ല് സംബന്ധിച്ച വോട്ടെടുപ്പും ചര്‍ച്ചയും പാര്‍ലമെന്റില്‍ നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ സമരം പ്രഖ്യാപിച്ചതും പകുതിക്ക് വെച്ചുള്ള പിന്മാറ്റവും തീര്‍ച്ചയായും സംശയദൃഷ്ടിയോടെ നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്നാതാണ്. ലോക്പാല്‍ നടപ്പിലാക്കുന്നതിന് വേണ്ടിയായിരുന്നു അണ്ണാ ഹസാരെ സമരം നടത്തുന്നതെങ്കില്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിക്കുന്ന അവസരത്തില്‍ അനാവശ്യമായി ഒരു സമരം വേണമായിരുന്നോ. സമരത്തിന്‌ പഴയ ജനപിന്തുണ ലഭിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ കാരണങ്ങള്‍ ഒന്നും വിശദീകരിക്കാതെ പകുതിയില്‍ വെച്ച് പിന്‍വാങ്ങിയതും അണ്ണാ ഹസാരെയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നതാണ്. അണ്ണാ ഹസാരെക്ക് തുടക്കം മുതല്‍ പിന്തുണ നല്‍കിയ ബി.ജെ.പി.ലോക്പാല്‍ ബില്ലിനെതിരെ ലോകസഭയില്‍ വോട്ട് ചെയ്തതിനെ പറ്റിയുള്ള ചോദ്യത്തിന് പോലും വിശദീകരണം നല്കാന്‍ ഹസാരെ സംഘത്തിന് കഴിഞ്ഞിട്ടില്ല.


വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രിയ പ്രചാരണത്തിനിറങ്ങുമെന്നു അണ്ണാ ഹസാരെ പ്രഖ്യാപിച്ചു  കഴിഞ്ഞു. എന്താണ് നമ്മള്‍ സംശയിച്ചത് ആ സംശയം സാധൂകരിക്കുന്നതായിരുന്നു ആ പ്രഖ്യാപനം. രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരു സ്റ്റാര്‍ട്ടിംഗ് മാത്രമായിരുന്നോ അണ്ണാ ഹസാരെ ലക്ഷ്യമിട്ടത്‌ എന്ന് ന്യായമായും സംശയിക്കാം. വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ മാറിമാറിയുള്ള ഭരണവും അഴിമതിയും അനുഭവിച്ച് മടുത്ത പൊതുജനങ്ങള്‍ക്ക്‌ മറ്റൊരു ബദല്‍ മാര്‍ഗം ആഗ്രഹിക്കുന്നുണ്ടെങ്കിലും അങ്ങനെ ഒരു ബദല്‍ സംവിധാനം എത്രത്തോളം പ്രായോഗികമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിനു ഇനിയും ഒരു മഹാത്മാഗാന്ധി ഉണ്ടാവണം. അണ്ണാ ഹസാരെയേ രണ്ടാം ഗാന്ധി എന്ന് കരുതുന്നത് വിഡിത്തമായിരിക്കും. 

ഒരു വിധത്തിലും ലോക്പാല്‍ ബില്‍ നടപ്പിലാക്കില്ല എന്ന് പറഞ്ഞ ഭരണാധികാരികള്‍ക്ക് അവസാനം അണ്ണാ ഹസാരെയുടെ ജനപിന്തുനക്ക്‌ മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ജനാധിപത്യസംവിധാനത്തില്‍ ഭരണാധികാരികളെക്കൊണ്ട് തീരുമാനങ്ങളെടുപ്പിക്കാന്‍ ജനങ്ങള്‍ക്ക്‌ നേരിട്ട് സാധിക്കുന്നത് നല്ല കാര്യമാണെങ്കിലും ഇങ്ങനെ ഒരു സമരമാര്‍ഗം വേറൊരു വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ട് എന്ന കാര്യം നമ്മള്‍ വിസ്മരിക്കരുത്. 


അണ്ണാ ഹസാരേയുടെ ലക്ഷ്യവും മാര്‍ഗ്ഗവും നല്ലതായിരുന്നെങ്കില്‍ തന്നെയും അദ്ദേഹത്തെ നയിക്കുന്നവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊരു ജനപിന്തുണയുള്ള പ്രസ്ഥാനത്തിലും നുഴഞ്ഞുകയറുവാനും ഗതി തിരിച്ച് വിടാനും ചിദ്രശക്തികള്‍ക്ക് പെട്ടന്ന്‍ സാധിക്കും. അത്തരം ശക്തികളെ കണ്ടെത്തുവാനും ഒറ്റപെടുത്താനും കഴിഞ്ഞാല്‍ രാഷ്ട്രിയ ക്കാരെ നേര്‍വഴിക്ക് നടത്തിക്കാനുള്ള ഒരു ചട്ടുകമായി പ്രവര്‍ത്തിക്കാന്‍ അണ്ണാ ഹസാരെക്ക് ഇനിയും കഴിയും. അങ്ങനെ ഒരു പോരാട്ടത്തിന് ജനപിന്തുണ ലഭിക്കും. മറിച്ച് ഭരണവും ജനസേവനവും ലാഭകരമായ ബിസിനസാണെന്ന് തിരിച്ചറിഞ്ഞു അതിലേക്കുള്ള എളുപ്പവഴിയായി പൊതുജനങ്ങളെ ഉപയോഗിക്കുകയാണെങ്കില്‍ അണ്ണാ ഹസാരെ അതിനു വലിയ വില കൊടുക്കേണ്ടി വരും.

ആമുഖം


സാഹിത്യത്തിന്‍റെ വഴി എനിക്ക് പരിചിതമല്ല. സര്‍ഗ്ഗസൃഷ്ടിയുള്ള ഒരുപാട് പ്രതിഭകളെ ക്കൊണ്ട് അനുഗ്രഹീതമായൊരു നാടാണ് നമ്മുടെ സ്വന്തം കേരളം. ആ വഴിയിലേക്ക്‌ എത്തി നോക്കാന്‍ പോലും ഞാന്‍ അര്‍ഹനല്ല. അങ്ങനെ ഒരു സാഹസത്തിനു ഇവിടെ ഞാന്‍ മുതിരുന്നുമില്ല.

ഇത് എന്റെ ചെറിയ ചെറിയ കുറിപ്പുകള്‍ മാത്രമാണ്. അത് ചിലപ്പോ സാമൂഹ്യ വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാകാം, അഭിനന്ദനങ്ങളാകാം, നിരീക്ഷണങ്ങളാകാം. 
ഒന്നും ആരോടുമുള്ള വിദ്വേഷമല്ല, മനസ്സിലുള്ളത് തുറന്ന് പറയാനുള്ള ഒരു മാര്‍ഗം മാത്രം. പലര്‍ക്കും അപ്രിയമായത്‌ തുറന്ന് പറയുമ്പോള്‍ ഞാന്‍ ഒരു തലതിരിഞ്ഞവനാണെന്ന് തോന്നിയേക്കാം. ദയവായി ക്ഷമിക്കുക.കുറിപ്പുകളോട് നിങ്ങള്‍ക്ക്‌ യോജിക്കാം, വിയോജിക്കാം. നിര്‍ദ്ദേശങ്ങളും എതിര്‍പ്പുകളും ഉന്നയിക്കാം.

ഇങ്ങനെ ഒരു ബ്ലോഗിന് പ്രചോദനമായത് ബ്ലോഗുകളില്‍ പ്രശസ്തനായ മനോജ്‌ രവിന്ദ്രന്‍ നിരക്ഷരന്റെ ബ്ലോഗുകളാണ്. ബ്ലോഗുകള്‍ വായിക്കാന്‍ ആരംഭിച്ചത് പോലും അദ്ദേഹത്തിന്റെ രചനകളിലൂടെയാണ്. 
പ്രേരണയായത് ജീവിതത്തിന്റെ വീഥിയില്‍ വെച്ച് എപ്പോഴോ സ്വന്തമായ കൂട്ടുകാരിയുടെ വാക്കുകള്‍ . 

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.