Friday, 24 May 2013

എന്‍റെ മഴ..!!!ടതടവില്ലാതെ മഴ പെയ്തുകൊണ്ടിരിക്കുന്ന കര്‍ക്കിടക്കത്തില്‍ “ഓ...നശിച്ച ഈ മഴ..” എന്ന് മൂടിക്കെട്ടിയ ആകാശം നോക്കി പ്രാകുമ്പോഴും അതില്‍ എവിടെയൊക്കെയോ ഒളിപ്പിച്ചുവെച്ച  സ്നേഹവും വാത്സല്യവും പ്രകടമാണ്. മഴയുടെ വശ്യമായ സൗന്ദര്യത്തില്‍ എല്ലാം മറന്ന് പുളകിതനാകുമ്പോഴും  തന്നിലേക്ക് ചൊരിയുന്ന സ്നേഹവര്‍ഷത്തെ നെഞ്ചോട് ചേര്‍ത്ത്‌ വെച്ച് താലോലിക്കുന്നതുകൊണ്ടാവാം ലോകത്തിന്‍റെ ഏതു കോണില്‍ ജീവിക്കുമ്പോഴും മഴ ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളായി  മാറുന്നത്.


ജീവിതത്തിന്‍റെ മേച്ചില്‍പ്പുറങ്ങള്‍തേടി സ്വന്തം നാടിനെ വിട്ട് പലവഴിക്ക്‌ യാത്രയാകുമ്പോഴും തന്നെ പിന്തുടരുന്ന കടിഞ്ഞാണില്ലാത്ത ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടില്‍ വേര്‍പ്പിരിയാനാവാത്ത ഒരു പ്രണയമായി മഴ എന്നും കൂടെയുണ്ടാകും. ശീതീകരിച്ച ഓഫീസ്‌ മുറിയിലായിരുന്നാലും തിമിര്‍ത്തു പെയ്യുന്ന മഴയുള്ള വീടിന്‍റെ ഉമ്മറക്കോലായിലേക്ക് മനസ്സ് ഓടിയെത്തുന്നത് ഈയൊരു ഹൃദയബന്ധം കൊണ്ടാണ്. മറ്റേതൊരു നാട്ടിലായാലും മഴയ്ക്ക് നമ്മുടെ നാട്ടിന്‍പുറങ്ങളിലെ മഴയുടെ മാദകസൗന്ദര്യം കാണാന്‍ കഴിയില്ല.
ഇട്ടിരിക്കുന്ന കുപ്പായമൂരിയെറിഞ്ഞ് പെരുമഴയിലേക്ക് ചാടിയിറങ്ങി തിമിര്‍ക്കാനും ഇറവെള്ളം വീണു ചാല് കീറിയ മുറ്റത്തെ വെള്ളത്തില്‍ കടലാസുതോണിയിറക്കാനും  വെള്ളം കയറിയ തോട്ടില്‍ കുട്ടിക്കരണം മറിയാനും വയല്‍ വരമ്പില്‍ ചെന്ന് ഈര്‍ക്കിലിന്റെ തുമ്പത്തെ കുടുക്കില്‍ തവളയെ പിടിക്കാനും കഴിഞ്ഞില്ലെങ്കില്‍ ഒരു കുട്ടിക്കാലം പൂര്‍ത്തിയാകുമോ ഒരു മലയാളിക്ക്.

സ്കൂള്‍വിട്ട് വരുന്നവഴി കുടയുണ്ടെങ്കിലും നനയാതെ ബാഗിനകത്ത് വെച്ച് മഴയില്‍ കുതിര്‍ന്ന്‍ വഴിയരുകിലെ ചെളിവെള്ളം കൂട്ടുകാരന്‍റെ ദേഹത്തേക്ക് ചവിട്ടിത്തെറിപ്പിച്ച് ഒടുവില്‍ യൂണിഫോമില്‍ നിറയെ ചുവന്ന പുള്ളിക്കുത്തുകളുമായി  വീട്ടിലെത്തുമ്പോഴും കൊതിപ്പിച്ചുകൊണ്ട് മഴ അങ്ങനെ പെയ്യുന്നുണ്ടാകും. മഴച്ചാറ്റലില്‍ ഈര്‍പ്പം തീര്‍ത്ത വീടിന്റെ ഉമ്മറത്തെ സിമന്‍റ് തറയില്‍ കൊച്ചുവിരല്‍ കൊണ്ട് മൈക്കല്‍ ആഞ്ജലോയുടെയും പിക്കാസോയുടെയുമൊക്കെ ശിഷ്യരായി അക്ഷരങ്ങളും ചിത്രങ്ങളും കോറിയിടുന്നതിനിടയില്‍ വാശിയോടെ ആഞ്ഞടിക്കുന്ന മഴച്ചാറ്റല്‍ എല്ലാം മായ്ച്ചുകളയുന്നു.

പഴയ തറവാട്ടുവീടിന്‍റെ മുന്നിലെ കൊച്ചു തോടും കവിഞ്ഞു ഇരുകരകളിലെയും വയലുകളെ തമ്മില്‍ യോജിപ്പിച്ച് വലിയൊരു പുഴയായി ചുവന്ന നിറത്തില്‍ മഴവെള്ളം കുത്തിയൊഴുകുമ്പോള്‍ ചെറിയൊരു വടിയില്‍ കല്ല്‌ കെട്ടിയ ചരടുമായി ചൂണ്ടയിടുന്ന ഭാവത്തില്‍ പടിക്കെട്ടില്‍ ഇരുന്ന് നേരമെത്ര കളഞ്ഞിട്ടുണ്ട്. ഒഴുക്കിനല്‍പ്പം ശക്തി കുറയുമ്പോള്‍ വാഴത്തടകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ചങ്ങാടത്തില്‍ കയറി തുഴയുകയും പലവട്ടം ചളിയിലേക്ക് തലകുത്തി മറിഞ്ഞു വീഴുകയും ചെയ്തിരിക്കുന്നു. ആ തോടും വയലുകളും ഇപ്പോഴും അവിടെയുണ്ടെങ്കിലും അന്നത്തെ ആ രൗദ്രഭാവത്തില്‍ മഴവെള്ളം ഒഴുകിയെത്തുണ്ടാവുമോ? ആരെങ്കിലും അതിനെ ആസ്വദിക്കുന്നുണ്ടാകുമോ?

രാത്രിയില്‍ മേല്‍ക്കൂരയില്‍ ആര്‍ത്തലച്ചു വീഴുന്ന മഴത്തുള്ളികള്‍ തീര്‍ക്കുന്ന മേളപ്പെരുക്കം ഒരു താരാട്ടുപാട്ടിന്‍റെ മാധുര്യത്തോടെ തഴുകിയുറക്കുന്നു. പുലരുമ്പോഴും നിലയ്ക്കാത്ത മഴയുടെ താരാട്ടില്‍ കുറച്ചു കൂടി കിടക്കാന്‍ കൊതിക്കുമ്പോള്‍ നിമിഷങ്ങള്‍ക്കെങ്കിലും ദൈര്‍ഘ്യം ഒരല്‍പനേരം കൂട്ടിക്കിട്ടിയെങ്കില്‍.,.

മണ്ണിനോടും മരങ്ങളോടും ചെടികളോടും അവയുടെ ഇലകളോടും കൊഞ്ചിക്കുണുങ്ങി പെയ്തിറങ്ങുന്ന മഴ പൊടുന്നനെ പെയ്തോഴിഞ്ഞ് മാറി നില്‍ക്കുമ്പോള്‍  നിഗൂഡമായ നിശബ്ദതയ്ക്കൊപ്പം മനസ്സിലെവിടെയോ കുത്തിനോവിക്കുന്ന ശൂന്യതയും സൃഷ്ടിക്കുന്നു.
വരുണ്ടുണങ്ങിയ മണ്ണിലേക്ക്‌ അനുഗ്രഹവര്‍ഷമായി പെയ്തിറങ്ങുന്ന സ്നേഹജലം പുതുതായി ജന്മമെടുക്കുന്ന പ്രകൃതിയുടെ ഓരോ ഇളംതളിരുകള്‍ക്കും മാതൃസ്നേഹമേകുന്നു. ആര്‍ദ്രമായ മനസ്സുകളില്‍ പ്രണയതരളിതമായി പെയ്തൊഴിയുന്ന മഴ എന്നും ഒരു പൂര്‍ത്തീകരിക്കാത്ത പ്രണയസാഫല്യമാണ്.

നമ്മളെ ഏറെ കൊതിപ്പിച്ചും സ്വാന്ത്വനിപ്പിച്ചും താലോലിച്ചും പ്രണയിച്ചും നമ്മുടെ മാത്രമായിരുന്ന മഴയുടെ ആ സൗന്ദര്യത്തിനു ഒരു ഭംഗവും വരുത്താതെ എന്നും നമ്മുടെ മലയാളക്കരയുടെ സ്വന്തമായി നിലനിന്നിരുന്നെങ്കില്‍ ...


സിങ്കപ്പൂര്‍ മലയാളികളുടെ കൂട്ടായ്മയായ MIS-Singapore Malayalees പുറത്തിറക്കിയ 
അഞ്ചാം എഡിഷന്‍  ഇതളുകള്‍ ഇ-മാഗസിനില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ 
Monday, 6 May 2013

ദ മാസ്ക്..


   ഒരു വ്യാഴവട്ടത്തിനുശേഷം ബ്രഷും ചായങ്ങളും കയ്യിലെടുത്തപ്പോള്‍ പിറവിയെടുത്ത ചിത്രം. പേരറിയാത്ത ഏതോ ഒരു കലാകാരന്‍റെ ആശയം കടമെടുത്ത്‌ ആദ്യ സൃഷ്ടി. കഴിഞ്ഞ കുറച്ചു കാലമായുള്ള കാരണമില്ലാത്ത ഊര് ചുറ്റലില്‍ കയറിയിറങ്ങിയ കുറെയേറെ ആര്‍ട്ട്ഗ്യാലറികള്‍,. തിരുവനന്തപുരത്തെ ശ്രീ ചിത്ര ആര്‍ട്ട് ഗ്യാലറി, മുംബൈയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗ്യാലറി, ബാംഗ്ലൂരിലെ കര്‍ണാടക ചിത്രകലാ പരിഷത്ത്, വെങ്കിടപ്പ ആര്‍ട്ട് ഗ്യാലറി എന്നിവയിലെ സന്ദര്‍ശനങ്ങള്‍ സ്കൂള്‍ വിദ്യാഭ്യാസത്തോടുകൂടി കെട്ടിപ്പൂട്ടി മൂലയ്ക്ക് വെച്ച താല്പര്യം പൊടിതട്ടിയെടുക്കാന്‍ പ്രചോദനമായി.


   ചിത്രം വരയുടെ പ്രാഥമിക പരിശീലനം പോലും ലഭിക്കാത്തതിന്റെ കുറവ് ആവശ്യത്തിലധികമുണ്ട്. ഫൈന്‍ ആര്‍ട്സ്‌ കോളേജുകളെപ്പറ്റിയോ അവിടുത്തെ കോഴ്സുകളെപ്പറ്റിയോ ഗ്രാഫിക്സ് ആനിമേഷന്‍ കോഴ്സ്‌  എന്നിവയെപ്പറ്റിയോ അറിവില്ലാതിരുന്നതുകൊണ്ട് അന്ന് ആ വഴിക്കും പോകാന്‍ കഴിഞ്ഞില്ല.

   ഏതായാലും കന്നിപരീക്ഷണം നടത്തിയിരിക്കുന്നത് വാട്ടര്‍ കളറിലാണ്. ഓയില്‍ പെയിന്റില്‍ ഒരു പരീക്ഷണം നടത്തണം എന്ന ആശ എന്നെങ്കിലും നിറവേറുമോ എന്നറിയില്ല.

Friday, 3 May 2013

പ്രിയപ്പെട്ട ദാമു.


   “എന്തൊരു നാറ്റാ ഈന്...ദാമൂ എണീറ്റ് പോടാ ഈട്ന്ന്‍”

   തിരിഞ്ഞൊന്നു കിടന്നു, പറഞ്ഞതൊന്നും തന്നോടെയല്ല എന്ന മട്ടില്‍.

   നീയൊക്കെ കുളിച്ചിട്ട് എത്ര ദിവസായി എന്ന് എനിക്കറിയാം. എന്നിട്ട് വന്നിരിക്കുന്നു മറ്റുള്ളവരെ നാറ്റം പിടിക്കാന്‍.
ഇവന്‍റെ ഒസ്യത്ത് സ്ഥലമൊന്നുമല്ലല്ലോ ഇത്, എണീറ്റ് പോവാന്‍ പറയാന്‍. ദാമുന്റെട്ത്ത് വേണ്ട നിന്റെയൊന്നും കളി.

   അല്ലെങ്കിലും ഇപ്പൊ എല്ലാ അവന്മാര്‍ക്കുമുണ്ട് ഈ സൂക്കേട്. കാണുമ്പോ ഒരു മുഖം ചുളിച്ചല്.

   ചിലോന്മാര്‍ ആട്ടിയോടിക്കാന്‍ നോക്കും. ചില പിള്ളേരാണെങ്കില്‍ കല്ലെടുത്തെറിയും. പോട്ടെ പിള്ളേരല്ലേ എന്ന് വിചാരിച്ചാലും വിടില്ല ശല്യങ്ങള്‍. മറിച്ചൊന്നും ചെയ്യാന്‍ കഴിയില്ല എന്നവര്‍ക്കും നന്നായറിയാം.

  കുറച്ചുകാലം മുന്‍പായിരുന്നെങ്കില്‍ കുട്ടികള്‍   മാത്രമല്ല മുതിര്‍ന്നോര്‍ പോലും പേടിച്ചു വഴി മാറിപ്പോകുമായിരുന്നു. അറിയാതെ മുന്നില്‍പ്പെട്ടവരുടെ കാലുകളിലുണ്ടായ വിറയല്‍ ഇന്നും മനസ്സിലുണ്ട്.

  നാട്ടിലെ പ്രശസ്തമായ തറവാട്ടിലെ അംഗം, നാട് വിറപ്പിച്ച വീരശൂരപരാക്രമി. ഇതൊക്കെയായിരുന്ന തന്‍റെ ഇപ്പോഴത്തെ അവസ്ഥ. തലവിധി എന്നല്ലാതെ എന്ത് പറയാന്‍.

 എന്തിനും എവിടെയും ദാമുവിന്റെ കണ്ണെത്തണം എന്നതായിരുന്നു അന്നത്തെ അവസ്ഥ. എല്ലാവരുടെയും കണ്ണിലുണ്ണി. സ്നേഹത്തോടെയല്ലാതെ ആരും ഒരു വാക്ക്പോലും പറയാറില്ല. പ്രായത്തിന്റെ തളര്‍ച്ച ശരീരത്തെ ബാധിച്ചു തുടങ്ങിയപ്പോള്‍ സ്നേഹത്തോടെ ഊട്ടിയ അതെ കൈകള്‍ തന്നെ തറവാട്ടില്‍നിന്നും ഇറക്കിവിട്ടു. 


   അലഞ്ഞുതിരിഞ്ഞ് അവസാനം ഇവിടെയെത്തി. പഴയ തറവാടിന്റെ അടുത്തേക്ക്‌ പോകാതിരിക്കാന്‍ മനപ്പൂര്‍വ്വം ശ്രദ്ധിക്കും. ആരോടുമുള്ള പരിഭവമല്ല. മരിക്കുമ്പോള്‍ അത് ആ തറവാട്ടുമുറ്റത്തായിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അവിടെയെത്തുമ്പോള്‍ അതൊക്കെ ഓര്‍മ്മയില്‍ വരും. വീട്ടുകാരെ വഴിയില്‍ വെച്ച് കണ്ടാല്‍ അവര്‍ തന്നെ കാണാതിരിക്കാന്‍ എവിടെയെങ്കിലും മറഞ്ഞിരിക്കും. ഇല്ല ആരോടും ദേഷ്യമില്ല. എല്ലാവരും നല്ലതായിരിക്കട്ടെ.

  വൈകുന്നേരം സ്കൂള്‍ വിട്ട് കുട്ടികളൊക്കെ പോയിക്കഴിഞ്ഞാല്‍ മാത്രമേ സാധാരണയായി റോഡിലേക്ക്‌ ഇറങ്ങാറുള്ളൂ. ആ കണക്കുകൂട്ടലില്‍ പതുക്കെ കടകളുടെ പിറകില്‍ നിന്നും റോഡിലേക്ക്‌ ഇറങ്ങിയെങ്കിലും ഇപ്പോഴും കുട്ടികളുടെ ബഹളം തന്നെ. റോഡിനു നടുവിലായി കൂട്ടം കൂടി ആര്‍ത്തുവിളിക്കുന്നു. വല്ല പൂച്ചയോ പട്ടിയോ വണ്ടിക്കടിയില്‍ പെട്ടുകാണും. എന്താണ് എന്നറിയാന്‍ അടുത്ത് ചെന്നപ്പോള്‍ ഊഹം തെറ്റിയില്ല. നല്ലൊരു ഉക്കന്‍ ഒരു നായ തന്നെ. റോഡില്‍ ഏതോ വാഹനം കയറി പാതി ചതഞ്ഞരഞ്ഞ നിലയില്‍ കിടക്കുന്ന ആ നായയുടെ  രൂപം ശരിക്കും കണ്ടതും ആകെ മരവിച്ചപോലെയായി. ശരീരം തളരാന്‍ തുടങ്ങി.കൈകാലുകള്‍ക്കൊക്കെ വിറയല്‍ പോലെ.

   എങ്ങോട്ടെന്നറിയാതെ തിരിഞ്ഞോടുമ്പോഴും തനിക്ക്‌ ഇരുവശങ്ങളിലുമായി ചിറകുകള്‍ മുളച്ച് വരുന്നതും കാലുകള്‍ തറയില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്നതും ദാമു കൃത്യമായി അറിയുന്നുണ്ടായിരുന്നു

  “എല്ലാവന്മാരും ഉള്ള കാലത്ത്‌ നല്ലോണം തീറ്റിപ്പോറ്റും. എന്നിട്ട് വയ്യാണ്ടാകുമ്പോ ചവിട്ടി പൊറത്താക്കും. അവസാനം ഇതൊക്കെ കാണണ്ടത് നമ്മളും. ന്നാലും നമ്മളെ ദാമൂനും ഇതെന്ന്യായല്ലോ...”

   ചിറകുകള്‍ വിരിച്ച് ഇരുളിലേക്ക് പറന്നുപോകുമ്പോഴും പിറകില്‍ നിന്ന് കടക്കാരന്‍ അബൂക്ക ആരോടെന്നില്ലാതെ പറയുന്നത് വ്യക്തമായി അവന് കേള്‍ക്കാമായിരുന്നു.
മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.