Saturday, 31 December 2011

അണ്ണാ ഹസാരെ വിഡ്ഢികളാക്കുന്നത് ആരെ?


മാസങ്ങള്‍ക്ക് മുന്‍പ്‌ ദല്‍ഹിയില്‍ തുടങ്ങിയ ഒരു ഒറ്റയാള്‍ സമരം ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് വന്‍ജനശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ഭരണത്തിലെ അഴിമതി തുടച്ചുനീക്കുന്നതിന് ലോക്പാല്‍ ബില്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായി 'അണ്ണാ ഹസാരെ' നടത്തിയ ഗാന്ധിയന്‍ സമരമായിരുന്നു അത്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ തീര്‍ത്തും പ്രതിസന്ധിയിലക്കുവാന്‍ ആ സമരത്തിന്‌ കഴിഞ്ഞു. മന്ത്രിമാര്‍ക്ക്‌ കോടികളുടെ അഴിമതി നടത്താനും പെട്രോള്‍ വില ഇടക്കിടക്ക്‌ വര്‍ദ്ധിപ്പിക്കുവാനും മാത്രമാണോ ഇവിടെ ഒരു ഭരണകൂടം എന്ന് ജനങ്ങള്‍ ചിന്തിച്ചുതുടങ്ങിയ ഒരു കാലത്തായിരുന്നു അണ്ണാ ഹസാരെയുടെ സമരം ആരംഭിച്ചത്‌ എന്നത് കൊണ്ട് തന്നെ നല്ലൊരു ജനപിന്തുണ നേടിയെടുക്കാന്‍ ആ സമരത്തിനു കഴിഞ്ഞിരുന്നു.


  
അണ്ണാ ഹസാരെക്കൊപ്പം കിരണ്‍ബേദി, അരവിന്ദ്‌ ഗെജ്രിവാള്‍ , പ്രശാന്ത്‌ ഭൂഷണ്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ സമരം ആദ്യകാലത്ത്‌ വന്‍ ജനാവലിയെ ആകര്‍ഷിച്ചിരുന്നെങ്കില്‍, ഇപ്പോഴത്തെ സമരത്തിനു പഴയപോലെ ജനക്കൂട്ടത്തെ സൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാം തീര്‍ച്ചയായും അതിന്റെ പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതാണ്. അണ്ണാ ഹസാരെ നേതൃത്വം നല്‍കുന്ന സമരം നേര്‍വഴിക്ക് തന്നെയാണോ പോകുന്നത്? മറ്റെന്തോ ലക്‌ഷ്യം മുന്നില്‍ കണ്ട് നടത്തുന്ന വെറും നാടകം മാത്രമായിരുന്നോ ഈ സമരം.?സമരം ജനശ്രദ്ധ നേടിയതോടെ അണ്ണാ ഹസാരെ സംഘത്തില്‍ ഉടലെടുത്ത പ്രശ്നങ്ങളും ആരോപണങ്ങളും രാജഗോപാലിന്റെയും ഏകതാ പരിഷത്തിന്‍റെയും പുറത്താക്കലും ആരിലും സംശയമുളവാക്കുന്നതായിരുന്നു.

ആദ്യഘട്ടങ്ങളില്‍ അന്നാഹസാരെയുടെ സമരത്തെയും ജനപിന്തുണയെയും ഭയന്ന കോണ്ഗ്രസ് നേതൃത്വം വളരെ ശക്തമായിതന്നെ എതിര്‍ത്തിരുന്നു. ഇത്തരം സമരം അനുവദിക്കാന്‍ പാടില്ല എന്നും ചില ഗൂഡലക്ഷ്യങ്ങളുമായി മറ്റ് ചിലര്‍ക്ക്‌ വേണ്ടിയാണു അണ്ണാ ഹസാരെ പ്രവര്‍ത്തിക്കുന്നത് എന്നുമായിരുന്നു അവരുടെ വാദം. ഹസാരെക്ക് പിന്നാലെ യോഗാചാര്യന്‍ രാംദേവ്‌ നടത്തിയ നിരാഹാരവും, തുടര്‍ന്നുണ്ടായ സംഘര്‍ഷവും പോലീസ് ഇടപെടലുമെല്ലാം ഇത്തരം സമരങ്ങള്‍ക്ക്‌ ലഭിച്ച ജനപിന്തുണയ്ക്ക്‌ മങ്ങലേല്‍പ്പിച്ചു. ലോക്പാല്‍ ബില്ല് സംബന്ധിച്ച വോട്ടെടുപ്പും ചര്‍ച്ചയും പാര്‍ലമെന്റില്‍ നടന്നുകൊണ്ടിരിക്കുന്ന വേളയില്‍ സമരം പ്രഖ്യാപിച്ചതും പകുതിക്ക് വെച്ചുള്ള പിന്മാറ്റവും തീര്‍ച്ചയായും സംശയദൃഷ്ടിയോടെ നോക്കിക്കാണുവാന്‍ പ്രേരിപ്പിക്കുന്നാതാണ്. ലോക്പാല്‍ നടപ്പിലാക്കുന്നതിന് വേണ്ടിയായിരുന്നു അണ്ണാ ഹസാരെ സമരം നടത്തുന്നതെങ്കില്‍ ബില്‍ ലോകസഭയില്‍ അവതരിപ്പിക്കുന്ന അവസരത്തില്‍ അനാവശ്യമായി ഒരു സമരം വേണമായിരുന്നോ. സമരത്തിന്‌ പഴയ ജനപിന്തുണ ലഭിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ കാരണങ്ങള്‍ ഒന്നും വിശദീകരിക്കാതെ പകുതിയില്‍ വെച്ച് പിന്‍വാങ്ങിയതും അണ്ണാ ഹസാരെയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടുന്നതാണ്. അണ്ണാ ഹസാരെക്ക് തുടക്കം മുതല്‍ പിന്തുണ നല്‍കിയ ബി.ജെ.പി.ലോക്പാല്‍ ബില്ലിനെതിരെ ലോകസഭയില്‍ വോട്ട് ചെയ്തതിനെ പറ്റിയുള്ള ചോദ്യത്തിന് പോലും വിശദീകരണം നല്കാന്‍ ഹസാരെ സംഘത്തിന് കഴിഞ്ഞിട്ടില്ല.


വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രിയ പ്രചാരണത്തിനിറങ്ങുമെന്നു അണ്ണാ ഹസാരെ പ്രഖ്യാപിച്ചു  കഴിഞ്ഞു. എന്താണ് നമ്മള്‍ സംശയിച്ചത് ആ സംശയം സാധൂകരിക്കുന്നതായിരുന്നു ആ പ്രഖ്യാപനം. രാഷ്ട്രീയ പ്രവേശനത്തിനുള്ള ഒരു സ്റ്റാര്‍ട്ടിംഗ് മാത്രമായിരുന്നോ അണ്ണാ ഹസാരെ ലക്ഷ്യമിട്ടത്‌ എന്ന് ന്യായമായും സംശയിക്കാം. വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ മാറിമാറിയുള്ള ഭരണവും അഴിമതിയും അനുഭവിച്ച് മടുത്ത പൊതുജനങ്ങള്‍ക്ക്‌ മറ്റൊരു ബദല്‍ മാര്‍ഗം ആഗ്രഹിക്കുന്നുണ്ടെങ്കിലും അങ്ങനെ ഒരു ബദല്‍ സംവിധാനം എത്രത്തോളം പ്രായോഗികമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതിനു ഇനിയും ഒരു മഹാത്മാഗാന്ധി ഉണ്ടാവണം. അണ്ണാ ഹസാരെയേ രണ്ടാം ഗാന്ധി എന്ന് കരുതുന്നത് വിഡിത്തമായിരിക്കും. 

ഒരു വിധത്തിലും ലോക്പാല്‍ ബില്‍ നടപ്പിലാക്കില്ല എന്ന് പറഞ്ഞ ഭരണാധികാരികള്‍ക്ക് അവസാനം അണ്ണാ ഹസാരെയുടെ ജനപിന്തുനക്ക്‌ മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ജനാധിപത്യസംവിധാനത്തില്‍ ഭരണാധികാരികളെക്കൊണ്ട് തീരുമാനങ്ങളെടുപ്പിക്കാന്‍ ജനങ്ങള്‍ക്ക്‌ നേരിട്ട് സാധിക്കുന്നത് നല്ല കാര്യമാണെങ്കിലും ഇങ്ങനെ ഒരു സമരമാര്‍ഗം വേറൊരു വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ട് എന്ന കാര്യം നമ്മള്‍ വിസ്മരിക്കരുത്. 


അണ്ണാ ഹസാരേയുടെ ലക്ഷ്യവും മാര്‍ഗ്ഗവും നല്ലതായിരുന്നെങ്കില്‍ തന്നെയും അദ്ദേഹത്തെ നയിക്കുന്നവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊരു ജനപിന്തുണയുള്ള പ്രസ്ഥാനത്തിലും നുഴഞ്ഞുകയറുവാനും ഗതി തിരിച്ച് വിടാനും ചിദ്രശക്തികള്‍ക്ക് പെട്ടന്ന്‍ സാധിക്കും. അത്തരം ശക്തികളെ കണ്ടെത്തുവാനും ഒറ്റപെടുത്താനും കഴിഞ്ഞാല്‍ രാഷ്ട്രിയ ക്കാരെ നേര്‍വഴിക്ക് നടത്തിക്കാനുള്ള ഒരു ചട്ടുകമായി പ്രവര്‍ത്തിക്കാന്‍ അണ്ണാ ഹസാരെക്ക് ഇനിയും കഴിയും. അങ്ങനെ ഒരു പോരാട്ടത്തിന് ജനപിന്തുണ ലഭിക്കും. മറിച്ച് ഭരണവും ജനസേവനവും ലാഭകരമായ ബിസിനസാണെന്ന് തിരിച്ചറിഞ്ഞു അതിലേക്കുള്ള എളുപ്പവഴിയായി പൊതുജനങ്ങളെ ഉപയോഗിക്കുകയാണെങ്കില്‍ അണ്ണാ ഹസാരെ അതിനു വലിയ വില കൊടുക്കേണ്ടി വരും.

1 comment:

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.