Friday 3 May 2013

പ്രിയപ്പെട്ട ദാമു.


   “എന്തൊരു നാറ്റാ ഈന്...ദാമൂ എണീറ്റ് പോടാ ഈട്ന്ന്‍”

   തിരിഞ്ഞൊന്നു കിടന്നു, പറഞ്ഞതൊന്നും തന്നോടെയല്ല എന്ന മട്ടില്‍.

   നീയൊക്കെ കുളിച്ചിട്ട് എത്ര ദിവസായി എന്ന് എനിക്കറിയാം. എന്നിട്ട് വന്നിരിക്കുന്നു മറ്റുള്ളവരെ നാറ്റം പിടിക്കാന്‍.
ഇവന്‍റെ ഒസ്യത്ത് സ്ഥലമൊന്നുമല്ലല്ലോ ഇത്, എണീറ്റ് പോവാന്‍ പറയാന്‍. ദാമുന്റെട്ത്ത് വേണ്ട നിന്റെയൊന്നും കളി.

   അല്ലെങ്കിലും ഇപ്പൊ എല്ലാ അവന്മാര്‍ക്കുമുണ്ട് ഈ സൂക്കേട്. കാണുമ്പോ ഒരു മുഖം ചുളിച്ചല്.

   ചിലോന്മാര്‍ ആട്ടിയോടിക്കാന്‍ നോക്കും. ചില പിള്ളേരാണെങ്കില്‍ കല്ലെടുത്തെറിയും. പോട്ടെ പിള്ളേരല്ലേ എന്ന് വിചാരിച്ചാലും വിടില്ല ശല്യങ്ങള്‍. മറിച്ചൊന്നും ചെയ്യാന്‍ കഴിയില്ല എന്നവര്‍ക്കും നന്നായറിയാം.

  കുറച്ചുകാലം മുന്‍പായിരുന്നെങ്കില്‍ കുട്ടികള്‍   മാത്രമല്ല മുതിര്‍ന്നോര്‍ പോലും പേടിച്ചു വഴി മാറിപ്പോകുമായിരുന്നു. അറിയാതെ മുന്നില്‍പ്പെട്ടവരുടെ കാലുകളിലുണ്ടായ വിറയല്‍ ഇന്നും മനസ്സിലുണ്ട്.

  നാട്ടിലെ പ്രശസ്തമായ തറവാട്ടിലെ അംഗം, നാട് വിറപ്പിച്ച വീരശൂരപരാക്രമി. ഇതൊക്കെയായിരുന്ന തന്‍റെ ഇപ്പോഴത്തെ അവസ്ഥ. തലവിധി എന്നല്ലാതെ എന്ത് പറയാന്‍.

 എന്തിനും എവിടെയും ദാമുവിന്റെ കണ്ണെത്തണം എന്നതായിരുന്നു അന്നത്തെ അവസ്ഥ. എല്ലാവരുടെയും കണ്ണിലുണ്ണി. സ്നേഹത്തോടെയല്ലാതെ ആരും ഒരു വാക്ക്പോലും പറയാറില്ല. പ്രായത്തിന്റെ തളര്‍ച്ച ശരീരത്തെ ബാധിച്ചു തുടങ്ങിയപ്പോള്‍ സ്നേഹത്തോടെ ഊട്ടിയ അതെ കൈകള്‍ തന്നെ തറവാട്ടില്‍നിന്നും ഇറക്കിവിട്ടു. 


   അലഞ്ഞുതിരിഞ്ഞ് അവസാനം ഇവിടെയെത്തി. പഴയ തറവാടിന്റെ അടുത്തേക്ക്‌ പോകാതിരിക്കാന്‍ മനപ്പൂര്‍വ്വം ശ്രദ്ധിക്കും. ആരോടുമുള്ള പരിഭവമല്ല. മരിക്കുമ്പോള്‍ അത് ആ തറവാട്ടുമുറ്റത്തായിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അവിടെയെത്തുമ്പോള്‍ അതൊക്കെ ഓര്‍മ്മയില്‍ വരും. വീട്ടുകാരെ വഴിയില്‍ വെച്ച് കണ്ടാല്‍ അവര്‍ തന്നെ കാണാതിരിക്കാന്‍ എവിടെയെങ്കിലും മറഞ്ഞിരിക്കും. ഇല്ല ആരോടും ദേഷ്യമില്ല. എല്ലാവരും നല്ലതായിരിക്കട്ടെ.

  വൈകുന്നേരം സ്കൂള്‍ വിട്ട് കുട്ടികളൊക്കെ പോയിക്കഴിഞ്ഞാല്‍ മാത്രമേ സാധാരണയായി റോഡിലേക്ക്‌ ഇറങ്ങാറുള്ളൂ. ആ കണക്കുകൂട്ടലില്‍ പതുക്കെ കടകളുടെ പിറകില്‍ നിന്നും റോഡിലേക്ക്‌ ഇറങ്ങിയെങ്കിലും ഇപ്പോഴും കുട്ടികളുടെ ബഹളം തന്നെ. റോഡിനു നടുവിലായി കൂട്ടം കൂടി ആര്‍ത്തുവിളിക്കുന്നു. വല്ല പൂച്ചയോ പട്ടിയോ വണ്ടിക്കടിയില്‍ പെട്ടുകാണും. എന്താണ് എന്നറിയാന്‍ അടുത്ത് ചെന്നപ്പോള്‍ ഊഹം തെറ്റിയില്ല. നല്ലൊരു ഉക്കന്‍ ഒരു നായ തന്നെ. റോഡില്‍ ഏതോ വാഹനം കയറി പാതി ചതഞ്ഞരഞ്ഞ നിലയില്‍ കിടക്കുന്ന ആ നായയുടെ  രൂപം ശരിക്കും കണ്ടതും ആകെ മരവിച്ചപോലെയായി. ശരീരം തളരാന്‍ തുടങ്ങി.കൈകാലുകള്‍ക്കൊക്കെ വിറയല്‍ പോലെ.

   എങ്ങോട്ടെന്നറിയാതെ തിരിഞ്ഞോടുമ്പോഴും തനിക്ക്‌ ഇരുവശങ്ങളിലുമായി ചിറകുകള്‍ മുളച്ച് വരുന്നതും കാലുകള്‍ തറയില്‍ നിന്നും ഉയര്‍ന്നു പൊങ്ങുന്നതും ദാമു കൃത്യമായി അറിയുന്നുണ്ടായിരുന്നു

  “എല്ലാവന്മാരും ഉള്ള കാലത്ത്‌ നല്ലോണം തീറ്റിപ്പോറ്റും. എന്നിട്ട് വയ്യാണ്ടാകുമ്പോ ചവിട്ടി പൊറത്താക്കും. അവസാനം ഇതൊക്കെ കാണണ്ടത് നമ്മളും. ന്നാലും നമ്മളെ ദാമൂനും ഇതെന്ന്യായല്ലോ...”

   ചിറകുകള്‍ വിരിച്ച് ഇരുളിലേക്ക് പറന്നുപോകുമ്പോഴും പിറകില്‍ നിന്ന് കടക്കാരന്‍ അബൂക്ക ആരോടെന്നില്ലാതെ പറയുന്നത് വ്യക്തമായി അവന് കേള്‍ക്കാമായിരുന്നു.




12 comments:

  1. കഥ നായയ്ക്കായാലും മനുഷ്യര്‍ക്കായാലും ഇണങ്ങുമല്ലോ

    ReplyDelete
  2. അവസ്ഥ, അവസ്ഥാന്തരം

    ReplyDelete
  3. നരനായാലും നായായാലും കാല്യം കഴിഞ്ഞാൽ കറിവേപ്പില!

    ReplyDelete
  4. ദുരവസ്ഥകൾ ...... അവസാനിക്കില്ല .

    ReplyDelete
  5. ajith, സജിത്, Nassar Ambazhekel, ശിഹാബ്മദാരി......
    ഒരായിരം നന്ദി ...വായനയ്ക്കും അഭിപ്രായത്തിനും...വല്ലപ്പോഴും ഈ വീഥിയിലൂടെ കടന്നുപോകുക..

    ReplyDelete
  6. niDheEsH kRisHnaN @ ~അമൃതംഗമയ~, ഷാജു അത്താണിക്കല്‍ നന്ദി....വായനയ്ക്കും അഭിപ്രായത്തിനും...

    ReplyDelete
  7. നയക്കഥ നന്നായി. മേനക ഗാന്ധിക്ക് ഒരു കത്തെഴുതിയാലോ?

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. Superb... Brilliant...
    Avasaanam maathrame aaraanu damu ennu ellaarkkum manassilaakoo... Suspense avasaana vari vare nilanirthi...

    ReplyDelete
    Replies
    1. നന്ദി Santhosh Nair...വായനയ്ക്കും അഭിപ്രായത്തിനും..!!

      Delete

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.