Wednesday, 16 January 2013

തെക്കേയറ്റത്തേക്ക്.....!!!

ഗസ്റ്റ്‌ മാസത്തില്‍ യാത്രകള്‍ എന്തെങ്കിലും പ്ലാന്‍ ചെയ്യുന്നെങ്കില്‍ അറിയിക്കണം എന്ന അഭ്യര്‍ത്ഥന മാനിച്ചായിരിക്കണം സുഹൃത്ത്‌ നാട്ടില്‍ നിന്നും വിളിച്ചു പറഞ്ഞു,  ഓണത്തിന് ഒരു ടൂര്‍ പോകുന്നുണ്ട്. എവിടേക്കാണ് എന്ന്‍ പോലും ചോദിക്കാതെ തയ്യാറാണെന്ന് പറഞ്ഞു. 

  രണ്ടു വര്‍ഷത്തിനു ശേഷം, ഓണം നാട്ടില്‍ ആഘോഷിക്കാമല്ലോ എന്ന സന്തോഷം കൂടി ഉണ്ടായിരുന്നു. വര്‍ഷത്തില്‍   അഞ്ചോ ആറോ യാത്രകളും വനക്യാമ്പുകളും  സംഘടിപ്പിക്കുന്ന,  നാട്ടിലെ സഫ്ദര്‍ ഹാഷ്മി വായനശാലയുടെ അടുത്ത ഒരു യാത്രയില്‍ പങ്കെടുക്കണം എന്നതും ഒരു വലിയ ആഗ്രഹമായിരുന്നു. കാടും ട്രക്കിങ്ങും പ്രതീക്ഷിച്ചിരുന്നത്കൊണ്ട് ഇപ്രാവശ്യത്തെ യാത്ര തിരുവനന്തപുരം-കന്യാകുമാരി എന്ന് കേട്ടപ്പോള്‍ ആദ്യം ഒരു വിഷമം തോന്നിയിരുന്നു. പല ആവശ്യങ്ങള്‍ക്കുമായി കുറെയേറെ തവണ പോയിട്ടുള്ളതാണ് തലസ്ഥാനനഗരിയില്‍., അവിടെ എന്ത് കാണാനിരിക്കുന്നു. 

  ഓണത്തിന് മുന്നേ തന്നെ എത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യവശാല്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടിവന്നതിനാല്‍ ഓണത്തിന് രാത്രി മാത്രമാണ് വീട്ടില്‍ എത്തിയത്. ഈ വര്‍ഷത്തെ ഓണം ആകാശത്തില്‍ ആഘോഷിക്കേണ്ട ഗതികേടിലായിരുന്നു. കാത്ത്കാത്തിരുന്ന ഓണം വെള്ളതിലായത്തിന്‍റെ നിരാശയുണ്ടായിരുന്നെങ്കിലും അടുത്ത ദിവസത്തിലെ യാത്രയില്‍ ആയിരുന്നു ഒരു പ്രതീക്ഷ.
30നു വൈകിട്ട് യാത്ര പുറപ്പെട്ടു. പുറപ്പെടുമ്പോള്‍ യാത്രക്കാരുടെ ബാഹുല്യം ശരിക്കും അമ്പരപ്പുളവാക്കിയിരുന്നു.. പലപ്പോഴും ആ ബാഹുല്യം യാത്രയെ ചെറിയ തോതിലെങ്കിലും ബാധിച്ചിരുന്നു എന്ന് തോന്നി. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ....ആ യാത്രയിലും ഏറെ വ്യത്യസ്തത ഉണ്ടായിരുന്നു. ദീര്‍ഘയാത്രയുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിക്കൊണ്ട് ട്രെയിനില്‍ ആയിരുന്നു യാത്ര. വൈകിട്ട് 8.20 നു കണ്ണൂരില്‍ നിന്നും മാവേലി എക്സ്പ്രസിനു കയറി. ഒരു ഉറക്കം കഴിഞ്ഞപ്പോഴേക്കും തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.

  യാത്രയുടെ യാതൊരു ക്ഷീണവും ഇല്ലാത്ത ഒരു പ്രഭാതം. തിരുവനന്തപുരത്തെ താമസം തയ്യാറാക്കിയിരുന്നത് പ്രസിദ്ധമായ ആറ്റുകാല്‍ ക്ഷേതത്തിനു മുന്‍വശത്ത് തന്നെയായിരുന്നു. എല്ലാവരും പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞു ക്ഷേത്രമൊക്കെ ചുറ്റിക്കണ്ട് വന്നപ്പോഴേക്കും അല്പം വൈകി. പ്രാദേശികമായി യാത്രയ്ക്ക്‌ തയ്യാറാക്കിയ വാഹനം എല്ലാവരെയും കാത്തുനില്‍പ്പുണ്ടായിരുന്നു. 
1.       

  ആറ്റുകാല്‍ ക്ഷേത്രം.


  ആറ്റുകാലില്‍ നിന്ന് നേരെ തിരിച്ചത് കന്യാകുമാരിയിലേക്കായിരുന്നു. കന്യാകുമാരിയിലേക്ക് പ്രവേശിക്കുന്നതിനു മുന്നേ തന്നെ തിരുവനന്തപുരത്തിന്റെ പല ഭാഗങ്ങളിലും ഒരു തമിഴ് ടച് അനുഭവപ്പെട്ടിരുന്നു. ബസ്സിന്റെ മുതല്‍ കടകളുടെ ബോര്‍ഡുകള്‍ വരെ തമിഴില്‍., ഒരു തരം ‘അധിനിവേശ’ പ്രദേശത്തുകൂടി കടന്നു പോകുന്നപോലെ.

2.        പദ്മനാഭപുരം കൊട്ടാരം , മാര്‍ത്താണ്ഡം(കന്യാകുമാരി)

  പദ്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്ന കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം എന്ന സ്ഥലത്ത്‌ എത്തുമ്പോഴേക്ക് ഉച്ച കഴിഞ്ഞിരുന്നു. ഇടുങ്ങിയ റോഡുകളില്‍ നിറയെ ടൂറിസ്റ്റ് വാഹനങ്ങള്‍ നിറഞ്ഞിരിക്കുന്നു. അവിടുത്തെ സഞ്ചാരികളുടെ തിരക്ക്‌ ആ കൊട്ടാരത്തിന്‍റെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിച്ചു. ഇത്രയേറെ സഞ്ചാരികള്‍ വന്നുപോകുന്ന പ്രദേശമായിട്ടും ആകെ രണ്ടു ഹോട്ടലുകള്‍ മാത്രമാണ് അവിടെ കാണാന്‍ സാധിച്ചത്.  ഉച്ചയായത് കാരണം അവയിലൊന്നും കാലുകുത്താന്‍ ഇടമില്ല. അത്യാവശ്യം സാമര്‍ഥ്യമൊക്കെ കാണിച്ച് ഒരു ഹോട്ടലില്‍ ഇരിപ്പിടം നേടി. കഴിച്ചു തുടങ്ങിയപ്പോഴേ വേണ്ടായിരുന്നു എന്ന് തോന്നലുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോഴേക്കും കൂടെയുള്ളവരില്‍ ചിലര്‍ പഴവും മറ്റുമൊക്കെ വാങ്ങി കഴിക്കുന്നത് കണ്ടപ്പോള്‍ പറ്റിയ അബദ്ധം ആരെയും കാണിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അവരെക്കൂടി ആ അബദ്ധത്തിലേക്ക് ചാടിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും നടന്നില്ല.
സന്ദര്‍ശകര്‍ ഏറെയുണ്ടായിട്ടും മറ്റു പല സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ വളരെ പിന്നില്‍ തന്നെയായിരുന്നു അവിടം. തമിഴ്നാടിന്റെ പരിധിയില്‍ പെടുന്ന സ്ഥലത്ത്, കേരള പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിനു ആ ഒരു കാരണം കൊണ്ട് തന്നെ ആവശ്യത്തിലധികം അവഗണന നേരിടുന്നുണ്ട് എന്ന് തോന്നിപ്പിക്കുന്നു.

  കൊട്ടാരത്തിന്റെ മതില്‍കെട്ടിനകത്തേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ വന്‍ ജനക്കൂട്ടം കൊട്ടാരതിനുള്ളിലെക്ക് പ്രവേശിക്കാന്‍ കാത്തു നില്‍ക്കുന്നത്‌ കാണാമായിരുന്നു. ഉള്ളിലേക്ക് പ്രവേശിക്കുന്നതിനു ആള്‍ക്ക് കൂടാതെ കാമറയ്ക്കും ടിക്കറ്റ് നിര്‍ബന്ധമായിരുന്നു. അതും ഒരു ഗ്രൂപ്പിന് ഒരു കാമറ മാത്രം. നിര്‍ഭാഗ്യവശാല്‍ ഗ്രൂപ്പില്‍ പ്രൊഫഷണല്‍ കാമറമാന്‍ ഉള്ളത് കൊണ്ട് ആ സൌകര്യവും ലഭിച്ചില്ല. അത് കൊണ്ട് തല്‍കാലം എന്റെ ചെറിയ കാമറ ബാഗിനുള്ളില് തന്നെ വിശ്രമിക്കട്ടെ എന്ന് തീരുമാനിച്ചു.


പദ്മനാഭപുരം കൊട്ടാരത്തിന്റെ മുന്‍വശം


 
  കൊട്ടാരത്തിനകത്തേക്ക് പ്രവേശിക്കുന്നതിനു വലിയ സുരക്ഷാ പരിശോധന തന്നെ ഉണ്ടായിരുന്നു. പരിശോധനയൊക്കെ കഴിഞ്ഞു ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ ശരിക്കും നിരാശനായിപ്പോയി. സാമാന്യം വലിയ ക്യൂ. രണ്ടും മൂന്നും വരിയിലും നിരയിലുമായി ആള്‍ക്കാര്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ വരി ഒരടി നീങ്ങണമെങ്കില്‍ സമയം കുറെ പിടിക്കും. പമ്പയില്‍ നിന്നും ശബരിമലയിലേക്ക്‌ പോകുമ്പോള്‍ ശരംകുത്തിയാല് മുതല്‍ സന്നിധാനം വരെയുള്ള ക്യൂ ആണ് മനസ്സില്‍ അപ്പോള്‍ ഓര്‍മ്മയില്‍ വന്നത്.  പുരാതനമായ ഒരു കൊട്ടാരം  ഇത്തരത്തില്‍ എങ്ങനെ കാണും. 

  ആശങ്കപ്പെട്ടതുപോലെയായിരുന്നില്ല കാര്യങ്ങള്‍. പ്രവേശന കവാടത്തിലുണ്ടായ തിരക്കിന് ഉള്ളിലേക്ക് കടക്കുംതോറും അയവു വന്നു. 

  കാമറ ഉപയോഗിക്കുന്നതിനുള്ള പാസ്‌ ലഭിച്ചില്ലെങ്കിലും പലരും മൊബൈലുകളില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കണ്ടപ്പോള്‍ പതുക്കെ ബാഗില്‍ നിന്നും കാമറ പുറത്തെടുത്തു. വലിയ പ്രൊഫഷണല്‍ കാമറ അല്ലാതിരുന്നതിന്റെ സൗകര്യം അപ്പോഴാണ്‌ ബോധ്യമായത്‌.../, കൊട്ടാരത്തിന്റെ ഉള്‍ഭാഗത്തെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നത് പലപ്പോഴും ജീവനക്കാര്‍ നിരുത്സാഹപ്പെടുത്തുന്നുണ്ടായിരുന്നു. എങ്കിലും പുരാതനകാലത്തെ ആ ‘ആര്‍ക്കിടെക്ചറല്‍ മെജസ്ടി’യെ കാമറയില്‍ പകര്‍ത്താതിരിക്കാന്‍ പലപ്പോഴും മനസ്സ് വന്നില്ല.
 
  രാജാവിന്റെ സദസ്സ്


 കൊട്ടാരത്തിലെ ഇടനാഴി  ഇടനാഴിയില്‍നിന്നുള്ള നടുമുറ്റത്തിന്റെ ദൃശ്യം

  കൊട്ടാരത്തിന്റെ ഏറ്റവും മനോഹരങ്ങളായ ചില ഭാഗങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ ജീവനക്കാരുടെ ഇടപെടലുകളും വെളിച്ചത്തിന്റെ കുറവുകളും മൂലം സാധിച്ചില്ല. ഏറെ നിരാശപ്പെടുത്തിയിരുന്നു അതൊക്കെ.
 കൊട്ടാരത്തിന്റെ ഉള്ളില്‍ നിന്നുള്ള ഒരു ദൃശ്യം. (നടുമുറ്റം)


 മറ്റൊരു ഇടുങ്ങിയ ഇടനാഴികൊട്ടാരത്തിലെ ഒരു ഗോപുരം


  കൊട്ടാരത്തിന്റെ മുകളില്‍ നിന്നുള്ള ദൃശ്യം (തെക്കേ കൊട്ടാരത്തിലേക്കുള്ള വഴി) കൊട്ടാരത്തിന്‍റെ പുറം കാഴ്ച.


  കൊട്ടാരത്തിന്റെ വെളിയില്‍ വന്നപ്പോള്‍ അവിടെ അവസാനിച്ചു എന്ന് കരുതിയെങ്കിലും വേറെയും ചെറു കൊട്ടാരങ്ങള്‍ ഉണ്ടായിരുന്നു സന്ദര്‍ശകരെയും കാത്ത്‌.. .

  തെക്കേകൊട്ടാരം


 തെക്കേ കൊട്ടാരത്തിന്‍റെ കുളപ്പുര.


  കുളക്കടവിലെ പൂവാലന്മാരെപ്പോലെ തോന്നുമെങ്കിലും ഇവരും എന്‍റെ സഹയാത്രികര്‍ തന്നെ..
(കൂട്ടത്തില്‍ ഒരു വിദ്വാന്‍റെ സംശയം...രാജ്ഞിയുടെ കുളിക്കടവ് ഇങ്ങനെ പൊതുവഴിക്ക് അടുത്ത് തന്നെയാക്കിയ രാജാവ് എത്ര വിഡ്ഢിയായിരിക്കും.)


  പദ്മനാഭപുരം കൊട്ടാരം ഒരു ഓട്ടപ്രദിക്ഷിണത്തിലൂടെ പൂര്‍ത്തിയാക്കി യാത്ര തിരിക്കുമ്പോള്‍ വൈകുന്നേരമായിരുന്നു. അടുത്ത യാത്ര കന്യാകുമാരിയിലെ സൂര്യാസ്തമനം കാണാനായിരുന്നു. അതുകൊണ്ട് തന്നെ സമയം വൈകുന്നത് അല്പം ആശങ്കയുളവാക്കി. വിശദമായ ഒരു സന്ദര്‍ശനത്തിന് തീര്‍ച്ചയായും വീണ്ടും വരും എന്ന ആത്മഗതത്തോടെ തിരുവിതാംകൂര്‍ രാജാക്കന്മാരെ മനസ്സില്‍ നമിച്ച് മാര്‍ത്താണ്ഡത്ത്‌ നിന്ന് കന്യാകുമാരിയിലേക്ക്‌ യാത്രയായി.

  സമയം സന്ധ്യയോട് അടുക്കുംതോറും ആകാശം മേഘാവൃതമായി വന്നു. അപ്പോഴേക്കും കാര്യങ്ങളുടെ പോക്ക് ഏതാണ്ട് ബോധ്യമായി തുടങ്ങി, കന്യാകുമാരിയിലെ അസ്തമനം വെള്ളത്തിലായി എന്ന്. കന്യാകുമാരിയില്‍ എത്തുമ്പോഴേക്ക് സൂര്യനെ കാണാന്‍ പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു ആകാശം. ഏതായാലും ഇവിടെ വരെ വന്നതല്ലേ വിവേകാനന്ദപ്പാറ വരെയെങ്കിലും പോകാം എന്ന് കരുതി മുന്നോട്ടു പോയപ്പോള്‍ കൂനിന്മേല്‍ കുരു എന്ന പോലെയായി കാര്യങ്ങള്‍. വിവേകാനന്ദപ്പാറയിലേക്കുള്ള പ്രവേശനം വൈകുന്നേരം അഞ്ച് മണി വരെ മാത്രമേ ഉള്ളൂ. ഇതൊന്നും അറിയാതെ യാത്ര പ്ലാന്‍ ചെയ്തവന്മാരെ മനസ്സാല്‍ നാല് തെറി വിളിച്ചുപോയി. കടപ്പുറം കാണാനായിരുന്നെങ്കില്‍ ഇത്രയും ദൂരം താണ്ടി തെക്കേയറ്റം വരെ വരേണ്ടിയിരുന്നില്ലല്ലോ. ഇതിനെക്കാളും മനോഹരമായ കടപ്പുറം നമ്മുടെ സ്വന്തം കണ്ണൂരില്‍ ഇല്ലേ, പയ്യാമ്പലവും മുഴപ്പിലങ്ങാടും.

  നേരം വൈകിയതിനാല്‍ കന്യാകുമാരി ക്ഷേത്രവും കാണാനൊത്തില്ല. പണ്ട് ‘ദേവി കന്യാകുമാരി’ സിനിമ ടിവിയില്‍ കാണുമ്പോള്‍ മുതല്‍ തോന്നിയ ആഗ്രഹമായിരുന്നു അവിടെ ഒന്ന് പോകണമെന്നത്. അതും സാധിച്ചില്ല. ചുരുക്കി പറഞ്ഞാല്‍ കന്യാകുമാരി യാത്ര വെറുതെയായി. സമയം കളഞ്ഞത് മാത്രം മിച്ചം.

  രാത്രി തിരിച്ച് പോരുന്നതിനു മുന്‍പായി ഭക്ഷണം കഴിക്കാന്‍ കേരളഹൗസ് മതിയെന്ന് ആദ്യമേ തീരുമാനിച്ചിരുന്നുവെങ്കിലും സമയം ഇരുട്ടിയതോടെ കേരള ഹൗസ്‌ അന്വേഷിച്ച് അല്പം ബുദ്ധിമുട്ടി. അങ്ങോട്ട്‌ പോകുമ്പോള്‍ പ്രത്യേകം നോട്ടമിട്ടു വെച്ചിരുന്നെങ്കിലും രാത്രിയില്‍ പുറത്ത്‌ ഒരു ലൈറ്റ് പോലും ഇല്ലാതെ ഒരു പ്രേതഭവനം പോലെ തോന്നിപ്പിച്ച കേരളഹൗസ് കെട്ടിടം കണ്ടെത്താന്‍ ഇത്തിരി പാട്പെടേണ്ടിവന്നു. തൊട്ടടുത്ത തമിഴ്നാട് സര്‍ക്കാരിന്റെ അഥിതിമന്ദിരം വര്‍ണാഭമായ വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുന്നത്‌ കൂടി കണ്ടപ്പോള്‍ നേരത്തെ പദ്മനാഭപുരം കൊട്ടാരത്തിന്റെ കാര്യത്തില്‍ പറഞ്ഞ അതേ അവഗണന തന്നെയായിരിക്കുമോ ഇത് എന്നായിരുന്നു മനസ്സില്‍ സംശയം. ചിലപ്പോള്‍ അതൊരു സംശയം മാത്രമായിരിക്കാം. അല്ലെങ്കിലും മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശേഷം അങ്ങനെ ചിന്തിക്കാനല്ലേ നമ്മള്‍ മലയാളികള്‍ക്ക്‌ കഴിയൂ.

  പുറമേ വെളിച്ചമോ ഒന്നും ഇല്ലായിരുന്നെങ്കിലും കേരള ഹൗസിലെ ഭക്ഷണം കൊള്ളാമായിരുന്നു. നാട്ടില്‍ നിന്ന് പുറപ്പെട്ടതിനു ശേഷം ഒരിടത്തും അത്രയെങ്കിലും കൊള്ളാവുന്ന ഭക്ഷണം വേറെയെങ്ങും കിട്ടിയിരുന്നില്ല എന്നതാണ് സത്യം. 

  ആദ്യ ദിവസത്തെ യാത്ര അവസാനിപ്പിച്ച് ആറ്റുകാലിലേക്ക് മടങ്ങുമ്പോള്‍ നേരം വളരെയധികം വൈകിയിരുന്നു. അടുത്ത ദിവസത്തെ യാത്ര അടുത്ത ബ്ലോഗില്‍ തുടരും..

4 comments:

 1. പോസ്റ്റ് ചെയ്യാന്‍ വളരെയേറെ വൈകിയതിന് പിന്നില്‍ ചില സാങ്കേതിക കാരണങ്ങള്‍ ആയിരുന്നു.

  ReplyDelete
 2. തിരുവനന്തപുരം
  രാജനഗരം

  നല്ല വിവരണം

  (Please disable word verification)

  ReplyDelete
 3. വളരെ നന്നായിട്ടുണ്ട് ഷൈജു ഭായ് .... :)

  പ്രത്യേകിച്ച് രാജ്ഞിയുടെ കുളിപ്പുര നടവഴിയുടെ അരികത്താക്കിയത് എന്തിനാണെന്ന് എനിക്കും മനസ്സിലായില്ല ..!

  ReplyDelete

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.