എന്നത്തേയും പോലെ ഒരു പകല്‍ കൂടി
എരിഞ്ഞടങ്ങുന്നു. പകലോന്‍ ദേഹം മുഴുവന്‍ കുങ്കുമ വര്‍ണ്ണം വാരിത്തേച്ച് സന്ധ്യാസ്നാനത്തിനുള്ള തയ്യാറെടുപ്പുകളിലാണ്. ദുര്‍ബലമായ രശ്മികള്‍ മരങ്ങളുടെ മറവിലൂടെ
ഒളിഞ്ഞും തെളിഞ്ഞും നോക്കിക്കൊണ്ടിരുന്ന അങ്ങനെയൊരു നേരത്താണ് ഞാന്‍ ആ പഴയ വായനശാലയിലേക്ക്
കയറിച്ചെന്നത്.

ചിത്രത്തിന് കടപ്പാട്: സുജേഷ് അടിയോടിക്കണ്ടി
വായനശാല എന്ന് പറയുന്നതിനെക്കാളും പഴയൊരു വായനശാലയുടെ സ്മരണകളുയര്‍ത്തുന്ന ഒരു അസ്ഥികൂടം എന്ന് പറയുന്നതായിരിക്കും ഉചിതം. വെളിച്ചമായാലും മഴയായാലും അധികമൊന്നും തടസ്സപ്പെടുത്താത്ത വിധത്തില്‍ മേല്‍ക്കൂര തകര്‍ന്നു കിടക്കുന്ന ഒറ്റമുറിയും ചെറിയൊരു വരാന്തയുമുള്ള പഴയ ഒരു കെട്ടിടം. തകര്‍ന്നു കാട് കയറിയ കാവുപോലെയായിരുന്നു അതിന്‍റെ അവസ്ഥ. ഏതെങ്കിലുമൊരു തലയിലേക്ക് തകര്‍ന്നുവീഴാന്‍ കാത്തിരിക്കുന്ന പോലെ തൂങ്ങിയാടുന്ന കഴുക്കോലുകള്‍ . ഇതൊക്കെയാണ് അവസ്ഥയെങ്കിലും മുടങ്ങാതെ ഇപ്പോഴും ‘ദേശാഭിമാനി’ പത്രം ആ കൊച്ചു വരാന്തയില്‍ കാണാം. പത്രക്കാരന്‍ ദിവസവും വലിച്ചെറിഞ്ഞു പോകുന്ന പത്രങ്ങള്‍ വരാന്തയില്‍ അവിടെയവിടെയായി മാറാലയും എലിക്കാട്ടവും പുരണ്ട് കിടപ്പുണ്ട്. പത്രങ്ങള്‍ ഓരോന്നായി പൊടിയും അഴുക്കും തട്ടി വൃത്തിയാക്കി അടുക്കിവെക്കുന്നതിനിടയില്‍ പുറത്തെ ശബ്ദം കേട്ടിട്ടായിരിക്കണം വാതിലിന്‍റെ ഇടയിലൂടെ ഒരു എലി വന്നു എത്തി നോക്കി. ചെറുമനെക്കണ്ട ജന്മിയുടെ ഭാവത്തോടെ കുറേ നേരം എന്‍റെ മുഖത്ത് തന്നെ നോക്കിയിട്ട് എലി ഓടിച്ചെന്ന് പൊട്ടിവീഴാറായ ഒരു കഴുക്കോലില്‍ കയറിയിരുന്നു. അവിടെയിരുന്നുതന്നെ പുച്ഛഭാവത്തില്‍ എന്നെ നോക്കി പല്ലിളിച്ചു കാണിക്കാന്‍ തുടങ്ങി. എലിയുടെ പെരുമാറ്റത്തില്‍നിന്നും ചാരിത്ര്യം കൈമോശം വരാതെ കഴിഞ്ഞ കുറേ ദിവസങ്ങളായി വരാന്തയില്‍ ചിതറിക്കിടക്കുകയായിരുന്ന ദേശാഭിമാനിയുടെ അവസ്ഥയില്‍ നിന്നും മനുഷ്യക്കുഞ്ഞുങ്ങളാരെങ്കിലും ഈ വഴി വന്നിട്ട് നാളുകളേറെയായി എന്ന് മനസ്സിലായി. ഇതൊന്നും വകവെക്കാതെ അന്നത്തെ പത്രമെടുത്ത് നിവര്‍ത്തി. തലയില്‍ എന്തോ വന്നു വീണതും മുകളിലേക്ക് നോക്കുന്നതിനു മുന്നേ കഴുക്കോലില്‍ ഒട്ടിക്കിടക്കുന്ന പല്ലിയുടെ ശബ്ദം കേട്ടു. കയ്യില്‍ പറ്റിയ പല്ലിത്തീട്ടം മേശയുടെ അടിയില്‍ ഉരച്ച് വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോഴും പല്ലിയുടെ കളിയാക്കി ചിരി തുടര്‍ന്നു കൊണ്ടിരുന്നു. അതിനോടൊപ്പം എലിയും കൂടിയതോടെ ഞാന്‍ അല്പം ദേഷ്യത്തോടെ ശബ്ദമുയര്‍ത്തി. പേടിച്ചരണ്ട എലി വീണ്ടും വാതിലിനുള്ളിലേക്ക് ഓടിക്കയറി. ഞാന്‍ വീണ്ടും പത്രവായന തുടര്‍ന്നു. എലി ഉള്ളില്‍ ചെന്ന് വിവരം പറഞ്ഞതിനാലായിരിക്കണം അതിക്രമിച്ചു കയറിയ അതിഥിയെക്കാണാന്‍ താമസക്കാരില്‍ ചിലര്‍ ഇടക്കിടക്ക് വാതിലിന്‍റെ വിടവില്‍ക്കൂടി വന്നെത്തിനോക്കുന്നുണ്ടായിരുന്നു. ഓരോരുത്തരും ഒരു വിചിത്ര ജീവിയെക്കാണുന്ന പോലെ എന്നെ തുറിച്ച് നോക്കി തിരിച്ചുപോയി.
ഇതിനിടയില്‍
പുറത്തേക്കു വന്നത് ഒരു പാമ്പായിരുന്നു. ദേഹം മുഴുവന്‍ കറുത്ത വരകളുള്ള അതിനെ
കണ്ടതും ഞാന്‍ ചാടിയെഴുന്നേറ്റു. എന്‍റെ പേടി കണ്ടതും തിരിച്ച് അകത്തേക്ക്തന്നെ തിരിച്ച് പോകണോ അതോ പുറത്തേക്കു പോകണോ എന്ന
സംശയത്തിലായി കക്ഷി. സ്വയരക്ഷയാണ് ഉദ്ധേശമെങ്കിലും വഴി ഒഴിഞ്ഞു കൊടുക്കാനെന്ന
ഭാവത്തില്‍ ഞാന്‍ മേശയുടെ മുകളിലേക്ക് കയറി നിന്നതും ഞാന്‍ ഈ നാട്ടുകാരനല്ലപ്പാ
എന്ന ഭാവത്തില്‍ ദേഹത്തെ വളയങ്ങളും പെറുക്കിയെടുത്ത് അവന്‍ ഇഴഞ്ഞിഴഞ്ഞ്
കുറ്റിച്ചെടികള്‍ക്കിടയിലേക്ക് മറഞ്ഞു. പിന്നെയും പലരും ഇടക്കിടക്ക്
വന്നുപോകുന്നുണ്ടായിരുന്നു. എന്‍റെ സാന്നിധ്യം എല്ലാവരെയും
അലോസരപ്പെടുത്തുന്നുണ്ടെന്നു തോന്നുന്നു. ചിലരെങ്കിലും ഉള്ളില്‍ ചെന്ന് അത്
മറ്റുള്ളവരുമായി പങ്കുവെക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കപ്പുറം
വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും ആരവങ്ങളൊഴിയാതിരുന്ന ആ വായനശാലയില്‍നിന്ന് ഇന്നുയരുന്നത്
മറ്റൊരുതരം ശബ്ദകോലാഹലങ്ങളായിരുന്നു. ആരെയും ശല്യപ്പെടുത്താത്ത തങ്ങളെയും ആരും
ശല്യപ്പെടുത്തരുതെന്നു ആഗ്രഹിക്കുന്ന ഒരു സാമ്രാജ്യത്തിന്‍റെ പ്രതിഷേധകോലാഹലങ്ങള്‍ .
അര്‍ക്കന്‍ പടിഞ്ഞാറ് മുങ്ങാംകുഴിയിട്ടുപോയ തക്കം
നോക്കി ഇരുട്ട് തന്‍റെ ബലിഷ്ഠമായ കരങ്ങള്‍ക്കൊണ്ട് ഭൂമിയെ കരിമ്പടം പുതപ്പിക്കാന്‍ തുടങ്ങി.
ഇരുള്‍ പരക്കുംതോറും അകത്തുനിന്നുള്ള അടക്കം പറച്ചിലിന് ശക്തി
കൂടിവരുന്നുണ്ടായിരുന്നു. ഒന്നും മനസ്സിലാവുന്നില്ലെങ്കിലും കണ്ണടച്ച് കാതുകൂര്‍പ്പിച്ചു
നിന്നു. ഇടക്കെപ്പോഴോ നേര്‍ത്ത മനുഷ്യശബ്ദം. അതെ മനുഷ്യന്‍റെ ശബ്ദം തന്നെ. രണ്ടോ അതിലധികമോ
പേരുണ്ടെന്നു തോന്നുന്ന സംഭാഷണങ്ങള്‍ അവ്യക്തമെങ്കിലും ഇടക്കൊക്കെ ചില
അട്ടഹാസങ്ങളും നെടുവീര്‍പ്പുകളും ഉയര്‍ന്ന് കേള്‍ക്കാം. ഉള്ളില്‍ പതുങ്ങിയിരുന്നു സംസാരിക്കുന്നത്
ആരാണെന്നറിയാനുള്ള ആകാംഷയില്‍ കുരുത്തംകെട്ട മനസ്സിനെ അടക്കിനിര്‍ത്താന്‍ കഴിയാതെ ഞാന്‍ വരാന്തയുടെ അരമതില്‍
കവച്ചുവെച്ച് ശബ്ദമുണ്ടാക്കാതെ വലതുവശത്തെ ജനാലയ്ക്കരികിലെക്ക് ചെന്നു.
കുറ്റിച്ചെടികള്‍ നിറഞ്ഞ മുറ്റത്തുനിന്നും ആരൊക്കെയോ ചിതറിയോടുന്നുണ്ടായിരുന്നു. ശ്വാസമാടക്കിപ്പിടിച്ച്
ജനലിന്‍റെ വിടവിലൂടെ ഉള്ളില്‍ നടക്കുന്നതെന്തെന്നറിയാന്‍ ശ്രമിക്കുന്ന എന്‍റെ
ധൈര്യത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു കടവാതില്‍ പറന്നുവന്ന് തലയ്ക്കു ചുറ്റും
ഒന്നുരണ്ടു തവണ വലംവെച്ച് മുകളിലെ കഴുക്കോലില്‍ ശീര്‍ഷാസനത്തില്‍ തൂങ്ങിക്കിടന്നു.
ജനല്‍പ്പാളിക്കിടയിലൂടെ രണ്ടു കണ്ണുകളെയും സൂക്ഷ്മപരിശോധനയ്ക്കായി പറഞ്ഞുവിട്ട്
വിശദമായ റിപ്പോര്‍ട്ട് കാത്തിരിക്കുന്ന എനിക്ക് മുന്നില്‍ എന്നെത്തന്നെ
തുറിച്ചുനോക്കുന്ന ആറു കണ്ണുകള്‍ തെളിഞ്ഞുവന്നു. ആറിന് പിറകില്‍ ആറായിരം കണ്ണുകള്‍
പല പല തട്ടുകളില്‍നിന്നും തുറിച്ചുനോക്കുന്നു.
ജനല്‍പ്പാളി അമര്‍ത്തിയടച്ച് വരാന്തയിലേക്ക് തിരികെവന്നു. ഇനിയും അവിടെത്തന്നെ
നില്‍ക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. തിരികെയോടാന്‍ മനസ്സ്
ആഗ്രഹിച്ചെങ്കിലും ആഗ്രഹത്തിനൊപ്പം അനുസരണ കാണിക്കാന്‍ കൈകാലുകള്‍ തയ്യാറായില്ല.
ഉള്ളില്‍ നിന്നുള്ള സംഭാഷണങ്ങള്‍ ഉച്ചത്തിലായി
മാറി.
“കൊണ്ടോവ്വാനാ
പറഞ്ഞത്! ഇങ്ങനെ ഒരു കൂട്ടര്‍ ഇപ്പോരയിലുള്ളത് കൊറച്ച് ദിവസായിട്ട് പുടീല്ലായിനോ?
ഇപ്പം ഒരു സ്നേഹം ഒലിക്കിണ്!..
ഫോ, കൊണ്ട് പോ! ഞമ്മള് കാക്കും കവരേം ചെയ്യ്‌ണ
കൂട്ടരല്ല ?...
എന്താ ......മുണ്ട്ണ സാധനം വീണു പോയോ ?
അണ്ണാക്കില്ലേ?..” 1
“എടോ മുതുക്കാന്‍ നായരേ...
നീ എന്നോട് കളിക്കരുത് ....നിന്റെ മൂക്ക് ചെത്തി
ഞാന്‍ ഉപ്പിലിടും.
ഹെടാ...പളുന്കൂസാ ! കഴുതത്തലയാ ! ............
പേടിച്ചു തൂറി! യുദ്ധക്കൊതിയന്‍ ! ...കഴുതത്തോലന്‍
, ഓടെടാ അളുമ്പൂസു പെണ്ണിന്‍റെ മൂടുതൂങ്ങി മൂരാച്ചി!” 2
“നായിന്റെ മോനെ, നിന്‍റെയൊരു ഖ-ഖമ്മ്യൂണിസം” 3
മേല്‍ക്കൂരയില്‍ നിന്നും പൊട്ടി വീണുകിടന്നിരുന്ന
കഴുക്കോലിന്‍റെ കഷണമായിരുന്നു കയ്യില്‍ കിട്ടിയത്..,. വാതിലില്‍ ശക്തി
പ്രയോഗിക്കേണ്ടി വന്നില്ല. അത് എനിക്ക് മുന്നില്‍ പൊളിഞ്ഞടര്‍ന്നു വീണു. തികട്ടിവന്ന
ദേഷ്യത്തിന്‍റെ ആക്കത്തില്‍ അലറിവിളിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി.
തലയ്ക്കായിരുന്നു പ്രതീക്ഷിക്കാത്ത ആദ്യത്തെ അടി
കിട്ടിയത്. കുനിഞ്ഞു തറയില്‍ ഇരുന്നുപോയി. തന്‍റെ തലയിലടിച്ച് തറയില്‍ വീണ
പുസ്തകത്തെ കയ്യിലേക്കെടുത്തോന്നു നോക്കി.
മങ്ങിയ വെളിച്ചത്തിലും ഞാന്‍ കണ്ടു ചിതലുകളും എലികളും ചിത്രപ്പണികള്‍ നടത്തി
ഒട്ടുമുക്കാലും തീരാറായ വിലാസിനിയുടെ ‘അവകാശികള്‍ ’.
ഇരുട്ടില്‍ തിളങ്ങുന്ന അനേകായിരം കണ്ണുകള്‍ ഇരയെക്കിട്ടിയ ആഹ്ലാദത്തില്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.
തടയാന്‍ കയ്യുയര്‍ത്തുന്നതിനു മുന്‍പേ മുഖമടച്ച്
അടുത്ത പുസ്തകം വന്നു വീണു. അടുക്കിവെച്ച ഇരുമ്പ് റാക്കുകളില്‍ നിന്നും തുടരെ
തുടരെ പുസ്തകങ്ങള്‍ തലയിലും ശരീരത്തിലുമായി വന്നു വീഴാന്‍ തുടങ്ങി. തലയടിച്ച് തറയിലേക്ക്
വീണുപോയ എന്‍റെ മുകളിലേക്ക് പുസ്തകങ്ങള്‍ കുമിഞ്ഞുകൂടി ഒരു കുന്നായി മാറി. പുസ്തകങ്ങള്‍ക്ക്
ശക്തിയേകിക്കൊണ്ട് മരത്തിന്റെ അലമാരയും അതിനും മീതെയായി മേല്‍ക്കൂരയില്‍ നിന്നും
പൊട്ടിയടര്‍ന്ന്‍ ഓടുകളും കഴുക്കോലുകളും വന്നു വീണുകൊണ്ടിരുന്നു.
1-സുല്‍ത്താന്‍വീട്
2-സ്ഥലത്തെ പ്രധാന പയ്യന്‍
3-പരലോകം