Friday, 24 May 2013

എന്‍റെ മഴ..!!!



ടതടവില്ലാതെ മഴ പെയ്തുകൊണ്ടിരിക്കുന്ന കര്‍ക്കിടക്കത്തില്‍ “ഓ...നശിച്ച ഈ മഴ..” എന്ന് മൂടിക്കെട്ടിയ ആകാശം നോക്കി പ്രാകുമ്പോഴും അതില്‍ എവിടെയൊക്കെയോ ഒളിപ്പിച്ചുവെച്ച  സ്നേഹവും വാത്സല്യവും പ്രകടമാണ്. മഴയുടെ വശ്യമായ സൗന്ദര്യത്തില്‍ എല്ലാം മറന്ന് പുളകിതനാകുമ്പോഴും  തന്നിലേക്ക് ചൊരിയുന്ന സ്നേഹവര്‍ഷത്തെ നെഞ്ചോട് ചേര്‍ത്ത്‌ വെച്ച് താലോലിക്കുന്നതുകൊണ്ടാവാം ലോകത്തിന്‍റെ ഏതു കോണില്‍ ജീവിക്കുമ്പോഴും മഴ ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളായി  മാറുന്നത്.


ജീവിതത്തിന്‍റെ മേച്ചില്‍പ്പുറങ്ങള്‍തേടി സ്വന്തം നാടിനെ വിട്ട് പലവഴിക്ക്‌ യാത്രയാകുമ്പോഴും തന്നെ പിന്തുടരുന്ന കടിഞ്ഞാണില്ലാത്ത ഓര്‍മ്മകളുടെ ഭാണ്ഡക്കെട്ടില്‍ വേര്‍പ്പിരിയാനാവാത്ത ഒരു പ്രണയമായി മഴ എന്നും കൂടെയുണ്ടാകും. ശീതീകരിച്ച ഓഫീസ്‌ മുറിയിലായിരുന്നാലും തിമിര്‍ത്തു പെയ്യുന്ന മഴയുള്ള വീടിന്‍റെ ഉമ്മറക്കോലായിലേക്ക് മനസ്സ് ഓടിയെത്തുന്നത് ഈയൊരു ഹൃദയബന്ധം കൊണ്ടാണ്. മറ്റേതൊരു നാട്ടിലായാലും മഴയ്ക്ക് നമ്മുടെ നാട്ടിന്‍പുറങ്ങളിലെ മഴയുടെ മാദകസൗന്ദര്യം കാണാന്‍ കഴിയില്ല.
ഇട്ടിരിക്കുന്ന കുപ്പായമൂരിയെറിഞ്ഞ് പെരുമഴയിലേക്ക് ചാടിയിറങ്ങി തിമിര്‍ക്കാനും ഇറവെള്ളം വീണു ചാല് കീറിയ മുറ്റത്തെ വെള്ളത്തില്‍ കടലാസുതോണിയിറക്കാനും  വെള്ളം കയറിയ തോട്ടില്‍ കുട്ടിക്കരണം മറിയാനും വയല്‍ വരമ്പില്‍ ചെന്ന് ഈര്‍ക്കിലിന്റെ തുമ്പത്തെ കുടുക്കില്‍ തവളയെ പിടിക്കാനും കഴിഞ്ഞില്ലെങ്കില്‍ ഒരു കുട്ടിക്കാലം പൂര്‍ത്തിയാകുമോ ഒരു മലയാളിക്ക്.

സ്കൂള്‍വിട്ട് വരുന്നവഴി കുടയുണ്ടെങ്കിലും നനയാതെ ബാഗിനകത്ത് വെച്ച് മഴയില്‍ കുതിര്‍ന്ന്‍ വഴിയരുകിലെ ചെളിവെള്ളം കൂട്ടുകാരന്‍റെ ദേഹത്തേക്ക് ചവിട്ടിത്തെറിപ്പിച്ച് ഒടുവില്‍ യൂണിഫോമില്‍ നിറയെ ചുവന്ന പുള്ളിക്കുത്തുകളുമായി  വീട്ടിലെത്തുമ്പോഴും കൊതിപ്പിച്ചുകൊണ്ട് മഴ അങ്ങനെ പെയ്യുന്നുണ്ടാകും. മഴച്ചാറ്റലില്‍ ഈര്‍പ്പം തീര്‍ത്ത വീടിന്റെ ഉമ്മറത്തെ സിമന്‍റ് തറയില്‍ കൊച്ചുവിരല്‍ കൊണ്ട് മൈക്കല്‍ ആഞ്ജലോയുടെയും പിക്കാസോയുടെയുമൊക്കെ ശിഷ്യരായി അക്ഷരങ്ങളും ചിത്രങ്ങളും കോറിയിടുന്നതിനിടയില്‍ വാശിയോടെ ആഞ്ഞടിക്കുന്ന മഴച്ചാറ്റല്‍ എല്ലാം മായ്ച്ചുകളയുന്നു.

പഴയ തറവാട്ടുവീടിന്‍റെ മുന്നിലെ കൊച്ചു തോടും കവിഞ്ഞു ഇരുകരകളിലെയും വയലുകളെ തമ്മില്‍ യോജിപ്പിച്ച് വലിയൊരു പുഴയായി ചുവന്ന നിറത്തില്‍ മഴവെള്ളം കുത്തിയൊഴുകുമ്പോള്‍ ചെറിയൊരു വടിയില്‍ കല്ല്‌ കെട്ടിയ ചരടുമായി ചൂണ്ടയിടുന്ന ഭാവത്തില്‍ പടിക്കെട്ടില്‍ ഇരുന്ന് നേരമെത്ര കളഞ്ഞിട്ടുണ്ട്. ഒഴുക്കിനല്‍പ്പം ശക്തി കുറയുമ്പോള്‍ വാഴത്തടകള്‍ ചേര്‍ത്ത് തയ്യാറാക്കിയ ചങ്ങാടത്തില്‍ കയറി തുഴയുകയും പലവട്ടം ചളിയിലേക്ക് തലകുത്തി മറിഞ്ഞു വീഴുകയും ചെയ്തിരിക്കുന്നു. ആ തോടും വയലുകളും ഇപ്പോഴും അവിടെയുണ്ടെങ്കിലും അന്നത്തെ ആ രൗദ്രഭാവത്തില്‍ മഴവെള്ളം ഒഴുകിയെത്തുണ്ടാവുമോ? ആരെങ്കിലും അതിനെ ആസ്വദിക്കുന്നുണ്ടാകുമോ?

രാത്രിയില്‍ മേല്‍ക്കൂരയില്‍ ആര്‍ത്തലച്ചു വീഴുന്ന മഴത്തുള്ളികള്‍ തീര്‍ക്കുന്ന മേളപ്പെരുക്കം ഒരു താരാട്ടുപാട്ടിന്‍റെ മാധുര്യത്തോടെ തഴുകിയുറക്കുന്നു. പുലരുമ്പോഴും നിലയ്ക്കാത്ത മഴയുടെ താരാട്ടില്‍ കുറച്ചു കൂടി കിടക്കാന്‍ കൊതിക്കുമ്പോള്‍ നിമിഷങ്ങള്‍ക്കെങ്കിലും ദൈര്‍ഘ്യം ഒരല്‍പനേരം കൂട്ടിക്കിട്ടിയെങ്കില്‍.,.

മണ്ണിനോടും മരങ്ങളോടും ചെടികളോടും അവയുടെ ഇലകളോടും കൊഞ്ചിക്കുണുങ്ങി പെയ്തിറങ്ങുന്ന മഴ പൊടുന്നനെ പെയ്തോഴിഞ്ഞ് മാറി നില്‍ക്കുമ്പോള്‍  നിഗൂഡമായ നിശബ്ദതയ്ക്കൊപ്പം മനസ്സിലെവിടെയോ കുത്തിനോവിക്കുന്ന ശൂന്യതയും സൃഷ്ടിക്കുന്നു.
വരുണ്ടുണങ്ങിയ മണ്ണിലേക്ക്‌ അനുഗ്രഹവര്‍ഷമായി പെയ്തിറങ്ങുന്ന സ്നേഹജലം പുതുതായി ജന്മമെടുക്കുന്ന പ്രകൃതിയുടെ ഓരോ ഇളംതളിരുകള്‍ക്കും മാതൃസ്നേഹമേകുന്നു. ആര്‍ദ്രമായ മനസ്സുകളില്‍ പ്രണയതരളിതമായി പെയ്തൊഴിയുന്ന മഴ എന്നും ഒരു പൂര്‍ത്തീകരിക്കാത്ത പ്രണയസാഫല്യമാണ്.

നമ്മളെ ഏറെ കൊതിപ്പിച്ചും സ്വാന്ത്വനിപ്പിച്ചും താലോലിച്ചും പ്രണയിച്ചും നമ്മുടെ മാത്രമായിരുന്ന മഴയുടെ ആ സൗന്ദര്യത്തിനു ഒരു ഭംഗവും വരുത്താതെ എന്നും നമ്മുടെ മലയാളക്കരയുടെ സ്വന്തമായി നിലനിന്നിരുന്നെങ്കില്‍ ...


സിങ്കപ്പൂര്‍ മലയാളികളുടെ കൂട്ടായ്മയായ MIS-Singapore Malayalees പുറത്തിറക്കിയ 
അഞ്ചാം എഡിഷന്‍  ഇതളുകള്‍ ഇ-മാഗസിനില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ 




25 comments:

  1. മഴ മഴ
    ഓര്‍മ്മമഴ

    ReplyDelete
  2. മഴ നനയാന്‍ കൂടെ വന്നതിനു നന്ദി അജിത്തേട്ടാ...

    ReplyDelete
  3. Oru imisham njaan kure varshangal pirakilekku poyi suhruthe.. ithokke nadannittullava thanne...
    Pakshe aa sukhangal okke ippol illallo..

    ReplyDelete
    Replies
    1. നഷ്ടപ്പെട്ടുപോയ സുഖങ്ങളുടെ ഓര്‍മയാകുന്ന പെരുമഴ നനയുന്നതും ഒരു സുഖമല്ലേ....
      നന്ദി Santhosh Nair...വായനയ്ക്കും അഭിപ്രായത്തിനും

      Delete
  4. ഈ മഴ ഒരിക്കലും തോരാതിരിക്കട്ടെ,...തന്റെ മനസ്സിലെ...നല്ല ഓര്‍മ്മകള്‍..മായാതെ മങ്ങാതെ എന്നും...ഉണ്ടാവട്ടെ..!! വരും വര്‍ഷം...നമുക്ക് പോകാം.മഴക്കാലത്ത്..നാട്ടിലേക്ക്...ഒരു ആറു വയസു കാരന്‍റെ..കൊച്ചു കൂട്ടുകാരി അമ്മുക്കുട്ടിയായി...കൂടെ ഞാനും...!!!!!!!!!

    ReplyDelete
    Replies
    1. Abs...അമ്മുക്കുട്ടീ...വരും വര്‍ഷത്തില്‍ നമുക്ക്‌ ഒന്നിച്ചു മഴ നനയാം...

      Delete
    2. Mayathe nikkatyte ee sundhara mazha chinthakal...Sumanassukalilenkilum thimarthu peyyatte....

      Delete
  5. മഴ പലതരം ഓർമകളാണ് തരുന്നത്
    എന്താണിതിന്റെ രഹസ്യം എന്ന് ഞാൻ എത്ര ചിന്തിച്ചിട്ടും ഇന്നേ വരേ പിടികിട്ടിയിട്ടില്ലാ...

    നല്ല എഴുത്ത്

    ReplyDelete
    Replies
    1. എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ആ രഹസ്യം കൊണ്ട് തന്നെയല്ലേ മഴ നമ്മളെ ഓരോരുത്തരെയും ചേര്‍ത്ത്പിടിക്കുന്നത് , ഒരിക്കലും അകന്നു പോകാത്ത വിധത്തില്‍ ഓര്‍മ്മകളിലൂടെയെങ്കിലും..
      നന്ദി ഷാജു അത്താണിക്കല്‍ ....വായനയ്ക്കും അഭിപ്രായത്തിനും.

      Delete
  6. പണ്ട് നാട്ടിൽ ആയിരിക്കുമ്പോൾ മഴത്ത് അതും കർക്കടകത്തിലെ മഴയത്ത് കിടന്നുറങ്ങാൻ നല്ല രസമായിരുന്നു. ഇപ്പോൾ ഇവിടെ അമേരിക്കയിലും മഴയുണ്ട് എന്നാൽ നമ്മുടെ നാട്ടിലെ മഴ അതിനു രസം ഒന്ന് വേറെയാണ്. ഒരിക്കൽ കൂടി ആ മഴ നനയുവാൻ കൊതിയാകുന്നു

    ReplyDelete
    Replies
    1. tomskonumadam ...നന്ദി..എന്റെ മഴയിലൂടെ കടന്നുപോയതിന്..!!!

      Delete
  7. ആ മഴക്കാലത്തിന്റെ സുഖം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ കഴിയട്ടേ..

    ReplyDelete
    Replies
    1. കഴിഞ്ഞ മൂന്നു നാല് ദിവസങ്ങള്‍ നാട്ടിലായിരുന്നു....അതുകൊണ്ട് മഴക്കാലത്തെ വരവേല്‍ക്കാന്‍ കഴിഞ്ഞു...
      നന്ദി Dr. Niyaz Mohammed
      വായനക്കും അഭിപ്രായത്തിനും...!!!

      Delete
  8. പുറത്ത് പെരുമഴ പെയ്യുമ്പോഴാണ് ഈ മഴയോര്‍മ്മകളും മനസ്സിലേക്ക് പെയ്തിറങ്ങിയത്.....

    ReplyDelete
    Replies
    1. വിസ്മൃതിയിലാണ്ട് പോകുന്ന പലതിനെയും ഇടയ്ക്കിടെ തിരിച്ചു കൊണ്ടുവരാന്‍ ആയിരിക്കും മഴകള്‍ ഇടയ്ക്കിടെ നമ്മെ പുണരാന്‍ എത്തുന്നത്..
      നന്ദി

      Delete
  9. ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾ...
    മരുഭൂമിയിലും പച്ചപ്പണിഞ്ഞു നിൽക്കുന്ന മലയാളി മനസ്സിലേക്ക് ഒരു കുളിർമഴയായി പെയ്തിറങ്ങിയ ചെറുലേഖനം!
    പഴയ ഓർമ്മകളെ കോർത്തുവെക്കാനുള്ള ഈ ശ്രമം ശ്ലാഘനീയം!

    ReplyDelete
    Replies
    1. നന്ദി ചീരാമുളക് .....
      മഴ നനയാന്‍ ഇതുവഴി വന്നതിനും...
      ആ നല്ല വാക്കുകള്‍ക്കും...

      Delete
  10. ഇത് വായിക്കാന്‍ കുറച്ചു വൈകി. മഴയെന്ന പ്രതിഭാസത്തെ സൂക്ഷ്മായും വൈകാരികമായും എഴുതി പ്രതിഫലിപ്പിച്ചു.

    "ഈര്‍പ്പം തീര്‍ത്ത വീടിന്റെ ഉമ്മറത്തെ സിമന്‍റ് തറയില്‍ കൊച്ചുവിരല്‍ കൊണ്ട് മൈക്കല്‍ ആഞ്ജലോയുടെയും പിക്കാസോയുടെയുമൊക്കെ ശിഷ്യരായി അക്ഷരങ്ങളും ചിത്രങ്ങളും കോറിയിടുന്നതിനിടയില്‍ വാശിയോടെ ആഞ്ഞടിക്കുന്ന മഴച്ചാറ്റല്‍ എല്ലാം മായ്ച്ചുകളയുന്നു "

    പഴയ വീടുകളില്‍, കാവിയിട്ട സിമന്റു തറകളില്‍ മാത്രം ദ്രിശ്യമാകുന്ന ഒരു സംഭവമാണിത്. ഇന്നത്തെ tiles തറകളില്‍ ഇത് കിട്ടുമോ എന്നറിയില്ല.

    ഭാവുകങ്ങള്‍.

    സസ്നേഹം,

    ReplyDelete
  11. നന്ദി ധ്വനി
    ഇതുവഴി വന്നതിന്
    കുട്ടിക്കാലത്ത് മഴ പെയ്യുമ്പോള്‍ കൂടുതല്‍ സമയവും ചെയ്യുന്ന ഒരു വിനോദമാണ് കാവിയിട്ട തറയില്‍ എഴുതുന്നത്..ഇതുപോലെ ലേഖനത്തില്‍ പറഞ്ഞിട്ടുള്ള മഴക്കാലവിനോദങ്ങളില്‍ മിക്കതും ഇന്നത്തെക്കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ സാഹചര്യം അനുവദിക്കുന്നില്ലല്ലോ.

    ReplyDelete
    Replies
    1. നന്ദി സ്വീകരിച്ചിരിക്കുന്നു നമ്പ്യാരെ...
      വീണ്ടും വരാം.

      Delete
  12. മധുരമുള്ള മഴ ഓര്‍മകള്‍ .... :)
    .
    .
    .
    .
    അസ്രൂസാശംസകള്‍

    ReplyDelete
    Replies
    1. നന്ദി അസ്രൂസ്‌ ഭായ്‌
      മഴ നനയാന്‍ കൂടെ വന്നതിനു

      Delete
  13. മഴ മഴ... മറക്കാതിരിക്കാന്‍ ഓര്‍മ്മകള്‍ കൊണ്ട് നനയ്ക്കുന്നു... നല്ല ഓര്‍മ്മകള്‍ ഷൈജു... ആശംസകള്‍

    ReplyDelete
    Replies
    1. മഴ തീരാറായപ്പോഴാണോ മഴ നനയാന്‍ വരുന്നത്...
      വന്നതിന് നന്ദി...

      Delete

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.