എന്നത്തേയും പോലെ ഒരു പകല്‍ കൂടി
എരിഞ്ഞടങ്ങുന്നു. പകലോന്‍ ദേഹം മുഴുവന്‍ കുങ്കുമ വര്‍ണ്ണം വാരിത്തേച്ച് സന്ധ്യാസ്നാനത്തിനുള്ള തയ്യാറെടുപ്പുകളിലാണ്. ദുര്‍ബലമായ രശ്മികള്‍ മരങ്ങളുടെ മറവിലൂടെ
ഒളിഞ്ഞും തെളിഞ്ഞും നോക്കിക്കൊണ്ടിരുന്ന അങ്ങനെയൊരു നേരത്താണ് ഞാന്‍ ആ പഴയ വായനശാലയിലേക്ക്
കയറിച്ചെന്നത്.
ചിത്രത്തിന് കടപ്പാട്: സുജേഷ് അടിയോടിക്കണ്ടി
വായനശാല എന്ന് പറയുന്നതിനെക്കാളും പഴയൊരു വായനശാലയുടെ സ്മരണകളുയര്‍ത്തുന്ന ഒരു അസ്ഥികൂടം എന്ന് പറയുന്നതായിരിക്കും ഉചിതം. വെളിച്ചമായാലും മഴയായാലും അധികമൊന്നും തടസ്സപ്പെടുത്താത്ത വിധത്തില്‍ മേല്‍ക്കൂര തകര്‍ന്നു കിടക്കുന്ന ഒറ്റമുറിയും ചെറിയൊരു വരാന്തയുമുള്ള പഴയ ഒരു കെട്ടിടം. തകര്‍ന്നു കാട് കയറിയ കാവുപോലെയായിരുന്നു അതിന്‍റെ അവസ്ഥ. ഏതെങ്കിലുമൊരു തലയിലേക്ക് തകര്‍ന്നുവീഴാന്‍ കാത്തിരിക്കുന്ന പോലെ തൂങ്ങിയാടുന്ന കഴുക്കോലുകള്‍ . ഇതൊക്കെയാണ് അവസ്ഥയെങ്കിലും മുടങ്ങാതെ ഇപ്പോഴും ‘ദേശാഭിമാനി’ പത്രം ആ കൊച്ചു വരാന്തയില്‍ കാണാം. പത്രക്കാരന്‍ ദിവസവും വലിച്ചെറിഞ്ഞു പോകുന്ന പത്രങ്ങള്‍ വരാന്തയില്‍ അവിടെയവിടെയായി മാറാലയും എലിക്കാട്ടവും പുരണ്ട് കിടപ്പുണ്ട്. പത്രങ്ങള്‍ ഓരോന്നായി പൊടിയും അഴുക്കും തട്ടി വൃത്തിയാക്കി അടുക്കിവെക്കുന്നതിനിടയില്‍ പുറത്തെ ശബ്ദം കേട്ടിട്ടായിരിക്കണം വാതിലിന്‍റെ ഇടയിലൂടെ ഒരു എലി വന്നു എത്തി നോക്കി. ചെറുമനെക്കണ്ട ജന്മിയുടെ ഭാവത്തോടെ കുറേ നേരം എന്‍റെ മുഖത്ത് തന്നെ നോക്കിയിട്ട് എലി ഓടിച്ചെന്ന് പൊട്ടിവീഴാറായ ഒരു കഴുക്കോലില്‍ കയറിയിരുന്നു. അവിടെയിരുന്നുതന്നെ പുച്ഛഭാവത്തില്‍ എന്നെ നോക്കി പല്ലിളിച്ചു കാണിക്കാന്‍ തുടങ്ങി. എലിയുടെ പെരുമാറ്റത്തില്‍നിന്നും ചാരിത്ര്യം കൈമോശം വരാതെ കഴിഞ്ഞ കുറേ ദിവസങ്ങളായി വരാന്തയില്‍ ചിതറിക്കിടക്കുകയായിരുന്ന ദേശാഭിമാനിയുടെ അവസ്ഥയില്‍ നിന്നും മനുഷ്യക്കുഞ്ഞുങ്ങളാരെങ്കിലും ഈ വഴി വന്നിട്ട് നാളുകളേറെയായി എന്ന് മനസ്സിലായി. ഇതൊന്നും വകവെക്കാതെ അന്നത്തെ പത്രമെടുത്ത് നിവര്‍ത്തി. തലയില്‍ എന്തോ വന്നു വീണതും മുകളിലേക്ക് നോക്കുന്നതിനു മുന്നേ കഴുക്കോലില്‍ ഒട്ടിക്കിടക്കുന്ന പല്ലിയുടെ ശബ്ദം കേട്ടു. കയ്യില്‍ പറ്റിയ പല്ലിത്തീട്ടം മേശയുടെ അടിയില്‍ ഉരച്ച് വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോഴും പല്ലിയുടെ കളിയാക്കി ചിരി തുടര്‍ന്നു കൊണ്ടിരുന്നു. അതിനോടൊപ്പം എലിയും കൂടിയതോടെ ഞാന്‍ അല്പം ദേഷ്യത്തോടെ ശബ്ദമുയര്‍ത്തി. പേടിച്ചരണ്ട എലി വീണ്ടും വാതിലിനുള്ളിലേക്ക് ഓടിക്കയറി. ഞാന്‍ വീണ്ടും പത്രവായന തുടര്‍ന്നു. എലി ഉള്ളില്‍ ചെന്ന് വിവരം പറഞ്ഞതിനാലായിരിക്കണം അതിക്രമിച്ചു കയറിയ അതിഥിയെക്കാണാന്‍ താമസക്കാരില്‍ ചിലര്‍ ഇടക്കിടക്ക് വാതിലിന്‍റെ വിടവില്‍ക്കൂടി വന്നെത്തിനോക്കുന്നുണ്ടായിരുന്നു. ഓരോരുത്തരും ഒരു വിചിത്ര ജീവിയെക്കാണുന്ന പോലെ എന്നെ തുറിച്ച് നോക്കി തിരിച്ചുപോയി.
ഇതിനിടയില്‍
പുറത്തേക്കു വന്നത് ഒരു പാമ്പായിരുന്നു. ദേഹം മുഴുവന്‍ കറുത്ത വരകളുള്ള അതിനെ
കണ്ടതും ഞാന്‍ ചാടിയെഴുന്നേറ്റു. എന്‍റെ പേടി കണ്ടതും തിരിച്ച് അകത്തേക്ക്തന്നെ തിരിച്ച് പോകണോ അതോ പുറത്തേക്കു പോകണോ എന്ന
സംശയത്തിലായി കക്ഷി. സ്വയരക്ഷയാണ് ഉദ്ധേശമെങ്കിലും വഴി ഒഴിഞ്ഞു കൊടുക്കാനെന്ന
ഭാവത്തില്‍ ഞാന്‍ മേശയുടെ മുകളിലേക്ക് കയറി നിന്നതും ഞാന്‍ ഈ നാട്ടുകാരനല്ലപ്പാ
എന്ന ഭാവത്തില്‍ ദേഹത്തെ വളയങ്ങളും പെറുക്കിയെടുത്ത് അവന്‍ ഇഴഞ്ഞിഴഞ്ഞ്
കുറ്റിച്ചെടികള്‍ക്കിടയിലേക്ക് മറഞ്ഞു. പിന്നെയും പലരും ഇടക്കിടക്ക്
വന്നുപോകുന്നുണ്ടായിരുന്നു. എന്‍റെ സാന്നിധ്യം എല്ലാവരെയും
അലോസരപ്പെടുത്തുന്നുണ്ടെന്നു തോന്നുന്നു. ചിലരെങ്കിലും ഉള്ളില്‍ ചെന്ന് അത്
മറ്റുള്ളവരുമായി പങ്കുവെക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കപ്പുറം
വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും ആരവങ്ങളൊഴിയാതിരുന്ന ആ വായനശാലയില്‍നിന്ന് ഇന്നുയരുന്നത്
മറ്റൊരുതരം ശബ്ദകോലാഹലങ്ങളായിരുന്നു. ആരെയും ശല്യപ്പെടുത്താത്ത തങ്ങളെയും ആരും
ശല്യപ്പെടുത്തരുതെന്നു ആഗ്രഹിക്കുന്ന ഒരു സാമ്രാജ്യത്തിന്‍റെ പ്രതിഷേധകോലാഹലങ്ങള്‍ .
അര്‍ക്കന്‍ പടിഞ്ഞാറ് മുങ്ങാംകുഴിയിട്ടുപോയ തക്കം
നോക്കി ഇരുട്ട് തന്‍റെ ബലിഷ്ഠമായ കരങ്ങള്‍ക്കൊണ്ട് ഭൂമിയെ കരിമ്പടം പുതപ്പിക്കാന്‍ തുടങ്ങി.
ഇരുള്‍ പരക്കുംതോറും അകത്തുനിന്നുള്ള അടക്കം പറച്ചിലിന് ശക്തി
കൂടിവരുന്നുണ്ടായിരുന്നു. ഒന്നും മനസ്സിലാവുന്നില്ലെങ്കിലും കണ്ണടച്ച് കാതുകൂര്‍പ്പിച്ചു
നിന്നു. ഇടക്കെപ്പോഴോ നേര്‍ത്ത മനുഷ്യശബ്ദം. അതെ മനുഷ്യന്‍റെ ശബ്ദം തന്നെ. രണ്ടോ അതിലധികമോ
പേരുണ്ടെന്നു തോന്നുന്ന സംഭാഷണങ്ങള്‍ അവ്യക്തമെങ്കിലും ഇടക്കൊക്കെ ചില
അട്ടഹാസങ്ങളും നെടുവീര്‍പ്പുകളും ഉയര്‍ന്ന് കേള്‍ക്കാം. ഉള്ളില്‍ പതുങ്ങിയിരുന്നു സംസാരിക്കുന്നത്
ആരാണെന്നറിയാനുള്ള ആകാംഷയില്‍ കുരുത്തംകെട്ട മനസ്സിനെ അടക്കിനിര്‍ത്താന്‍ കഴിയാതെ ഞാന്‍ വരാന്തയുടെ അരമതില്‍
കവച്ചുവെച്ച് ശബ്ദമുണ്ടാക്കാതെ വലതുവശത്തെ ജനാലയ്ക്കരികിലെക്ക് ചെന്നു.
കുറ്റിച്ചെടികള്‍ നിറഞ്ഞ മുറ്റത്തുനിന്നും ആരൊക്കെയോ ചിതറിയോടുന്നുണ്ടായിരുന്നു. ശ്വാസമാടക്കിപ്പിടിച്ച്
ജനലിന്‍റെ വിടവിലൂടെ ഉള്ളില്‍ നടക്കുന്നതെന്തെന്നറിയാന്‍ ശ്രമിക്കുന്ന എന്‍റെ
ധൈര്യത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു കടവാതില്‍ പറന്നുവന്ന് തലയ്ക്കു ചുറ്റും
ഒന്നുരണ്ടു തവണ വലംവെച്ച് മുകളിലെ കഴുക്കോലില്‍ ശീര്‍ഷാസനത്തില്‍ തൂങ്ങിക്കിടന്നു.
ജനല്‍പ്പാളിക്കിടയിലൂടെ രണ്ടു കണ്ണുകളെയും സൂക്ഷ്മപരിശോധനയ്ക്കായി പറഞ്ഞുവിട്ട്
വിശദമായ റിപ്പോര്‍ട്ട് കാത്തിരിക്കുന്ന എനിക്ക് മുന്നില്‍ എന്നെത്തന്നെ
തുറിച്ചുനോക്കുന്ന ആറു കണ്ണുകള്‍ തെളിഞ്ഞുവന്നു. ആറിന് പിറകില്‍ ആറായിരം കണ്ണുകള്‍
പല പല തട്ടുകളില്‍നിന്നും തുറിച്ചുനോക്കുന്നു.
ജനല്‍പ്പാളി അമര്‍ത്തിയടച്ച് വരാന്തയിലേക്ക് തിരികെവന്നു. ഇനിയും അവിടെത്തന്നെ
നില്‍ക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. തിരികെയോടാന്‍ മനസ്സ്
ആഗ്രഹിച്ചെങ്കിലും ആഗ്രഹത്തിനൊപ്പം അനുസരണ കാണിക്കാന്‍ കൈകാലുകള്‍ തയ്യാറായില്ല.
ഉള്ളില്‍ നിന്നുള്ള സംഭാഷണങ്ങള്‍ ഉച്ചത്തിലായി
മാറി.
“കൊണ്ടോവ്വാനാ
പറഞ്ഞത്! ഇങ്ങനെ ഒരു കൂട്ടര്‍ ഇപ്പോരയിലുള്ളത് കൊറച്ച് ദിവസായിട്ട് പുടീല്ലായിനോ?
ഇപ്പം ഒരു സ്നേഹം ഒലിക്കിണ്!..
ഫോ, കൊണ്ട് പോ! ഞമ്മള് കാക്കും കവരേം ചെയ്യ്‌ണ
കൂട്ടരല്ല ?...
എന്താ ......മുണ്ട്ണ സാധനം വീണു പോയോ ?
അണ്ണാക്കില്ലേ?..” 1
“എടോ മുതുക്കാന്‍ നായരേ...
നീ എന്നോട് കളിക്കരുത് ....നിന്റെ മൂക്ക് ചെത്തി
ഞാന്‍ ഉപ്പിലിടും.
ഹെടാ...പളുന്കൂസാ ! കഴുതത്തലയാ ! ............
പേടിച്ചു തൂറി! യുദ്ധക്കൊതിയന്‍ ! ...കഴുതത്തോലന്‍
, ഓടെടാ അളുമ്പൂസു പെണ്ണിന്‍റെ മൂടുതൂങ്ങി മൂരാച്ചി!” 2
“നായിന്റെ മോനെ, നിന്‍റെയൊരു ഖ-ഖമ്മ്യൂണിസം” 3
മേല്‍ക്കൂരയില്‍ നിന്നും പൊട്ടി വീണുകിടന്നിരുന്ന
കഴുക്കോലിന്‍റെ കഷണമായിരുന്നു കയ്യില്‍ കിട്ടിയത്..,. വാതിലില്‍ ശക്തി
പ്രയോഗിക്കേണ്ടി വന്നില്ല. അത് എനിക്ക് മുന്നില്‍ പൊളിഞ്ഞടര്‍ന്നു വീണു. തികട്ടിവന്ന
ദേഷ്യത്തിന്‍റെ ആക്കത്തില്‍ അലറിവിളിച്ചുകൊണ്ട് ഉള്ളിലേക്ക് കയറി.
തലയ്ക്കായിരുന്നു പ്രതീക്ഷിക്കാത്ത ആദ്യത്തെ അടി
കിട്ടിയത്. കുനിഞ്ഞു തറയില്‍ ഇരുന്നുപോയി. തന്‍റെ തലയിലടിച്ച് തറയില്‍ വീണ
പുസ്തകത്തെ കയ്യിലേക്കെടുത്തോന്നു നോക്കി.
മങ്ങിയ വെളിച്ചത്തിലും ഞാന്‍ കണ്ടു ചിതലുകളും എലികളും ചിത്രപ്പണികള്‍ നടത്തി
ഒട്ടുമുക്കാലും തീരാറായ വിലാസിനിയുടെ ‘അവകാശികള്‍ ’.
ഇരുട്ടില്‍ തിളങ്ങുന്ന അനേകായിരം കണ്ണുകള്‍ ഇരയെക്കിട്ടിയ ആഹ്ലാദത്തില്‍ ആക്രോശിക്കുന്നുണ്ടായിരുന്നു.
തടയാന്‍ കയ്യുയര്‍ത്തുന്നതിനു മുന്‍പേ മുഖമടച്ച്
അടുത്ത പുസ്തകം വന്നു വീണു. അടുക്കിവെച്ച ഇരുമ്പ് റാക്കുകളില്‍ നിന്നും തുടരെ
തുടരെ പുസ്തകങ്ങള്‍ തലയിലും ശരീരത്തിലുമായി വന്നു വീഴാന്‍ തുടങ്ങി. തലയടിച്ച് തറയിലേക്ക്
വീണുപോയ എന്‍റെ മുകളിലേക്ക് പുസ്തകങ്ങള്‍ കുമിഞ്ഞുകൂടി ഒരു കുന്നായി മാറി. പുസ്തകങ്ങള്‍ക്ക്
ശക്തിയേകിക്കൊണ്ട് മരത്തിന്റെ അലമാരയും അതിനും മീതെയായി മേല്‍ക്കൂരയില്‍ നിന്നും
പൊട്ടിയടര്‍ന്ന്‍ ഓടുകളും കഴുക്കോലുകളും വന്നു വീണുകൊണ്ടിരുന്നു.
1-സുല്‍ത്താന്‍വീട്
2-സ്ഥലത്തെ പ്രധാന പയ്യന്‍
3-പരലോകം
ഈ മഷിയില്‍ വായിച്ചിരുന്നു .കാലഹരണപ്പെട്ടു പോകുന്ന മൂല്യങ്ങള്‍ .
ReplyDeleteനന്ദി അനീഷ്
Deleteവായനയ്ക്കും അഭിപ്രായത്തിനും
വായനശാലയുടെ പാശചാത്തലത്തില്‍ നല്ലൊരു കഥ—ആശംസകള്‍--
ReplyDeleteനന്ദി ചേച്ചി
Deleteവായനയ്ക്കും അഭിപ്രായത്തിനും
ഞാൻ ഇത് വായിച്ചിരുന്നു
ReplyDeleteനന്നായി പറഞ്ഞു, ഇങ്ങനെ ചിതലരിച്ച എത്രയോ ചരിത്രങ്ങൾ
നന്ദി ഷാജു
Deleteവായനയ്ക്കും അഭിപ്രായത്തിനും
ഉപേക്ഷിക്കപ്പെട്ട വായനശാലകളില്‍ കാടും പടലും പിടിച്ച് ആരോരും തിരിഞ്ഞുനോക്കാത്ത ഒരു സംസ്കാരത്തിനുമേല്‍ ക്ഷുദ്രജീവികള്‍ രാപ്പാര്‍ക്കുന്നു.അവിടെ അനാഥമായിപ്പോവുന്ന പുസ്തകങ്ങള്‍ക്ക് നമ്മോട് കടുത്ത പകയുണ്ടാവും.....
ReplyDeleteനന്ദി മാഷേ.
Deleteനിന്റെയൊരു ഖ-ഖമ്മൂണിസം !! :)
ReplyDeleteകൊള്ളാം . ആശംസകള്‍ .
നന്ദി Ahamed Shibili
Deleteവായനക്കും അഭിപ്രായത്തിനും
വായനശാലയിലേയ്ക്ക് വളരെ വ്യത്യസ്തമായ ഒരു യാത്ര.
ReplyDeleteവളരെ നന്നായിട്ടുണ്ട് കഥ
എത്രയെത്ര ജനനിബിഢമായ രംഗങ്ങളാടിയ സ്ഥലങ്ങള്‍ ഇന്ന് എലിയും കുറുക്കനും ഇഴജന്തുക്കളും വിഹരിക്കുന്ന പ്രദേശമായിരിയ്ക്കുന്നു. ചില മനുജമനം പോലെ തന്നെ
നന്ദി അജിത്തേട്ടാ...
Deleteഇത്തരം പരിതാപകരമായ അവസ്ഥയില്‍ ചില സ്ഥലങ്ങളില്‍ എങ്കിലും കാണേണ്ടിവന്നിട്ടുണ്ട്.
ഞാന്‍ ഒരു ഒരുപാട് പ്രാവിശ്യം വായിച്ചു ....ഇ മഷിക്ക് വേണ്ടി !
ReplyDeleteചിത്രവും വരച്ചു..............!! :)
കൊള്ളാട്ടോ .....നന്നായിട്ടുണ്ട്
അസ്രൂസാശംസകള്‍
നന്ദി അസ്രൂസ് ഭായ്
Deleteവായനക്കും അഭിപ്രായത്തിനും
ഗ്രാമീണവായനശാലകൾ കാലത്തിന്റെ വിസ്മൃതിയിലേക്ക് മറയുമ്പോൾ വഴിമാറുന്നത് ഒരു സംസ്കാരമാണ്...
ReplyDeleteനന്ദി വിനുവേട്ടാ...
Deleteഇതുവഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.
ഒരു നാള്‍ ഉണ്ടായിരുന്നു... പ്രത്യയശാസ്ത്രതിരുത്തലുകള്‍ക്ക് വേദിയായി മൂകമായി നിന്നിരുന്ന വായനശാലകളും അതിനു നിദാനമായ പുസ്തകങ്ങളും.... ഇനി ഒരു നാള്‍ വരും അക്ഷരങ്ങള്‍ കൂട്ടമായ പുസ്തകങ്ങള്‍ നമ്മെ ആക്രമിക്കുന്ന ഒരു നാള്‍ .. അവഗണനയുടെ പുറംതിരിച്ചിലുകളില്‍ ആക്രമണോല്‍സുകരാകുന്ന പുസ്തകങ്ങള്‍ ..! അത്തരം ഒരു നാളിനെ ഭാവനയില്‍ കണ്ടു കഥയില്‍ സന്നിവേശിപ്പിച്ച കഥാകാരാ ഭാവുകങ്ങള്‍ ...!
ReplyDeleteനന്ദി അംജത്
Deleteഈ നല്ല വാക്കുകള്‍ക്ക്
നമുക്ക് പരിചയമുള്ള പലര്‍ അനിവാര്യമല്ലാത്ത എന്നാല്‍ ആശങ്കപ്പെടുത്തുന്ന മരണത്തിലേക്ക് -അത് നന്നായി അവതരിപ്പിക്കാന്‍ ഷൈജു വിനു കഴിഞ്ഞു - ആകെ മൊത്തം 3 പ്രാവശ്യം വായിച്ചു :)
ReplyDeleteനന്ദി ആര്‍ഷ
Deleteവീണ്ടും വായിച്ചതിന്
(ഇനിയും വായിച്ചാലും എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലാട്ടോ...)
Please try to use 'AnjaliOldLipi' font.
ReplyDeleteസാബുവേട്ടാ...
ReplyDeleteമലയാളം ഫോണ്ട് മാറ്റുന്നതിനുള്ള ഓപ്ഷന്‍ കാണാത്തത്കൊണ്ട് അതില്‍ കൂടുതല്‍ കളിക്കാന്‍ നിന്നിട്ടില്ല...അഞ്ജലിയിലേക്ക് മാറ്റാന്‍ ശ്രമിക്കാം.
വായിച്ചു. ഇഷ്ടപ്പെട്ടു. പുസ്തകങ്ങളിലെ സംഭാഷണം ആസ്വാദകനെ വേട്ടയാടുന്നത് നല്ല ഒരു സങ്കൽപ്പം ആണ്
ReplyDeleteനന്ദി നിധീഷ് വര്‍മ്മ..
Deleteവായനക്കും അഭിപ്രായത്തിനും
മരിക്കാത്ത വാക്കുകളിലൂടെ നമ്മോട് സംസാരിക്കുന്നത് കാലഹരണപ്പെട്ട ഭാഷയും സംസ്ക്കാരവുമൊക്കെയാണ്.. പൊട്ടിപൊളിഞ്ഞ വായനശാലയും, ചിതലരിച്ച പുസ്തകങ്ങളും എഴുത്തിനെ മികച്ചു നിർത്തി .. ആശംസ്സകൾ
ReplyDeleteനന്ദി വൈശാഖ് മുരളീധരന്‍
ReplyDeleteവായനക്കും നല്ല വാക്കുകള്‍ക്കും.
പൊട്ടിവീഴാറായ
ReplyDeleteചിതറികിടക്കുകയായിരുന്ന
പ്രതിഷേധ കോലാഹലങ്ങള്‍
................. ഇത്രയുമല്ലാ, ഇനിയുമുണ്ട്. ഇ-മഷിയില്‍ നോക്കി തിരുത്തുമല്ലോ.
___
സൂക്ഷ്മമായ വായന ആവശ്യപ്പെടുന്ന രചന. അച്ചടി വായനയില്‍' നിന്നും 'ഇ-വായനയില്‍' എത്തി നില്‍ക്കവേ ഇങ്ങനൊരു ചിന്ത/ആശയം കടന്നു വന്നതില്‍ അതിശയിക്കാനില്ല. എന്നാല്‍ കാലമിനിയും ഉരുളുമ്പോള്‍ ഗൂഗിളമ്മച്ചിയുടെ സെര്‍വര്‍ റൂമുകളില്‍ മരിച്ചു മണ്ണടിഞ്ഞു പോയ ബ്ലോഗ് പോസ്റ്റുകളെ കുറിച്ചും ഒരു കഥ എഴുതേണ്ടി വന്നേക്കാം (എവിടെ എഴുതും എന്ന് ചോദിക്കരുത്)... കാരണം ഇവിടെ മരിക്കുന്നത് 'വായനയാണ്'.
വേറിട്ട വീഥിയിലെ വേറിട്ട രചന.. വേരുള്ള രചന. :)
സംഗീത് പറഞ്ഞവ തിരുത്തിയിട്ടുണ്ട്. വളരെ സൂക്ഷ്മമായി പരിശോധിച്ചിട്ടും കൂടുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സൂചിപ്പിച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ അതും കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല.
Deleteനന്ദി സംഗീത്
അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനും കഥയെ ആസ്വദിച്ചതിനും
വേറിട്ട വീഥിയിലെ 'അസ്തമയം'നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി ...!
ReplyDeleteനന്ദി കുഞ്ഞൂസ് ഈ വഴി വന്നതിന്
Deleteനമ്പ്യാരേ; വായനശാല, വായന ഇവയൊക്കെ ജീര്‍ണ്ണിച്ചുവെന്നൊരു തോന്നല്‍ നമുക്കുണ്ടെങ്കിലും അത് ശരിയാണെന്ന് തോന്നുന്നില്ല...കൂത്തുപറമ്പ് മുതല്‍ കണ്ണൂര്‍ വരെയുള്ള യാത്രയില്‍ സ്കൂളുകളെക്കാള്‍ വായന ശാലകളാണ് കാണുന്നത്.എഴുത്തില്‍ ദേശാഭിമാനിയും കമ്യുണിസവും കൂടാതെ നാടുമൊക്കെ കടന്നു വരുമ്പോള്‍ താങ്കളുടെ ക്യാന്‍വാസ് ഏറെക്കുറെ ഈ പ്രദേശം ആണെന്നു തോന്നിയതുകൊണ്ട് പറഞ്ഞതാണ്...വായനയും വായനശാലയും ഒരിക്കലും മരിക്കാന്‍ പോകുന്നില്ല കാരണം ഇവ രണ്ടും കേവലം പുസ്തകവിതരണ ശാലകള്‍ എന്നതില്‍ കൂടുതല്‍ ജനങ്ങള്‍ ഒത്തു ചേരുന്ന സ്ഥലങ്ങളായി മാറിയിരിക്കുന്നു...മാറ്റങ്ങള്‍ വന്നേക്കാം പുസ്തകങ്ങള്‍ മാറി ഇ-വായന വന്നേക്കാം...പഴയ ഓര്‍മ്മകളുമായി പഴയ വായനശാലയിലേക്ക് കടന്നു ചെല്ലുമ്പോള്‍ കാണുന്ന കാഴ്ചകള്‍ ഒരു കഥ എന്ന നിലയില്‍ താങ്കള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.എങ്കിലും വായനയും വായനശാലയും എലിയും പാമ്പും കേറി നശിക്കുന്നുഎന്ന ചിന്തയോടു യോജിക്കുന്നില്ല..കാരണം വായന നടക്കുന്നു എന്നതിന് തെളിവാണ് ഈ അഭിപ്രായങ്ങള്‍. വായിക്കാന്‍ സ്ഥലവും പുസ്തകങ്ങളും ഉണ്ട് എന്നതിന് തെളിവാണ് ഇതുപോലുള്ള ഇ-മുറികളും,താങ്കളെ പോലുള്ള എഴുത്തുകാരും.
ReplyDeleteതുളസീ....കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വായനശാലകളുള്ള ഒരു പഞ്ചായത്തായ മയ്യിലിന്റെ പരിധിയില്‍ പെട്ട വ്യക്തിയാണ് ഞാന്‍..,. അതുപോലെ തന്നെ സംസ്ഥാനതലത്തില്‍ തന്നെ നിരവധി അവാര്ഡു്കള്‍ വാങ്ങുന്ന ഒരു വായനശാലയുടെ സജീവപ്രവര്ത്തനകന്കൂ ടിയായിരുന്നു. ഇപ്പോള്‍ ഞാന്‍ നാട്ടില്‍ സജീവമല്ലെങ്കിലും ആ വായനശാല സജീവം തന്നെയാണ്. പക്ഷെ ഇതില്‍ നിന്നും വ്യത്യസ്തമായിട്ട് വര്ഷജങ്ങളായി നിര്ജീാവമായിക്കിടക്കുന്ന ഒട്ടനവധി വായനശാലകള്‍ എനിക്ക് അറിയാം. വര്ഷജങ്ങളായി ഷെല്ഫുുകളില്‍ പൊടിപിടിച്ചുകിടക്കുന്ന പുസ്തകങ്ങള്‍ ഉള്ള വായനശാലകള്‍ . ആരും വായിക്കാന്‍ എടുക്കാതെ മാറാലകള്ക്കി ടയില്‍ വീര്പ്പു മുട്ടുന്ന പുസ്തകങ്ങളെക്കുറിച്ച്, ഭാവിയില്‍ ഇങ്ങനെ ഒരു അവസ്ഥ അവയ്ക്ക് ഉണ്ടാകാം എന്ന ചിന്തയില്‍ എഴുതിയതാണ് ഈ കഥ.
Deleteവായന മരിക്കില്ല എന്ന് പറയുന്നുണ്ടെങ്കിലും വായന ഗ്രന്ഥശാലകളില്നിഎന്നും ഇ-വായനകളിലെക്ക് പറിച്ച്നടപ്പെട്ടിരിക്കുന്നു. പല എഴുത്തുകാരുടെയും നല്ല നോവലുകളും കഥകളും പുസ്തകങ്ങളില്‍ വായിക്കുന്നവരേക്കാള്‍ കൂടുതല്‍ അതിന്റെ PDF രൂപത്തില്‍ വായിക്കുന്നവരായിരിക്കും കൂടുതല്‍ . ഒരു വായനശാലയില്‍ ചെന്ന് പതിനായിരക്കണക്കിന് പുസ്തകങ്ങള്ക്കി ടയില്‍ ആവശ്യമുള്ളത് തിരഞ്ഞുപിടിച്ച് വായിക്കുന്നതിനേക്കാള്‍ എളുപ്പവും എവിടെയും ലഭ്യവും എന്നത് pdfവായനയെ കൂടുതല്‍ ആള്ക്കാുര്‍ ഇഷ്ടപ്പെടുന്നു. അങ്ങനെയൊരു കാലഘട്ടത്തില്‍ വായനശാലകള്‍ മരിക്കില്ല എന്ന് ഉറപ്പ് പറയാന്‍ കഴിയുമോ..
ഗ്രാമീണ വായനശാലകള്‍ പലതും നല്ല സ്മരണകളുടെ അസ്ഥികൂടങ്ങള്‍ ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു കഥ ,കഥപോലെ ആ ചിത്രവും വളരെ ഇഷ്ടമായി .
ReplyDeleteനന്ദി മിനി പി.സി.
Deleteഇതുവഴി വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.
ചിത്രം ഈ കഥയ്ക്ക് വേണ്ടി ഒരു സുഹൃത്തിനെക്കൊണ്ട് വരപ്പിച്ചതാണ്..
Priya Suhruthe kure nerathekku njaanum aa vaayana shaalakkullil thaankalude koode irunnathu pole thonni...
ReplyDeletepampu vannu poyathu vare ulla sangathi manassilaayi.. athukazhinju enthaanu nadannathu ennu sharikkum manassilaayilla???
enthinaanu aa adi ... valla asanmaargika pravarthakarum aano akathu?
സന്തോഷ് നായര്‍
Deleteകഥയുടെ ബാക്കി ഭാഗം മനസ്സിലായില്ല എങ്കില്‍ മുകളിലെ ചില കമന്റുകള്‍ ശ്രദ്ധിച്ച് വായിച്ചാല്‍ കാര്യം കുറച്ചുകൂടി വ്യക്തമാകും. പ്രദീപ്കുമാര്‍, അംജത് ,തുളസി എന്നിവരുടെ കമന്റുകളില്‍കൂടി ഒന്ന് കടന്നുപോകാന്‍ അപേക്ഷിക്കുന്നു.
വന്നതിനും വായിച്ചതിനും നന്ദി.
ഇ-മഷിയില്‍ വായിച്ചിരുന്നു. അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു.
ReplyDeleteനന്ദി ശ്രീജിത്ത്
Deleteഇതുവഴി വന്നതിനു.
കഥ കൊള്ളാം ഷൈജു
ReplyDeleteനന്ദി രഘുനാഥന്‍..
Deleteഇതുവഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.
നല്ല കഥ, നല്ല അവതരണം.. കൊള്ളാം മാഷെ.. :)
Deleteനന്ദി ഫിറോസ് ഇതുവഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും
DeleteThis comment has been removed by the author.
ReplyDeleteshyju...vayichu...oru request und. aa fondinte valippam alppam koottamo....?
ReplyDeletevaayikkan buddhimuttu thonnunnund.(prayam sshiyaye....kannum thiriya......)
നന്ദി ജന്മസുകൃതം.......
Deleteഇത് വഴി വന്നതിന്..
ഇനിയും ഫോണ്ട് വലുതാക്കിയാല്‍ മൊത്തത്തിലുള്ള പേജിന്റെ രൂപത്തെ ബാധിക്കും...
വായിക്കാന്‍ സൌകര്യമുള്ള ഫോണ്ടിലേക്ക് മാറ്റാന്‍ ശ്രമിക്കാം..
ഇനിയും വരിക ഈ വീഥിയിലൂടെ
നല്ല കഥ , ആശംസകൾ ...
ReplyDeleteവീണ്ടും വരാം ... സസ്നേഹം,
ആഷിക്ക് തിരൂർ
വൈകിയെങ്കിലും ഇതുവഴി വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി ആഷിക്ക്
ReplyDeleteപുതിയത് ഒന്നും ഇല്ലേ മച്ചമ്പി
ReplyDeleteവായന മരിക്കുന്നു എന്ന് പറയുന്നത് ഇത്തരം വായനശാലകള്‍ കാണുമ്പോള്‍ അര്‍ത്ഥവത്തായി തോന്നുന്നു അല്ലെ.
ReplyDeleteExcellent concept ... e mashiyil annu vaayichirunnu ..ippozhaanu comment cheyyaan otthath
ReplyDeleteനല്ല എഴുത്ത്....ബ്ലോഗിന്‍റെ പേരിനു ചേര്‍ന്ന അവതരണം...
ReplyDelete