Saturday, 22 February 2014

പ്രണയം പെയ്ത വഴിയില്‍ ...

ഇന്ന് ഫെബ്രുവരി 14. 

പതിവിലും നേരത്തെ എഴുന്നേറ്റ്‌ തയ്യാറായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ എന്നുമില്ലാത്ത ഒരു ധൃതി ആയിരുന്നു. കാരണം മറ്റൊന്നുമല്ല അയാളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ദിവസം ഏറെ പ്രാധാന്യമുള്ളതാണ്. ഇന്നാണ് ആ ദിനം. കുറെ നാളുകളായി മനസ്സില്‍ കൊണ്ട്നടക്കുന്ന ഒരു പ്രണയം സഫലീകരിക്കപ്പെടുന്ന ദിനം. അയാള്‍ക്ക് വേണ്ടി ഇന്നവള്‍ പറഞ്ഞുറപ്പിച്ചസ്ഥലത്ത് കാത്തിരിക്കുന്നുണ്ടാകും. തന്നെയും തേടി എന്നെങ്കിലും അവള്‍ വരും എന്ന് പ്രതീക്ഷിച്ച് കാത്തിരിക്കുന്നതിലെ മുഷിവ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ അയാളെ പ്രേരിപ്പിക്കുകയായിരുന്നു. അവളെ ഒന്ന് കാണാനും സംസാരിക്കാനും വേണ്ടി മുന്‍പ്‌ നടത്തിയ എല്ലാ ശ്രമങ്ങളിലും മറ്റുചിലരുടെ ഇടപെടലുകളില്‍ നിഷ്പ്രഭാമാവുകയാണുണ്ടായത്. വിധിയുടെ ഇത്തരം വൃത്തികെട്ട കളികളില്‍ കീഴടങ്ങാന്‍ എന്തുകൊണ്ടോ മനസ്സ്‌ അനുവദിച്ചില്ല. അതുകൊണ്ട് തന്നെ ഇത്തവണ കാര്യങ്ങള്‍ വളരെ കൃത്യവും രഹസ്യവുമാവണമെന്നു നിര്‍ബന്ധമായിരുന്നു . 

മെഡിക്കല്‍ കോളേജിലെ ഡോക്ടറുടെ മുറിയില്‍നിന്ന് ശൂന്യമായ മനസ്സുമായി ഇറങ്ങിനടക്കുമ്പോള്‍ തന്റെ ഞരമ്പുകളിലൂടെ ഒഴുകുന്ന രക്തത്തില്‍ കയറിക്കൂടിയ വിഷബീജങ്ങള്‍ വളര്‍ന്ന് പുഴുക്കളായി നുരക്കുകയാണ് എന്ന ചിന്ത അയാളെ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥനാക്കിമാറ്റി. വഴിയറിയാതെയലയുന്ന കൂരിരുട്ടിലെപ്പോഴോ കാടുകയറാന്‍ തുടങ്ങിയ ചിന്തകളില്‍ ആശ്വാസത്തിന്‍റെ ഒരുതിരിനാളമായ്‌ അവള്‍ കടന്നുവരികയായിരുന്നു. ഇതുവരെ കാണാത്ത കാമുകിയെ തേടി വീടും നാടും ഉപേക്ഷിച്ച് പോരുമ്പോള്‍ അയാളില്‍ പ്രതീക്ഷകള്‍ ഇത്തിരിങ്കിലും അവശേഷിച്ചിരുന്നു. 

റെയില്‍വേ സ്റ്റേഷന്റെ അടുത്ത് ബസ്‌ ഇറങ്ങി സ്റെഷനിലെക്ക് നടക്കുമ്പോള്‍ ചിന്തകള്ക്ക് ‌ വീണ്ടും കനം വെച്ചുതുടങ്ങി. വെറുപ്പും പരിഹാസവും നിറഞ്ഞ പരിചിതമുഖങ്ങള്‍ മനസ്സിലൂടെ മിന്നി മറയുമ്പോള്‍ അതിനിടയില്‍ ഒരല്പം കരുണയുള്ള മുഖത്തിനു വേണ്ടി തിരയുന്നുണ്ടായിരുന്നു മനസ്സ്‌. .,. പേശികള്‍ വലിഞ്ഞുമുറുകുകയും ഹൃദയമിടിപ്പ്‌ കൂടാനും തുടങ്ങിയപ്പോള്‍ മനസ്സില്‍ കൂട്കൂട്ടാന്‍ ഒരുങ്ങുന്ന ചിന്തകളെ ആട്ടിപ്പായിച്ച് വെപ്രാളത്തോടെ സ്റ്റേഷനിലെക്ക് വലിഞ്ഞു നടന്നു. നീണ്ടുകിടക്കുന്ന ട്രാക്കിന്റെ ഒരു വശത്ത്നിന്ന് ട്രെയിന്‍ അലറിവിളിച്ച് വരുന്നത് കാണാന്‍ തുടങ്ങിയതോടെ പ്ലാറ്റ്ഫോമില്‍ നിന്ന് താഴെയിറങ്ങി അതിനെ ലക്ഷ്യമാക്കി നടന്നു. തനിക്ക്‌ നേരെ ആവേശത്തോടെ ഓടിയടുക്കുന്ന കാമുകിയെ മാറോടു ചേര്‍ത്ത്‌ പിടിക്കാന്‍ മുന്നോട്ട് കുതിക്കുന്നതിനിടയില്‍ പിന്നില്‍ നിന്നും ഉയരുന്ന ബഹളങ്ങളോ ഓടിയടുക്കുന്ന ആളുകളെയോ അയാള്‍ അറിയുന്നുണ്ടായിരുന്നില്ല.


മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.