Saturday, 14 April 2012

ഒരു വിഷുക്കാല ഓര്‍മ്മകള്‍



ഓര്‍മ്മകള്‍ ....എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്ന പോയകാലവസന്തത്തിന്റെ മനസ്സ് നിറക്കുന്ന അനുഭൂതിയാണ്..അവ പലതും ആഘോഷങ്ങളുടെതായിരിക്കും....നന്മയുടെ, ഐശ്വര്യത്തിന്റെ, സമൃദ്ധിയുടെതായിരിക്കും...

പൂത്തുലഞ്ഞു നില്‍ക്കുന്ന കണിക്കൊന്നയെക്കാളും തിമിര്‍ത്തു പെയ്യുന്ന മഴക്കാല സന്ധ്യയെക്കാളും സൗന്ദര്യമുള്ള സ്മൃതികളാണ് ഓരോ വിഷുക്കാലവും സമ്മാനിക്കുന്നത്.

ആഘോഷങ്ങള്‍ , ഉത്സവങ്ങള്‍ , അവയൊക്കെ കുട്ടിക്കാലത്തിന് മാത്രം സ്വന്തമായിട്ടുള്ളതാണ്. ആ നല്ല കാലത്തെ ആഘോഷങ്ങളുടെ തിളക്കം മറ്റൊരിക്കലും ലഭിക്കില്ലല്ലോ.


കുട്ടിക്കാലത്തെ വിഷുവിന്റെ ഏറ്റവും വലിയ ആകര്‍ഷണം പടക്കം പൊട്ടിക്കല്‍ തന്നെയായിരുന്നു..വടക്കന്‍ കേരളത്തിനു മാത്രമുള്ള ഒരു പ്രത്യേകതയുമാണ് അത്. എല്ലാവരും ദീപവലിക്ക് പടക്കം പൊട്ടിക്കുമ്പോള്‍ നമ്മള്‍ക്ക് അത് വിഷുവിനാണ്. വിഷുവിന്റെ മൂന്നോ നാലോ ദിവസം മുന്നേ അച്ഛന്‍ വാങ്ങിക്കൊണ്ടു വെക്കുന്ന പടക്കങ്ങള്‍ അടുക്കിക്കെട്ടിയും തൊട്ടും തലോടിയും പിന്നെ വെയിലത്ത്‌ ഉണക്കിയും കൂടെ വെയിലത്ത്‌ സ്വയം ഉണങ്ങിയും വിഷുദിനം വരെയുള്ള കാത്തിരുപ്പ്. ആ കാത്തിരിപ്പിനും ഒരു സുഖമുണ്ടായിരുന്നു. ആഘോഷങ്ങള്‍ ആരംഭിക്കാന്‍ പോകുന്നേ ഉള്ളു എന്ന ഒരു സുഖം.

പച്ചക്കെട്ട്, കുരുവി, ലക്ഷ്മി തുടങ്ങി പൂത്തിരി, കമ്പിത്തിരി, നിലച്ചക്ക്രം, പൊട്ടാസ് വരെയുള്ള ഇനങ്ങളുണ്ടാവുമായിരുന്നു കൊണ്ട് വരുന്നവയില്‍ . പാക്കറ്റില്‍ പതിച്ചിരുന്ന, ചുവന്നു തുടുത്ത കവിളുള്ള ആണ്‍കുട്ടിയുടെ ചിത്രം, ഓര്‍മകളില്‍ ഇന്നും മങ്ങാത്ത ദൃശ്യമാണ്. പടക്കങ്ങള്‍ പൊട്ടിക്കുന്നതിനുള്ള ചാര്‍ജ് എട്ടനായിരുന്നെങ്കിലും ഒരു സാങ്കേതിക സഹായിയുടെ റോളില്‍ ഇപ്പോഴും കൂടെ ഉണ്ടാകുമായിരുന്നു. രണ്ടു ദിവസം മുന്നേ കാറ്റാടി മരത്തിന്റെ കമ്പ് മുറിച്ച് തുണി ചുറ്റി പന്തം തയ്യാറാക്കുന്നതും വീടിന്റെ മൂലയില്‍ നിന്നും തപ്പി പിടിച്ച് കൊണ്ടുവരുന്ന മണ്ണെണ്ണ വിളക്ക് വൃത്തിയാക്കുന്നതും മുതല്‍ തുടങ്ങുന്നു ആ സാങ്കേതിക സഹായം. പടക്കങ്ങള്‍ പൊട്ടിക്കുന്ന വിഷുവിന്റെ തലേരാത്രിയില്‍ പന്തത്തില്‍ മണ്ണെണ്ണ ഒഴിച്ച് കൊടുക്കുന്നതും പടക്കങ്ങളുടെ തിരി തയ്യാറാക്കി നല്കുന്നതുമായിരിക്കും എന്റെ ഡ്യൂട്ടി.


വലിയ ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ പേടിച്ച് മുറിയിലെ കട്ടിലിനടിയില്‍  ഒളിക്കുന്ന ചേച്ചിയെ പൂത്തിരി കത്തിക്കുമ്പോള്‍ മാത്രം വെളിയില്‍ കാണാം. ആ സമയങ്ങളിലെ ആഘോഷം, മുഴുവന്‍ ലൈറ്റുകളും അണച്ച് മണ്ണെണ്ണ വിളക്കിന്റെ മാത്രം വെളിച്ചത്തിലായിരിക്കും. കണി കണ്ടതിനു ശേഷം പൊട്ടിക്കാന്‍ പകുതി പടക്കങ്ങള്‍ മാറ്റിവെച്ചിരിക്കും. ആദ്യ പകുതി തീര്‍ന്നാല്‍ പെട്ടന്ന് രാവിലെ ആകാനുള്ള കാത്തിരിപ്പായി.


രാവിലെ വിളിച്ചെഴുന്നെല്‍പ്പിച്ച് അമ്മ കണി കാണിക്കാന്‍ കൊണ്ടുപോയി കണ്ണ് തുറക്കുമ്പോള്‍ അതുവരെ കാണാത്ത ഒരു സൗന്ദര്യവും തിളക്കവും തോന്നാറുണ്ട് വിളക്കുകള്‍ക്കും മറ്റ് സാധനങ്ങള്‍ക്കും. അന്ന് കിട്ടുന്ന കൈനീട്ടം, വലിയ ഒരു നിധി കിട്ടിയ പോലെ ആയിരുന്നു അക്കാലത്ത്.

കണി കണ്ടു കഴിഞ്ഞാല്‍ മാലപ്പടക്കത്തോടെ ബാക്കി പടക്കങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങും. അതും തീര്‍ന്നു കഴിഞ്ഞാല്‍ പൊട്ടാതെ ഒഴിഞ്ഞു പോയ പടക്കങ്ങള്‍ തിരയലായിരിക്കും അടുത്ത പരിപാടി. പിന്നെ വാഴയില്‍ മുറിച്ച് വൃത്തിയാക്കി കഴിഞ്ഞാല്‍ പിന്നെ കാര്യമായ പണികളൊന്നുമില്ല. അടുക്കളയില്‍ നിന്നും വരുന്ന മണം പിടിച്ച് സദ്യക്ക് വേണ്ടി അക്ഷമനായി കാത്തിരിക്കുക തന്നെ. അന്നും ഇന്നും സദ്യ ഒരു വലിയ ദൗര്‍ബല്യം ആയതുകൊണ്ടായിരിക്കണം ആവശ്യത്തിലധികം കഴിച്ച് അവസാനം പായസം കുടിക്കാന്‍ വയ്യതാകും. അത് ഇന്നും ഒരു വലിയ പ്രശ്നം തന്നെയാണ്.

കുറെ വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വിഷുദിനത്തില്‍ പഴയ മധുരമൂറുന്ന ഓര്‍മ്മകള്‍ മനസ്സില്‍ അലയടിച്ച് വരാന്‍ ഓരു കാരണമുണ്ട്. ഈ വിഷുവിനു എനിക്ക് പ്രത്യേകിച്ച് ഒരു ആഘോഷവുമില്ല. രാവിലെ അലാറം വെച്ച് എഴുന്നേറ്റ്‌ , ലാപ്‌ടോപ്പില്‍ തലേദിവസം രാത്രി തുറന്നു വെച്ചിരിക്കുന്ന വിഷുക്കണിയുടെ വാള്‍ പേപ്പര്‍ കണി കണ്ടു. അവധി ദിവസമല്ല അത് കൊണ്ട് തന്നെ വിഷു സദ്യയുമില്ല. ഹോട്ടലില്‍ നിന്നും വിഷു സദ്യ വാങ്ങിക്കാന്‍ പറ്റിയാല്‍ ഭാഗ്യം. തീര്‍ത്തും ഒരു സാധാരണ ദിവസം പോലെ ഈ ഒരു നല്ല നാളും കടന്നു പോകുന്നു.പഴയകാലത്തെ വിഷുവിന്റെ നല്ല സ്മരണകളെ താലോലിച്ച് , ഓര്‍മകളിലേക്ക് പുതുതായി ഒന്നും തന്നെ ചേര്‍ക്കാതെ..

No comments:

Post a Comment

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.