Saturday, 24 March 2012

പാഥേയം




"എന്താ കഴിക്കുന്നില്ലേ.....ഭക്ഷണം കയ്യില്‍ വെച്ച് സ്വപ്നം കാണുകയാണോ...?"


   ആ ചോദ്യം കേട്ടാണ് ഓര്‍മകളില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. ഒഴുകിയിറങ്ങിയ കണ്ണീര്‍ ആരും കാണാതെ തുടച്ച് കളഞ്ഞു.

  കയ്യിലിരുന്നു തണുത്താറിയ കഞ്ഞിയില്‍ നിന്നും ഒരു കവിള്‍ വായിലാക്കിയെങ്കിലും ഇറങ്ങുന്നില്ല. എവിടെയൊക്കെയോ കൊളുത്തിപിടിക്കുന്ന പോലെ.. തീരെ രുചിയും തോന്നുന്നില്ല.

  "ദാ കെളവാ ....വേണെങ്കില്‍ കഴിക്ക്‌..,...." എന്ന് പറഞ്ഞായിരുന്നെങ്കിലും താന്‍ കഴിഞ്ഞിരുന്ന ഇരുട്ട് മുറിയിലേക്ക്‌ മകള്‍ എറിഞ്ഞു തരുന്ന പാത്രത്തിലെ ചോറിനും കറികള്‍ക്കും നല്ല സ്വാദായിരുന്നു. അവളുടെ അമ്മയ്ക്കും അതേ കൈപുണ്യം തന്നെയായിരുന്നു. എന്തു ഉണ്ടാക്കിയാലും നല്ല രുചിയായിരുന്നു.

  തന്റെ ജീവിതത്തിനു താങ്ങും തണലുമായിരുന്നവള്‍ , അവള്‍ പോയതോടു കൂടിയാണ് താന്‍ ശരിക്കും ഒറ്റപ്പെടാന്‍ തുടങ്ങിയത്.

  വലിയ നിലയിലെത്തിയപ്പോള്‍ , മകള്‍ക്ക് വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും വേണ്ടാതായി. മകളുടെ കുത്തുവാക്കുകള്‍ താന്‍ അറിയാതിരിക്കാന്‍ അവള്‍ പലതും സ്വയം സഹിക്കുകയായിരുന്നു. വിഷമം മുഴുവനും ഉള്ളിലൊതുക്കി നീറി നീറി ഒരു ദിവസം അവളങ്ങ് പോയപ്പോള്‍ ജീവിതത്തില്‍ ആദ്യമായി അനാഥനായി മാറി. എല്ലാം നഷ്ടപ്പെടുകയായിരുന്നു.

  പിന്നീടുള്ള ജീവിതം ഒരു ഇരുട്ട് മുറിക്കുള്ളിലായിരുന്നു. അവിടെ കിടക്കുമ്പോള്‍ മകളുടെ പ്രാക്കുകള്‍ മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ.

  സാധാരണയായി സ്നേഹത്തോടെ ഒരു നല്ല വാക്ക്‌ സംസാരിച്ചിട്ടില്ലാത്ത മകള്‍ ഒരു ദിവസം അടുത്ത് വന്നു ചോദിക്കുകയായിരുന്നു. " അച്ഛന് നാട്ടില്‍ പോകണോ....അവിടെ ആരെയെങ്കിലും ഏര്‍പ്പാടാക്കാം നോക്കാന്‍.,...ടിക്കറ്റ്‌ ഒക്കെ ശരിയാക്കിയിട്ടുണ്ട് ."

  വേറൊന്നും ആലോചിക്കേണ്ടി വന്നില്ല സമ്മതം മൂളാന്‍.. ,. ഒന്നുമില്ലെങ്കിലും സ്വന്തം നാട്ടിലെ ശുദ്ധവായു ശ്വസിച്ച്, വീടിന്റെ  ഉമ്മറത്തെ ചാരുകസേരയില്‍ കിടന്നു മരിക്കാലോ. ഇപ്പോഴെങ്കിലും മകള്‍ക്ക് കരുണ തോന്നിയല്ലോ ഈശ്വരാ.

  എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുവിടാന്‍ മകള്‍ മാത്രമാണ് വന്നത്. "നമ്മളും ഇവിടം മതിയാക്കി വരുകയാ...ഇനി നാട്ടില്‍ തന്നെ ജീവിക്കാം എന്ന് വിചാരിക്കുന്നു....ഇവിടുത്തെ കാര്യങ്ങളൊക്കെ സെറ്റില്‍ ചെയ്തിട്ട് ഞങ്ങളും വരും....ഹാ....പിന്നെ...എയര്‍പോര്‍ട്ടില്‍ എത്തുമ്പോഴേക്കും ആളു കാത്തു നില്‍ക്കുന്നുണ്ടാകും..ഒന്നും പേടിക്കണ്ട..."

  ശരിക്കും അവള്‍ ഒരുപാട് മാറിയത് പോലെ തോന്നിയിരുന്നു. ഇങ്ങനെയൊക്കെ സംസാരിക്കാനും അവള്‍ക്ക് അറിയാം അല്ലേ. യാത്ര പറഞ്ഞു പോകാന്‍ തുടങ്ങുമ്പോള്‍ മുഖത്ത് നോക്കാന്‍ അവള്‍ ബുദ്ധിമുട്ടുന്നത് പോലെ തോന്നി. എങ്കിലും മനസ്സ് നിറഞ്ഞു തുളുമ്പുകയായിരുന്നു മകളുടെ ഈ മാറ്റം കണ്ടിട്ട്. 

  എയര്‍പോര്‍ട്ടില്‍  ഫ്ലൈറ്റ് ഇറങ്ങിയിട്ട് നേരം കുറെയായി. കൂട്ടാന്‍ വരുമെന്ന് പറഞ്ഞ ആളെ കാണാതായപ്പോള്‍ ടാക്സി പിടിച്ചു പോയാലോ എന്നാലോചിച്ചു. പോരുമ്പോള്‍ അവള്‍ പോക്കറ്റില്‍ വെച്ച് തന്ന കവറില്‍ പണമാണെന്നറിയാം, എത്രയാണെന്ന് തിട്ടമില്ല. കവറില്‍ ഒരു എഴുത്ത് കൂടി കണ്ടപ്പോള്‍ കൂട്ടാന്‍ വരുന്ന ആള്‍ക്കുള്ളതായിരിക്കുമെന്നു കരുതി. അബദ്ധത്തില്‍ തുറന്നു വായിച്ചപ്പോള്‍ , ഒരു തരം മരവിപ്പ്‌ ആയിരുന്നു തോന്നിയത്‌.. .,. തീരെ കിടപ്പിലാകുന്നതിന് മുന്നേ ഒഴിവാക്കാന്‍ മകള്‍ ആസൂത്രണം ചെയ്തതായിരുന്നു ഈ നാട് കടത്തല്‍ . പഴയ വീടും സ്ഥലവും വിറ്റിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആരോടെങ്കിലും അന്വേഷിച്ച് വല്ല അനാഥ മന്ദിരത്തിലേക്കും പോകാനുള്ള ഒരു ഉപദേശവുമുണ്ടായിരുന്നു കത്തില്‍ അവസാനം.

   വീട്ടില്‍ ശല്യമാകുമ്പോള്‍ പൂച്ചകളെയൊക്കെ ഇതുപോലെ പുഴ കടത്തി വിടാരുണ്ടല്ലോ. അതുപോലെ ഒരു വയസ്സന്‍ പൂച്ചയെ മകളും നാടുകടത്തി വിട്ടിരിക്കുന്നു. പ്രായമായ അച്ഛനും അമ്മയും മക്കള്‍ക്ക്‌ വെറും ശല്യക്കാര്‍ പൂച്ചകള്‍ തന്നെയാണല്ലോ. നാട് കടത്തി വിട്ടാല്‍ കയ്യില്‍ കാശില്ലാതെ തിരിച്ച് ചെല്ലുമെന്നു പേടിക്കണ്ടല്ലോ.

  ആവശ്യത്തിലധികം സമയം എയര്‍പോര്‍ട്ടില്‍ ഒരു വൃദ്ധന്‍ ഇരിക്കുന്നത് കണ്ടിട്ടാവണം ഒരു പോലീസുകാരന്‍ അന്വേഷിക്കാന്‍ വന്നു. ഒന്നും പറയാന്‍ നാവു അനങ്ങുന്നില്ല. ദേഹം മൊത്തം തളരുകയായിരുന്നു.

 ഇതുപോലെയുള്ള സംഭവങ്ങള്‍ ഒരു പാട് കണ്ടിട്ടുള്ളത് കൊണ്ടോ, കയ്യിലെ എഴുത്ത് കണ്ടിട്ടോ ആവണം..ഒന്നും പറയാതെ തന്നെ അവര്‍ക്ക്‌ കാര്യം മനസ്സിലായി. ആ പോലീസുകാര്‍ കാണിച്ച സ്നേഹം സ്വന്തം മകള്‍ കാണിച്ചില്ലല്ലോ എന്ന വിഷമമായിരുന്നു അപ്പോള്‍ മനസ്സില്‍ ,.

  " അല്ല...നിങ്ങള്‍ ഇനിയും കഴിച്ചില്ലേ...എന്തോരിരിപ്പാ ഇത്. കൊറേ  നേരമായല്ലോ ഇങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട്". ആ ശബ്ദം വീണ്ടും ഓര്‍മകളില്‍ നിന്നും പതിയെ തിരിച്ച് കൊണ്ടുവന്നു.

  തണുത്തു മരവിച്ച കഞ്ഞി കോരി വായിലാക്കിയപ്പോള്‍ , പണ്ട് അമ്പിളിമാമനെ കാട്ടി മകള്‍ക്ക് ചോറ് വാരി കൊടുത്തതൊക്കെ മനസ്സില്‍ വന്നിട്ടാകണം ആ കണ്ണില്‍ നിന്നും കയ്യിലിരുന്ന പാത്രത്തിലേക്ക് കണ്ണീര്‍ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.

9 comments:

  1. സ്വന്തം മക്കള്‍ അനാഥരാക്കിയ എല്ലാ അച്ഛനമ്മമാര്‍ക്കും ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു...

    ReplyDelete
  2. അച്ഛനേയും അമ്മയേയും വലിച്ചെറിയുന്ന സമൂഹം തീയിൽ വെന്തായിരിക്കം ഒടുക്കം, എവിടെയോ വായിച്ചിട്ടുണ്ട്........

    ReplyDelete
    Replies
    1. കാലചക്രം കറങ്ങിവരുമ്പോള്‍ തങ്ങള്‍ ചെയ്തതൊക്കെ തങ്ങള്‍ക്കെതിരെ തിരിച്ചടിക്കാന്‍ തുടങ്ങും...അങ്ങനെതന്നെ ആവണം എന്നും അവസാനം.
      നന്ദി ഷാജു അത്താണിക്കല്‍

      Delete
  3. ജീവിതം ഇങ്ങനെയൊക്കെ തനെയാണ്.
    കഥയെന്ന രീതിയില്‍ തികഞ്ഞ സാധാരണത്വം അനുഭവപ്പെടുന്നു എന്നതൊഴിച്ചാല്‍ നന്നായിട്ടുണ്ട് ന്‍

    ReplyDelete
    Replies
    1. നന്ദി നിസാരന്‍....
      ഒരു കഥ എന്ന രീതിയില്‍ എഴുതിയതായിരുന്നില്ല...
      ഇത് യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവമാണ്..ഒരു പത്രവാര്‍ത്ത കണ്ടതിന്റെ അടിസ്ഥാനത്തില്‍ എഴുതി എന്ന് മാത്രം.

      Delete
  4. നമ്പ്യാരേ കൊള്ളാം ..നടക്കുന്ന സംഭവങ്ങള്‍,ആവിഷ്ക്കാരത്തില്‍ വലിയ പുതുമ അവകാശപ്പെടാനില്ലെങ്കിലും വായനക്കാരനെ തൃപ്തിപ്പെടുത്തും...അതാണ്‌ വേണ്ടതും...ഇത്രയുമായ സ്ഥിതിക്ക് നിസാര്‍ പറഞ്ഞപോലെ ലൈന്‍ ഒന്നു മാറ്റിപ്പിടിച്ചാല്‍ കൂടുതല്‍ നല്ല സൃഷ്ടികള്‍ പിറക്കും.

    ReplyDelete
    Replies
    1. തുളസി...ഇത് എന്റെ ആദ്യത്തെ കഥ എഴുതാനുള്ള ശ്രമം ആയിരുന്നു. എഴുതി എഴുതി തെളിയുമായിരിക്കും അല്ലേ....
      നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും.

      Delete
  5. കേട്ടു പഴകിയതെങ്കിലും ഉള്ളിലെവിടെയോ കൊണ്ട് നമ്പ്യാരെ.... വിങ്ങല്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു വരികള്‍ക്ക്. :( :( :(

    ReplyDelete
    Replies
    1. നന്ദി ആര്‍ഷ
      ഇതുവഴി വന്നതിനും അഭിപ്രായം പറഞ്ഞതിനും

      Delete

മനസ്സ് തുറന്ന അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക. അറിയാതെ ഈ വീഥിയില്‍ എത്തിച്ചേര്‍ന്നതാണെങ്കില്‍പോലും യാത്രക്കാരുടെ അഭിപ്രായങ്ങള്‍ വിലയേറിയതാണ്.