നേരം
പുലര്‍ന്നതെയുള്ളൂ. കുഞ്ഞുങ്ങളുടെ നിര്‍ത്താതെയുള്ള കരച്ചിലും ചീരുവിന്റെ
പ്രാക്കലും തെറി വിളികളും അസഹ്യമായപ്പോള്‍ ഗോവിന്ദന്‍ കിടക്കപ്പായയില്‍ നിന്ന്
എണീറ്റു. തലേന്ന് രാത്രി നാലുകാലില്‍ വന്നു കേറിക്കിടക്കുമ്പോഴും അതേ കരച്ചിലും
തെറി വിളികളുമായിരുന്നു. കാലിനടിയില്‍ ചൂടുപറ്റി കിടന്നിരുന്ന കറുമ്പിപ്പൂച്ചയെ
ഇടംകാലുകൊണ്ട് തോഴിച്ചത് ചെന്ന് വീണത് വാതിലും കടന്നു കോലായില്‍ .

കിണറ്റിന്‍കരയില്‍ ചെന്ന് മുഖം കഴുകി കോലായില്‍ പടിയില്‍ ചെന്നിരിക്കുമ്പോള്‍ ഒരു കടുംകാപ്പിപോലും അയാള്‍ തീരെ പ്രതീക്ഷിക്കുന്നതായി തോന്നിയില്ല. മറ്റെന്തോ ചിന്തിച്ച് എവിടെയോ നോക്കിയായിരുന്നു ആ ഇരിപ്പ്. മുന്നിലെ പാടം ഉഴുതു മറിക്കുന്ന കുമാരന്റെ കാളകളിലോ അവയുടെ പിന്നാലെ നീളന്‍ കാലുകള്‍ പെറുക്കിവെച്ച് നടന്നു നീങ്ങുന്ന വെളുത്ത കൊക്കുകളിലോ ഒന്നും ആയിരുന്നില്ല, വയലുകള്‍ക്കപ്പുറത്തെവിടെയോ ആയിരുന്നു അയാളുടെ കണ്ണും മനസ്സും.
പകുതിയും വയലിലേക്ക് ചാഞ്ഞു
കിടക്കുന്ന പുളിയന്മാവിന്റെ കീഴെ കുട്ടികള്‍ പ്രതീക്ഷയോടെ തിരഞ്ഞു നടക്കുന്നു.
അവരുടെ വിശപ്പിനു ഒരല്‍പം ആശ്വാസം നല്‍കാന്‍ മാവ് പോലും കനിഞ്ഞില്ല. അണ്ണാന്‍
കടിച്ചീമ്പിയ ഒരു മാങ്ങയ്ക്കു വേണ്ടി കുട്ടികള്‍ അടികൂടാന്‍ തുടങ്ങി. അയലില്‍ കിടന്ന തോര്‍ത്ത്
ചുമലിലിട്ടു അയാള്‍ ധൃതി പിടിച്ചു നടന്നു പാടത്തിനപ്പുറത്തേക്ക്.
“നാലഞ്ചീസായി
ഈട വല്ലോം വെച്ച് കുടിച്ചിറ്റ്. ആ പിള്ളേര്‍ക്കെങ്കിലും ഇച്ചിരി കഞ്ഞീന്റെ വെള്ളം
കൊടുക്കാന്‍. അയെങ്ങനെയാ എടെയെന്കിലും വല്ല പണിക്കും പോവാണ്ടേ രാവിലെ കുണ്ടിലെ
പൊടിയും തട്ടി പോയ്ക്കോളുവല്ലോ ഷാപ്പിന്നു വല്ലോം എരന്ന് മോന്താനായിട്ട്.
വയലുകള്‍ കീറിമുറിച്ച് ലക്ഷ്യസ്ഥാനത്തേക്ക്
കുതിക്കുന്ന ഗോവിന്ദന്റെ തലയിലേക്ക് ഭാര്യയുടെ പ്രശ്നങ്ങളോ കുട്ടികളുടെ വിശപ്പോ
ഒന്നും കയറിയില്ല. അയാളുടെ മനസ്സും ശരീരവും
ദേവസ്സിയുടെ ഷാപ്പിലേക്ക് കുതിക്കുകയായിരുന്നു, അല്ല
പറക്കുകയായിരുന്നു.
നേരമിത്രയായിട്ടും തൊണ്ട നനക്കാന്‍
പോലും ഇത്തിരി ആരും തരില്ല എന്ന് മനസ്സിലായപ്പോ വായില്‍ വന്ന തെറികള്‍ മുഴുവന്‍
വിളിച്ച് ഗോവിന്ദന്‍ ഷാപ്പില്‍ നിന്നുമിറങ്ങി നടന്നു. ഇനി
കടം കൊടുക്കണ്ട എന്ന് ദേവസ്സി മുതലാളി പറഞ്ഞേല്‍പ്പിച്ചിരുന്നത്രേ.
തോടിനു കുറുകെയുള്ള തെങ്ങിന്റെ
പാലത്തില്‍ കയറുമ്പോഴേക്കും മഴ ചെറുതായി പെയ്തു തുടങ്ങിയിരുന്നു. തിളങ്ങുന്ന
കഷണ്ടിയില്‍ വെള്ളത്തുള്ളികള്‍ വീണു തെറിക്കാന്‍ തുടങ്ങിയപ്പോള്‍ ചുമലില്‍ കിടന്ന
തോര്‍ത്തെടുത്ത് അയാള്‍ തലയിലിട്ടു . വയല്‍ കടന്നു മുറ്റത്തെത്തിയപ്പോഴേക്ക് മഴ ശക്തിയായി പെയ്യാന്‍
തുടങ്ങി. പുതുമഴ കണ്ട ആവേശത്തില്‍ കുട്ടികള്‍ എല്ലാം മറന്നു മുറ്റത്ത്
കളിക്കുന്നുണ്ടായിരുന്നു. പുതുമണ്ണിന്റെ ഗന്ധം ഉയരാന്‍ തുടങ്ങി. വരണ്ടുണങ്ങിയ
മണ്ണിനെ തണുപ്പിക്കാന്‍ ആ മഴയ്ക്ക് കഴിഞ്ഞെങ്കിലും അയാളുടെ ഉള്ളിലെ ദാഹം തീര്‍ക്കാന്‍
അതിനു കഴിഞ്ഞില്ല.
തിണ്ണയിലേക്ക് കയറുന്നതിനു മുന്‍പേ
തന്നെ വീടിന്റെ വാതില്‍ തുറന്നു ഒരു കറുത്ത രൂപം പുറത്തേക്ക് വന്നു. തിളങ്ങുന്ന
സില്‍ക്ക് ഷര്‍ട്ടും കഴുത്തിലെ ചെയിനും കണ്ടപ്പോള്‍ അതാരാണെന്ന് മനസ്സിലാക്കാന്‍
ഗോവിന്ദന് പ്രയാസപ്പെടേണ്ടി വന്നില്ല. പിറകെ ഇറങ്ങി വന്ന ചീരുവിനു ഭര്‍ത്താവിനെ
കണ്ടിട്ടും വലിയ ഭാവമാറ്റങ്ങളൊന്നും ഉണ്ടായില്ല.
“ആ
നീയ്യോ....എന്തോക്കെയ്യാടോ കോയിന്നാ വിശേഷങ്ങള്‍..”
“ന്നാലും എന്റെ
ദേവസ്സിയേട്ടാ...നിങ്ങ..ന്തിനാ ..ന്നോട്...”
“നീ വാടോ....പറയട്ടെ...”
മഴയെ വക വെക്കാതെ ഇറങ്ങിയ ദേവസ്സി
മുതലാളിയുടെ പിന്നാലെ വയലുകളും കടന്നു നടന്നു നീങ്ങുന്ന ഭര്‍ത്താവിനെ നോക്കി നില്‍ക്കുന്ന
അവളുടെ കണ്ണുകളില്‍ സങ്കടമായിരുന്നില്ല മറിച്ച് പകയായിരുന്നു. കൈക്കുള്ളില്‍
കിടന്ന്‍ ഞരിഞ്ഞമരുന്ന രണ്ടുമൂന്നു പുത്തന്‍ നോട്ടുകള്‍
അത് നന്നായി അറിയുന്നുണ്ടായിരുന്നു.