നിധിശേഖരത്തിന്‍റെ കണക്കെടുപ്പുകളും
വിവാദങ്ങളുമൊക്കെയായി വാര്‍ത്തകളില്‍ പദ്മനാഭസ്വാമിക്ഷേത്രം നിറയുമ്പോള്‍ ഒരു
മലയാളിയായിട്ടും ഇതുവരെ അവിടം സന്ദര്‍ശിക്കാന്‍ സാധിക്കാതിരുന്നതില്‍ ഒരുപാട്
വിഷമവും അതിലേറെ നാണക്കേടും തോന്നിയിരുന്നു. ഈ യാത്രയില്‍ ആ ഒരു വിഷമം മാറാന്‍
പോകുന്നു എന്നത് ഏറെ സന്തോഷകരമായിരുന്നു. യാത്രയുടെ രണ്ടാം ദിവസം പുലര്‍ന്നത് ആ
ഒരു സന്തോഷത്തോടെയും ഉത്സാഹത്തോടെയും കൂടെയാണ്.
ഏതായാലും സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയുണ്ട കൊണ്ട്
ചാവാന്‍ താല്പര്യമില്ലാത്തതുകൊണ്ട് കാമറ മുതല്‍ ചെരിപ്പ് വരെ വണ്ടിയില്‍ തന്നെ
ഉപേക്ഷിച്ച് പോരുകയായിരുന്നു, നഗ്നപാദനായി പദ്മനാഭ സ്വാമിയുടെ തിരുനടയിലേക്ക്.
മൊബൈല്‍ പോലും ഉള്ളിലേക്ക് കടത്തിവിടില്ല എന്നറിയാമായിരുന്നു. എങ്കിലും ഒരു അവശ്യ
വസ്തു എന്ന നിലയില്‍ കയ്യില്‍ കരുതി. ക്ഷേത്രത്തിന്റെ പുറത്ത് നിന്നുള്ള ഒരു
ദൃശ്യമെന്കിലും ലഭിക്കണമെന്ന ആഗ്രഹം മൊബൈലിലൂടെ എങ്കിലും സാധിക്കാന്‍ കഴിഞ്ഞു.
കൂട്ടത്തില്‍ ചില സഖാക്കള്‍ അമ്പലത്തിന്‍റെ ഉള്ളില്‍ കയറാന്‍ സാധ്യതയില്ല എന്ന
ഏകദേശ ധാരണ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു മൊബൈല്‍ കയ്യിലെടുത്തതും.
ധാരണ എന്തായാലും തെറ്റിയില്ല. പാര്‍ട്ടി അച്ചടക്കം ലംഘിക്കാത്ത ഒരു സഖാവിന്‍റെ കയ്യില്‍ മൊബൈല്‍ ഏല്‍പ്പിച്ച് ക്ഷേത്രത്തിന്‍റെ ഉള്ളിലേക്ക് കടന്നു.
പദ്മനാഭസ്വാമിക്ഷേത്രം
പദ്മനാഭപുരം കൊട്ടാരം അതിന്‍റെ മരങ്ങളില്‍ തീര്‍ത്ത
പണിത്തരങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ചെങ്കില്‍ പദ്മനാഭസ്വാമിക്ഷേത്രം
വിസ്മയിപ്പിച്ചത് കരിങ്കല്ലില്‍ തീര്‍ത്ത ശില്പവേലകളിലൂടെയായിരുന്നു. ഭീമാകാരമായ കരിങ്കല്ലുകളില്‍ തീര്‍ത്ത ശില്പങ്ങളും തൂണുകളും. പണ്ട്
ഐതിഹ്യങ്ങളില്‍ ഒരുപാട് കേട്ടിരുന്നു ഭഗവാന്‍റെ അനന്തശയനത്തെപറ്റി. ഒരിക്കലും ഒരു
മനുഷ്യനും അനന്തശയനത്തില്‍ കിടക്കുന്ന
ഭഗവാന്‍റെ വിഗ്രഹം പൂര്‍ണ്ണമായി കാണാന്‍ കഴിയില്ല എന്ന്. തലയും ഉടലും കാലുകളും
മൂന്ന് ഭാഗങ്ങളായി വേറെ വേറെ മാത്രമേ കാണാന്‍ കഴിയൂ. എന്തായാലും ഐതിഹ്യങ്ങളെ
വെല്ലുവിളിക്കാനൊന്നും തയ്യാറല്ലായിരുന്നതുകൊണ്ട് ഭഗവാനെ മൂന്നായി തന്നെ ദര്‍ശിച്ച്
മടങ്ങി.
തിരിച്ച് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ആരോ പറയുകയുണ്ടായി
ക്ഷേത്രത്തിന്‍റെ വശത്ത് തന്നെ മറ്റൊരു കൊട്ടാരവും ഉണ്ട് എന്ന്. സ്വാതിതിരുനാള്‍
മഹാരാജാവ് പണികഴിപ്പിച്ച ‘പുത്തന്‍മാളിക കൊട്ടാരം’, അതിന്‍റെ ചില ഭാഗങ്ങള്‍
മ്യൂസിയമായി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തതായി അറിയാന്‍ കഴിഞ്ഞു. സത്യത്തില്‍
തിരുവനന്തപുരത്തേക്ക് പുറപ്പെടുമ്പോഴോ
പദ്മനാഭസ്വാമിക്ഷേത്രത്തില്‍ എത്തിയപ്പോള്‍ പോലും ഇങ്ങനെയൊരു
കൊട്ടാരത്തിനെപറ്റിയോ അതിന്‍റെ പ്രത്യേകതകളെപറ്റിയോ ഒരു ധാരണയുമുണ്ടായിരുന്നില്ല.
കൊട്ടാരത്തിന്‍റെ പ്രവേശനകവാടം
പഴയ രാജഭരണത്തിന്‍റെ തിരുശേഷിപ്പുകളായി അമൂല്യങ്ങളായ വസ്തുക്കളുടെ
ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു പുത്തന്‍മാളിക കൊട്ടാരത്തില്‍.,. ഇരുപത്തിനാലു
ആനകളുടെ കൊമ്പുകളില്‍ തീര്‍ത്ത സിംഹാസനവും സ്ഫടികത്തില്‍ തീര്‍ത്ത സിംഹാസനവും
ഒട്ടൊരു അതിശയത്തോടെ മാത്രമേ നോക്കി നില്‍ക്കാന്‍ കഴിയൂ.
തലേദിവസം പദ്മനാഭപുരം കൊട്ടാരം സന്ദര്‍ശിച്ചതില്‍നിന്നും
ഏറെ വ്യത്യസ്തമായി ഇവിടം തോന്നിക്കാന്‍ ഒരു കാരണവുമുണ്ടായിരുന്നു, പുത്തന്‍ മാളിക
കൊട്ടാരത്തില്‍ നമുക്ക് ലഭിച്ച ഗൈഡ്..,. ഒരു ഗ്രൂപ്പ് ആളുകളെ മുഴുവന്‍ കാര്യങ്ങള്‍
വ്യക്തമായും കൃത്യമായും പറഞ്ഞു മനസ്സിലാക്കാനും സംശയങ്ങള്‍ പരിഹരിക്കാനും ഉള്ള ആ
വ്യക്തിയുടെ കഴിവ് എടുത്ത് പറയേണ്ടത് തന്നെയാണ്. ഇങ്ങനെയൊരു ഗൈഡിന്‍റെ അഭാവം
പദ്മനാഭപുരം കൊട്ടാരത്തില് ശരിക്കും അനുഭവപ്പെട്ടിരുന്നു.
പുത്തന്‍മാളിക കൊട്ടാരത്തിന്‍റെ മുകള്‍ നിലയില്‍
തടിയില്‍ 122
കുതിരകളുടെ രൂപം കൊത്തിവെച്ചിട്ടുണ്ട്. അതുകൊണ്ട് ‘കുതിരമാളിക എന്ന ഒരു പേരും ഈ
കൊട്ടാരത്തിനുണ്ട്. അതുപോലെ തന്നെ മനോഹരമായി കൊത്തുപണികള്‍ ചെയ്ത മച്ചില്‍ നിന്നും
തത്തകളെയും അണ്ണാനെയും വ്യാളിയെയും ഗൈഡ് പ്രത്യേകം കാണിച്ച് തരുമ്പോള്‍ മാത്രമേ
അവയൊക്കെ നമുക്ക് തിരിച്ചറിയാന്‍ കഴിയൂ.
പുത്തന്‍മാളിക കൊട്ടാരം (കുതിരമാളിക)
കുതിര മാളിക കൊട്ടാരത്തിനമുക്ക് മുന്‍വശത്ത്ചെന്ന്
കൊട്ടാരത്തെ മുഴുവനായും കണ്ടപ്പോള്‍ ഏതൊക്കെയോ മലയാള സിനിമകളില്‍ കണ്ട ഒരു ഓര്‍മ്മ.
നരസിംഹമാണോ താണ്ഡവമാണോ. കൃത്യമായി ഓര്‍ക്കുന്നില്ല. അതില്‍ മോഹന്‍ലാലിന്‍റെ വീടായി
ഈ കൊട്ടാരം കാണിച്ചതായാണ് ഓര്‍മ്മ.
വളരെ വിശാലമായ കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍
വെറും നാല് വര്‍ഷമേ വേണ്ടി വന്നുള്ളൂ എന്നതും പൂര്‍ത്തിയായ കൊട്ടാരത്തില്‍
താമസിച്ചിട്ട് ആറാം വര്ഷം സ്വാതിതിരുനാള്‍ മഹാരാജാവ് തീപ്പെട്ടതായും ഗൈഡിന്‍റെ വിവരണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിനു ശേഷം പൂട്ടിയിട്ട കൊട്ടാരത്തിന്റെ
നല്ലൊരു ഭാഗവും കാലപ്പഴക്കത്താലും അറ്റകുറ്റപ്പണികളുടെ അഭാവത്താലും നശിച്ചു
പോകുകയാണ്.
കുതിരമാളിക കൊട്ടാരം
കേരള വാസ്തുവിദ്യയുടെ തനത് ഉദാഹരണങ്ങളായ കുതിരമാളിക
പോലുള്ള കൊട്ടാരങ്ങള്‍ ഇനി ഒരിക്കലും നിര്‍മ്മിക്കാന്‍ നമുക്ക് കഴിയില്ല.
അങ്ങനെയുള്ളപ്പോള്‍ നമുക്ക് പൈതൃകസ്വത്ത് പോലെ ലഭിച്ച ഈ കൊട്ടാരങ്ങള്‍
കാത്തുസൂക്ഷിക്കാന്‍ അധികാരികള്‍ അല്പംകൂടി മനസ്സ് വെക്കേണ്ടിയിരിക്കുന്നു.
ക്ഷേത്രവും കൊട്ടാരവുമൊക്കെ കണ്ട് മടങ്ങുമ്പോഴേക്കും
സമയം ഉച്ചയായിരുന്നു കൂടെ അല്‍പ്പം വിശപ്പിന്റെ വിളിയും. ഭക്ഷണത്തിന്‍റെ
കാര്യത്തില്‍ ഒരു കോമ്പ്രമൈസിനും തയ്യാറല്ലാത്തത് കൊണ്ട് അടുത്ത കലാപരിപാടികള്‍ക്കായി
കോഫീഹൌസിലേക്ക് വച്ചുപിടിച്ചു.
വൈകിട്ട് വേളിയിലും ശംഖുമുഖത്തുമായി
ചിലവിടാമെന്നായിരുന്നു തീരുമാനം. അതുവരെ മൃഗശാലയിലും മ്യൂസിയത്തിലും കയറി സമയം
കളഞ്ഞു. പ്രത്യേകിച്ച് ഒന്നും അവിടങ്ങളില്‍ കാണാന്‍ കഴിയാത്തതിനാല്‍ അവയെ ഇവിടെ
ഒഴിവാക്കുന്നു. തിരുവനന്തപുരത്തുകാരുടെ അഭിമാനമായ നേപ്പിയര്‍മ്യൂസിയം
കെട്ടിടത്തിന്‍റെ രൂപഭംഗി കൊണ്ട് വളരെ ശ്രദ്ധയാകര്‍ഷിക്കുന്നു. തിരുവനന്തപുരത്തെ
കോളേജ് പ്രണയിതാക്കളുടെ പ്രധാന വിഹാരകേന്ദ്രവും ഈ മ്യൂസിയവും പരിസരവും തന്നെ.
നേപ്പിയര്‍ മ്യൂസിയം
വേളികടപ്പുറത്ത് എത്തുമ്പോള്‍ വെയില്‍ മങ്ങിയിരുന്നില്ല.
ശക്തമായ കാറ്റും ഉള്‍വലിക്കുന്ന തിരയും കണ്ടപ്പോള്‍ വെള്ളത്തിലേക്ക് ചെല്ലാന്‍ ഒരു
മടി. കൂടെയുള്ള ഒരാളുടെ കീശയില്‍ കിടന്ന മൊബൈലും തട്ടിയെടുത്ത് തിരമാലകള്‍
പോയപ്പോള്‍ അത് തിരയാന്‍ എല്ലാരും വെള്ളത്തില്‍ ഇറങ്ങി. അരയോളം വെള്ളത്തില്‍ ഒരാളെ
വലിച്ചുകൊണ്ടുപോകുന്ന തരത്തിലുള്ള ശക്തമായ തിര.
വേളി കടപ്പുറം
വേളിയിലെ കാനായി പ്രതിമ.
വേളിയിലെ ഒഴുകുന്ന ഭക്ഷണശാല
(ചിത്രത്തിന് കടപ്പാട്: റിനൂപ് വാടി)
(ചിത്രത്തിന് കടപ്പാട്: റിനൂപ് വാടി)
തിരിച്ച്പോകുന്നതിനു മുന്‍പ് ശംഖുമുഖം കൂടി ദര്‍ശിച്ചു
പോകാം എന്ന് വെള്ളത്തില്‍ ഇറങ്ങാത്ത ആരോ നേര്‍ച്ചയിട്ടിരുന്നോ എന്നറിയില്ല. നേരം
ഇരുട്ടുന്നതിനു മുന്നേ അവിടേക്കും പുറപ്പെട്ടു. അത്യാവശ്യം ഇരുട്ടാവാന്‍
തുടങ്ങിയിരുന്നു ശംഖുമുഖത്ത്. കൂടാതെ വലിയ തിരക്കും മണല്‍ നിറഞ്ഞ തിരകളും
വെള്ളത്തിലേക്ക് വീണ്ടും ഇറങ്ങാന്‍ എല്ലാവരെയും മടിപ്പിച്ചു. വേളിയിലെ അര്‍മ്മാദത്തിനു
ഭംഗം വരുത്തിയത്തിന്റെ ദേഷ്യം വെള്ളത്തില്‍ ഇറങ്ങി മുഴുവനും നനഞ്ഞവരുടെ മുഖത്ത്
കാണാമായിരുന്നു,
രാത്രിയില്‍ ‘റണ്‍ ബേബി റണ്‍’ സിനിമ കാണാമെന്ന് കരുതി
ചാടിയിറങ്ങിയിട്ട് അവസാനം ടിക്കറ്റും കിട്ടിയില്ല. പിന്നെ ഒന്നും നോക്കിയില്ല
ശ്രീധര്‍ തിയെറ്ററില്‍ ചെന്ന് ‘തട്ടത്തിന്‍മറയത്ത്’ കണ്ടു.