ഓട്ടോയില്‍ നിന്നും ഇറങ്ങി സ്റ്റേഷനിലേക്ക് ഓടുമ്പോള്‍ ട്രെയിന്‍ വിട്ടുപോകരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. രക്ഷപ്പെട്ടു... പ്ലാറ്റ്ഫോമില്‍ തന്നെയും കാത്തിരിക്കുകയായിരുന്നെന്ന് തോന്നുന്നു. ഏതോ ഒരു പയ്യന്‍ പെണ്ണ് കാണാന്‍ വരുന്നെന്ന പേരും പറഞ്ഞു രാവിലെ തന്നെ ഉടുത്തൊരുങ്ങി കാത്തിരുന്നു സമയം കളഞ്ഞത് മിച്ചം. പുറപ്പെടുന്നതിന് മുന്പേ എത്താമെന്ന് പറഞ്ഞവരെ സമയം കഴിഞ്ഞിട്ടും കാണാതായപ്പോ ഇറങ്ങി പോന്നു. അതിനുള്ള വഴക്ക് ഇനി തിരിച്ച് ചെന്നിട്ട് ബാപ്പയുടെ വായില്‍ നിന്നും കേള്‍ക്കണം. ഏതായാലും അപ്പോള്‍ തന്നെ ഇറങ്ങിയത് നന്നായി അല്ലെങ്കില്‍ ഈ ട്രെയിന്‍ മിസ്സായേനെ. പ്ലാറ്റ്ഫോമില്‍ ഒരു ജനക്കൂട്ടം തന്നെയുണ്ട്. ഒരു കിലോയുടെ കുപ്പിയില്‍ രണ്ടു കിലോ പഞ്ചസാര നിറക്കുന്നത് പോലെയാണ് ആള്‍ക്കാര്‍ ഓരോ ബോഗിയിലും കേറിപറ്റാന്‍ നോക്കുന്നത്.രാവിലെ തന്നെ ഇവരൊക്കെ എവിടെക്കാണാവോ കെട്ടിയൊരുങ്ങി പോകുന്നത്. ട്രെയിനി ല്‍ കേറാന്‍ വേണ്ടി മാത്രം വരുന്നവരാണെന്ന് തോന്നിപ്പോകും. ഇതിലെ സ്ഥിരം യാത്രക്കാരെ വല്ല ഒളിംപിക്സിനും കബഡിയില്‍ മത്സരിപ്പിക്കാന്‍ കൊണ്ടുപോയാല്‍ ഒരു സ്വര്‍ണം ഉറപ്പാണ്. അത്രയധികം കായികമായി പരിശീലനം ലഭിച്ചവരാണ് ഓരോരുത്തരും. വലിയൊരു മല്ലയുദ്ധത്തിനു ശേഷം എങ്ങനെയൊക്കെയോ ഉള്ളില്‍ കയറിക്കൂടി. തറയില്‍ ഒരു കാലു വെക്കാന്‍ മാത്രം ഇടം കിട്ടി. മുകളിലെ കമ്പിയില്‍ തൂങ്ങി ഒറ്റക്കാലില്‍ ബാലന്‍സും. ജീവിതം അനുഭവിച്ചു തീര്‍ക്കാന്‍ ദൈവം അയക്കുന്നവരായിരിക്കും ഈ ട്രെയിനില്‍ ഇങ്ങനെ യാത്ര ചെയ്യേണ്ടി വരുന്നത്. ഇതൊന്നും പോരാത്തതിന് അടുത്ത് നില്‍ക്കുന്ന രണ്ടു മറാത്തി സ്ത്രീകളുടെ ചെവിതല കേള്‍പ്പിക്കാത്ത സംസാരവും. എന്നാണാവോ ഇവറ്റകളുടെ വായ അടക്കുന്നത്.
മിറാ റോഡ് സ്റ്റേഷനില്‍ ഇറങ്ങി. ഇനി അരമണിക്കൂര്‍ ബസ്സ് യാത്ര കൂടി വേണം ഓഫീസില്‍ എത്താന്‍ . ബസ്സില്‍ ആവശ്യത്തിന് സീറ്റുകള്‍ ഉണ്ട്. ഗുസ്തിയും കബഡിയും റസ്ലിങ്ങും എല്ലാം കൂടി കഴിഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇനി കുറച്ച് നേരത്തെ വിശ്രമം. ഓഫീസിന്റെ അടുത്ത് തന്നെയുള്ള ഹോസ്പിറ്റലില്‍ നേഴ്സായി ജോലി ചെയ്യുന്ന കൊട്ടയംകാരി ഷീന ബസ്സില്‍ നേരത്തെ തന്നെ കയറിയിരിപ്പുണ്ട്. അവളുടെ അടുത്ത് തന്നെ ഇരുന്നു. എന്നും ഒന്നിച്ച് യാത്ര ചെയ്യുന്നവരാണെങ്കിലും മിണ്ടാന്‍ അല്പം ബുദ്ധിമുട്ടാണ് അച്ചായത്തിക്ക്. എപ്പോഴും മൊബൈലില്‍ കാമുകനുമായി 'ലോക കാര്യ'ങ്ങള്‍ ചര്‍ച്ചയിലായിരിക്കും. ജാട കൂടാതെ ഇതുംകൂടി കാണുമ്പോള്‍ കലി വരും. എം.പി.ത്രി പ്ലെയറില്‍ പാട്ടും ഓണ്‍ ചെയ്തു കണ്ണകളടച്ച് ഇരുന്നു. അല്പനേരത്തേക്കെങ്കി ലും ഒരു ആശ്വാസം. ഈ യാത്രയില്‍ മിക്കവാറും ഒരേ മുഖങ്ങള്‍ തന്നെയായിരിക്കും എന്നും കാണുന്നത്. കുറെയേറെ നാളുകളായി എന്നും ഒന്നിച്ച് യാത്ര ചെയ്താലും ആരും ആരോടും പരിചയം കാണിക്കാറില്ല. അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ക്ക് മാത്രമല്ലേ മറ്റുള്ളവരെ ശ്രദ്ധിക്കാനും മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാനും താല്പര്യമുള്ളൂ.
ആരോ കയ്യില്‍ പിടിച്ച് വലിക്കുന്നപോലെ തോന്നിയതും ഞെട്ടി എഴുന്നേറ്റു. ആദ്യം ഒന്ന് പേടിച്ചെങ്കിലും കേരളത്തിലെ പോലെ ബസ്സില്‍ ഇവിടെ ഞരമ്പ് രോഗികളുടെ ശല്യമില്ലല്ലോ എന്ന ബോധ്യം പെട്ടന്ന് തന്നെ മനസ്സിനെ തണുപ്പിച്ചു. കണ്ണ് തുറന്നപ്പോള്‍ ഒരു സുന്ദരിക്കുട്ടി മുഖത്ത് തന്നെ നോക്കി തന്റെ അടുത്ത് ചേര്‍ന്ന് നില്‍ക്കുന്നു തന്റെ എതിര്‍വശത്തായി ഇരുന്ന പര്‍ദ്ദ ധരിച്ച സ്ത്രീയുടെ മടിയില്‍ ഉറങ്ങിക്കിടന്ന കുട്ടിയായിരുന്നു അത്. ചുവന്നു തുടുത്ത കവിളുകളും നുണക്കുഴികളും നിഷ്കളങ്കമായ കണ്ണുകളുമുള്ള ആരെയും ആകര്‍ഷിക്കുന്ന സുന്ദരിക്കുട്ടി. ബസ്സില്‍ അടുത്തിരിക്കുന്ന ഓരോ സ്ത്രീകളെയും നോക്കും. ഇടയ്ക്ക് തന്റെ അമ്മയുടെ മുഖത്തെ ആവരണം മാറ്റി നോക്കും. അപ്പോഴാണ് ശരിക്കും ആ സ്ത്രീയെ ശ്രദ്ധിച്ചത്. ശരീരം മുഴുവനായും മൂടുന്ന പര്‍ദ്ദ ധരിച്ചിരിക്കുന്നു. രണ്ടു കണ്ണുകള്‍ മാത്രം കാണാം. കൈകള്‍ വരെ ഗ്ലൌസ് ധരിച്ച് മറച്ചിരിക്കുന്നു. മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ അസ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു സമൂഹത്തിന്‍റെ പ്രധിനിധിയായി ആ സ്ത്രീയെ തോന്നിപ്പിക്കുന്നു. അതേ മത വിശ്വാസിയായിരുന്നിട്ട് കൂടി തല മറക്കാതെ നടക്കുന്നതിനു ബാപ്പ എന്നും തെറി വിളിക്കുന്നത് അപ്പോള്‍ ഓര്‍മ്മയില്‍ വന്നു.
ഓരോ തവണ മുഖാവരണം മാറ്റാന്‍ കുട്ടി ശ്രമിക്കുമ്പോഴും പറയുന്നുണ്ടായിരുന്നു..."അമ്മീ....ദുപ്പട്ട ഖുലാ രഖോ നാ..ഐസേ ഹി അഛീ ലഗ്തീ ഹോ ." ഇത്ര സുന്ദരിക്കുട്ടിയുടെ അമ്മ എത്രത്തോളം സുന്ദരി ആയിരിക്കും. ആ ആകാംഷ കൊണ്ടായിരിക്കാം മുഖാവരണം നീക്കി കുട്ടി സംസാരിക്കുന്നതിനിടയില്‍ ആ സ്ത്രീയുടെ മുഖം ശ്രദ്ധിച്ചത്. അപ്രതീക്ഷിതമായ കാഴ്ചയായിരുന്നു അത്. അറിയാതെ മുഖം തിരിച്ചുപോയി. ആകെ പൊള്ളി വികൃതമായിരിക്കുന്നു. കണ്ണുകള്‍ ഒഴിച്ച് ഒരിടവും പൊള്ളാന്‍ ബാക്കിയില്ല. പെട്ടന്നുള്ള തന്റെ ഭാവഭേദം അടുത്തിരുന്ന ഷീനയും ശ്രദ്ധിച്ചിരുന്നെന്നു തോന്നുന്നു.
കാശിമിറാ സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ആ സ്ത്രീയും കുട്ടിയും ഇറങ്ങിപ്പോയി. ആകെ മരവിച്ച അവസ്ഥയില്‍ ഇരുന്നു പോയി കുറെ നേരം. "എന്താ പേടിച്ചു പോയോ..ആ സ്ത്രീയെ എനിക്ക് മുന്പേ അറിയാം..വളരെ ദയനീയം തന്നെയാണ് അവരുടെ കാര്യം"....ഷീനയുടെതായിരുന്നു വാക്കുകള്‍ .."എന്താ അവര്‍ക്ക് പറ്റിയത് .." . അറിയണമെന്ന് തോന്നി. "അത് അപകടമൊന്നുമായിരുന്നില്ല. അവരു ടെ ഭര്‍ത്താവ് തന്നെ ചെയ്തതാ. അയാള്‍ക്ക് വേറെ കല്യാണം കഴിക്കാന്‍ വേണ്ടി. ഇതുപോലെ എത്ര സംഭവങ്ങള്‍ ഇവിടെ നടക്കുന്നു." കേട്ടത് സത്യമാണ് എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. മറ്റൊരു വിവാഹം കഴിക്കാന്‍ ആദ്യ ഭാര്യയെ പൊള്ളലേല്‍പ്പിക്കുക..മരിച്ച് കിട്ടിയാല്‍ ഭാഗ്യം. അല്ലെങ്കില്‍ ആ വൈരൂപ്യത്തിന്റെ പേരില്‍ വേറെ കല്യാണം. കാര്യം എത്ര എളുപ്പം. ഒന്നിലധികം വിവാഹം എന്തിനാണ് ഈ സമൂഹത്തിനു നിയമം അനുവദിച്ചിരിക്കുന്നത്. കാലം എത്ര പുരോഗതി പ്രാപിച്ചാലും ഈ സമുദായവും ആചാരങ്ങളും ഇങ്ങനെ തന്നെ നില നില്‍ക്കും.
'ഗുഡ് മോര്‍ണിംഗ് ഷാഹിന..." എതിരെ കടന്നു പോയ ബോസിനെ പോലും ശ്രദ്ധിച്ചില്ല. മനസ്സ് എവിടെയോക്കെയോ അലയുകയായിരുന്നു. കാബിനില്‍ ചെന്നിരുന്നു. ലാപ്‌ടോപ്പ് തുറന്നു വെച്ചു. ബാഗില്‍ കിടന്നു മൊബൈല്‍ റിംഗ് ചെയ്യുന്നു...വീട്ടില്‍ നിന്നാണ്. സൈലന്‍റ് ആക്കി ടേബിളിന്റെ പുറത്ത് വെച്ചു. ലാപ്പില്‍ ഗൂഗിളില്‍ 'ബേര്‍ണ്‍ഡ് വുമണ്‍ ' എന്ന് പരതി നോക്കി. താന്‍ മനസ്സിലാക്കിയതിലും ഭീകരമാണ് കാര്യങ്ങള്‍ . ലാപ് അടച്ച് വെച്ച് കസേരയില്‍ പിന്നോട്ട് ചാഞ്ഞ് ഇരുന്നു. എന്തോ ഒരു അസ്വസ്ഥത പോലെ. ബസ്സില്‍ കണ്ട ആ സ്ത്രീയും കുട്ടിയും തന്റെ ആരുമല്ല. എന്നിട്ടും എന്തിനാണ് ഇത്ര വറീഡ് ആവുന്നത്.
വീണ്ടും മൊബൈല്‍ ശബ്ദിക്കുന്നു...വീട്ടില്‍ നിന്ന് തന്നെ...അറ്റന്‍റ് ചെയ്തു."എന്താ മോളെ ഫോണ്‍ എടുക്കാത്തേ ...എത്ര നേരമായി വിളിക്കുന്നു..." "എന്താ വിളിച്ചേ.." "രാവിലെ കാണാന്‍ വരാന്നു പറഞ്ഞവര്‍ വിളിച്ചിരുന്നു....അവരു നിന്നെ ഇപ്പൊ വിളിക്കും...അവിടെ വന്നു കാണാം എന്നാ പറഞ്ഞത്..., "
കൂടുതല്‍ സംസാരിക്കുന്നതിന് മുന്പേ ഫോണ്‍ കട്ട് ചെയ്തു.
എ.സി കാബിനില്‍ ഇരുന്നിട്ടും ശരീരം ആകെ വിയര്‍ത്തു കുളിച്ചിരിക്കുന്നു. വാഷ് റൂമില്‍ ചെന്നു മുഖം കഴുകി. കണ്ണാടിയില്‍ നോക്കിയപ്പോള്‍ ബസ്സില്‍ കണ്ട സ്ത്രീയുടെ ആകെ പൊള്ളി വികൃതമായ മുഖം കണ്ണാടിയില്‍ തെളിഞ്ഞു വരുന്നു.
പോക്കറ്റില്‍ മൊബൈല്‍ റിംഗ് ചെയ്തു....പെട്ടന്ന് ഭയന്നുപോയി.
പോക്കറ്റില്‍ മൊബൈല്‍ റിംഗ് ചെയ്തു....പെട്ടന്ന് ഭയന്നുപോയി.
"ഷാഹിന അല്ലേ..ഞാന്‍ റിയാസ് ....വീട്ടില്‍ നിന്നും പറഞ്ഞിരിക്കും അല്ലെ കാര്യങ്ങള്‍ .." ഫോണിന്റെ അങ്ങേ തലയ്ക്കല്‍ പിന്നെയും എന്തോക്കെയോ പറയുന്നുണ്ടായിരുന്നു...ഒന്നും കേട്ടില്ല..... ഫോണ്‍ കട്ട് ചെയ്ത് വീണ്ടും കാബിനില്‍ പോയി ഇരുന്നു. ടേബിളില്‍ കിടന്ന ടൈംസ് ഓഫ് ഇന്ത്യ എടുത്തു നിവര്‍ത്തി.
വീണ്ടും ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി. ബാപ്പയുടെ നമ്പര്‍ . പതുകെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ടൈംസ് ഓഫ് ഇന്ത്യയിലേക്ക്...,.