കൊച്ചിയിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനു കായലില്‍ നിര്‍മിക്കുന്ന "ആകാശനഗരം" പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്കിക്കഴിഞ്ഞു. ഇതുപോലൊരു പദ്ധതി നമുക്ക് ആവശ്യമാണോ എന്നത് ആലോചിക്കേണ്ട കാര്യമാണ്. കേരളത്തിലെ മിക്കവാറും സ്ഥലങ്ങളും ഭൂമാഫിയകള്‍ കയ്യേറിക്കഴിഞ്ഞു. അതിനു നമ്മുടെ രാഷ്ട്രീയാക്കാരും സര്‍ക്കാരുകളും ചെറിയ സഹായങ്ങളൊന്നുമല്ല അവര്‍ക്ക് നല്‍കിയത്. .അതിനൊക്കെ ശേഷം കൊച്ചിയിലെ കായലിലൂടെ ഫ്ലൈഓവര്‍ നിര്‍മിച്ച് അതിനു മുകളില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കായലും പുഴയും കൂടി റിയല്‍എസ്റ്റേറ്റ് മാഫിയകള്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ്.
നമ്മുടെ പരിസ്ഥിതിയെയും മത്സ്യസമ്പത്തിനെയും നശിപ്പിക്കുന്ന ഇത്തരം ഒരു പദ്ധതി നമുക്ക് ആവശ്യമാണോ..? വികസനം എന്ന് പറയുന്നത് നമ്മുടെ നിലനില്പിനെതന്നെ ബാധിക്കുന്ന വിധത്തിലാകരുത്. ആകാശനഗരം പദ്ധതിപ്രകാരം കായലില്‍ തൂണുകള്‍ നിര്‍മ്മിച്ച് അതിനു മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തു അതിനു മുകളില്‍ റോഡുകളും കെട്ടിടങ്ങളും നിര്‍മ്മിക്കും. ഷോപ്പിംഗ്‌കോംപ്ലക്സുകള്‍ , റെസ്റ്റോറെന്റുകള്‍ , ബിസിനസ് സെന്ററുകള്‍ , ഓഫിസുകള്‍ തുടങ്ങി ഒരു വന്‍നഗരത്തിന്റെ സൌകര്യങ്ങള്‍ മുഴുവനും സൃഷ്ടിക്കും. ഫലത്തില്‍ 46ച.കി.മി. ജലാശയം കേട്ടിടങ്ങലാല്‍ മൂടപ്പെടും. അത്രയേറെ തൂണുകളും കായലില്‍ നിര്‍മിച്ച് മുകളില്‍ കോണ്ക്രീറ്റ് ചെയ്ത സൂര്യപ്രകാശം പോലും ജലാശയത്തില്‍ കടത്തിവിടാതെ ജലസമ്പത്തിനെ തന്നെ പൂര്‍ണമായും ഇല്ലാതാക്കും. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്ന കായലുകളും പുഴകളും നശിപ്പിച്ചിട്ട് എന്തിനാണ് ഇങ്ങനെ ഒരു വികസനപ്രവര്‍ത്തനം. ജലാശയത്തിനുമുകളില്‍ നിര്‍മിക്കുന്ന ഇത്തരം നഗരത്തില്‍ നിന്നുണ്ടാകുന്ന മലിനീകരണം ഏതുവിധത്തില്‍ ജലാശയങ്ങളെ ബാധിക്കും ഏന്നുകൂടി നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്നം പോലും കൈകാര്യം ചെയ്യാന്‍ കഴിയാത്തവരല്ലേ ഇതും ചെയ്യേണ്ടത്. .
കൊച്ചി നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കാന്‍ കായലിനു മുകളില്‍ സ്കൈസിറ്റി നിര്‍മ്മിച്ചത് കൊണ്ട് എന്താണ് പ്രയോജനം. ഗതാഗതപ്രശ്നം പരിഹരിക്കാന്‍ ഇതല്ലാതെ വേറെ എത്രയോ മാര്‍ഗങ്ങളുണ്ട്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കാര്യക്ഷമമായി നന്നാക്കാന്‍ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്. മെട്രോ റെയില്‍ പദ്ധതി പോലെയുള്ള പദ്ധതികളും നടപ്പിലാക്കാനും ശ്രമിക്കണം. ഇതിനൊന്നും കഴിയാതെ "യശോറാംഇന്‍ഫ്ര ഡവലപ്പര്‍സ്" പോലെയുള്ള റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ക്ക് കായലുകള്‍ തീറെഴുതികൊടുക്കുകയല്ല വേണ്ടത്./ .. ഇതുപോലെയുള്ള സിറ്റികള്‍ കായലിനു മുകളില്‍ തന്നെ നിര്‍മിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരുടെ ലക്ഷ്യങ്ങളെയും സംശയിക്കേണ്ടിയിരിക്കുന്നു.
കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് പ്രകൃതി കനിഞ്ഞു നല്‍കിയതാണ് ഇത്രയേറെ പുഴകളും കായലുകളും അതിലെ മത്സ്യസമ്പത്തുകളും. അവയെ പലവിധത്തില്‍ ആശ്രയിച്ച് ജീവിക്കുന്നവരാണ് നമ്മള്‍ . എങ്കിലും പലവിധത്തില്‍ നമ്മള്‍ കായലുകളെയും പുഴകളെയും മലിനപെടുത്തിയും ചൂഷണം ചെയ്തും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. റിയല്‍എസ്റ്റേറ്റ് മാഫിയകളെ കായലുകളും പുഴകളും കൂടി കൈവശപ്പെടുത്താന്‍ അനുവദിച്ചാല്‍ നമ്മുടെ കൊച്ച് കേരളത്തില്‍നിന്നും അവയൊക്കെ അപ്രത്യക്ഷമാകാന്‍ അധിക സമയം വേണ്ടി വരില്ല.